YouVersion Logo
Search Icon

KOLOSA 2

2
1നിങ്ങൾക്കും ലവുദിക്യയിലുള്ളവർക്കും എന്നെ നേരിട്ടറിയാത്ത മറ്റുള്ള എല്ലാവർക്കും വേണ്ടി എത്ര വലിയ പോരാട്ടമാണ് ഞാൻ നടത്തുന്നത്! 2ഇത് അവർക്ക് ആശ്വാസം ലഭിക്കുന്നതിനും, സ്നേഹത്തിൽ അവർ ഒരുമിച്ചു ചേർക്കപ്പെടുന്നതിനും, അങ്ങനെ യഥാർഥജ്ഞാനത്തിൽ നിന്നുണ്ടാകുന്ന വിശ്വാസത്തിന്റെ പൂർണസമ്പത്തു പ്രാപിക്കുന്നതിനും വേണ്ടിയാണ്. ഇങ്ങനെ #2:2 ‘അവർ ദൈവത്തിന്റെ മർമ്മം അറിയും. ക്രിസ്തു തന്നെയാണ് ആ മർമ്മം’-ചില കൈയെഴുത്തു പ്രതികളിൽ ‘ക്രിസ്തുതന്നെയാണ് ആ മർമ്മം’ എന്ന വാചകം ഇല്ല. മറ്റു ചില കൈയെഴുത്തു പ്രതികളിൽ ‘ക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്റെ മർമ്മം അറിയും’ എന്നാണ്; ‘ക്രിസ്തു തന്നെയാണ് ആ മർമ്മം’ എന്നില്ല. ഇനിയും ചിലതിൽ ‘പിതാവായ ദൈവത്തിന്റെയും ക്രിസ്തുവിന്റെയും മർമ്മം അറിയും’ എന്നാണ്. അവർ ദൈവത്തിന്റെ മർമ്മം അറിയും. 3ക്രിസ്തുതന്നെയാണ് ആ മർമ്മം. ഈശ്വരന്റെ ജ്ഞാനവിജ്ഞാനങ്ങൾ ക്രിസ്തുവിൽ അന്തർലീനമായിരിക്കുന്നു.
4സമർഥമെന്നു തോന്നിക്കുന്ന യുക്ത്യാഭ്യാസംകൊണ്ട് ആരും നിങ്ങളെ വഞ്ചിക്കരുത്. 5ശരീരത്തിൽ ഞാൻ നിങ്ങളിൽനിന്ന് അകന്നിരുന്നാലും ആത്മാവിൽ നിങ്ങളോടുകൂടിയുണ്ട്. ക്രിസ്തുവിലുള്ള വിശ്വാസത്തിൽ നിങ്ങളെ ഉറപ്പിച്ചു നിറുത്തുന്ന നിശ്ചയദാർഢ്യത്തെപ്പറ്റി അറിയുകയും അതിൽ ഞാൻ സന്തോഷിക്കുകയും ചെയ്യുന്നു.
ക്രിസ്തീയജീവിതത്തിന്റെ പൂർണത
6ക്രിസ്തുയേശുവിനെ നിങ്ങൾ കർത്താവായി കൈക്കൊണ്ടിരിക്കുന്നതിനാൽ അവിടുത്തോട് ഏകീഭവിച്ചു ജീവിക്കുക. 7ക്രിസ്തുവേശുവിൽ നിങ്ങൾ വേരൂന്നുകയും നിങ്ങളുടെ ജീവിതം ആ അടിസ്ഥാനത്തിൽ പടുത്തുയർത്തുകയും, നിങ്ങളെ പഠിപ്പിച്ചിട്ടുള്ളതുപോലെ വിശ്വാസത്തിൽ കൂടുതൽ ബലം പ്രാപിക്കുകയും ചെയ്യണം. കൃതജ്ഞത നിങ്ങളിൽ നിറഞ്ഞു കവിയട്ടെ.
8തത്ത്വജ്ഞാനവും ചതിയുംകൊണ്ട് ആരും നിങ്ങളെ വഴിതെറ്റിക്കാതെ സൂക്ഷിക്കുക. അവ മനുഷ്യന്റെ പരമ്പരാഗതമായ ഉപദേശങ്ങളിൽനിന്നും, പ്രാപഞ്ചികമായ ഭൗതികശക്തികളിൽനിന്നും വരുന്നതാണ്, ക്രിസ്തുവിൽനിന്നുള്ളതല്ല. 9സമ്പൂർണദൈവികത്വം മനുഷ്യരൂപം പൂണ്ട് ക്രിസ്തുവിൽ നിവസിക്കുന്നു. 10ക്രിസ്തുവിനോടുള്ള ഏകീഭാവം മൂലം നിങ്ങൾ പൂർണതയിൽ എത്തിയിരിക്കുന്നു. അവിടുന്ന് എല്ലാ വാഴ്ചകളുടെയും അധികാരത്തിന്റെയും അധീശനാണ്.
11ക്രിസ്തുവിനോടുള്ള ഐക്യത്താൽ നിങ്ങൾ യഥാർഥ പരിച്ഛേദനത്തിനു വിധേയരായിരിക്കുന്നു. എന്നാൽ മനുഷ്യർ ചെയ്യുന്ന പരിച്ഛേദനം അല്ല അത്; പിന്നെയോ ക്രിസ്തുവിന്റെ പരിച്ഛേദനമാകുന്നു. അത് പാപകരമായ ശരീരത്തിന്റെ ദുർവാസനകളെ നിർമാർജനം ചെയ്യുന്നു. 12സ്നാപനം മുഖേന നിങ്ങൾ ക്രിസ്തുവിനോടുകൂടി സംസ്കരിക്കപ്പെടുക മാത്രമല്ല, ക്രിസ്തുവിനെ മരിച്ചവരിൽനിന്നുയിർപ്പിച്ച ദൈവത്തിന്റെ ശക്തിയിലുള്ള വിശ്വാസത്താൽ ക്രിസ്തുവിനോടുകൂടി ഉയിർപ്പിക്കപ്പെടുകയും ചെയ്തു. 13പാപങ്ങൾകൊണ്ടും ദൈവകല്പന അനുസരിക്കാത്തതുകൊണ്ടും നിങ്ങൾ ഒരിക്കൽ ആത്മീയമായി മരിച്ചവരായിരുന്നു. എന്നാൽ ഇപ്പോൾ ദൈവം നിങ്ങളെ ക്രിസ്തുവിനോടുകൂടി ജീവിപ്പിച്ചിരിക്കുന്നു. നമ്മുടെ സകല പാപങ്ങളും ദൈവം ക്ഷമിക്കുകയും ചെയ്തു. 14നമ്മുടെ കടങ്ങൾ സംബന്ധിച്ച് നമുക്കു പ്രതികൂലമായുണ്ടായിരുന്ന രേഖകളും ചട്ടങ്ങളും ദൈവം മാറ്റുകയും അവയെ കുരിശിൽ തറച്ചു പൂർണമായി തുടച്ചു നീക്കുകയും ചെയ്തു. 15കുരിശിലൂടെ ക്രിസ്തു അധമശക്തികളെയും ദുഷ്ട അധികാരികളെയും നിരായുധരാക്കി അവരുടെമേൽ ജയോത്സവം കൊണ്ടാടുകയും അവരെ ജനമധ്യത്തിൽ പരിഹാസപാത്രമായി പ്രദർശിപ്പിക്കുകയും ചെയ്തു.
16അതുകൊണ്ട് ആഹാരപാനീയങ്ങൾ സംബന്ധിച്ചോ പെരുന്നാൾ, അമാവാസി, ശബത്ത് മുതലായവ സംബന്ധിച്ചോ ആരും ഇനി നിങ്ങളെ വിധിക്കാതിരിക്കട്ടെ. 17ഇവയെല്ലാം ഭാവിയിൽ സംഭവിക്കുവാനിരിക്കുന്നതിന്റെ നിഴൽമാത്രമാകുന്നു; യാഥാർഥ്യം ക്രിസ്തുവത്രേ. 18പ്രത്യേക ദർശനങ്ങളുള്ളവരെന്നു പറഞ്ഞ് മറ്റുള്ളവരെക്കാൾ ശ്രേഷ്ഠരാണെന്ന് അവകാശപ്പെടുകയും, കപടവിനയം ഭാവിക്കുവാനും മാലാഖമാരെ ആരാധിക്കുവാനും പ്രേരിപ്പിക്കുകയും ചെയ്യുന്ന ആരും നിങ്ങൾക്ക് അയോഗ്യത കല്പിക്കുവാൻ ഇടകൊടുക്കരുത്. അങ്ങനെയുള്ളവർ തങ്ങളുടെ മാനുഷികരീതിയിലുള്ള ചിന്തമൂലം അഹങ്കരിക്കുന്നതേയുള്ളൂ. 19അവർ ശിരസ്സാകുന്ന ക്രിസ്തുവിനോട് ഗാഢബന്ധം പുലർത്താത്തവരാണ്. ക്രിസ്തുവിന്റെ നിയന്ത്രണത്തിൽ ശരീരം മുഴുവനും പരിപുഷ്ടമാക്കപ്പെടുകയും, സന്ധിബന്ധങ്ങളും സിരകളുംകൊണ്ട് കൂട്ടിയിണക്കപ്പെടുകയും ദൈവം ആഗ്രഹിക്കുന്ന പ്രകാരം വളരുകയും ചെയ്യുന്നു.
ക്രിസ്തുവിനോടുകൂടി മരണവും ജീവിതവും
20നിങ്ങൾ ക്രിസ്തുവിനോടുകൂടി മരിക്കുകയും പ്രപഞ്ചത്തെ ഭരിക്കുന്ന ഭൗതികശക്തികളിൽനിന്നു സ്വതന്ത്രരാക്കപ്പെടുകയും ചെയ്തിരിക്കുന്നു. പിന്നെയും, എന്തിനു ലോകത്തിനുള്ളവർ എന്നവണ്ണം നിങ്ങൾ ജീവിക്കുന്നു? 21‘ഇത് എടുക്കരുത്, അതു രുചിക്കരുത്, മറ്റതു തൊടുകപോലും അരുത്’ എന്നിങ്ങനെയുള്ള ചട്ടങ്ങൾ എന്തിന് അനുസരിക്കണം? 22ഉപയോഗംകൊണ്ടു നശിച്ചുപോകുന്നവയെക്കുറിച്ചത്രേ ഇവിടെ പറയുന്നത്; ഇവയെല്ലാം മനുഷ്യനിർമിതമായ ചട്ടങ്ങളും ഉപദേശങ്ങളുമാകുന്നു. 23സ്വേച്ഛാരാധനയും കപടവിനയവും കർക്കശമായ ശാരീരിക വ്രതാനുഷ്ഠാനവും സംബന്ധിച്ച വിജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ള അനുശാസനങ്ങളാണിവയൊക്കെ എന്നു തോന്നിയേക്കാം. എന്നാൽ ഇന്ദ്രിയനിഗ്രഹത്തിനു പര്യാപ്തമായ മൂല്യം ഇവയ്‍ക്കില്ല.

Currently Selected:

KOLOSA 2: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in