THUFINGTE 14
14
1ജ്ഞാനം തന്റെ ഭവനം പണിയുന്നു,
ഭോഷത്തം സ്വന്തകൈകൊണ്ട് അതു പൊളിച്ചുകളയുന്നു.
2നേർവഴിയിൽ നടക്കുന്നവൻ ദൈവഭക്തനാകുന്നു;
വക്രമാർഗത്തിൽ ചരിക്കുന്നവൻ അവിടുത്തെ നിന്ദിക്കുന്നു.
3മൂഢന്റെ ഭാഷണം അവന്റെ മുതുകിന് അടി ഏല്പിക്കുന്നു.
എന്നാൽ ജ്ഞാനിയുടെ വാക്കുകൾ അവനെ സംരക്ഷിക്കുന്നു.
4ഉഴവുകാളകൾ ഇല്ലാത്തിടത്ത് കളപ്പുര ശൂന്യമായിരിക്കുന്നു,
എന്നാൽ കാളകളുടെ ശക്തിയാൽ ധാന്യസമൃദ്ധി ഉണ്ടാകുന്നു.
5വിശ്വസ്തനായ സാക്ഷി വ്യാജം പറയുകയില്ല;
കള്ളസ്സാക്ഷി വ്യാജം ഉതിർക്കുന്നു.
6നിന്ദകൻ ജ്ഞാനം തേടിയാലും കണ്ടെത്തുകയില്ല;
വിവേകി അറിവ് എളുപ്പം നേടും.
7മൂഢന്റെ സമീപത്തുനിന്നു മാറിപ്പോകുക;
അറിവിന്റെ വചനങ്ങൾ അവനിൽനിന്നു ലഭിക്കുകയില്ലല്ലോ.
8വിവേകിയുടെ ജ്ഞാനം അവനു നേർവഴി കാട്ടുന്നു,
ഭോഷത്തം ഭോഷന്മാരെ കബളിപ്പിക്കുന്നു.
9ഭോഷന്മാർ പാപത്തെ നിസ്സാരമായി എണ്ണുന്നു.
നീതിനിഷ്ഠർ ദൈവകൃപ അനുഭവിക്കുന്നു.
10നിന്റെ ദുഃഖം നീ മാത്രം അറിയുന്നു
നിന്റെ സന്തോഷത്തിലും അന്യർക്കു പങ്കില്ല.
11ദുഷ്ടന്മാരുടെ ഭവനം നശിപ്പിക്കപ്പെടും,
നീതിമാന്റെ കൂടാരം ഐശ്വര്യപൂർണമാകും.
12ശരിയെന്നു തോന്നുന്ന മാർഗം മരണത്തിലേക്കു നയിച്ചെന്നു വരാം.
13ഒരുവൻ ചിരിക്കുമ്പോഴും അവന്റെ ഹൃദയം ദുഃഖപൂർണമായിരിക്കും.
സന്തോഷത്തിന്റെ അന്ത്യമോ ദുഃഖം ആകുന്നു.
14വഴിപിഴച്ചവൻ സ്വന്തം ദുഷ്പ്രവൃത്തിയുടെ ഫലം കൊയ്തെടുക്കും,
നല്ല മനുഷ്യനു തന്റെ സൽപ്രവൃത്തിയുടെ ഫലം ലഭിക്കും.
15ബുദ്ധിശൂന്യൻ കേൾക്കുന്നതെല്ലാം വിശ്വസിക്കുന്നു,
ബുദ്ധിമാനാകട്ടെ തന്റെ മാർഗം സൂക്ഷിക്കുന്നു.
16ജ്ഞാനി ജാഗരൂകനായി തിന്മയിൽനിന്ന് അകന്നുമാറുന്നു;
ഭോഷനാകട്ടെ അശ്രദ്ധനായി എടുത്തു ചാടുന്നു.
17ക്ഷിപ്രകോപി അവിവേകം പ്രവർത്തിക്കുന്നു;
എന്നാൽ ബുദ്ധിമാൻ ക്ഷമയോടെ വർത്തിക്കും.
18ബുദ്ധിഹീനൻ ഭോഷത്തം വരുത്തിവയ്‍ക്കുന്നു;
വിവേകി പരിജ്ഞാനത്തിന്റെ കിരീടം അണിയുന്നു.
19ദുർജനം സജ്ജനത്തിന്റെ മുമ്പിലും
ദുഷ്ടന്മാർ ശിഷ്ടന്മാരുടെ വാതില്‌ക്കലും വണങ്ങുന്നു.
20ദരിദ്രനെ അവന്റെ അയൽക്കാർപോലും വെറുക്കുന്നു,
എന്നാൽ ധനവാനെ അനേകർ സ്നേഹിക്കുന്നു.
21അയൽക്കാരനെ നിന്ദിക്കുന്നവൻ പാപിയാകുന്നു,
ദരിദ്രനോടു ദയ കാട്ടുന്നവനോ ധന്യൻ.
22ദുരാലോചന നടത്തുന്നവൻ വഴി തെറ്റിപ്പോകുന്നില്ലേ?
നന്മ ചിന്തിക്കുന്നവനു കൂറും വിശ്വസ്തതയും ലഭിക്കുന്നു.
23അധ്വാനമെല്ലാം ലാഭകരമാണ്,
എന്നാൽ വായാടിത്തംകൊണ്ട് ദാരിദ്ര്യമേ ഉണ്ടാകൂ.
24ജ്ഞാനികൾക്ക് ജ്ഞാനം കിരീടം;
ഭോഷന്മാർക്ക് ഭോഷത്തം പൂമാല.
25സത്യസന്ധനായ സാക്ഷി പലരെയും രക്ഷിക്കുന്നു;
കള്ളസ്സാക്ഷി വഞ്ചകനാകുന്നു.
26ദൈവഭക്തനു ദൃഢമായ ആത്മവിശ്വാസമുണ്ട്.
അത് അയാളുടെ മക്കൾക്ക് അഭയസ്ഥാനമായിരിക്കും.
27ദൈവഭക്തി ജീവന്റെ ഉറവയാകുന്നു,
അതു മരണത്തിന്റെ കെണികളിൽനിന്ന് ഒഴിഞ്ഞുമാറാൻ സഹായിക്കുന്നു.
28പ്രജാബാഹുല്യം രാജാവിനു പ്രതാപകരം,
പ്രജകളുടെ അഭാവം രാജാവിനു വിനാശം.
29ക്ഷമാശീലൻ മഹാബുദ്ധിമാൻ;
ക്ഷിപ്രകോപി ഭോഷത്തം തുറന്നുകാട്ടുന്നു.
30പ്രശാന്തമനസ്സ് ദേഹത്തിനു ചൈതന്യം നല്‌കുന്നു,
അസൂയ അസ്ഥികളെ ജീർണിപ്പിക്കുന്നു.
31എളിയവനെ പീഡിപ്പിക്കുന്നവൻ സ്രഷ്ടാവിനെ നിന്ദിക്കുന്നു;
എന്നാൽ ദരിദ്രനോടു ദയ കാട്ടുന്നവൻ അവിടുത്തെ ആദരിക്കുന്നു.
32ദുഷ്പ്രവൃത്തിയാൽ ദുഷ്ടൻ വീഴുന്നു;
നീതിമാനാകട്ടെ തന്റെ സ്വഭാവശുദ്ധിയിൽ അഭയം കണ്ടെത്തുന്നു.
33വിവേകിയുടെ ഹൃദയത്തിൽ ജ്ഞാനം കുടികൊള്ളുന്നു,
ഭോഷന്മാരുടെ ഹൃദയം അതിനെ അറിയുന്നതേയില്ല.
34നീതി ജനതയെ ഉയർത്തുന്നു;
എന്നാൽ പാപം ഏതു ജനതയ്‍ക്കും അപമാനകരമത്രേ;
35ബുദ്ധിമാനായ ദാസനു രാജാവിന്റെ പ്രീതി ലഭിക്കുന്നു;
എന്നാൽ ലജ്ജാകരമായി പ്രവർത്തിക്കുന്നവന്റെമേൽ രാജകോപം നിപതിക്കും.
Currently Selected:
THUFINGTE 14: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.