YouVersion Logo
Search Icon

DEUTERONOMY 8

8
വാഗ്ദത്തഭൂമി
1നിങ്ങൾ ജീവിച്ചിരിക്കാനും വർധിക്കാനും സർവേശ്വരൻ നിങ്ങളുടെ പിതാക്കന്മാർക്ക് വാഗ്ദാനം ചെയ്ത ദേശത്ത് പ്രവേശിച്ച് അതിനെ കൈവശമാക്കാനും ഞാൻ ഇന്നു നിങ്ങൾക്കു നല്‌കുന്ന സകല കല്പനകളും വിശ്വസ്തതയോടെ പാലിക്കുക. 2നിങ്ങളെ വിനീതരാക്കാനും നിങ്ങളുടെ ഹൃദയവിചാരങ്ങൾ ഗ്രഹിക്കാനും അവിടുത്തെ കല്പനകൾ നിങ്ങൾ അനുസരിക്കുമോ ഇല്ലയോ എന്നു പരിശോധിച്ചറിയാനുമായി നിങ്ങളുടെ ദൈവമായ സർവേശ്വരൻ ഈ നാല്പതു സംവത്സരം നിങ്ങളെ മരുഭൂമിയിൽ വഴിനടത്തിയതെല്ലാം നിങ്ങൾ ഓർമിക്കണം. 3അവിടുന്നു നിങ്ങളെ ദയനീയരാക്കി; നിങ്ങൾ വിശന്നു നടക്കുന്നതിന് ഇടയാക്കി. നിങ്ങളും നിങ്ങളുടെ പിതാക്കന്മാരും ഒരിക്കലും ഭക്ഷിച്ചിട്ടില്ലാത്ത മന്ന നിങ്ങൾക്ക് ആഹാരമായി നല്‌കുകയും ചെയ്തു. മനുഷ്യർ അപ്പംകൊണ്ടു മാത്രമല്ല സർവേശ്വരനിൽനിന്നു പുറപ്പെടുന്ന വചനംകൊണ്ടും കൂടിയാണ് ജീവിക്കുന്നതെന്നു നിങ്ങളെ പഠിപ്പിക്കേണ്ടതിനായിരുന്നു ഇങ്ങനെ ചെയ്തത്. 4ഈ നാല്പതു വർഷം നിങ്ങളുടെ വസ്ത്രം ജീർണിക്കുകയോ, നിങ്ങളുടെ കാൽ വീങ്ങുകയോ ചെയ്തില്ല. 5പിതാവ് പുത്രന് എന്നപോലെ നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്ക് ശിക്ഷണം നല്‌കുന്നു എന്ന് ഓർമിച്ചുകൊൾക. 6അതുകൊണ്ട് നിങ്ങളുടെ ദൈവമായ സർവേശ്വരൻ കല്പിച്ചതുപോലെ അവിടുത്തെ വഴികളിൽ നടന്ന് അവിടുത്തെ ഭയപ്പെട്ട് അവിടുത്തെ കല്പനകൾ പാലിക്കുക. 7നിങ്ങളുടെ ദൈവമായ സർവേശ്വരൻ ഫലപുഷ്‍ടിയുള്ള ഒരു ദേശത്തേക്കാണ് നിങ്ങളെ കൊണ്ടുപോകുന്നത്. താഴ്‌വരയിൽനിന്നും മലയിൽനിന്നും പുറപ്പെടുന്ന നീരൊഴുക്കുകളും തടാകങ്ങളും അവിടെയുണ്ട്. 8കോതമ്പും ബാർലിയും മുന്തിരിയും അത്തിയും മാതളനാരകവും ഒലിവുമരവും തേനും ഉള്ള ദേശമാണ് അത്. 9ആഹാരപദാർഥങ്ങൾക്ക് ഒരു കുറവുമില്ലാത്ത ദേശം; യാതൊന്നിനും അവിടെ കുറവുണ്ടാകുകയില്ല. അവിടെയുള്ള കല്ലുകൾ ഇരുമ്പാണ്. അവിടത്തെ മലകളിൽനിന്നു ചെമ്പു കുഴിച്ചെടുക്കാം; 10അവിടെ നിങ്ങൾ ഭക്ഷിച്ചു തൃപ്തരാകുമ്പോൾ നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്കു നല്‌കിയിരിക്കുന്ന നല്ല ദേശത്തിനുവേണ്ടി അവിടുത്തേക്കു സ്തോത്രം അർപ്പിക്കണം.
സർവേശ്വരനെ മറക്കരുത്
11“നിങ്ങളുടെ ദൈവമായ സർവേശ്വരനെ മറക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഞാൻ ഇന്നു നിങ്ങൾക്കു നല്‌കുന്ന സർവേശ്വരന്റെ കല്പനകളും ചട്ടങ്ങളും അനുശാസനങ്ങളും അവഗണിക്കരുത്. 12ഭക്ഷിച്ചു തൃപ്തിയാകുമ്പോഴും നല്ല വീടു പണിത് അതിൽ പാർക്കുമ്പോഴും 13ആടുമാടുകൾ പെരുകുമ്പോഴും സ്വർണം, വെള്ളി മുതലായവ വർധിക്കുമ്പോഴും 14മറ്റ് സകലത്തിലും സമൃദ്ധിയുണ്ടാകുമ്പോഴും നിങ്ങൾ ഉള്ളുകൊണ്ട് അഹങ്കരിക്കരുത്. അടിമവീടായ ഈജിപ്തിൽനിന്നു നിങ്ങളെ വിമോചിപ്പിച്ചു കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ സർവേശ്വരനെ വിസ്മരിക്കുകയും അരുത്. 15ഉഗ്രസർപ്പങ്ങളും തേളുകളും നിറഞ്ഞ വിസ്തൃതവും ഭയങ്കരവുമായ മരുഭൂമിയിലൂടെ അവിടുന്നു നിങ്ങളെ നടത്തി. വരണ്ടസ്ഥലത്ത് കരിങ്കൽ പാറയിൽനിന്ന് അവിടുന്നു ജലം പുറപ്പെടുവിച്ചു. 16നിങ്ങളുടെ പിതാക്കന്മാർ ഭക്ഷിച്ചിട്ടില്ലാത്ത മന്ന നിങ്ങൾക്ക് ആഹാരമായി മരുഭൂമിയിൽവച്ചു നല്‌കി. നിങ്ങളെ വിനീതരാക്കാനും പരീക്ഷിക്കാനും ഒടുവിൽ നന്മകൊണ്ട് അനുഗ്രഹിക്കാനുമായിരുന്നു ഇങ്ങനെയെല്ലാം ചെയ്തത്. 17അതിനാൽ നിങ്ങളുടെ ശക്തിയും കരബലവുംകൊണ്ടാണ് ഈ സമ്പത്തെല്ലാം ഉണ്ടായതെന്നു നിങ്ങൾ ഒരിക്കലും ചിന്തിക്കരുത്. 18നിങ്ങളുടെ ദൈവമായ സർവേശ്വരനെ നിങ്ങൾ സ്മരിക്കണം. സമ്പത്തു നേടാനുള്ള ശക്തി നിങ്ങൾക്കു നല്‌കുന്നത് അവിടുന്നാണ്. നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത ഉടമ്പടിയിൽ അവിടുന്നു വിശ്വസ്തനായിരുന്നതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്. 19നിങ്ങളുടെ ദൈവമായ സർവേശ്വരനെ മറന്ന് അന്യദേവന്മാരുടെ പിന്നാലെ പോയി അവയെ ആരാധിക്കുകയോ സേവിക്കുകയോ അരുത്. അങ്ങനെ ചെയ്താൽ നിങ്ങൾ നിശ്ചയമായും നശിച്ചുപോകുമെന്ന് ഇന്നു ഞാൻ നിങ്ങൾക്കു മുന്നറിയിപ്പു നല്‌കുന്നു. 20നിങ്ങളുടെ ദൈവമായ സർവേശ്വരനെ നിങ്ങൾ അനുസരിക്കാതിരുന്നാൽ, നിങ്ങളുടെ മുമ്പിൽ അവിടുന്നു നശിപ്പിക്കുന്ന ജനതകളെപ്പോലെ നിങ്ങളും നശിപ്പിക്കപ്പെടും.

Currently Selected:

DEUTERONOMY 8: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in