YouVersion Logo
Search Icon

2 SAMUELA 21

21
ശൗലിന്റെ പിൻതലമുറക്കാർ വധിക്കപ്പെടുന്നു
1ദാവീദിന്റെ ഭരണകാലത്തു മൂന്നു വർഷം തുടർച്ചയായി ക്ഷാമമുണ്ടായി. അപ്പോൾ ദാവീദ് സർവേശ്വരന്റെ അരുളപ്പാട് ആരാഞ്ഞു. അവിടുന്ന് അരുളിച്ചെയ്തു: “ഗിബെയോന്യരെ വധിച്ചതിൽ ശൗലും അവന്റെ കുടുംബക്കാരും രക്തപാതകരാണ്. 2ഗിബെയോന്യർ ഇസ്രായേല്യരല്ല; അവർ അമോര്യരുടെ കൂട്ടത്തിൽ ശേഷിച്ചിരുന്നവരായിരുന്നു. അവരെ സംരക്ഷിച്ചുകൊള്ളാമെന്ന് ഇസ്രായേല്യർ പ്രതിജ്ഞ ചെയ്തിരുന്നു. എന്നാൽ ഇസ്രായേല്യരെയും യെഹൂദ്യരെയും കുറിച്ചുള്ള ഉൽക്കടമായ ശുഷ്കാന്തി നിമിത്തം ശൗൽ അവരെയും സംഹരിക്കാൻ ശ്രമിച്ചു. 3ദാവീദ്‍രാജാവ് ഗിബെയോന്യരെ വിളിപ്പിച്ചു ചോദിച്ചു: “ഞാൻ നിങ്ങൾക്കുവേണ്ടി എന്തു ചെയ്തു തരണം? സർവേശ്വരന്റെ ജനത്തിനു നിങ്ങൾ നന്മ നേരുന്നതിനായി എന്തു പ്രായശ്ചിത്തമാണു ഞാൻ ചെയ്യേണ്ടത്?” 4ഗിബെയോന്യർ പറഞ്ഞു: “ശൗലും കുടുംബവുമായുള്ള ഞങ്ങളുടെ എതിർപ്പ് വെള്ളിയോ സ്വർണമോ കൊണ്ടു തീരുന്നതല്ല; ഇസ്രായേലിൽ ആരെയെങ്കിലും കൊല്ലണമെന്നു ഞങ്ങൾക്കു ആഗ്രഹമില്ല.” ദാവീദു വീണ്ടും ചോദിച്ചു: “എന്നാൽ പിന്നെ എന്തു ചെയ്യണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?” 5അവർ പറഞ്ഞു: “ഇസ്രായേലിൽ എങ്ങും ഞങ്ങളിൽ ആരും ശേഷിക്കാത്തവിധം ഞങ്ങളെ നശിപ്പിക്കാൻ ആലോചിക്കുകയും ഞങ്ങളെ സംഹരിക്കുകയും ചെയ്ത ആ മനുഷ്യന്റെ പുത്രന്മാരിൽ ഏഴു പേരെ ഞങ്ങളുടെ കൈയിൽ ഏല്പിച്ചുതരിക. 6സർവേശ്വരന്റെ പർവതമായ ഗിബെയോനിൽ അവിടുത്തെ സന്നിധിയിൽ ഞങ്ങൾ അവരെ തൂക്കിക്കൊല്ലട്ടെ.” “ഞാൻ അവരെ ഏല്പിച്ചു തരാം” എന്നു രാജാവു പറഞ്ഞു. 7സർവേശ്വരന്റെ നാമത്തിൽ യോനാഥാനുമായി ചെയ്തിരുന്ന പ്രതിജ്ഞ നിമിത്തം ശൗലിന്റെ പൗത്രനും യോനാഥാന്റെ പുത്രനുമായ മെഫീബോശെത്തിനെ ആ ഏഴു പേരിൽ ഉൾപ്പെടുത്തിയില്ല. 8അയ്യായുടെ മകളായ രിസ്പായിൽ ശൗലിനു ജനിച്ച പുത്രന്മാരായ അർമ്മോനിയെയും മെഫീബോശെത്തിനെയും ശൗലിന്റെ പുത്രിയായ മീഖളിൽ മെഹോലാത്യനും ബർസില്ലായിയുടെ പുത്രനുമായ അദ്രീയേലിനു ജനിച്ച അഞ്ചു പുത്രന്മാരെയും രാജാവ് ഗിബെയോന്യരുടെ കൈയിൽ ഏല്പിച്ചു. 9ഗിബെയോന്യർ അവരെ സർവേശ്വരന്റെ സന്നിധിയിൽ മലമുകളിൽവച്ചു കൊന്നു. അവർ ഏഴു പേരും ഒരേ സമയം മരിച്ചു. ബാർലി കൊയ്ത്തിന്റെ ആരംഭത്തിലാണ് ഇതു സംഭവിച്ചത്. 10അയ്യായുടെ മകൾ രിസ്പാ ചാക്കുതുണി പാറമേൽ വിരിച്ച് അവിടെ കിടന്നു. കൊയ്ത്തുകാലത്തിന്റെ ആരംഭംമുതൽ മഴക്കാലം തുടങ്ങുന്നതുവരെ, പകൽ പക്ഷികളെയും രാത്രി കാട്ടുമൃഗങ്ങളെയും ആ മൃതദേഹങ്ങളിൽനിന്ന് അവൾ ആട്ടിയോടിച്ചു. 11രിസ്പാ പ്രവർത്തിച്ചതു ദാവീദ് അറിഞ്ഞു. 12ദാവീദു ചെന്നു ഗിലെയാദിലെ യാബേശ്യരിൽനിന്നു ശൗലിന്റെയും യോനാഥാന്റെയും അസ്ഥികൾ ശേഖരിച്ചു. ഫെലിസ്ത്യർ ഗിൽബോവാ പർവതത്തിൽവച്ച് അവരെ കൊന്നിട്ട് മൃതശരീരങ്ങൾ ബേത്ത്-ശാൻ നഗരവീഥിയിൽ കെട്ടിത്തൂക്കിയിരുന്നു; ഗിലെയാദിലെ യാബേശ്യർ അവരുടെ ശരീരം അവിടെനിന്നു മോഷ്‍ടിച്ചു കൊണ്ടുപോയി. 13ശൗലിന്റെയും യോനാഥാന്റെയും അസ്ഥികൾ ദാവീദ് അവിടെനിന്നു വരുത്തി; തൂക്കിക്കൊല്ലപ്പെട്ട ഏഴുപേരുടെയും അസ്ഥികളും ശേഖരിച്ചു. 14ശൗലിന്റെയും യോനാഥാന്റെയും അസ്ഥികൾ ബെന്യാമീന്യരുടെ ദേശത്തുള്ള സേലയിൽ ശൗലിന്റെ പിതാവായ കീശിന്റെ കല്ലറയിൽ സംസ്കരിച്ചു. രാജാവ് കല്പിച്ചതെല്ലാം അവർ പ്രവർത്തിച്ചു. പിന്നീട് രാജ്യത്തിനു വേണ്ടിയുള്ള അവരുടെ പ്രാർഥന ദൈവം കേട്ടു.
ഫെലിസ്ത്യമല്ലന്മാരുമായി യുദ്ധം
(1 ദിന. 20:4-8)
15ഫെലിസ്ത്യരും ഇസ്രായേല്യരും തമ്മിൽ വീണ്ടും യുദ്ധമുണ്ടായി. ദാവീദും അനുയായികളും ഫെലിസ്ത്യരോട് ഏറ്റുമുട്ടി. 16ദാവീദു തളർന്നു; അപ്പോൾ ഇശ്ബി-ബെനോബ് എന്ന മല്ലൻ ദാവീദിനെ കൊല്ലാൻ ഒരുമ്പെട്ടു. മുന്നൂറു ശേക്കെൽ തൂക്കമുള്ള ഒരു ഓട്ടുകുന്തവും ഒരു പുതിയ വാളും അയാൾ ധരിച്ചിരുന്നു. 17എന്നാൽ സെരൂയായുടെ പുത്രനായ അബീശായി ദാവീദിന്റെ സഹായത്തിനെത്തി. അയാൾ ഫെലിസ്ത്യനെ ആക്രമിച്ചുകൊന്നു. മേലിൽ തങ്ങളോടൊപ്പം യുദ്ധത്തിനു പുറപ്പെടുകയില്ലെന്നു ദാവീദിനെക്കൊണ്ടു പടയാളികൾ ശപഥം ചെയ്യിച്ചു. “ഇസ്രായേലിന്റെ ദീപം അവിടുന്നാണ്; അത് അണയാൻ പാടില്ല” എന്ന് അവർ പറഞ്ഞു.
18പിന്നീട് ഗോബിൽവച്ചു ഫെലിസ്ത്യരുമായി വീണ്ടും യുദ്ധമുണ്ടായി. അവിടെവച്ചു ഹൂശാത്യനായ സിബ്ബെഖായി മല്ലനായ സഫിനെ കൊന്നു. 19ഗോബിൽ വച്ചു ഫെലിസ്ത്യരുമായി വീണ്ടും ഒരു യുദ്ധം ഉണ്ടായി. അതിൽ ബേത്‍ലഹേമ്യനായ യാരെ-ഓരെഗീമിന്റെ മകനായ എൽഹാനാൻ ഗിത്യനായ ഗോല്യാത്തിനെ കൊന്നു; അയാളുടെ കുന്തത്തിന്റെ തണ്ട് നെയ്ത്തുതറിയുടെ നീണ്ടതടിപോലെയുള്ളതായിരുന്നു. 20ഗത്തിൽവച്ച് വീണ്ടും യുദ്ധം നടന്നു. അവിടെ ഒരു അതികായൻ ഉണ്ടായിരുന്നു; അവന്റെ കൈകാലുകൾക്ക് ഒന്നിന് ആറു വീതം ഇരുപത്തിനാലു വിരലുകൾ ഉണ്ടായിരുന്നു. അയാളും മല്ലന്മാരുടെ പിൻതലമുറക്കാരൻ ആയിരുന്നു. 21ഇസ്രായേലിനെ അധിക്ഷേപിച്ച അയാളെ ദാവീദിന്റെ സഹോദരനായ ശിമെയിയുടെ പുത്രൻ യോനാഥാൻ വധിച്ചു. 22ഈ നാലു പേരും ഗത്തിലെ മല്ലന്മാരിൽപ്പെട്ടവരായിരുന്നു. ദാവീദും അനുയായികളും കൂടി അവരെ സംഹരിച്ചു.

Currently Selected:

2 SAMUELA 21: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in