YouVersion Logo
Search Icon

GALATIA 2

2
പൗലൊസും മറ്റ് അപ്പോസ്തോലന്മാരും
1പിന്നീട് പതിനാല് വർഷം കഴിഞ്ഞ് ബർനബാസിനോടുകൂടി ഞാൻ വീണ്ടും യെരൂശലേമിലേക്കു പോയി. തീത്തോസിനെയും എന്റെകൂടെ കൊണ്ടുപോയിരുന്നു. 2ദൈവത്തിന്റെ ഒരു വെളിപാടു ലഭിച്ചതുകൊണ്ടാണ് ഞാൻ അങ്ങോട്ടു പോയത്. അവിടത്തെ നേതാക്കന്മാരെ തനിച്ചു കണ്ട് വിജാതീയരോടു ഞാൻ പ്രസംഗിച്ചുവന്ന സുവിശേഷം അവർക്കു വിശദീകരിച്ചുകൊടുത്തു. ഞാൻ ചെയ്തതും ചെയ്യുന്നതുമായ പ്രവൃത്തി വിഫലമായിത്തീരാതിരിക്കുവാനാണ് അപ്രകാരം ചെയ്തത്. 3എന്റെ കൂടെയുണ്ടായിരുന്ന തീത്തോസ് ഗ്രീക്കുകാരനായിരുന്നെങ്കിലും പരിച്ഛേദനകർമത്തിനു വിധേയനാകണമെന്ന് അയാളെ ആരും നിർബന്ധിച്ചില്ല. 4എന്നാൽ അതിനു വിധേയനാക്കണമെന്നു ചിലർക്ക് ഉദ്ദേശ്യമുണ്ടായിരുന്നു. ക്രിസ്തുയേശുവിനോടുള്ള ഐക്യത്തിൽ ഞങ്ങൾക്കുള്ള സ്വാതന്ത്ര്യം എങ്ങനെയുള്ളതാണെന്നു കണ്ടുപിടിക്കുന്നതിനുവേണ്ടി അവർ സഹവിശ്വാസികളെന്ന ഭാവത്തിൽ ഞങ്ങളുടെ സംഘത്തിൽ ഒറ്റുകാരായി നുഴഞ്ഞുകയറി. നമ്മെ അടിമകളാക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശ്യം. 5സുവിശേഷസത്യം നിങ്ങൾക്കുവേണ്ടി സുരക്ഷിതമായി നിലനിറുത്തേണ്ടിയിരുന്നതുകൊണ്ട് ഒരു നിമിഷംപോലും ഞങ്ങൾ അവർക്കു വിധേയരായില്ല.
6പ്രമാണിമാരെപ്പോലെ കാണപ്പെട്ട അവർ ആരുതന്നെ ആയാലും വേണ്ടില്ല; ഞാൻ പറഞ്ഞതിൽ കൂടുതലായി ഒന്നുംതന്നെ അവർ നിർദേശിച്ചില്ല. പുറമേ എങ്ങനെയുള്ളവരാണെന്നു നോക്കിയല്ലല്ലോ ദൈവം വിധിക്കുന്നത്. 7നേരെമറിച്ച് യെഹൂദന്മാരോടു സുവിശേഷം പ്രസംഗിക്കുന്ന ചുമതല പത്രോസിനെ ഏല്പിച്ചിരിക്കുന്നതുപോലെ, വിജാതീയരോടു സുവിശേഷം പ്രസംഗിക്കുന്ന ചുമതല എന്നെ ദൈവം ഏല്പിച്ചിരിക്കുന്നു എന്ന് അവർക്കു ബോധ്യമായി. 8പത്രോസിൽ വ്യാപരിച്ച ദൈവശക്തി അദ്ദേഹത്തെ യെഹൂദന്മാരുടെ അപ്പോസ്തോലനാക്കി. ആ ശക്തിയുടെ വ്യാപാരം തന്നെയാണ് എന്നെ വിജാതീയരുടെ അപ്പോസ്തോലൻ ആക്കിയത്. 9ഈ പ്രത്യേക ചുമതല എന്നെ ഏല്പിച്ചിരിക്കുന്നു എന്നു ബോധ്യമായപ്പോൾ, സഭയുടെ നെടുംതൂണുകളായി ഗണിക്കപ്പെട്ടിരുന്ന യാക്കോബും പത്രോസും യോഹന്നാനും എന്റെയും ബർനബാസിന്റെയും നേരേ സൗഹൃദഹസ്തം നീട്ടി. അങ്ങനെ ഞങ്ങൾ വിജാതീയരുടെ ഇടയിലും, അവർ യെഹൂദന്മാരുടെ ഇടയിലും പ്രവർത്തിക്കുന്നു. 10ദരിദ്രരുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നല്ലാതെ മറ്റൊന്നും അവർ പറഞ്ഞില്ല. അക്കാര്യത്തിൽ ഞാൻ ശ്രദ്ധിച്ചുമിരുന്നു.
പത്രോസിനെ എതിർക്കുന്നു
11പത്രോസ് അന്ത്യോക്യയിൽ വന്നപ്പോൾ അദ്ദേഹം ചെയ്തത് ശരിയല്ലാഞ്ഞതുകൊണ്ട് മുഖത്തുനോക്കി ഞാൻ അദ്ദേഹത്തെ എതിർത്തു. 12യാക്കോബിന്റെ അടുക്കൽനിന്നു വന്ന ഏതാനും പേർ അവിടെ എത്തുന്നതിനുമുമ്പ്, അദ്ദേഹം വിജാതീയ സഹോദരന്മാരോടുകൂടി ഭക്ഷണം കഴിച്ചു വന്നിരുന്നു. എന്നാൽ അവർ വന്നുകഴിഞ്ഞ് ആ പതിവു നിറുത്തി അവരിൽനിന്ന് അകന്നുനിന്നു. എന്തുകൊണ്ടെന്നാൽ പരിച്ഛേദനവാദികളെ അദ്ദേഹം ഭയപ്പെട്ടു. 13പത്രോസിനോടൊപ്പം ഇതരയെഹൂദ സഹോദരന്മാരും ഭീരുക്കളെപ്പോലെ പെരുമാറുവാൻ തുടങ്ങി; ബർനബാസുപോലും ഈ കാപട്യത്തിനു വഴിപ്പെട്ടു. 14അവർ സുവിശേഷസത്യം അനുസരിച്ചല്ല നടക്കുന്നതെന്നു കണ്ടപ്പോൾ എല്ലാവരുടെയും മുമ്പിൽവച്ച് ഞാൻ പത്രോസിനോടു പറഞ്ഞു: “താങ്കൾ ഒരു യെഹൂദനായിരുന്നിട്ടും യെഹൂദമര്യാദപ്രകാരമല്ല, വിജാതീയനെപ്പോലെയാണു ജീവിക്കുന്നത്; അങ്ങനെയെങ്കിൽ യെഹൂദന്മാരെപ്പോലെ ജീവിക്കണമെന്നു വിജാതീയരെ നിങ്ങൾ നിർബന്ധിക്കുന്നതെന്തിന്?”
വിശ്വാസത്താൽ രക്ഷിക്കപ്പെടുന്നു
15“നാം ജന്മനാ യെഹൂദന്മാരാണ്, വിജാതീയരായ പാപികളല്ല” 16എന്നിരുന്നാലും ഒരുവൻ കുറ്റമറ്റവനായി ദൈവത്താൽ അംഗീകരിക്കപ്പെടുന്നത് യെഹൂദമതനിയമം പാലിക്കുന്നതുകൊണ്ടല്ല, യേശുക്രിസ്തുവിലുള്ള വിശ്വാസംകൊണ്ടു മാത്രമാകുന്നു എന്നു നമുക്ക് അറിയാമല്ലോ. നിയമങ്ങൾ അനുസരിക്കുന്നതുകൊണ്ടല്ല, പ്രത്യുത ക്രിസ്തുവിലുള്ള വിശ്വാസംമൂലമാണ് ദൈവത്താൽ അംഗീകരിക്കപ്പെടുന്നതെന്നു നാം അറിയുന്നു. എന്തുകൊണ്ടെന്നാൽ നിയമങ്ങൾ പാലിക്കുന്നതുകൊണ്ടു മാത്രം ആരും കുറ്റമറ്റവനായി ദൈവത്താൽ അംഗീകരിക്കപ്പെടുന്നില്ല. 17ക്രിസ്തുവിനോട് ഐക്യപ്പെട്ട് ദൈവത്താൽ കുറ്റമറ്റവരായി അംഗീകരിക്കപ്പെടുവാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ നാം വിജാതീയരെപ്പോലെ ‘പാപികളായി’ ഭവിക്കുന്നു. ഇതിന്റെ അർഥം ക്രിസ്തു പാപത്തിനു കാരണഭൂതനാണെന്നാണോ? ഒരിക്കലുമല്ല. 18ഞാൻ ഇടിച്ചുപൊളിച്ചതു ഞാൻ തന്നെ വീണ്ടും കെട്ടിപ്പടുക്കുന്നെങ്കിൽ ഞാൻ നിയമലംഘനക്കാരൻ എന്നു സ്വയം തെളിയിക്കുകയാണ്. 19ദൈവത്തിനായി ജീവിക്കുന്നതിനുവേണ്ടി യെഹൂദമത നിയമത്തെ സംബന്ധിച്ചിടത്തോളം ഞാൻ മരിച്ചു-നിയമത്താൽതന്നെ കൊല്ലപ്പെട്ടു. 20ക്രിസ്തുവിനോടുകൂടി ഞാൻ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നതു ഞാനല്ല; എന്നിൽ ജീവിക്കുന്നതു ക്രിസ്തുവാകുന്നു. ഇപ്പോഴത്തെ എന്റെ ജീവിതമാകട്ടെ, എന്നെ സ്നേഹിക്കുകയും എനിക്കുവേണ്ടി തന്റെ ജീവൻ നല്‌കുകയും ചെയ്ത ദൈവപുത്രനിലുള്ള വിശ്വാസത്താലാകുന്നു. 21ദൈവകൃപ ഞാൻ നിരസിക്കുന്നില്ല. യെഹൂദമതനിയമംകൊണ്ട് ദൈവത്തിന്റെ അംഗീകാരം ലഭിക്കുമെങ്കിൽ ക്രിസ്തുവിന്റെ മരണം വ്യർഥമാണല്ലോ.

Currently Selected:

GALATIA 2: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in