JAKOBA 1
1
1ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും ദാസനായ യാക്കോബ്, ചിതറിപ്പാർക്കുന്ന പന്ത്രണ്ടു ഗോത്രങ്ങൾക്ക് എഴുതുന്നത്:
നിങ്ങൾക്ക് എന്റെ അഭിവാദനങ്ങൾ!
വിശ്വാസവും ജ്ഞാനവും
2എന്റെ സഹോദരരേ, നിങ്ങൾ വിവിധ പരീക്ഷണങ്ങളെ അഭിമുഖീകരിക്കുമ്പോൾ അത് സർവപ്രകാരേണയും ആനന്ദമായി കരുതുക. 3എന്തുകൊണ്ടെന്നാൽ നിങ്ങളുടെ വിശ്വാസം പരീക്ഷിക്കപ്പെടുമ്പോൾ നിങ്ങളിൽ സ്ഥൈര്യം ഉളവാകുന്നു എന്നുള്ളത് നിങ്ങൾക്ക് അറിയാമല്ലോ. 4നിങ്ങൾ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണരും ആകേണ്ടതിന് ഈ സ്ഥിരത പൂർണഫലം പുറപ്പെടുവിക്കട്ടെ.
5നിങ്ങളിൽ ആർക്കെങ്കിലും ജ്ഞാനം കുറവാണെങ്കിൽ എല്ലാവർക്കും കാരുണ്യപൂർവം ഉദാരമായി നല്‌കുന്ന ദൈവത്തോട് അപേക്ഷിക്കട്ടെ; അവനു ലഭിക്കും. 6എന്നാൽ സംശയിക്കാതെ വിശ്വാസത്തോടുകൂടി അപേക്ഷിക്കേണ്ടതാണ്. സംശയിക്കുന്നവൻ കാറ്റടിച്ച് ഇളകിമറിയുന്ന കടൽത്തിരയ്‍ക്കു സമനാകുന്നു. 7അങ്ങനെയുള്ളവനു കർത്താവിൽനിന്ന് എന്തെങ്കിലും ലഭിക്കുമെന്നു കരുതരുത്. 8ഇരുമനസ്സുള്ള മനുഷ്യൻ തന്റെ ജീവിത വ്യാപാരങ്ങളിലെല്ലാം അസ്ഥിരനായിരിക്കും.
ദാരിദ്ര്യവും സമ്പന്നതയും
9എളിയ സഹോദരൻ തന്റെ ഉയർച്ചയിലും 10ധനവാനോ പുല്ലിന്റെ പൂപോലെ ഒഴിഞ്ഞുപോകുന്നവനാകയാൽ തന്റെ എളിമയിലും പ്രശംസിക്കട്ടെ. 11പൊള്ളുന്ന ചൂടോടെ സൂര്യൻ ഉദിച്ചുയരുന്നു. അതിന്റെ ചൂടേറ്റ് പുല്ലു വാടിക്കരിയുന്നു; പൂവു കൊഴിഞ്ഞുവീഴുന്നു; അതിന്റെ സൗന്ദര്യം നശിക്കുകയും ചെയ്യുന്നു. അതുപോലെ ധനികനും തന്റെ പ്രയത്നങ്ങൾക്കിടയിൽ വാടി നശിക്കുന്നു.
പരീക്ഷണങ്ങളും പ്രലോഭനങ്ങളും
12പരീക്ഷണങ്ങൾ നേരിടുമ്പോൾ ഉറച്ചു നില്‌ക്കുന്നവൻ അനുഗൃഹീതൻ; എന്തെന്നാൽ പരീക്ഷണങ്ങളെ അതിജീവിക്കുന്നവന്, തന്നെ സ്നേഹിക്കുന്നവർക്കു ദൈവം വാഗ്ദാനം ചെയ്തിട്ടുള്ള ജീവകിരീടം ലഭിക്കും. 13പരീക്ഷിക്കപ്പെടുമ്പോൾ ദൈവം എന്നെ പരീക്ഷിക്കുന്നു എന്ന് ആരും പറയരുത്. എന്തെന്നാൽ തിന്മയാൽ ദൈവത്തെ പരീക്ഷിക്കുവാൻ സാധ്യമല്ല. അവിടുന്ന് ആരെയും പരീക്ഷിക്കുന്നുമില്ല.
14മറിച്ച് ഓരോരുത്തൻ സ്വന്തം ദുർമോഹത്താൽ ആകൃഷ്ടനായി വഴിതെറ്റിപ്പോകുവാൻ പരീക്ഷിക്കപ്പെടുന്നു. 15മോഹം ഗർഭം ധരിച്ച് പാപത്തെ പ്രസവിക്കുന്നു. പാപം പൂർണവളർച്ചയിലെത്തുമ്പോൾ മരണത്തെ ഉളവാക്കുന്നു.
16എന്റെ പ്രിയ സഹോദരരേ, ആരും നിങ്ങളെ വഴിതെറ്റിക്കരുത്. 17എല്ലാ നല്ല ദാനങ്ങളും തികവുറ്റ വരങ്ങളും ഉന്നതത്തിൽനിന്ന്, പ്രകാശഗോളങ്ങളുടെ സ്രഷ്ടാവായ പിതാവിൽനിന്നുതന്നെ വരുന്നു. ദൈവത്തിനു മാറ്റമോ, ഗതിഭേദംകൊണ്ടുള്ള നിഴലോ ഇല്ല. 18തന്റെ സൃഷ്‍ടികളിൽ നാം ആദ്യഫലം ആകേണ്ടതിന്, ദൈവം തന്റെ സ്വന്തം ഇച്ഛയാൽ സത്യത്തിന്റെ വചനംകൊണ്ടു നമ്മെ ജനിപ്പിച്ചു.
കേൾവിയും പ്രവൃത്തിയും
19എന്റെ പ്രിയപ്പെട്ട സഹോദരരേ, നിങ്ങൾ ഇത് ഓർത്തുകൊള്ളണം; ഏതു മനുഷ്യനും കേൾക്കുന്നതിൽ വേഗം ശ്രദ്ധിക്കുന്നവനും, പറയുന്നതിലും കോപിക്കുന്നതിലും തിടുക്കം കൂട്ടാത്തവനും ആയിരിക്കട്ടെ. 20മനുഷ്യന്റെ കോപംമൂലം ദൈവത്തിന്റെ നീതി നിർവഹിക്കപ്പെടുന്നില്ല. 21അതിനാൽ എല്ലാ അശുദ്ധിയും കൊടിയ ദുഷ്ടതയും ഉപേക്ഷിച്ച്, നിങ്ങളുടെ ആത്മാക്കളെ രക്ഷിക്കുവാൻ പര്യാപ്തമായതും ദൈവം നിങ്ങളുടെ ഉള്ളിൽ നടുന്നതുമായ വചനത്തെ വിനയപൂർവം കൈക്കൊള്ളുക.
22എന്നാൽ നിങ്ങൾ വചനം കേൾക്കുകമാത്രം ചെയ്ത് സ്വയം വഞ്ചിക്കാതെ അതു പ്രാവർത്തികമാക്കണം. 23-24വചനം കേൾക്കുന്നെങ്കിൽ അത് അനുവർത്തിക്കാതിരിക്കുന്നവൻ തന്റെ മുഖം കണ്ണാടിയിൽ കണ്ടിട്ട് അത് ഉടനെ മറക്കുന്നവനെപ്പോലെയാകുന്നു. 25സ്വാതന്ത്ര്യത്തിന്റെ സമ്പൂർണമായ നിയമത്തെ നോക്കിക്കാണുകയും അതു നിഷ്ഠയോടെ പ്രാവർത്തികമാക്കുകയും ചെയ്യുന്നവൻ കേട്ടിട്ടു മറക്കുന്നവനല്ല, പിന്നെയോ ചെയ്യുന്നവനാകുന്നു. തന്റെ പ്രവൃത്തികളാൽ അവൻ അനുഗൃഹീതനാകും.
26ഭക്തനാണെന്നു വിചാരിക്കുന്ന ഒരുവൻ തന്റെ നാവിനു കടിഞ്ഞാണിടാതെ സ്വയം വഞ്ചിക്കുന്നുവെങ്കിൽ അവന്റെ ഭക്തി വ്യർഥമത്രേ. 27പിതാവായ ദൈവത്തിന്റെ മുമ്പാകെയുള്ള ശുദ്ധവും നിർമ്മലവുമായ ഭക്തിയാകട്ടെ, അനാഥരെയും വിധവമാരെയും അവരുടെ കഷ്ടതകളിൽ ചെന്നു കണ്ട് ആശ്വസിപ്പിക്കുകയും ലോകത്തിന്റെ മാലിന്യംപറ്റാതെ സ്വയം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നതാകുന്നു.
Currently Selected:
JAKOBA 1: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.