GENESIS 4
4
കയീനും ഹാബെലും
1ആദാം ഹവ്വായെ പ്രാപിച്ചു. അവൾ ഗർഭിണിയായി കയീനെ പ്രസവിച്ചു: “സർവേശ്വരന്റെ സഹായത്താൽ ഒരു മകനെ എനിക്കു ലഭിച്ചു” എന്ന് അവൾ പറഞ്ഞു. 2ഹവ്വാ വീണ്ടും ഒരു മകനെ പ്രസവിച്ചു. ഹാബെൽ എന്നായിരുന്നു അവന്റെ പേര്. 3ഹാബെൽ ആട്ടിടയനും കയീൻ കർഷകനുമായിത്തീർന്നു. കുറെക്കാലം കഴിഞ്ഞ് കയീൻ തന്റെ നിലത്തിലെ വിളവുകളിൽനിന്ന് സർവേശ്വരന് ഒരു വഴിപാട് കൊണ്ടുവന്നു. 4ഹാബെൽ ആട്ടിൻകൂട്ടത്തിൽ കടിഞ്ഞൂൽകുട്ടികളിൽ ഒന്നിന്റെ മേദസ്സുള്ള ഭാഗങ്ങൾ സർവേശ്വരന് അർപ്പിച്ചു. ഹാബെലിലും അവന്റെ വഴിപാടിലും അവിടുന്നു പ്രസാദിച്ചു. 5കയീനിലും അവന്റെ വഴിപാടിലും അവിടുന്നു പ്രസാദിച്ചില്ല. കയീൻ കുപിതനായി. അവന്റെ മുഖഭാവം മാറി. 6സർവേശ്വരൻ കയീനോടു ചോദിച്ചു: “നീ എന്തിനു കോപിക്കുന്നു? നിന്റെ മുഖഭാവം മാറിയതെന്ത്? 7നല്ലതു ചെയ്തിരുന്നെങ്കിൽ നിന്നിലും ഞാൻ പ്രസാദിക്കുമായിരുന്നില്ലേ? നല്ലത് പ്രവർത്തിക്കുന്നില്ലെങ്കിൽ പാപം നിന്റെ വാതില്‌ക്കൽ പതിയിരിക്കും. അതിന്റെ ദൃഷ്‍ടി നിന്റെമേൽ പതിഞ്ഞിരിക്കുന്നു. നീ അതിനെ കീഴടക്കണം.” 8“നമുക്കു വയലിലേക്കു പോകാം” എന്നു കയീൻ സഹോദരനായ ഹാബെലിനോടു പറഞ്ഞു. വയലിൽവച്ച് കയീൻ സഹോദരനെ ആക്രമിച്ചു കൊന്നു. 9“നിന്റെ സഹോദരനായ ഹാബെൽ എവിടെ” എന്നു സർവേശ്വരൻ കയീനോടു ചോദിച്ചു. അവൻ പറഞ്ഞു: “എനിക്കറിഞ്ഞുകൂടാ; ഞാൻ എന്റെ സഹോദരന്റെ കാവല്‌ക്കാരനോ?” 10“നീ എന്താണു ചെയ്തത്?” സർവേശ്വരൻ ചോദിച്ചു. “നിന്റെ സഹോദരന്റെ രക്തം ഭൂമിയിൽനിന്ന് എന്നോടു നിലവിളിക്കുന്നു. 11നിന്റെ കരങ്ങൾ ചൊരിഞ്ഞ സഹോദരരക്തം സ്വീകരിക്കാൻ വായ് തുറന്ന മണ്ണിൽ നീ ശാപഗ്രസ്തനായിരിക്കും. 12നീ അധ്വാനിച്ചാലും മണ്ണ് അതിന്റെ വീര്യം നിനക്കു നല്‌കുകയില്ല. നീ ഭൂമിയിൽ എങ്ങും അലഞ്ഞു നടക്കും.” 13കയീൻ സർവേശ്വരനോടു പറഞ്ഞു: “അവിടുത്തെ ശിക്ഷ എത്ര ദുർവഹം. 14ഭൂമിയിൽനിന്ന് അവിടുന്നെന്നെ ആട്ടിപ്പായിച്ചു. അവിടുത്തെ സന്നിധിയിൽനിന്ന് എന്നെ നിഷ്കാസനം ചെയ്തു. ഭൂമിയിൽ ഞാൻ ലക്ഷ്യമില്ലാതെ അലയുന്നവനാകും. എന്നെ ആരെങ്കിലും കണ്ടാൽ അവർ എന്നെ കൊല്ലും.” 15സർവേശ്വരൻ കയീനോടു പറഞ്ഞു: “ഇല്ല നിന്നെ കൊല്ലുന്നവനു കിട്ടുന്ന പ്രതികാരം ഏഴിരട്ടി ആയിരിക്കും.” ആരും കയീനെ കൊല്ലാതിരിക്കുവാൻ അവിടുന്ന് അവന്റെമേൽ ഒരു അടയാളം പതിച്ചു.
16കയീൻ ദൈവസന്നിധി വിട്ടകന്ന് ഏദൻതോട്ടത്തിനു കിഴക്കുള്ള നോദ് ദേശത്തു ചെന്നു പാർത്തു.
കയീന്റെ സന്താനപരമ്പര
17കയീൻ ഭാര്യയെ പ്രാപിച്ചു; അവൾ ഗർഭം ധരിച്ച് ഹാനോക്കിനെ പ്രസവിച്ചു. കയീൻ ഒരു പട്ടണം പണിത് അതിനു തന്റെ പുത്രനായ ഹാനോക്കിന്റെ പേരു നല്‌കി. 18ഹാനോക്ക് ഈരാദിന്റെ പിതാവ്. ഈരാദ് മെഹൂയയേലിന്റെ പിതാവ്. മെഹൂയയേൽ മെഥൂശയേലിന്റെയും മെഥൂശയേൽ ലാമെക്കിന്റെയും പിതാവ്. 19ലാമെക്കിനു രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു, ആദായും സില്ലായും. ആദാ യാബാലിനെ പ്രസവിച്ചു. 20യാബാലിന്റെ പിൻമുറക്കാർ കൂടാരവാസികളും ആടുമാടുകളെ വളർത്തി ജീവിക്കുന്നവരും ആയിരുന്നു. 21അയാളുടെ സഹോദരനായിരുന്നു യൂബാൽ. അയാളുടെ പിൻമുറക്കാർ കിന്നരവും വീണയും വായിക്കുന്നവരായിരുന്നു. 22തൂബൽകയീനെ സില്ലാ പ്രസവിച്ചു. അയാൾ ഓടുകൊണ്ടും ഇരുമ്പുകൊണ്ടും ഉപകരണങ്ങൾ നിർമ്മിച്ചുവന്നു. തൂബൽകയീന്റെ സഹോദരി ആയിരുന്നു നയമാ. 23ലാമെക്ക് ഭാര്യമാരോടു പറഞ്ഞു:
“ആദായേ, സില്ലായേ, എന്റെ വാക്കു
കേൾക്കുവിൻ;
ലാമെക്കിന്റെ ഭാര്യമാരേ, ഞാൻ പറയുന്നതു
ശ്രദ്ധിക്കുവിൻ;
എന്നെ ഉപദ്രവിച്ച ഒരുവനെ-എന്നെ അടിച്ച ഒരു യുവാവിനെ- ഞാൻ കൊന്നു.
24കയീനെ കൊന്നാൽ പ്രതികാരം
ഏഴിരട്ടിയെങ്കിൽ
എന്നെ കൊന്നാൽ പ്രതികാരം
എഴുപത്തേഴിരട്ടി ആയിരിക്കും.”
ശേത്തും എനോശും
25ആദാമിനും ഭാര്യക്കും മറ്റൊരു പുത്രനുണ്ടായി. കയീൻ കൊന്ന ഹാബെലിനു പകരം ദൈവം ഒരു പുത്രനെ എനിക്കു തന്നു എന്നു പറഞ്ഞ് അവനു ശേത്ത് എന്നു പേരിട്ടു. 26ശേത്തിന് എനോശ് എന്നൊരു പുത്രനുണ്ടായി. അക്കാലത്താണ് മനുഷ്യർ #4:26 സർവേശ്വരന്റെ നാമം = യഹോവയുടെ നാമം സർവേശ്വരന്റെ നാമത്തിൽ ആരാധന തുടങ്ങിയത്.
المحددات الحالية:
GENESIS 4: malclBSI
تمييز النص
شارك
نسخ
هل تريد حفظ أبرز أعمالك على جميع أجهزتك؟ قم بالتسجيل أو تسجيل الدخول
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.