YouVersion Logo
Search Icon

ലൂക്കൊസ് 1

1
1ശ്രീമാനായ തെയോഫിലോസേ, ആദിമുതൽ കണ്ട സാക്ഷികളും വചനത്തിന്റെ ശുശ്രൂഷകന്മാരുമായവർ നമ്മെ ഭരമേല്പിച്ചതുപോലെ, 2നമ്മുടെ ഇടയിൽ പൂർണമായി പ്രമാണിച്ചുവരുന്ന കാര്യങ്ങളെ വിവരിക്കുന്ന ഒരു ചരിത്രം ചമപ്പാൻ പലരും തുനിഞ്ഞിരിക്കകൊണ്ട്, 3നിനക്ക് ഉപദേശം ലഭിച്ചിരിക്കുന്ന വാർത്തയുടെ നിശ്ചയം നീ അറിയേണ്ടതിന് 4അതു ക്രമമായി എഴുതുന്നതു നന്നെന്ന് ആദിമുതൽ സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ട് എനിക്കും തോന്നിയിരിക്കുന്നു.
5യെഹൂദ്യരാജാവായ ഹെരോദാവിന്റെ കാലത്ത് അബീയാക്കൂറിൽ സെഖര്യാവ് എന്നു പേരുള്ളോരു പുരോഹിതൻ ഉണ്ടായിരുന്നു; അവന്റെ ഭാര്യ അഹരോന്റെ പുത്രിമാരിൽ ഒരുത്തി ആയിരുന്നു; അവൾക്ക് എലീശബെത്ത് എന്നു പേർ. 6ഇരുവരും ദൈവസന്നിധിയിൽ നീതിയുള്ളവരും കർത്താവിന്റെ സകല കല്പനകളിലും ന്യായങ്ങളിലും കുറ്റമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു. 7എലീശബെത്ത് മച്ചിയാകകൊണ്ട് അവർക്കു സന്തതി ഇല്ലാഞ്ഞു; ഇരുവരും വയസ്സുചെന്നവരും ആയിരുന്നു.
8അവൻ കൂറിന്റെ ക്രമപ്രകാരം ദൈവസന്നിധിയിൽ പുരോഹിതനായി ശുശ്രൂഷ ചെയ്തുവരുമ്പോൾ: 9പൗരോഹിത്യമര്യാദപ്രകാരം കർത്താവിന്റെ മന്ദിരത്തിൽ ചെന്ന് ധൂപം കാട്ടുവാൻ അവനു നറുക്കു വന്നു. 10ധൂപം കാട്ടുന്ന നാഴികയിൽ ജനസമൂഹമൊക്കെയും പുറത്തു പ്രാർഥിച്ചുകൊണ്ടിരുന്നു. 11അപ്പോൾ കർത്താവിന്റെ ദൂതൻ ധൂപപീഠത്തിന്റെ വലത്തുഭാഗത്തു നില്ക്കുന്നവനായിട്ട് അവന് പ്രത്യക്ഷനായി. 12സെഖര്യാവ് അവനെ കണ്ടു ഭ്രമിച്ച് ഭയപരവശനായി. 13ദൂതൻ അവനോടു പറഞ്ഞത്: സെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്റെ പ്രാർഥനയ്ക്ക് ഉത്തരമായി: നിന്റെ ഭാര്യ എലീശബെത്ത് നിനക്ക് ഒരു മകനെ പ്രസവിക്കും; അവനു യോഹന്നാൻ എന്നു പേർ ഇടേണം. 14നിനക്കു സന്തോഷവും ഉല്ലാസവും ഉണ്ടാകും; അവന്റെ ജനനത്തിങ്കൽ പലരും സന്തോഷിക്കും. 15അവൻ കർത്താവിന്റെ സന്നിധിയിൽ വലിയവൻ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗർഭത്തിൽവച്ചു തന്നെ പരിശുദ്ധാത്മാവുകൊണ്ടു നിറയും. 16അവൻ യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുത്തും. 17അവൻ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുംകൊണ്ട് ഒരുക്കമുള്ളോരു ജനത്തെ കർത്താവിനുവേണ്ടി ഒരുക്കുവാൻ അവനു മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടുംകൂടെ നടക്കും. 18സെഖര്യാവ് ദൂതനോട്; ഇതു ഞാൻ എന്തൊന്നിനാൽ അറിയും? ഞാൻ വൃദ്ധനും എന്റെ ഭാര്യ വയസ്സുചെന്നവളുമല്ലോ എന്നു പറഞ്ഞു. 19ദൂതൻ അവനോട്: ഞാൻ ദൈവസന്നിധിയിൽ നില്ക്കുന്ന ഗബ്രീയേൽ ആകുന്നു; നിന്നോടു സംസാരിപ്പാനും ഈ സദ്വർത്തമാനം നിന്നോട് അറിയിപ്പാനും എന്നെ അയച്ചിരിക്കുന്നു. 20തക്കസമയത്തു നിവൃത്തിവരുവാനുള്ള എന്റെ ഈ വാക്ക് വിശ്വസിക്കായ്കകൊണ്ട് അതു സംഭവിക്കുംവരെ നീ സംസാരിപ്പാൻ കഴിയാതെ മൗനമായിരിക്കും എന്ന് ഉത്തരം പറഞ്ഞു. 21ജനം സെഖര്യാവിനായി കാത്തിരുന്നു, അവൻ മന്ദിരത്തിൽ താമസിച്ചതിനാൽ ആശ്ചര്യപ്പെട്ടു. 22അവൻ പുറത്തുവന്നാറെ അവരോടു സംസാരിപ്പാൻ കഴിഞ്ഞില്ല; അതിനാൽ അവൻ മന്ദിരത്തിൽ ഒരു ദർശനം കണ്ടു എന്ന് അവർ അറിഞ്ഞു; അവൻ അവർക്ക് ആംഗ്യം കാട്ടി ഊമനായി പാർത്തു. 23അവന്റെ ശുശ്രൂഷാകാലം തികഞ്ഞശേഷം അവൻ വീട്ടിലേക്കു പോയി.
24ആ നാളുകൾ കഴിഞ്ഞിട്ട് അവന്റെ ഭാര്യ എലീശബെത്ത് ഗർഭം ധരിച്ചു: 25മനുഷ്യരുടെ ഇടയിൽ എനിക്കുണ്ടായിരുന്ന നിന്ദ നീക്കുവാൻ കർത്താവ് എന്നെ കടാക്ഷിച്ച നാളിൽ ഇങ്ങനെ എനിക്കു ചെയ്തുതന്നിരിക്കുന്നു എന്നു പറഞ്ഞ് അഞ്ചു മാസം ഒളിച്ചുപാർത്തു.
26ആറാം മാസത്തിൽ ദൈവം ഗബ്രീയേൽദൂതനെ നസറെത്ത് എന്ന ഗലീലപട്ടണത്തിൽ, 27ദാവീദുഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷന് വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കൽ അയച്ചു; ആ കന്യകയുടെ പേർ മറിയ എന്ന് ആയിരുന്നു. 28ദൂതൻ അവളുടെ അടുക്കൽ അകത്തു ചെന്ന്: കൃപലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവ് നിന്നോടുകൂടെ ഉണ്ട് എന്നു പറഞ്ഞു. 29അവൾ ആ വാക്കു കേട്ടു ഭ്രമിച്ചു: ഇത് എന്തൊരു വന്ദനം എന്നു വിചാരിച്ചു. 30ദൂതൻ അവളോട്: മറിയയേ, ഭയപ്പെടേണ്ടാ; നിനക്ക് ദൈവത്തിന്റെ കൃപ ലഭിച്ചു. 31നീ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും; അവന് യേശു എന്നു പേർ വിളിക്കേണം. 32അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവനു കൊടുക്കും. 33അവൻ യാക്കോബുഗൃഹത്തിന് എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു. 34മറിയ ദൂതനോട്: ഞാൻ പുരുഷനെ അറിയായ്കയാൽ ഇത് എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു. 35അതിന് ദൂതൻ: പരിശുദ്ധാത്മാവ് നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെമേൽ നിഴലിടും; ആകയാൽ ഉദ്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും. 36നിന്റെ ചാർച്ചക്കാരത്തി എലീശബെത്തും വാർധക്യത്തിൽ ഒരു മകനെ ഗർഭം ധരിച്ചിരിക്കുന്നു; മച്ചി എന്നു പറഞ്ഞുവന്നവൾക്ക് ഇത് ആറാം മാസം. 37ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ലല്ലോ എന്ന് ഉത്തരം പറഞ്ഞു. 38അതിനു മറിയ: ഇതാ, ഞാൻ കർത്താവിന്റെ ദാസി; നിന്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി. 39ആ നാളുകളിൽ മറിയ എഴുന്നേറ്റ് മലനാട്ടിൽ ഒരു യെഹൂദ്യപട്ടണത്തിൽ ബദ്ധപ്പെട്ടു ചെന്നു, 40സെഖര്യാവിന്റെ വീട്ടിൽ എത്തി എലീശബെത്തിനെ വന്ദിച്ചു. 41മറിയയുടെ വന്ദനം എലീശബെത്ത് കേട്ടപ്പോൾ പിള്ള അവളുടെ ഗർഭത്തിൽ തുള്ളി; എലീശബെത്ത് പരിശുദ്ധാത്മാവ് നിറഞ്ഞവളായി, ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്: 42സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവൾ; നിന്റെ ഗർഭഫലവും അനുഗ്രഹിക്കപ്പെട്ടത്; 43എന്റെ കർത്താവിന്റെ മാതാവ് എന്റെ അടുക്കൽ വരുന്ന മാനം എനിക്ക് എവിടെനിന്ന് ഉണ്ടായി. 44നിന്റെ വന്ദനസ്വരം എന്റെ ചെവിയിൽ വീണപ്പോൾ പിള്ള എന്റെ ഗർഭത്തിൽ ആനന്ദംകൊണ്ടു തുള്ളി. 45കർത്താവ് തന്നോട് അരുളിച്ചെയ്തതിനു നിവൃത്തിയുണ്ടാകും എന്നു വിശ്വസിച്ചവൾ ഭാഗ്യവതി.
46അപ്പോൾ മറിയ പറഞ്ഞത്: “എന്റെ ഉള്ളം കർത്താവിനെ മഹിമപ്പെടുത്തുന്നു;
47എന്റെ ആത്മാവ് എന്റെ രക്ഷിതാവായ ദൈവത്തിൽ ഉല്ലസിക്കുന്നു.
48അവൻ തന്റെ ദാസിയുടെ താഴ്ച കടാക്ഷിച്ചിരിക്കുന്നുവല്ലോ;
ഇന്നുമുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും.
49ശക്തനായവൻ എനിക്കു വലിയവ ചെയ്തിരിക്കുന്നു;
അവന്റെ നാമം പരിശുദ്ധം തന്നെ.
50അവനെ ഭയപ്പെടുന്നവർക്ക് അവന്റെ കരുണ തലമുറതലമുറയോളം ഇരിക്കുന്നു.
51തന്റെ ഭുജംകൊണ്ട് അവൻ ബലം പ്രവർത്തിച്ചു, ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു.
52പ്രഭുക്കന്മാരെ സിംഹാസനങ്ങളിൽനിന്ന് ഇറക്കി താണവരെ ഉയർത്തിയിരിക്കുന്നു.
53വിശന്നിരിക്കുന്നവരെ നന്മകളാൽ നിറച്ചു, സമ്പന്നന്മാരെ വെറുതെ അയച്ചുകളഞ്ഞിരിക്കുന്നു.
54നമ്മുടെ പിതാക്കന്മാരോട് അരുളിച്ചെയ്തതുപോലെ അബ്രാഹാമിനും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓർക്കേണ്ടതിന്,
55തന്റെ ദാസനായ യിസ്രായേലിനെ തുണച്ചിരിക്കുന്നു.”
56മറിയ ഏകദേശം മൂന്നു മാസം അവളോടുകൂടെ പാർത്തിട്ട് വീട്ടിലേക്കു മടങ്ങിപ്പോയി.
57എലീശബെത്തിന് പ്രസവിപ്പാനുള്ള കാലം തികഞ്ഞപ്പോൾ അവൾ ഒരു മകനെ പ്രസവിച്ചു; 58കർത്താവ് അവൾക്കു വലിയ കരുണ കാണിച്ചു എന്ന് അയൽക്കാരും ചാർച്ചക്കാരും കേട്ടിട്ട് അവളോടുകൂടെ സന്തോഷിച്ചു. 59എട്ടാം നാളിൽ അവർ പൈതലിനെ പരിച്ഛേദന ചെയ്‍വാൻ വന്നു; അപ്പന്റെ പേർപോലെ അവനു സെഖര്യാവ് എന്നു പേർ വിളിപ്പാൻ ഭാവിച്ചു. 60അവന്റെ അമ്മയോ: അല്ല, അവന് യോഹന്നാൻ എന്നു പേരിടേണം എന്നു പറഞ്ഞു. 61അവർ അവളോട്: നിന്റെ ചാർച്ചയിൽ ഈ പേരുള്ളവർ ആരും ഇല്ലല്ലോ എന്നു പറഞ്ഞു. 62പിന്നെ അവന് എന്ത് പേർ വിളിപ്പാൻ വിചാരിക്കുന്നു എന്ന് അപ്പനോട് ആംഗ്യംകാട്ടി ചോദിച്ചു. 63അവൻ ഒരു എഴുത്തുപലക ചോദിച്ചു: അവന്റെ പേർ യോഹന്നാൻ എന്ന് എഴുതി; എല്ലാവരും ആശ്ചര്യപ്പെട്ടു. 64ഉടനെ അവന്റെ വായും നാവും തുറന്നു, അവൻ സംസാരിച്ചു ദൈവത്തെ സ്തുതിച്ചു. 65ചുറ്റും പാർക്കുന്നവർക്ക് എല്ലാം ഭയം ഉണ്ടായി; യെഹൂദ്യമലനാട്ടിൽ എങ്ങും ഈ വാർത്ത ഒക്കെയും പരന്നു. 66കേട്ടവർ എല്ലാവരും അതു ഹൃദയത്തിൽ നിക്ഷേപിച്ചു: ഈ പൈതൽ എന്ത് ആകും എന്നു പറഞ്ഞു; കർത്താവിന്റെ കൈ അവനോടുകൂടെ ഉണ്ടായിരുന്നു.
67അവന്റെ അപ്പനായ സെഖര്യാവ് പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചുപറഞ്ഞത്:
68“യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ.
അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്കയും
69ആദിമുതൽ തന്റെ വിശുദ്ധപ്രവാചകന്മാർ
70മുഖാന്തരം അരുളിച്ചെയ്തതുപോലെ നമ്മുടെ ശത്രുക്കളുടെ വശത്തുനിന്നും
നമ്മെ പകയ്ക്കുന്ന ഏവരുടെയും കൈയിൽനിന്നും നമ്മെ രക്ഷിപ്പാൻ
71തന്റെ ദാസനായ ദാവീദിന്റെ ഗൃഹത്തിൽ
നമുക്കു രക്ഷയുടെ കൊമ്പ് ഉയർത്തുകയും ചെയ്തിരിക്കുന്നത്,
72നമ്മുടെ പിതാക്കന്മാരോടു കരുണ പ്രവർത്തിക്കേണ്ടതിനും
73നമ്മുടെ ശത്രുക്കളുടെ കൈയിൽനിന്നു രക്ഷിക്കപ്പെട്ട്,
74നാം ആയുഷ്കാലമൊക്കെയും ഭയംകൂടാതെ തിരുമുമ്പിൽ വിശുദ്ധിയിലും നീതിയിലും തന്നെ ആരാധിപ്പാൻ നമുക്കു കൃപ നല്കുമെന്ന്
75അവൻ നമ്മുടെ പിതാവായ അബ്രാഹാമിനോടു ചെയ്ത സത്യവും
തന്റെ വിശുദ്ധനിയമവും ഓർത്തതുകൊണ്ടും ആകുന്നു.
76നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും.
കർത്താവിന്റെ വഴി ഒരുക്കുവാനും
77നമ്മുടെ ദൈവത്തിന്റെ ആർദ്രകരുണയാൽ
അവന്റെ ജനത്തിന് പാപമോചനത്തിൽ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവനു മുമ്പായി നടക്കും.
78ഇരുളിലും മരണനിഴലിലും ഇരിക്കുന്നവർക്കു പ്രകാശിച്ച്,
നമ്മുടെ കാലുകളെ സമാധാനമാർഗത്തിൽ നടത്തേണ്ടതിന്
79ആ ആർദ്രകരുണയാൽ ഉയരത്തിൽനിന്ന് ഉദയം നമ്മെ സന്ദർശിച്ചിരിക്കുന്നു.”
80പൈതൽ വളർന്ന് ആത്മാവിൽ ബലപ്പെട്ടു; അവൻ യിസ്രായേലിനു തന്നെത്താൻ കാണിക്കും നാൾവരെ മരുഭൂമിയിൽ ആയിരുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in