ലൂക്കൊസ് 19
19
1അവൻ യെരീഹോവിൽ എത്തി കടന്നു പോകുമ്പോൾ 2ചുങ്കക്കാരിൽ പ്രമാണിയും ധനവാനുമായ സക്കായി എന്നു പേരുള്ളോരു പുരുഷൻ, 3യേശു എങ്ങനെയുള്ളവൻ എന്നു കാണ്മാൻ ശ്രമിച്ചു, വളർച്ചയിൽ കുറിയവൻ ആകകൊണ്ടു പുരുഷാരംനിമിത്തം കഴിഞ്ഞില്ല. 4എന്നാറെ അവൻ മുമ്പോട്ടു ഓടി, അവനെ കാണേണ്ടിതിന്നു ഒരു കാട്ടത്തിമേൽ കയറി. യേശു ആ വഴിയായി വരികയായിരുന്നു. 5അവൻ ആ സ്ഥലത്തു എത്തിയപ്പോൾ മേലോട്ടു നോക്കി:സക്കായിയേ, വേഗം ഇറങ്ങിവാ; ഞാൻ ഇന്നു നിന്റെ വീട്ടിൽ പാർക്കേണ്ടതാകുന്നു എന്നു അവനോടു പറഞ്ഞു. 6അവൻ ബദ്ധപ്പെട്ടു ഇറങ്ങി സന്തോഷത്തോടെ അവനെ കൈക്കൊണ്ടു. 7കണ്ടവർ എല്ലാം: അവൻ പാപിയായോരു മനുഷ്യനോടുകൂടെ പാർപ്പാൻ പോയി എന്നു പറഞ്ഞു പിറുപിറുത്തു. 8സക്കായിയോ നിന്നു കർത്താവിനോടു: കർത്താവേ, എന്റെ വസ്തുവകയിൽ പാതി ഞാൻ ദരിദ്രർക്കു കൊടുക്കുന്നുണ്ടു; വല്ലതും ചതിവായി വാങ്ങീട്ടുണ്ടെങ്കിൽ നാലുമടങ്ങു മടക്കിക്കൊടുക്കുന്നു എന്നു പറഞ്ഞു. 9യേശു അവനോടു: ഇവനും അബ്രാഹാമിന്റെ മകൻ ആകയാൽ ഇന്നു ഈ വീട്ടിന്നു രക്ഷ വന്നു. 10#മത്തായി 18:11കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നതു എന്നു പറഞ്ഞു.
11അവർ ഇതു കേട്ടുകൊണ്ടിരിക്കുമ്പോൾ അവൻ യെരൂശലേമിന്നു സമീപിച്ചിരിക്കയാലും ദൈവരാജ്യം ക്ഷണത്തിൽ വെളിപ്പെടും എന്നു അവർക്കു തോന്നുകയാലും അവൻ ഒരു ഉപമയുംകൂടെ പറഞ്ഞതു എന്തെന്നാൽ: 12കുലീനനായോരു മനുഷ്യൻ രാജത്വം പ്രാപിച്ചു മടങ്ങിവരേണം എന്നുവെച്ചു ദൂരദേശത്തേക്കു യാത്രപോയി. 13അവൻ പത്തു ദാസന്മാരെ വിളിച്ചു അവർക്കു പത്തു റാത്തൽ വെള്ളി കൊടുത്തു ഞാൻ വരുവോളം വ്യാപാരം ചെയ്തുകൊൾവിൻ എന്നു അവരോടു പറഞ്ഞു. 14അവന്റെ പൗരന്മാരോ അവനെ പകെച്ചു അവന്റെ പിന്നാലെ പ്രതിനിധികളെ അയച്ചു: അവൻ ഞങ്ങൾക്കു രാജാവായിരിക്കുന്നതു ഞങ്ങൾക്കു സമ്മതമല്ല എന്നു ബോധിപ്പിച്ചു. 15അവൻ രാജത്വം പ്രാപിച്ചു മടങ്ങി വന്നപ്പോൾ താൻ ദ്രവ്യം കൊടുത്തിരുന്ന ദാസന്മാർ വ്യാപാരം ചെയ്തു എന്തു നേടി എന്നു അറിയേണ്ടതിന്നു അവരെ വിളിപ്പാൻ കല്പിച്ചു. 16ഒന്നാമത്തവൻ അടുത്തു വന്നു; കർത്താവേ, നീ തന്ന റാത്തൽകൊണ്ടു പത്തുറാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നുപറഞ്ഞു. 17അവൻ അവനോടു: നന്നു നല്ല ദാസനേ, നീ അത്യല്പത്തിൽ വിശ്വസ്തൻ ആയതുകൊണ്ടു പത്തു പട്ടണത്തിന്നു അധികാരമുള്ളവൻ ആയിരിക്ക എന്നു കല്പിച്ചു. 18രണ്ടാമത്തവൻ വന്നു: കർത്താവേ, നീ തന്ന റാത്തൽകൊണ്ടു അഞ്ചു റാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു. 19നീയും അഞ്ചു പട്ടണത്തിന്നു മേൽവിചാരകൻ ആയിരിക്ക എന്നു അവൻ അവനോടു കല്പിച്ചു. 20മറ്റൊരുവൻ വന്നു: കർത്താവേ, ഇതാ നിന്റെ റാത്തൽ; ഞാൻ അതു ഒരു ഉറുമാലിൽ കെട്ടി വെച്ചിരുന്നു. 21നീ വെക്കാത്തതു എടുക്കുകയും വിതെക്കാത്തതു കൊയ്കയും ചെയ്യുന്ന കഠിനമനുഷ്യൻ ആകകൊണ്ടു ഞാൻ നിന്നെ ഭയപ്പെട്ടു എന്നു പറഞ്ഞു. 22അവൻ അവനോടു: ദുഷ്ടദാസനേ, നിന്റെ വായിൽ നിന്നു തന്നേ ഞാൻ നിന്നെ ന്യായം വിധിക്കും. ഞാൻ വെക്കാത്തതു എടുക്കയും വിതെക്കാത്തതു കൊയ്കയും ചെയ്യുന്ന കഠിനമനുഷ്യൻ എന്നു നീ അറിഞ്ഞുവല്ലോ. 23ഞാൻ വന്നു എന്റെ ദ്രവ്യം പലിശയോടുകൂടെ വാങ്ങിക്കൊള്ളേണ്ടതിന്നു അതു നാണ്യപീഠത്തിൽ ഏല്പിക്കാഞ്ഞതു എന്തു? 24പിന്നെ അവൻ അരികെ നില്ക്കുന്നവരോടു: ആ റാത്തൽ അവന്റെ പക്കൽ നിന്നു എടുത്തു പത്തു റാത്തലുള്ളവന്നു കൊടുപ്പിൻ എന്നു പറഞ്ഞു. 25കർത്താവേ, അവന്നു പത്തു റാത്തൽ ഉണ്ടല്ലോ എന്നു അവൻ പറഞ്ഞു. 26#മത്തായി 13:12; മർക്കൊസ് 4:25; ലൂക്കൊസ് 8:18ഉള്ളവന്നു ഏവന്നു കൊടുക്കും ഇല്ലാത്തവനോടു ഉള്ളതുംകൂടെ എടുത്തു കളയും എന്നു ഞാൻ നിങ്ങളോടു പറയുന്നു. 27#മത്തായി 25:14-30എന്നാൽ ഞാൻ തങ്ങൾക്കു രാജാവായിരിക്കുന്നതു സമ്മതമില്ലാത്ത ശത്രുക്കളായവരെ ഇവിടെ കൊണ്ടുവന്നു എന്റെ മുമ്പിൽവെച്ചു കൊന്നുകളവിൻ എന്നു അവൻ കല്പിച്ചു.
28ഇതു പറഞ്ഞിട്ടു അവൻ മുമ്പായി നടന്നുകൊണ്ടു യെരൂശലേമിലേക്കു യാത്ര ചെയ്തു.
29അവൻ ഒലീവ് മലയരികെ ബേത്ത്ഫാഗെക്കും ബേഥാന്യെക്കും സമീപിച്ചപ്പോൾ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു: 30നിങ്ങൾക്കു എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അതിൽ കടക്കുമ്പോൾ ആരും ഒരിക്കലും കയറീട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവിൻ. 31അതിനെ അഴിക്കുന്നതു എന്തു എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ: കർത്താവിന്നു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിൻ എന്നു പറഞ്ഞു. 32അയക്കപ്പെട്ടവർ പോയി തങ്ങളോടു പറഞ്ഞതുപോലെ കണ്ടു. 33കഴുതക്കുട്ടിയെ അഴിക്കുമ്പോൾ അതിന്റെ ഉടയവർ: കഴുതക്കുട്ടിയെ അഴിക്കന്നതു എന്തു എന്നു ചോദിച്ചതിന്നു: 34കർത്താവിനു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു അവർ പറഞ്ഞു. 35അതിനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം കഴുതക്കുട്ടിമേൽ ഇട്ടു യേശുവിനെ കയറ്റി. 36അവൻ പോകുമ്പോൾ അവർ തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു. 37അവൻ ഒലീവുമലയുടെ ഇറക്കത്തിന്നു അടുത്തപ്പോൾ ശിഷ്യന്മാരുടെ കൂട്ടം എല്ലാം തങ്ങൾ കണ്ട സകല വീര്യപ്രവൃത്തികളെയും കുറിച്ചു സന്തോഷിച്ചു അത്യുച്ചത്തിൽ ദൈവത്തെ പുകഴ്ത്തി: 38#സങ്കീർത്തനങ്ങൾ 118:26കർത്താവിന്റെ നാമത്തിൽ വരുന്ന രാജാവു വാഴ്ത്തപ്പെട്ടവൻ; സ്വർഗ്ഗത്തിൽ സമാധാനവും അത്യുന്നതങ്ങളിൽ മഹത്വവും എന്നു പറഞ്ഞു. 39പുരുഷാരത്തിൽ ചില പരീശന്മാരോ അവനോടു: ഗുരോ, നിന്റെ ശിഷ്യന്മാരെ വിലക്കുക എന്നു പറഞ്ഞു. 40അതിന്നു അവൻ:ഇവർ മിണ്ടാതിരുന്നാൽ കല്ലുകൾ ആർത്തുവിളിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു ഉത്തരം പറഞ്ഞു.
41അവൻ നഗരത്തിന്നു സമീപിച്ചപ്പോൾ അതിനെ കണ്ടു അതിനെക്കുറിച്ചു കരഞ്ഞു: 42ഈ നാളിൽ നിന്റെ സമാധാനത്തിന്നുള്ളതു നീയും അറിഞ്ഞു എങ്കിൽ കൊള്ളായിരുന്നു. ഇപ്പോഴോ അതു നിന്റെ കണ്ണിന്നു മറഞ്ഞിരിക്കുന്നു. 43നിന്റെ സന്ദർശനകാലം നീ അറിയാഞ്ഞതുകൊണ്ടു നിന്റെ ശത്രുക്കൾ നിനക്കു ചുറ്റും വാടകോരി നിന്നെ വളഞ്ഞു നാലുപുറത്തും ഞെരുക്കി 44നിന്നെയും നിന്നിലുള്ള നിന്റെ മക്കളെയും നിലത്തു തള്ളിയിട്ടു, നിങ്കൽ കല്ലിന്മേൽ കല്ലു ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്കു വരും.
45പിന്നെ അവൻ ദൈവാലയത്തിൽ ചെന്നു വില്ക്കുന്നവരെ പുറത്താക്കിത്തുടങ്ങി: 46#യെശയ്യാവു 56:7; യിരെമ്യാവു 7:11എന്റെ ആലയം പ്രാർത്ഥനാലയം ആകും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹ ആക്കിത്തീർത്തു എന്നു അവരോടു പറഞ്ഞു.
47 #
ലൂക്കൊസ് 21:37
അവൻ ദിവസേന ദൈവാലയത്തിൽ ഉപദേശിച്ചുപോന്നു; എന്നാൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തിൽ പ്രധാനികളായവരും അവനെ നശിപ്പിപ്പാൻ തക്കം നോക്കി. 48എങ്കിലും ജനം എല്ലാം അവന്റെ വചനം കേട്ടു രഞ്ജിച്ചിരിക്കയാൽ എന്തു ചെയ്യേണ്ടു എന്നു അവർ അറിഞ്ഞില്ല.
Currently Selected:
ലൂക്കൊസ് 19: വേദപുസ്തകം
ማድመቅ
ያጋሩ
ኮፒ

ያደመቋቸው ምንባቦች በሁሉም መሣሪያዎችዎ ላይ እንዲቀመጡ ይፈልጋሉ? ይመዝገቡ ወይም ይግቡ
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.