YouVersion Logo
Search Icon

2 തെസ്സലൊനീക്യർ 1

1
1പൗലൊസും സില്വാനൊസും തിമൊഥെയൊസും പിതാവായ ദൈവത്തിലും കർത്താവായ യേശുക്രിസ്തുവിലുമുള്ള തെസ്സലൊനീക്യസഭയ്ക്ക് എഴുതുന്നത്: 2പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.
3സഹോദരന്മാരേ, നിങ്ങളുടെ വിശ്വാസം ഏറ്റവും വർധിച്ചും ആളാംപ്രതി നിങ്ങൾക്ക് എല്ലാവർക്കും അന്യോന്യസ്നേഹം പെരുകിയും വരികയാൽ ഞങ്ങൾ യോഗ്യമാകുംവണ്ണം ദൈവത്തിന് എപ്പോഴും നിങ്ങളെക്കുറിച്ചു സ്തോത്രം ചെയ്‍വാൻ കടമ്പെട്ടിരിക്കുന്നു. 4അതുകൊണ്ടു നിങ്ങൾ സഹിക്കുന്ന സകല ഉപദ്രവങ്ങളിലും കഷ്ടങ്ങളിലുമുള്ള നിങ്ങളുടെ സഹിഷ്ണുതയും വിശ്വാസവും നിമിത്തം ഞങ്ങൾ ദൈവത്തിന്റെ സഭകളിൽ നിങ്ങളെച്ചൊല്ലി പ്രശംസിക്കുന്നു. 5അത് നിങ്ങൾ കഷ്ടപ്പെടുവാൻ ഹേതുവായിരിക്കുന്ന ദൈവരാജ്യത്തിനു നിങ്ങളെ യോഗ്യന്മാരായി എണ്ണും എന്നിങ്ങനെ ദൈവത്തിന്റെ നീതിയുള്ള വിധിക്ക് അടയാളം ആകുന്നു. 6കർത്താവായ യേശു തന്റെ ശക്തിയുള്ള ദൂതന്മാരുമായി സ്വർഗത്തിൽനിന്ന് അഗ്നിജ്വാലയിൽ പ്രത്യക്ഷനായി 7ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കുമ്പോൾ 8നിങ്ങളെ പീഡിപ്പിക്കുന്നവർക്കു പീഡയും പീഡ അനുഭവിക്കുന്ന നിങ്ങൾക്കു ഞങ്ങളോടുകൂടെ ആശ്വാസവും പകരം നല്കുന്നത് ദൈവസന്നിധിയിൽ നീതിയല്ലോ. 9ആ നാളിൽ അവൻ തന്റെ വിശുദ്ധന്മാരിൽ മഹത്ത്വപ്പെടേണ്ടതിനും ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ വിശ്വസിച്ചതുപോലെ വിശ്വസിച്ച എല്ലാവരിലും താൻ അതിശയവിഷയം ആകേണ്ടതിനും വരുമ്പോൾ 10സുവിശേഷം അനുസരിക്കാത്തവർ കർത്താവിന്റെ സന്നിധാനവും അവന്റെ വല്ലഭത്വത്തോടു കൂടിയ മഹത്ത്വവും വിട്ടകന്നു നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും. 11അതുകൊണ്ടു ഞങ്ങൾ നമ്മുടെ ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും കൃപയാൽ നമ്മുടെ കർത്താവായ യേശുവിന്റെ നാമം നിങ്ങളിലും നിങ്ങൾ അവനിലും മഹത്ത്വപ്പെടേണ്ടതിന്, 12നമ്മുടെ ദൈവം നിങ്ങളെ തന്റെ വിളിക്കു യോഗ്യരായി എണ്ണി സൽഗുണത്തിലുള്ള സകല താൽപര്യവും വിശ്വാസത്തിന്റെ പ്രവൃത്തിയും ശക്തിയോടെ പൂർണമാക്കിത്തരേണം എന്ന് നിങ്ങൾക്കുവേണ്ടി എപ്പോഴും പ്രാർഥിക്കുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in