YouVersion Logo
Search Icon

HEBRAI 1

1
ദൈവം പുത്രനിൽക്കൂടി സംസാരിക്കുന്നു
1ദൈവം ഭാഗം ഭാഗമായും, പലവിധത്തിലും, പണ്ട് പ്രവാചകന്മാർ മുഖേന നമ്മുടെ പൂർവികരോടു സംസാരിച്ചിട്ടുണ്ട്. 2എന്നാൽ ഈ അന്ത്യനാളുകളിൽ തന്റെ പുത്രൻ മുഖേന അവിടുന്നു നമ്മോടു സംസാരിച്ചിരിക്കുന്നു. പുത്രൻ മുഖേനയാണ് അവിടുന്നു പ്രപഞ്ചത്തെ സൃഷ്‍ടിച്ചത്. എല്ലാറ്റിന്റെയും അധികാരിയും അവകാശിയുമായി നിയമിച്ചിരിക്കുന്നതും ഈ പുത്രനെത്തന്നെയാണ്. 3ദൈവതേജസ്സിന്റെ മഹത്തായശോഭ പുത്രൻ പ്രതിഫലിപ്പിക്കുന്നു. ഈശ്വരസത്തയുടെ പ്രതിരൂപവും പുത്രൻ തന്നെ. തന്റെ വചനത്തിന്റെ ശക്തിയാൽ പ്രപഞ്ചത്തെ അവിടുന്നു നിലനിറുത്തുന്നു. മനുഷ്യരാശിക്കു പാപപരിഹാരം കൈവരുത്തിയശേഷം അവിടുന്ന് അത്യുന്നതസ്വർഗത്തിൽ സർവേശ്വരന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി വാണരുളുന്നു.
ദൈവപുത്രന്റെ മഹത്ത്വം
4പുത്രനു സിദ്ധിച്ച നാമം മാലാഖമാരുടേതിനെക്കാൾ ശ്രേഷ്ഠമായിരിക്കുന്നു; അതുപോലെതന്നെ അവിടുന്ന് അവരെക്കാൾ ശ്രേഷ്ഠനായിരിക്കുകയും ചെയ്യുന്നു.
5നീ എന്റെ പുത്രൻ;
ഇന്നു ഞാൻ നിന്റെ പിതാവായിത്തീർന്നിരിക്കുന്നു
എന്നും
ഞാൻ അവനു പിതാവും
അവൻ എനിക്കു പുത്രനും ആയിരിക്കും
എന്നും ഏതെങ്കിലും ദൂതനെ സംബന്ധിച്ച് ദൈവം പറഞ്ഞിട്ടുണ്ടോ? 6ദൈവം തന്റെ ആദ്യജാതനായ പുത്രനെ ലോകത്തിലേക്ക് അയച്ചപ്പോൾ ‘ദൈവത്തിന്റെ സകല ദൂതന്മാരും അവനെ നമസ്കരിക്കണം’ എന്ന് അവിടുന്ന് അരുൾചെയ്തു. 7എന്നാൽ മാലാഖമാരെക്കുറിച്ച് അവിടുന്നു പറയുന്നത്
തന്റെ ദൂതന്മാരെ കാറ്റുകളും
തന്റെ സേവകരെ അഗ്നിജ്വാലകളും ആക്കുന്നു എന്നത്രേ.
8പുത്രനെക്കുറിച്ചാകട്ടെ,
ദൈവമേ, അവിടുത്തെ സിംഹാസനം
എന്നേക്കുമുള്ളത്;
അവിടുത്തെ ജനങ്ങളുടെമേൽ
അങ്ങ് നീതിയോടെ വാണരുളും;
9അങ്ങു നീതിയെ സ്നേഹിച്ചു;
അനീതിയെ വെറുത്തു.
അതുകൊണ്ടാണു ദൈവം, നിന്റെ ദൈവംതന്നെ,
നിന്നെ തിരഞ്ഞെടുക്കുകയും
നിന്റെ കൂട്ടുകാർക്കു നല്‌കിയതിനെക്കാൾ അതിമഹത്തായ ബഹുമതിയുടെ ആനന്ദതൈലംകൊണ്ട്
നിന്നെ അഭിഷേകം ചെയ്യുകയും ചെയ്തത് എന്നും ദൈവം പറഞ്ഞു.
10അവിടുന്നു വീണ്ടും അരുൾചെയ്യുന്നതു കേൾക്കുക:
സർവേശ്വരാ, അങ്ങ് ആദ്യം ഭൂമിയെ സൃഷ്‍ടിച്ചു;
ആകാശത്തെ സൃഷ്‍ടിച്ചതും അങ്ങുതന്നെ.
11അവയെല്ലാം നശിക്കും; അങ്ങുമാത്രം നിലനില്‌ക്കും.
അവ വസ്ത്രംപോലെ ജീർണിക്കും
12പുറങ്കുപ്പായംപോലെ അങ്ങ് അവയെ ചുരുട്ടിനീക്കും;
അവിടുന്നാകട്ടെ എന്നും മാറ്റമില്ലാത്തവനായിരിക്കും.
അവിടുത്തെ ആയുസ്സിന് അറുതിയില്ല.
13“നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുന്നതുവരെ നീ ഇവിടെ എന്റെ വലത്തുഭാഗത്തിരിക്കുക” എന്ന് ഒരു മാലാഖയോടും ദൈവം ഒരിക്കലും കല്പിച്ചിട്ടില്ല.
14അപ്പോൾ ഈ മാലാഖമാർ ആരാണ്? രക്ഷയ്‍ക്ക് അവകാശികളാകുവാനുള്ളവരെ സഹായിക്കുന്ന സേവകാത്മാക്കളത്രേ അവർ.

Currently Selected:

HEBRAI 1: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for HEBRAI 1