YouVersion Logo
Search Icon

പുറപ്പാട് 13

13
1യഹോവ പിന്നെയും മോശെയോട്: 2യിസ്രായേൽമക്കളുടെ ഇടയിൽ മനുഷ്യരിലും മൃഗങ്ങളിലും കടിഞ്ഞൂലായി പിറക്കുന്നതിനെയൊക്കെയും എനിക്കായി ശുദ്ധീകരിക്ക; അത് എനിക്കുള്ളത് ആകുന്നു എന്നു കല്പിച്ചു. 3അപ്പോൾ മോശെ ജനത്തോടു പറഞ്ഞത്: നിങ്ങൾ അടിമവീടായ മിസ്രയീമിൽനിന്നു പുറപ്പെട്ടുപോന്ന ഈ ദിവസത്തെ ഓർത്തുകൊൾവിൻ; യഹോവ ബലമുള്ള കൈകൊണ്ടു നിങ്ങളെ അവിടെനിന്നു പുറപ്പെടുവിച്ചു; അതുകൊണ്ടു പുളിപ്പുള്ള അപ്പം തിന്നരുത്. 4ആബീബ് മാസം ഈ തീയതി നിങ്ങൾ പുറപ്പെട്ടു പോന്നു. 5എന്നാൽ കനാന്യർ, ഹിത്യർ, അമോര്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശമായി യഹോവ നിനക്കു തരുമെന്നു നിന്റെ പിതാക്കന്മാരോടു സത്യം ചെയ്തതും പാലും തേനും ഒഴുകുന്നതുമായ ദേശത്തേക്കു നിന്നെ കൊണ്ടുചെന്നശേഷം നീ ഈ മാസത്തിൽ ഈ കർമം ആചരിക്കേണം. 6ഏഴു ദിവസം നീ പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഏഴാം ദിവസം യഹോവയ്ക്ക് ഒരു ഉത്സവം ആയിരിക്കേണം. 7ഏഴു ദിവസവും പുളിപ്പില്ലാത്ത അപ്പം തിന്നേണം; നിന്റെ പക്കൽ പുളിപ്പുള്ള അപ്പം കാണരുത്; നിന്റെ അതിർക്കകത്തെങ്ങും പുളിച്ച മാവും കാണരുത്. 8ഞാൻ മിസ്രയീമിൽനിന്നു പുറപ്പെടുമ്പോൾ യഹോവ എനിക്കുവേണ്ടി ചെയ്ത കാര്യം നിമിത്തം ആകുന്നു ഇങ്ങനെ ചെയ്യുന്നത് എന്നു നീ ആ ദിവസത്തിൽ നിന്റെ മകനോട് അറിയിക്കേണം. 9യഹോവയുടെ ന്യായപ്രമാണം നിന്റെ വായിൽ ഉണ്ടായിരിക്കേണ്ടതിന് ഇതു നിനക്കു നിന്റെ കൈയിന്മേൽ അടയാളമായും നിന്റെ കണ്ണുകളുടെ നടുവിൽ ജ്ഞാപകലക്ഷ്യമായും ഇരിക്കേണം. ബലമുള്ള കൈകൊണ്ടല്ലോ യഹോവ നിന്നെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചത്. 10അതുകൊണ്ട് നീ ആണ്ടുതോറും നിശ്ചയിക്കപ്പെട്ട സമയത്ത് ഈ ചട്ടം ആചരിക്കേണം.
11യഹോവ നിന്നോടും നിന്റെ പിതാക്കന്മാരോടും സത്യം ചെയ്തതുപോലെ നിന്നെ കനാന്യരുടെ ദേശത്തു കൊണ്ടുചെന്ന് അതു നിനക്കു തരുമ്പോൾ 12കടിഞ്ഞൂലിനെയൊക്കെയും, നിനക്കുള്ള മൃഗങ്ങളുടെ കടിഞ്ഞൂൽപ്പിറവിയെയൊക്കെയും നീ യഹോവയ്ക്കായി വേർതിരിക്കേണം; ആണൊക്കെയും യഹോവയ്ക്കുള്ളതാകുന്നു. 13എന്നാൽ കഴുതയുടെ കടിഞ്ഞൂലിനെയൊക്കെയും ആട്ടിൻകുട്ടിയെക്കൊണ്ടു വീണ്ടുകൊള്ളേണം; അതിനെ വീണ്ടുകൊള്ളുന്നില്ലെങ്കിൽ അതിന്റെ കഴുത്ത് ഒടിച്ചുകളയേണം. നിന്റെ പുത്രന്മാരിൽ ആദ്യജാതനെയൊക്കെയും നീ വീണ്ടുകൊള്ളേണം. 14എന്നാൽ ഇത് എന്ത് എന്നു നാളെ നിന്റെ മകൻ നിന്നോടു ചോദിക്കുമ്പോൾ: യഹോവ ബലമുള്ള കൈകൊണ്ട് അടിമവീടായ മിസ്രയീമിൽനിന്നു ഞങ്ങളെ പുറപ്പെടുവിച്ചു; 15ഫറവോൻ കഠിനപ്പെട്ടു ഞങ്ങളെ വിട്ടയയ്ക്കാതിരുന്നപ്പോൾ യഹോവ മിസ്രയീംദേശത്തു മനുഷ്യന്റെ കടിഞ്ഞൂൽമുതൽ മൃഗത്തിന്റെ കടിഞ്ഞൂൽവരെയുള്ള കടിഞ്ഞൂൽപ്പിറവിയെയൊക്കെയും കൊന്നുകളഞ്ഞു. അതുകൊണ്ടു കടിഞ്ഞൂലായ ആണിനെയൊക്കെയും ഞാൻ യഹോവയ്ക്കു യാഗം അർപ്പിക്കുന്നു; എന്നാൽ എന്റെ മക്കളിൽ കടിഞ്ഞൂലിനെയൊക്കെയും ഞാൻ വീണ്ടുകൊള്ളുന്നു. 16ഇതു നിന്റെ കൈയിന്മേൽ അടയാളമായും നിന്റെ കണ്ണുകളുടെ നടുവിൽ നെറ്റിപ്പട്ടമായും ഇരിക്കേണം. യഹോവ ഞങ്ങളെ ബലമുള്ള കൈകൊണ്ടു മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു എന്നു നീ അവനോടു പറയേണം.
17ഫറവോൻ ജനത്തെ വിട്ടയച്ചശേഷം ഫെലിസ്ത്യരുടെ ദേശത്തുകൂടിയുള്ള വഴി അടുത്തത് എന്നു വരികിലും ജനം യുദ്ധം കാണുമ്പോൾ പക്ഷേ അനുതപിച്ചു മിസ്രയീമിലേക്കു മടങ്ങിപ്പോകുമെന്നുവച്ചു ദൈവം അവരെ അതിലെ കൊണ്ടുപോയില്ല. 18ചെങ്കടലരികെയുള്ള മരുഭൂമിയിൽകൂടി ദൈവം ജനത്തെ ചുറ്റിനടത്തി. യിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു യുദ്ധസന്നദ്ധരായി പുറപ്പെട്ടു. 19മോശെ യോസേഫിന്റെ അസ്ഥികളും എടുത്തുകൊണ്ടുപോന്നു. ദൈവം നിങ്ങളെ സന്ദർശിക്കും നിശ്ചയം; അപ്പോൾ എന്റെ അസ്ഥികളും നിങ്ങൾ ഇവിടെനിന്ന് എടുത്തുകൊണ്ടുപോകേണമെന്ന് പറഞ്ഞ് അവൻ യിസ്രായേൽമക്കളെക്കൊണ്ട് ഉറപ്പായി സത്യം ചെയ്യിച്ചിരുന്നു. 20അവർ സുക്കോത്തിൽനിന്നു യാത്ര പുറപ്പെട്ടു മരുഭൂമിക്കരികെ ഏഥാമിൽ പാളയമിറങ്ങി. 21അവർ പകലും രാവും യാത്രചെയ്യുവാൻ തക്കവണ്ണം അവർക്കു വഴി കാണിക്കേണ്ടതിനു പകൽ മേഘസ്തംഭത്തിലും അവർക്കു വെളിച്ചം കൊടുക്കേണ്ടതിനു രാത്രി അഗ്നിസ്തംഭത്തിലും യഹോവ അവർക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു. 22പകൽ മേഘസ്തംഭവും രാത്രി അഗ്നിസ്തംഭവും ജനത്തിന്റെ മുമ്പിൽനിന്നു മാറിയതുമില്ല.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in