2 KORINTH 11
11
പൗലൊസും അപ്പോസ്തോലവേഷം ധരിച്ചവരും
1എന്റെ അല്പമായ ഭോഷത്തം നിങ്ങൾ പൊറുക്കണമെന്നു ഞാൻ താത്പര്യപ്പെടുന്നു. അതേ, നിങ്ങൾ എന്നോടു പൊറുക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. 2ദൈവത്തിനു നിങ്ങളുടെ അവിഭക്തമായ സ്നേഹം വേണമെന്നു നിർബന്ധമുണ്ട്. നിങ്ങളുടെ കാര്യത്തിൽ ആ നിർബന്ധം എനിക്കുമുണ്ട്. ഒരു കന്യകയെ വരനു വാഗ്ദാനം ചെയ്യുന്നതുപോലെ, ക്രിസ്തുവാകുന്ന വരന് നിങ്ങളെ നിർമ്മല വധുവായി ഞാൻ വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നാൽ സർപ്പത്തിന്റെ കൗശലോക്തികളാൽ ഹവ്വാ വഞ്ചിക്കപ്പെട്ടതുപോലെ, 3നിങ്ങളുടെ മനസ്സും ക്രിസ്തുവിനോടുള്ള പൂർണവും നിർമ്മലവുമായ ദൃഢഭക്തി ഉപേക്ഷിച്ച് കലുഷിതമായിത്തീരുമോ എന്നു ഞാൻ ഭയപ്പെടുന്നു. 4എന്തുകൊണ്ടെന്നാൽ ഞങ്ങൾ നിങ്ങളോടു പ്രസംഗിക്കാത്ത ഒരു യേശുവിനെപ്പറ്റി ആരെങ്കിലും വന്നു നിങ്ങളോടു പ്രസംഗിച്ചാൽ നിങ്ങൾ സന്തോഷപൂർവം അതു കേൾക്കുന്നു; അതുപോലെതന്നെ ഞങ്ങളിൽനിന്നു നിങ്ങൾക്കു ലഭിച്ച ആത്മാവിൽനിന്നും സുവിശേഷത്തിൽനിന്നും തികച്ചും വിഭിന്നമായ ആത്മാവും സുവിശേഷവും നിങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു.
5“അപ്പോസ്തോലന്മാർ” എന്നു പറയപ്പെടുന്ന ഇക്കൂട്ടരെക്കാൾ ഞാൻ ഒട്ടും താഴ്ന്നവനാണെന്നു വിചാരിക്കുന്നില്ല. 6എനിക്കു വാഗ്മിത്വം കുറവായിരിക്കാം. പക്ഷേ ഞാൻ പരിജ്ഞാനത്തിൽ ഒട്ടും പിന്നിലല്ല. എല്ലാ അവസരങ്ങളിലും എല്ലാ കാര്യങ്ങളിലും ഞങ്ങൾ അതു വ്യക്തമാക്കിയിട്ടുമുണ്ട്.
7ദൈവത്തിന്റെ സുവിശേഷം നിങ്ങളോടു പ്രസംഗിച്ചപ്പോൾ യാതൊരു പ്രതിഫലവും വേണമെന്നു ഞാൻ ആവശ്യപ്പെട്ടില്ല; നിങ്ങളെ ഉയർത്തുന്നതിനുവേണ്ടി ഞാൻ എന്നെത്തന്നെ താഴ്ത്തി. അത് എന്റെ പേരിൽ ഒരു തെറ്റാണോ? 8ഞാൻ നിങ്ങളുടെ മധ്യത്തിൽ പ്രസംഗിച്ചപ്പോൾ മറ്റു സഭകളാണ് എന്റെ ചെലവിനുള്ള വക എനിക്കു നല്‌കിയത്. നിങ്ങളെ സഹായിക്കുന്നതിനുവേണ്ടി, ഒരു വിധത്തിൽ പറഞ്ഞാൽ ഞാൻ അവരെ ചൂഷണം ചെയ്യുകയായിരുന്നു. 9ഞാൻ നിങ്ങളോടുകൂടി ആയിരുന്നപ്പോൾ എനിക്കു പണത്തിന് ആവശ്യമുണ്ടായിട്ടുണ്ട്; എങ്കിലും ഒരിക്കലും നിങ്ങളെ ഞാൻ ഭാരപ്പെടുത്തിയില്ല. എനിക്കു വേണ്ടതെല്ലാം മാസിഡോണിയയിൽനിന്നു വന്ന സഹോദരന്മാരാണു കൊണ്ടുവന്നു തന്നത്. കഴിഞ്ഞ കാലത്തെപ്പോലെതന്നെ ഭാവിയിലും ഞാൻ ഒരിക്കലും നിങ്ങൾക്കു ഭാരമായിരിക്കുകയില്ല! 10എന്റെ ഈ പ്രശംസ അഖായപ്രദേശങ്ങളിലെങ്ങും അയഥാർഥമായിത്തീരുന്നതിനു ഞാൻ ഇടയാക്കുകയില്ല എന്ന് എന്നിലുള്ള ക്രിസ്തുവിന്റെ സത്യത്താൽ ഞാൻ പ്രതിജ്ഞ ചെയ്യുന്നു. 11നിങ്ങളെ ഞാൻ സ്നേഹിക്കാത്തതുകൊണ്ടാണോ ഇതു പറയുന്നത്? ഞാൻ നിങ്ങളെ സ്നേഹിക്കുന്നു എന്നുള്ളതു ദൈവം അറിയുന്നു.
12ഞങ്ങൾ ചെയ്യുന്നതുപോലെയുള്ള പ്രേഷിതവേലയാണു തങ്ങളും ചെയ്യുന്നതെന്നു വമ്പു പറയുന്ന മറ്റ് ‘അപ്പോസ്തോലന്മാർക്ക്’ അതിനുള്ള അവസരം ഉണ്ടാകാതിരിക്കുന്നതിനുവേണ്ടി ഞാൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനം തുടർന്നും ചെയ്തുകൊണ്ടിരിക്കും. 13അവർ യഥാർഥ അപ്പോസ്തോലന്മാരല്ല, ക്രിസ്തുവിന്റെ അപ്പോസ്തോലന്മാരെപ്പോലെ തോന്നത്തക്കവണ്ണം കപടവേഷം ധരിച്ച് തങ്ങളുടെ പ്രവർത്തനത്തെപ്പറ്റി വ്യാജം പറയുന്ന കള്ളഅപ്പോസ്തോലന്മാരാണവർ. 14അതിൽ അദ്ഭുതപ്പെടാനൊന്നുമില്ല! സാത്താൻപോലും പ്രകാശത്തിന്റെ മാലാഖയായി കപടവേഷം കെട്ടുന്നല്ലോ! 15അതുകൊണ്ട് അവന്റെ ദാസന്മാർ നീതിയുടെ ദാസന്മാരുടെ വേഷം ധരിക്കുന്നെങ്കിൽ അതിൽ അദ്ഭുതപ്പെടാനൊന്നുമില്ല. തങ്ങളുടെ പ്രവൃത്തികൾക്കു തക്ക പ്രതിഫലം അവസാനം അവർക്കു ലഭിക്കും.
അപ്പോസ്തോലന്റെ കഷ്ടത
16എന്നെ വെറും ഭോഷനായി ആരും കരുതരുതെന്നു ഞാൻ പിന്നെയും പറയുന്നു. അല്ലെങ്കിൽ ഒരു ഭോഷനായിത്തന്നെ കരുതുക; എനിക്കും അല്പം പ്രശംസിക്കാമല്ലോ. 17കർത്താവ് ആഗ്രഹിക്കുന്ന കാര്യമല്ല ഞാനിപ്പോൾ പറയുന്നത്. ആത്മപ്രശംസയെ സംബന്ധിച്ചിടത്തോളം ഒരു ഭോഷനെപ്പോലെയാണു ഞാൻ സംസാരിക്കുന്നത്. 18വെറും മാനുഷികമായ കാര്യങ്ങളെച്ചൊല്ലി ആത്മപ്രശംസ ചെയ്യുന്ന നിരവധി ആളുകളുണ്ടല്ലോ. അതുകൊണ്ടു ഞാനും സ്വയം പ്രശംസിക്കും. 19നിങ്ങൾ ബുദ്ധിയുള്ളവരാകയാൽ ഭോഷന്മാരെ സന്തോഷപൂർവം പൊറുക്കുന്നു. 20ഒരുവൻ നിങ്ങളുടെമേൽ മർദനഭരണം നടത്തുകയോ നിങ്ങളെ ചൂഷണം ചെയ്യുകയോ കെണിയിൽ അകപ്പെടുത്തുകയോ നിന്ദിക്കുകയോ കരണത്തടിക്കുകയോ ചെയ്താലും നിങ്ങൾ പൊറുക്കുന്നുവല്ലോ. 21അങ്ങനെയുള്ള കാര്യങ്ങളിൽ ഞങ്ങൾ ദുർബലരായിരുന്നു എന്നു ലജ്ജയോടെ സമ്മതിക്കുന്നു.
എന്നാൽ ആർക്കെങ്കിലും പ്രശംസിക്കുവാൻ ധൈര്യമുണ്ടെങ്കിൽ-ഒരു ഭോഷനെപ്പോലെ ഞാൻ പറയുന്നു-എനിക്കും ധൈര്യമുണ്ട്. 22അവർ എബ്രായരാണോ? ഞാനും എബ്രായൻ തന്നെ. അവർ ഇസ്രായേല്യരാണോ? ഞാനും ഇസ്രായേല്യൻ തന്നെ. 23അവർ അബ്രഹാമിന്റെ വംശജരാണെങ്കിൽ ഞാനും അതേ വംശത്തിൽപ്പെട്ടവൻ തന്നെ. അവർ ക്രിസ്തുവിന്റെ ദാസന്മാരാണോ? ബുദ്ധിഭ്രമമുള്ളവനെപ്പോലെ ഞാൻ പറയുന്നു എന്നു തോന്നാം -ഞാൻ അവരെക്കാൾ മികച്ച ദാസനാകുന്നു; ഞാൻ അവരെക്കാൾ വളരെയധികം അധ്വാനിച്ചു; കൂടുതൽ തവണ തടവിലാക്കപ്പെട്ടു; ചാട്ടവാറുകൊണ്ടുള്ള പ്രഹരം വളരെയേറെ ഏറ്റു; പലപ്പോഴും മരണത്തിന്റെ വക്കോളമെത്തി; 24യെഹൂദന്മാരിൽനിന്ന് മുപ്പത്തൊൻപത് അടി അഞ്ചുപ്രാവശ്യം ഞാൻ കൊണ്ടു; 25മൂന്നുവട്ടം റോമാക്കാർ എന്നെ വടികൊണ്ട് അടിച്ചു; ഒരിക്കൽ കല്ലേറുമേറ്റു; മൂന്നു പ്രാവശ്യം കപ്പലപകടത്തിൽപെട്ടു. ഒരിക്കൽ ഇരുപത്തിനാലു മണിക്കൂർ വെള്ളത്തിൽ കഴിച്ചുകൂട്ടേണ്ടിവന്നു. 26എന്റെ യാത്രകളിൽ വെള്ളപ്പൊക്കത്തിൽനിന്നും കൊള്ളക്കാരിൽനിന്നും സ്വജാതീയരിൽനിന്നും വിജാതീയരിൽനിന്നുമുള്ള വിപത്തുകളിൽ ഞാൻ അകപ്പെട്ടിട്ടുണ്ട്. പട്ടണങ്ങളിലും കാട്ടിലും കടലിലും വച്ചുള്ള വിപത്തുകളുമുണ്ടായിട്ടുണ്ട്; വ്യാജസ്നേഹിതരിൽ നിന്നുള്ള അപകടങ്ങളിലും അകപ്പെട്ടു; 27കഠിനമായ അധ്വാനവും ക്ലേശവും ഉണ്ടായിട്ടുണ്ട്. പലപ്പോഴും ഉറങ്ങാൻ കഴിയാതെയും വിശന്നും ദാഹിച്ചും വലയുകയും പട്ടിണി കിടക്കുകയും ശീതബാധയിൽനിന്നു രക്ഷപെടുന്നതിന് ഒരിടമോ വസ്ത്രമോ ഇല്ലാതെ വിഷമിക്കുകയും ചെയ്തിട്ടുണ്ട്. 28ഇവയ്‍ക്കെല്ലാം പുറമേ എല്ലാ സഭകളെയുംകുറിച്ചുള്ള ചിന്താഭാരവും അനുദിനം ഞാൻ വഹിക്കേണ്ടിയിരുന്നു. 29ആരെങ്കിലും ദുർബലനായിരിക്കുന്നുവെങ്കിൽ ഞാൻ അവന്റെ ദൗർബല്യത്തിൽ പങ്കാളിയാകാതിരിക്കുന്നുവോ? ആരെങ്കിലും പാപത്തിലേക്കു നയിക്കപ്പെടുന്നെങ്കിൽ ദുഃഖംകൊണ്ട് എന്റെ ഹൃദയം കത്തിയെരിയാതിരിക്കുന്നുവോ?
30എനിക്കു പ്രശംസിക്കണമെന്നുണ്ടെങ്കിൽ ഞാൻ എത്ര ബലഹീനനാണെന്ന് എടുത്തുകാണിക്കുന്ന കാര്യങ്ങളിൽ ഞാൻ പ്രശംസിക്കും. 31കർത്താവായ യേശുവിന്റെ പിതാവായ ദൈവത്തിന്റെ നാമം എന്നേക്കും വാഴ്ത്തപ്പെടട്ടെ; ഞാൻ പറയുന്നത് വ്യാജമല്ലെന്ന് അവിടുന്ന് അറിയുന്നു. 32ഞാൻ ദമാസ്കസിൽ ആയിരുന്നപ്പോൾ അരേതാരാജാവിന്റെ കീഴിലുള്ള ഗവർണർ എന്നെ പിടികൂടുന്നതിനു കാവൽ ഏർപ്പെടുത്തി. 33എന്നാൽ മതിലിലുള്ള ഒരു കിളിവാതിലിലൂടെ എന്നെ ചിലർ ഒരു കുട്ടയിൽ കെട്ടിയിറക്കി വിട്ടു. അങ്ങനെ രാജാവിന്റെ പിടിയിൽനിന്നു വഴുതിമാറി.
Currently Selected:
2 KORINTH 11: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.