EFESI 1
1
1ദൈവത്തിന്റെ തിരുഹിതത്താൽ യേശുക്രിസ്തുവിന്റെ അപ്പോസ്തോലനായ പൗലൊസ്, ക്രിസ്തുയേശുവിനോട് ഏകീഭവിച്ചുള്ള ജീവിതത്തിൽ #1:1 ‘വിശ്വസ്തരായ എഫെസൊസിലെ ദൈവജനങ്ങൾക്ക്’ - ചില കൈയെഴുത്തു പ്രതികളിൽ ‘വിശ്വസ്തരായ ദൈവജനങ്ങൾക്ക്’ എന്നു മാത്രമേ കാണുന്നുള്ളൂ.വിശ്വസ്തരായ എഫെസൊസിലെ ദൈവജനങ്ങൾക്ക് എഴുതുന്നത്:
2നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ലഭിക്കട്ടെ.
ക്രിസ്തുയേശുവിലൂടെയുള്ള ആത്മീയാനുഗ്രഹങ്ങൾ
3നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ നമുക്കു സ്തുതിക്കാം. എന്തെന്നാൽ ക്രിസ്തുവിനോട് ഏകീഭവിച്ചുള്ള നമ്മുടെ ജീവിതത്തിൽ സ്വർഗത്തിലെ എല്ലാ ആത്മീയനൽവരങ്ങളും നല്‌കി അവിടുന്നു നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. 4തന്റെ മുമ്പാകെ നാം വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന് ക്രിസ്തുവിനോടുള്ള ഏകീഭാവത്തിലൂടെ നാം അവിടുത്തെ സ്വന്തമായിരിക്കുന്നതിനുവേണ്ടി, പ്രപഞ്ചസൃഷ്‍ടിക്കു മുമ്പു തന്നെ ദൈവം നമ്മെ തിരഞ്ഞെടുത്തു.
5യേശുക്രിസ്തു മുഖേന നമ്മെ അവിടുത്തെ പുത്രന്മാരാക്കണമെന്നു സ്നേഹം നിമിത്തം ദൈവം മുൻകൂട്ടി തീരുമാനിച്ചു; ഇതായിരുന്നു അവിടുത്തെ ലക്ഷ്യവും പ്രീതിയും. 6അവിടുത്തെ മഹത്തായ കൃപയ്‍ക്കും അവിടുത്തെ പുത്രൻ എന്ന സൗജന്യമായ ദാനത്തിനുംവേണ്ടി നമുക്കു സ്തോത്രം ചെയ്യാം. 7ക്രിസ്തു രക്തം ചിന്തി മരിച്ചതുമൂലം നാം സ്വതന്ത്രരാക്കപ്പെട്ടിരിക്കുന്നു. അതായത് നമ്മുടെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു. 8ദൈവത്തിന്റെ കൃപ എത്ര വലുത്! ഈ കൃപയാകട്ടെ, അവിടുന്നു സമൃദ്ധമായി നമുക്കു നല്‌കി.
9ദൈവം തന്റെ സകല വിവേകത്തിലും ഉൾക്കാഴ്ചയിലും താൻ ഉദ്ദേശിച്ചതു ചെയ്തു. ക്രിസ്തു മുഖേന പൂർത്തീകരിക്കുവാൻ നേരത്തെ നിശ്ചയിച്ചിരുന്ന കർമപദ്ധതിയുടെ മർമ്മം നമ്മെ അറിയിക്കുകയും ചെയ്തു. 10കാലത്തികവിൽ ദൈവം പൂർത്തിയാക്കുന്ന ഈ പദ്ധതി സ്വർഗത്തിലും ഭൂമിയിലുമുള്ള സകലതിനെയും ക്രിസ്തുവിൽ ഒരുമിച്ചു ചേർക്കുക എന്നതാകുന്നു.
11ദൈവത്തിന്റെ പദ്ധതിയും നിശ്ചയവും അനുസരിച്ചത്രേ എല്ലാ കാര്യങ്ങളും സംഭവിക്കുന്നത്. ആദിമുതലുള്ള അവിടുത്തെ നിശ്ചയപ്രകാരം, സ്വന്തം ഇച്ഛയനുസരിച്ചു ക്രിസ്തുവിനോട് ഏകീഭവിച്ച് അവിടുത്തെ സ്വന്തജനമായിരിക്കേണ്ടതിന് ദൈവം നമ്മെ തിരഞ്ഞെടുത്തു. 12അതിനാൽ എല്ലാവർക്കും മുമ്പെ ക്രിസ്തുവിൽ പ്രത്യാശ അർപ്പിച്ചവരായ നമുക്ക് ദൈവത്തിന്റെ മഹത്ത്വത്തെ പ്രകീർത്തിക്കാം.
13നിങ്ങൾക്കു രക്ഷ കൈവരുത്തുന്ന യഥാർഥ സന്ദേശമായ സുവിശേഷം ശ്രവിച്ച്, നിങ്ങളും ദൈവത്തിന്റെ ജനമായിത്തീർന്നു. നിങ്ങൾ ക്രിസ്തുവിൽ വിശ്വസിച്ചു; ദൈവം വാഗ്ദാനം ചെയ്തിരുന്ന പരിശുദ്ധാത്മാവിനെ നല്‌കിക്കൊണ്ട് നിങ്ങളുടെമേൽ അവിടുത്തേക്കുള്ള ഉടമസ്ഥാവകാശത്തിനു മുദ്രയിടുകയും ചെയ്തു. 14ദൈവം വാഗ്ദാനം ചെയ്തിട്ടുള്ളത് നമുക്ക് ലഭിക്കുമെന്നുള്ളതിന്റെ അച്ചാരമാണ് പരിശുദ്ധാത്മാവ്. തന്റെ ജനത്തിനു ദൈവം പൂർണമായ സ്വാതന്ത്ര്യം നല്‌കുമെന്ന് അത് ഉറപ്പുവരുത്തുന്നു. അവിടുത്തെ മഹത്ത്വത്തെ നമുക്കു പ്രകീർത്തിക്കാം.
പൗലൊസിന്റെ പ്രാർഥന
15-16കർത്താവായ യേശുവിലുള്ള നിങ്ങളുടെ വിശ്വാസത്തെയും എല്ലാ ദൈവജനത്തോടുമുള്ള നിങ്ങളുടെ സ്നേഹത്തെയും സംബന്ധിച്ചു കേട്ടപ്പോൾ മുതൽ നിങ്ങൾക്കുവേണ്ടി ഞാൻ ദൈവത്തെ അനുസ്യൂതം സ്തുതിക്കുകയും എന്റെ പ്രാർഥനകളിൽ നിങ്ങളെ അനുസ്മരിക്കുകയും ചെയ്യുന്നു.
17ആത്മാവു നിങ്ങളെ വിവേകമുള്ളവരാക്കും; നിങ്ങൾ ദൈവത്തെ അറിയേണ്ടതിന് ദൈവത്തെ നിങ്ങൾക്കു വെളിപ്പെടുത്തിത്തരികയും ചെയ്യും. ഈ ആത്മാവിനെ നിങ്ങൾക്കു തരുന്നതിനുവേണ്ടി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മഹത്ത്വമുള്ള പിതാവായ ദൈവത്തോടു ഞങ്ങൾ പ്രാർഥിക്കുന്നു. 18ഏതൊരു പ്രത്യാശയിലേക്കാണു നിങ്ങളെ വിളിച്ചിരിക്കുന്നതെന്നും, തന്റെ ജനത്തിന് അവിടുന്നു വാഗ്ദാനം ചെയ്യുന്ന അദ്ഭുതകരമായ അനുഗ്രഹങ്ങൾ എത്ര അമൂല്യമാണെന്നും 19വിശ്വസിക്കുന്നവരായ നമ്മിൽ പ്രവർത്തിക്കുന്ന ശക്തി എത്ര വലുതാണെന്നും നിങ്ങൾ മനസ്സിലാക്കേണ്ടതിന് ദൈവത്തിന്റെ പ്രകാശം ദർശിക്കുവാൻ നിങ്ങളുടെ അന്തർനേത്രങ്ങൾ തുറക്കുന്നതിനുവേണ്ടി ഞാൻ അപേക്ഷിക്കുന്നു. 20ദൈവം മരണത്തിൽനിന്ന് ക്രിസ്തുവിനെ ഉയിർപ്പിച്ച് സ്വർഗത്തിൽ തന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനാക്കിയത് ഈ മഹാശക്തികൊണ്ടാണ്. 21എല്ലാ സ്വർഗീയഅധികാരങ്ങൾക്കും, ആധിപത്യങ്ങൾക്കും, ശക്തികൾക്കും, പ്രഭുത്വങ്ങൾക്കും അധീശനായി ക്രിസ്തു വാഴുന്നു. അവിടുത്തെ അധികാരപദവി ഈ ലോകത്തിലെയും വരുവാനുള്ള ലോകത്തിലെയും സകല അധികാരപദവികൾക്കും മീതേയുള്ളതാണ്. 22ദൈവം സകലവും ക്രിസ്തുവിന്റെ കാല്‌ക്കീഴാക്കി; എല്ലാറ്റിന്റെയും അധീശനായി ക്രിസ്തുവിനെ സഭയ്‍ക്കു നല്‌കുകയും ചെയ്തു. സഭ ക്രിസ്തുവിന്റെ ശരീരമാകുന്നു; എല്ലായിടത്തുമുള്ള എല്ലാറ്റിനെയും പൂരിപ്പിക്കുന്ന ക്രിസ്തുവിന്റെ പൂർത്തീകരണമാണ് സഭ.
Currently Selected:
EFESI 1: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.