YouVersion Logo
Search Icon

2 SAMUELA 16

16
ദാവീദും സീബയും
1ദാവീദ് മലമുകൾ കടന്നു കുറേദൂരം ചെന്നപ്പോൾ മെഫീബോശെത്തിന്റെ ഭൃത്യനായ സീബയെ കണ്ടു. രണ്ടു കഴുതകളുടെ പുറത്ത് ഇരുനൂറ് അപ്പവും നൂറു കുല ഉണക്കമുന്തിരിയും നൂറു വേനൽക്കാല ഫലങ്ങളും ഒരു തോൽക്കുടം വീഞ്ഞും അവൻ കൊണ്ടുവന്നിരുന്നു. 2‘ഇതെല്ലാം എന്തിന്’ എന്നു രാജാവ് സീബയോടു ചോദിച്ചു. സീബ പറഞ്ഞു: “കഴുതകൾ അങ്ങയുടെ കുടുംബത്തിനു യാത്രചെയ്യാനും അപ്പവും പഴങ്ങളും അങ്ങയുടെ അനുചരർക്കു ഭക്ഷിക്കാനും വീഞ്ഞ് മരുഭൂമിയിലൂടെ നടന്നുതളരുമ്പോൾ കുടിക്കാനുമാണ്. 3“നിന്റെ യജമാനന്റെ മകൻ എവിടെ” എന്നു രാജാവു ചോദിച്ചു. സീബ പറഞ്ഞു: “അയാൾ യെരൂശലേമിൽത്തന്നെ പാർക്കുന്നു; തന്റെ പിതാവിന്റെ സിംഹാസനം ഇസ്രായേല്യർ വീണ്ടെടുത്തു തനിക്കു നല്‌കുമെന്ന് അയാൾ പ്രതീക്ഷിക്കുന്നു.” 4രാജാവ് സീബയോടു പറഞ്ഞു: “മെഫീബോശെത്തിനുള്ളതെല്ലാം ഞാൻ നിനക്കു തരുന്നു.” സീബ മറുപടി നല്‌കി: “അങ്ങയുടെ വാത്സല്യം ഈ ദാസന്റെമേൽ എപ്പോഴും ഉണ്ടായിരിക്കട്ടെ.”
ദാവീദും ശിമെയിയും
5ബഹൂരീമിൽ എത്തിയ ദാവീദുരാജാവ് ശൗലിന്റെ കുടുംബത്തിൽപ്പെട്ട ഗേരയുടെ പുത്രനായ ശിമെയി തന്നെ ശപിച്ചുകൊണ്ടു വരുന്നതു കണ്ടു. 6അവൻ രാജാവിന്റെയും ഭൃത്യന്മാരുടെയും നേർക്കു കല്ലെറിഞ്ഞു. രാജാവിന്റെ അനുയായികളും അംഗരക്ഷകരും രാജാവിന്റെ ഇടത്തും വലത്തുമായി നിന്നിരുന്നു. ശിമെയി രാജാവിനെ ശപിച്ചുപറഞ്ഞു: 7“കൊലപാതകീ, നീചാ, നീ അകലെപ്പോകൂ; 8ശൗലിന്റെ കുടുംബത്തെ വധിച്ചല്ലേ നീ രാജാവായത്? നീ അവരെ കൊന്നതിനു സർവേശ്വരൻ പ്രതികാരം ചെയ്തിരിക്കുന്നു. അവിടുന്നു രാജത്വം നിന്നിൽനിന്നെടുത്തു നിന്റെ മകനായ അബ്ശാലോമിനു നല്‌കി. ഘാതകാ, നിന്റെ നാശം അടുത്തിരിക്കുന്നു.”
9അപ്പോൾ സെരൂയായുടെ പുത്രനായ അബീശായി രാജാവിനോടു ചോദിച്ചു: “ഈ ചത്ത നായ് എന്റെ യജമാനനായ രാജാവിനെ എന്തിനു ശപിക്കുന്നു? ഞാൻ അവന്റെ തല വെട്ടിക്കളയട്ടെ.” 10എന്നാൽ രാജാവു പറഞ്ഞു: “സെരൂയായുടെ പുത്രന്മാരേ, ഇതിൽ നിങ്ങൾക്ക് എന്തു കാര്യം? അവൻ ശപിച്ചുകൊള്ളട്ടെ; ‘ദാവീദിനെ ശപിക്കുക’ എന്നു സർവേശ്വരൻ കല്പിച്ചിട്ടുണ്ടെങ്കിൽ അതു തടയാൻ ആർക്കാണ് അവകാശം.” 11ദാവീദ് അബീശായിയോടും തന്റെ സകല ഭൃത്യന്മാരോടുമായി പറഞ്ഞു: “എന്റെ സ്വന്തം മകൻതന്നെ എന്നെ കൊല്ലാൻ ശ്രമിക്കുന്നു. അങ്ങനെയെങ്കിൽ ഈ ബെന്യാമീൻഗോത്രക്കാരൻ ചെയ്യുന്നതിൽ എന്താണ് അദ്ഭുതം? അവനെ വെറുതേ വിടൂ, അവൻ ശപിക്കട്ടെ; സർവേശ്വരൻ കല്പിച്ചതുകൊണ്ടാണ് അവൻ ശപിക്കുന്നത്. 12ഒരുവേള അവിടുന്ന് എന്റെ കഷ്ടത കണ്ട് അവന്റെ ശാപം അനുഗ്രഹമാക്കിയേക്കും.” 13ദാവീദും കൂടെയുള്ളവരും മുന്നോട്ടു നീങ്ങി. ശിമെയി എതിർവശത്തുള്ള മലഞ്ചരിവിലൂടെ നടന്നു; അവൻ രാജാവിനു നേരെ കല്ലും പൂഴിയും വാരിയെറിഞ്ഞു. 14രാജാവും കൂടെയുള്ളവരും പരിക്ഷീണരായി യോർദ്ദാനിലെത്തി, അവർ അവിടെ വിശ്രമിച്ചു.
അബ്ശാലോം യെരൂശലേമിൽ
15അബ്ശാലോമും കൂടെയുള്ള ഇസ്രായേല്യരും യെരൂശലേമിലെത്തി. അഹീഥോഫെലും അയാളുടെ കൂടെ ഉണ്ടായിരുന്നു. 16ദാവീദിന്റെ സ്നേഹിതനും അർഖ്യനും ആയ ഹൂശായി അബ്ശാലോമിന്റെ അടുക്കൽ വന്നു: “രാജാവേ, നീണാൾ വാഴുക! നീണാൾ വാഴുക!” എന്നു പറഞ്ഞു. 17അപ്പോൾ അബ്ശാലോം ഹൂശായിയോടു പറഞ്ഞു: “നിന്റെ സുഹൃത്തിനോട് ഇത്രയേ കൂറുള്ളോ? എന്തുകൊണ്ട് ദാവീദിന്റെ കൂടെ പോയില്ല?” 18ഹൂശായി പറഞ്ഞു: “അങ്ങനെയല്ല രാജാവേ! സർവേശ്വരനും സകല ഇസ്രായേൽജനവും തിരഞ്ഞെടുത്തിരിക്കുന്നവന്റെ ആളാണു ഞാൻ. അദ്ദേഹത്തോടൊപ്പം ഞാൻ നില്‌ക്കും. 19എന്റെ യജമാനന്റെ പുത്രനെയല്ലാതെ മറ്റാരെ ഞാൻ സേവിക്കും. അങ്ങയുടെ പിതാവിനെ സേവിച്ചതുപോലെ ഞാൻ അങ്ങയെയും സേവിക്കും.” 20അപ്പോൾ അബ്ശാലോം അഹീഥോഫെലിനോട് ചോദിച്ചു: “ഇവിടെ നാം എന്താണു ചെയ്യേണ്ടത്? നിന്റെ ഉപദേശം എന്ത്?” 21അയാൾ അബ്ശാലോമിനോടു പറഞ്ഞു: “കൊട്ടാരം സൂക്ഷിക്കാൻ അങ്ങയുടെ പിതാവ് വിട്ടിട്ടുപോയ ഉപഭാര്യമാരുടെ അന്തഃപുരത്തിൽ പ്രവേശിക്കുക. അപ്പോൾ അങ്ങ് പിതാവിനു വെറുപ്പുളവാക്കി എന്ന് ഇസ്രായേല്യരെല്ലാം അറിയും. അത് അങ്ങയുടെ അനുയായികൾക്ക് ആത്മധൈര്യം പകരും.” 22അവർ കൊട്ടാരത്തിനു മുകളിൽ അബ്ശാലോമിനുവേണ്ടി ഒരു കൂടാരം ഒരുക്കി. അവിടെ അബ്ശാലോം സകല ഇസ്രായേല്യരും കാൺകെ പിതാവിന്റെ ഉപഭാര്യമാരോടൊത്തു ശയിച്ചു. 23അക്കാലത്ത് അഹീഥോഫെൽ നല്‌കിയിരുന്ന ഏത് ഉപദേശവും ദൈവത്തിന്റെ അരുളപ്പാടുപോലെ കരുതിയിരുന്നു. ദാവീദും അബ്ശാലോമും അയാളുടെ ഉപദേശം അത്രയ്‍ക്ക് വിലമതിച്ചിരുന്നു.

Currently Selected:

2 SAMUELA 16: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in