ഉൽപ്പത്തി 8

8
1ദൈവം നോഹയെയും അദ്ദേഹത്തോടുകൂടെ പെട്ടകത്തിൽ ഉണ്ടായിരുന്ന സകലവന്യജീവികളെയും കന്നുകാലികളെയും ഓർത്തു; അവിടന്നു ഭൂമിയുടെമേൽ ഒരു കാറ്റ് അടിപ്പിച്ചു; വെള്ളം പിൻവാങ്ങാൻ തുടങ്ങി. 2ആഴിയുടെ ഉറവുകളും ആകാശത്തിന്റെ കിളിവാതിലുകളും അടഞ്ഞു; ആകാശത്തിൽനിന്നുള്ള ജലപാതവും നിലച്ചു. 3വെള്ളം ഭൂമിയിൽനിന്ന് ക്രമേണ ഇറങ്ങിത്തുടങ്ങി. നൂറ്റി അൻപതു ദിവസം കഴിഞ്ഞപ്പോൾ വെള്ളം വലിഞ്ഞ്, 4ഏഴാംമാസം പതിനേഴാംതീയതി, പെട്ടകം അരാരാത്ത് പർവതത്തിൽ ഉറച്ചു. 5പത്താംമാസംവരെ വെള്ളം കുറഞ്ഞുകൊണ്ടേയിരുന്നു; പത്താംമാസം ഒന്നാംതീയതി പർവതശിഖരങ്ങൾ ദൃശ്യമായി.
6നാൽപ്പതുദിവസംകൂടി കഴിഞ്ഞപ്പോൾ, നോഹ, പെട്ടകത്തിൽ താൻ ഉണ്ടാക്കിയിരുന്ന ജനാല തുറന്ന് 7ഒരു കാക്കയെ പുറത്തേക്കയച്ചു; ഭൂമിയിൽ വെള്ളം വറ്റുന്നതുവരെയും അതു വരികയും പോകുകയും ചെയ്തുകൊണ്ടിരുന്നു. 8ഭൂമിയുടെ പ്രതലത്തിൽനിന്ന് വെള്ളം വലിഞ്ഞിട്ടുണ്ടോ എന്നറിയാൻ ഒരു പ്രാവിനെയും അദ്ദേഹം പുറത്തേക്കയച്ചു. 9എന്നാൽ ഭൂമിയിൽ എങ്ങും വെള്ളമായിരുന്നതുകൊണ്ട് കാലുകുത്താൻ ഇടം കാണാതെ അതു പെട്ടകത്തിൽ നോഹയുടെ അടുക്കൽ മടങ്ങിയെത്തി. അദ്ദേഹം കൈനീട്ടി അതിനെ പിടിച്ച് പെട്ടകത്തിനുള്ളിൽ തന്റെ അടുക്കൽ ആക്കി. 10ഏഴുദിവസംകൂടി കാത്തിരുന്നതിനുശേഷം നോഹ പ്രാവിനെ വീണ്ടും പെട്ടകത്തിൽനിന്ന് പുറത്തേക്ക് അയച്ചു. 11പ്രാവു വൈകുന്നേരം തിരിച്ചെത്തിയപ്പോൾ, അതിന്റെ ചുണ്ടിൽ അതാ ഒരു പച്ച ഒലിവില! വെള്ളം ഭൂമിയിൽനിന്ന് വലിഞ്ഞിരിക്കുന്നു എന്ന് അപ്പോൾ നോഹയ്ക്ക് മനസ്സിലായി. 12അദ്ദേഹം ഏഴുദിവസംകൂടി കാത്തിരുന്നു; പ്രാവിനെ വീണ്ടും പുറത്തേക്ക് അയച്ചു. എന്നാൽ ഇത്തവണ അത് അദ്ദേഹത്തിന്റെ അടുക്കൽ മടങ്ങിവന്നില്ല.
13നോഹയുടെ അറുനൂറ്റിയൊന്നാംവർഷം ഒന്നാംമാസം ഒന്നാംദിവസം ആയപ്പോൾ വെള്ളം ഭൂമിയുടെ പ്രതലത്തിൽനിന്ന് വറ്റിപ്പോയിരുന്നു. അതിനുശേഷം നോഹ പെട്ടകത്തിന്റെ മൂടി നീക്കി. നിലം ഉണങ്ങിയിരിക്കുന്നതായി കണ്ടു. 14രണ്ടാംമാസം ഇരുപത്തിയേഴാംതീയതി ഭൂമി പൂർണമായും ഉണങ്ങിയിരുന്നു.
15ഇതിനുശേഷം ദൈവം നോഹയോട് അരുളിച്ചെയ്തു: 16“നീയും നിന്റെ ഭാര്യയും നിന്റെ പുത്രന്മാരും അവരുടെ ഭാര്യമാരും പെട്ടകത്തിൽനിന്ന് പുറത്തുവരിക. 17നിന്നോടൊപ്പമുള്ള എല്ലാവിധ ജീവികളെയും—പക്ഷികളെയും മൃഗങ്ങളെയും നിലത്തിഴയുന്ന എല്ലാ ഇഴജന്തുക്കളെയും—പുറത്തുകൊണ്ടുവരിക; അവ ഭൂമിയിൽ പെറ്റുപെരുകി, എണ്ണത്തിൽ വർധിക്കട്ടെ.”
18അങ്ങനെ നോഹ തന്റെ പുത്രന്മാരോടും ഭാര്യയോടും പുത്രന്മാരുടെ ഭാര്യമാരോടുംകൂടെ പുറത്തുവന്നു. 19എല്ലാ മൃഗങ്ങളും എല്ലാ ഇഴജന്തുക്കളും എല്ലാ പക്ഷികളും—ഭൂചരജീവികളൊക്കെയും—ജോടിജോടിയായി പെട്ടകത്തിൽനിന്നു പുറത്തേക്കുവന്നു.
20പിന്നീട് നോഹ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു; അദ്ദേഹം അതിന്മേൽ ശുദ്ധിയുള്ള എല്ലാ മൃഗങ്ങളിലും ശുദ്ധിയുള്ള എല്ലാ പക്ഷികളിലും ചിലതിനെ ഹോമയാഗങ്ങളായി അർപ്പിച്ചു. 21അതിന്റെ ഹൃദ്യമായ സൗരഭ്യം ആസ്വദിച്ചുകൊണ്ട് യഹോവ ഹൃദയത്തിൽ അരുളിച്ചെയ്തു: “മനുഷ്യന്റെ ഹൃദയനിരൂപണങ്ങളെല്ലാം ബാല്യംമുതൽ ദോഷപൂർണമെങ്കിലും ഞാൻ ഇനിയൊരിക്കലും മനുഷ്യവംശം നിമിത്തം ഭൂമിയെ ശപിക്കുകയില്ല. ഇപ്പോൾ ചെയ്തതുപോലെ ഞാൻ ഇനിയൊരിക്കലും സകലജീവികളെയും നശിപ്പിക്കുകയില്ല.
22“ഭൂമിയുള്ള കാലംവരെ
വിതയും കൊയ്ത്തും
ശീതവും ഉഷ്ണവും
വേനലും വർഷവും
പകലും രാത്രിയും
ഒരിക്കലും നിലയ്ക്കുകയില്ല.”

Цяпер абрана:

ഉൽപ്പത്തി 8: MCV

Пазнака

Падзяліцца

Капіяваць

None

Хочаце, каб вашыя адзнакі былі захаваны на ўсіх вашых прыладах? Зарэгіструйцеся або ўвайдзіце