YouVersion Logo
Search Icon

1 LALTE 10

10
ശെബാരാജ്ഞിയുടെ സന്ദർശനം
(2 ദിന. 9:1-12)
1ശലോമോന്റെ കീർത്തിയെപ്പറ്റി കേട്ടറിഞ്ഞ ശെബാരാജ്ഞി അദ്ദേഹത്തെ പരീക്ഷിക്കാൻ ഉത്തരം പറയാൻ ബുദ്ധിമുട്ടുള്ള ഏതാനും ചോദ്യങ്ങളുമായി അദ്ദേഹത്തിന്റെ സമീപത്തെത്തി. 2ഒട്ടകപ്പുറത്ത് സുഗന്ധദ്രവ്യങ്ങളും രത്നങ്ങളും ഒട്ടുവളരെ സ്വർണവും കയറ്റി വലിയ പരിവാരത്തോടു കൂടെയാണു രാജ്ഞി യെരൂശലേമിൽ വന്നത്. ശലോമോനെ കണ്ടശേഷം തന്റെ മനസ്സിൽ കരുതിയിരുന്ന ചോദ്യങ്ങളെല്ലാം രാജ്ഞി അദ്ദേഹത്തോടു ചോദിച്ചു. 3അവയ്‍ക്കെല്ലാം അദ്ദേഹം ഉത്തരം നല്‌കി; അദ്ദേഹത്തിനു വിശദീകരിക്കാൻ ആവാത്ത ഒരു ചോദ്യവും ഉണ്ടായിരുന്നില്ല. 4അങ്ങനെ ശലോമോന്റെ ജ്ഞാനം രാജ്ഞി നേരിട്ടു മനസ്സിലാക്കി; അദ്ദേഹം പണിയിച്ച കൊട്ടാരം കണ്ടു. 5അദ്ദേഹത്തിന്റെ ഭക്ഷണമേശയിലെ വിഭവങ്ങൾ, ഉദ്യോഗസ്ഥന്മാർക്കുവേണ്ടിയുള്ള സജ്ജീകരണങ്ങൾ, ഉദ്യോഗസ്ഥന്മാരുടെ നിരകൾ, അവർ ധരിച്ചിരുന്ന വസ്ത്രങ്ങൾ, ഭക്ഷണമേശയിലെ പരിചാരകർ, ദേവാലയത്തിലെ യാഗങ്ങൾ ഇവയെല്ലാം കണ്ടപ്പോൾ ശെബാരാജ്ഞി അമ്പരന്നുപോയി. 6അവർ രാജാവിനോടു പറഞ്ഞു: “അങ്ങയെയും അങ്ങയുടെ ജ്ഞാനത്തെയും പറ്റി എന്റെ രാജ്യത്തു കേട്ടതു വാസ്തവംതന്നെ. 7നേരിൽ കാണുന്നതുവരെ ഞാൻ അതൊന്നും വിശ്വസിച്ചിരുന്നില്ല. യഥാർഥത്തിൽ ഉള്ളതിന്റെ പകുതിപോലും ഞാൻ അറിഞ്ഞിരുന്നില്ല. അങ്ങയുടെ ജ്ഞാനവും ധനവും ഞാൻ കേട്ടിരുന്നതിലും എത്രയോ അധികം! 8അങ്ങയുടെ ഭാര്യമാർ എത്രമാത്രം ഭാഗ്യവതികൾ! എപ്പോഴും അങ്ങയുടെ സന്നിധിയിൽനിന്നു ജ്ഞാനവചസ്സു കേട്ടു ഗ്രഹിക്കുന്ന ഉദ്യോഗസ്ഥന്മാർ എത്ര ഭാഗ്യവാന്മാർ! 9അങ്ങിൽ പ്രസാദിച്ച് ഇസ്രായേലിന്റെ രാജസിംഹാസനത്തിൽ അങ്ങയെ വാഴിച്ച സർവേശ്വരൻ വാഴ്ത്തപ്പെടട്ടെ. ഇസ്രായേലിനോടുള്ള അവിടുത്തെ സ്നേഹം അനന്തമായതിനാൽ നീതിയും ന്യായവും നടത്താൻ അങ്ങയെ അവരുടെ രാജാവാക്കിയിരിക്കുന്നു.”
10രാജ്ഞി കൊണ്ടുവന്നിരുന്ന സമ്മാനങ്ങളെല്ലാം ശലോമോനു കൊടുത്തു. നൂറ്റിരുപതു താലന്ത് സ്വർണവും ധാരാളം രത്നങ്ങളും സുഗന്ധദ്രവ്യങ്ങളും ശലോമോനു ലഭിച്ചു; ശെബാരാജ്ഞിയിൽനിന്നു ലഭിച്ചിടത്തോളം സുഗന്ധദ്രവ്യങ്ങൾ മറ്റാരിൽനിന്നും ശലോമോന് ലഭിച്ചിട്ടില്ല. 11ഓഫീരിൽനിന്നു സ്വർണവുമായി വന്നിരുന്ന ഹീരാമിന്റെ കപ്പലുകളിൽ രക്തചന്ദനവും രത്നങ്ങളുംകൂടി കൊണ്ടുവന്നിരുന്നു. 12രാജാവ് ചന്ദനത്തടികൊണ്ടു ദേവാലയത്തിനും കൊട്ടാരത്തിനും തൂണുകളും ഗായകർക്കു വീണകളും കിന്നരങ്ങളും നിർമ്മിച്ചു. ഇത്തരം ചന്ദനത്തടികൾ യെഹൂദാദേശത്ത് അന്നുവരെയും ആരും കൊണ്ടുവന്നിരുന്നില്ല; കണ്ടിരുന്നതുമില്ല. 13രാജാവ് ശെബാരാജ്ഞിക്കു ധാരാളം സമ്മാനങ്ങൾ നല്‌കിയതു കൂടാതെ അവർ ആഗ്രഹിച്ചതും ചോദിച്ചതുമായ സകലതും നല്‌കി; പരിവാരസമേതം അവർ സ്വദേശത്തേക്കു മടങ്ങുകയും ചെയ്തു.
ശലോമോൻരാജാവിന്റെ സമ്പത്ത്
(2 ദിന. 9:13-22)
14ഓരോ വർഷവും ശലോമോന് ഏകദേശം അറുനൂറ്റി അറുപത്താറു താലന്ത് സ്വർണം ലഭിച്ചിരുന്നു. 15കൂടാതെ വ്യാപാരികൾ, വിദേശരാജാക്കന്മാർ, ഇസ്രായേലിലെ ദേശാധിപതിമാർ എന്നിവരിൽനിന്നു വേറെയും സ്വർണം ലഭിച്ചിരുന്നു. 16സ്വർണം അടിച്ചുപരത്തി ഇരുനൂറു വലിയ പരിചകൾ ശലോമോൻരാജാവ് ഉണ്ടാക്കി. ഓരോന്നിനും അറുനൂറു ശേക്കെൽ സ്വർണം ചെലവായി. 17സ്വർണം അടിച്ചുപരത്തി മുന്നൂറു ചെറുപരിചകളുണ്ടാക്കി. ഓരോന്നിനും ‘മൂന്നു മാനേ സ്വർണം’ വേണ്ടിവന്നു. അവയെല്ലാം രാജാവ് ലെബാനോൻ വനഗൃഹത്തിൽ സൂക്ഷിച്ചു. 18ശലോമോൻരാജാവ് ദന്തനിർമ്മിതമായ ഒരു സിംഹാസനം ഉണ്ടാക്കി. തങ്കംകൊണ്ടു പൊതിഞ്ഞു. 19അതിന് ആറു പടികൾ ഉണ്ടായിരുന്നു; അതിന്റെ പിൻഭാഗത്തു കാളക്കുട്ടിയുടെ തലയുടെ രൂപവും ഇരുവശത്തും കൈത്താങ്ങുകളും അവയോടു ചേർന്നു രണ്ടു സിംഹരൂപങ്ങളും ഉണ്ടായിരുന്നു. 20ആറു പടികളുടെ രണ്ടറ്റത്തുമായി പന്ത്രണ്ടു സിംഹരൂപങ്ങൾ സ്ഥാപിച്ചു. ഇതുപോലൊരു സിംഹാസനം ഒരു രാജാവും ഒരിക്കലും ഉണ്ടാക്കിയിട്ടില്ല.
21ശലോമോന്റെ പാനപാത്രങ്ങളെല്ലാം സ്വർണനിർമ്മിതമായിരുന്നു; ലെബാനോൻ വനഗൃഹത്തിലെ പാത്രങ്ങളെല്ലാം തങ്കംകൊണ്ടുള്ളതുമായിരുന്നു. ശലോമോന്റെ കാലത്തു വെള്ളി വിലപിടിപ്പുള്ളതായിരുന്നില്ല; അതിനാൽ വെള്ളികൊണ്ടു പാത്രങ്ങൾ നിർമ്മിച്ചിരുന്നില്ല. 22ഹീരാമിന്റെ കപ്പലുകളോടൊപ്പം രാജാവിന്റെ സ്വന്തമായ കപ്പലുകളും കടലിൽ ഉണ്ടായിരുന്നു. അവ ഓരോ മൂന്നു വർഷം കഴിയുമ്പോഴും സ്വർണം, വെള്ളി, ആനക്കൊമ്പ് എന്നിവ കൂടാതെ കുരങ്ങുകൾ, മയിലുകൾ മുതലായവയുമായി മടങ്ങിവന്നിരുന്നു.
23ശലോമോൻരാജാവ് ഭൂമിയിലെ എല്ലാ രാജാക്കന്മാരെക്കാളും സമ്പന്നനും ജ്ഞാനിയും ആയിരുന്നു. 24ദൈവം ശലോമോനു നല്‌കിയിരുന്ന ജ്ഞാനം ശ്രവിക്കുന്നതിന് അദ്ദേഹത്തിന്റെ അടുക്കൽ വരാൻ സകല ദേശക്കാരും ആഗ്രഹിച്ചിരുന്നു. 25ഓരോരുത്തരും ആണ്ടുതോറും അദ്ദേഹത്തെ സന്ദർശിച്ച് വെള്ളിയും സ്വർണവും കൊണ്ടുള്ള ഉരുപ്പടികൾ, വസ്ത്രങ്ങൾ, ആയുധങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, കുതിരകൾ, കോവർകഴുതകൾ എന്നിവ സമ്മാനിച്ചുവന്നു.
26ശലോമോൻ നിരവധി രഥങ്ങളും കുതിരപ്പടയും സംഘടിപ്പിച്ചു. തന്റെ ആയിരത്തിനാനൂറു രഥങ്ങൾക്കും പന്തീരായിരം കുതിരക്കാർക്കും രഥനഗരങ്ങളിലും രാജാവിനോട് ഒത്ത് യെരൂശലേമിലും അദ്ദേഹം താവളം നല്‌കി. 27അദ്ദേഹത്തിന്റെ ഭരണകാലത്ത് യെരൂശലേമിൽ വെള്ളി കല്ലുപോലെയും ദേവദാരു താഴ്‌വരയിലെ കാട്ടത്തിപോലെയും സുലഭമായിരുന്നു. 28ഈജിപ്തിൽനിന്നും കുവേയിൽനിന്നും ശലോമോൻ കുതിരകളെ ഇറക്കുമതി ചെയ്തു; രാജാവിന്റെ വ്യാപാരികൾ അവയെ കുവേയിൽനിന്നു വിലയ്‍ക്കു വാങ്ങി. 29ഈജിപ്തിൽനിന്ന് ഇറക്കുമതി ചെയ്ത രഥത്തിന് അറുനൂറു ശേക്കെലും കുതിരയ്‍ക്ക് നൂറ്റിഅമ്പതു ശേക്കെലും വെള്ളി വീതം വിലയായിരുന്നു. ഇതേ നിരക്കിൽ തന്നെ അവർ ഹിത്യരുടെയും സിറിയാക്കാരുടെയും രാജാക്കന്മാർക്ക് രാജവ്യാപാരികൾ വഴി അവ കയറ്റുമതി ചെയ്തു.

Currently Selected:

1 LALTE 10: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in