YouVersion Logo
Search Icon

റോമർ 7

7
1സഹോദരന്മാരേ, ന്യായപ്രമാണം അറിയുന്നവരോടല്ലോ ഞാൻ സംസാരിക്കുന്നത്: മനുഷ്യൻ ജീവനോടിരിക്കും കാലത്തൊക്കെയും ന്യായപ്രമാണത്തിന് അവന്റെമേൽ അധികാരം ഉണ്ട് എന്നു നിങ്ങൾ അറിയുന്നില്ലയോ? 2ഭർത്താവുള്ള സ്ത്രീ ജീവിച്ചിരിക്കുന്ന ഭർത്താവിനോടു ന്യായപ്രമാണത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഭർത്താവ് മരിച്ചാൽ അവൾ ഭർത്തൃന്യായപ്രമാണത്തിൽനിന്ന് ഒഴിവുള്ളവളായി. 3ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ അവൾ വേറേ പുരുഷന് ആയാൽ വ്യഭിചാരിണി എന്നു പേർ വരും; ഭർത്താവ് മരിച്ചു എങ്കിലോ അവൾ വേറേ പുരുഷന് ആയാൽ വ്യഭിചാരിണി എന്നു വരാതവണ്ണം ന്യായപ്രമാണത്തിൽനിന്നു സ്വതന്ത്രയാകുന്നു 4അതുകൊണ്ടു സഹോദരന്മാരേ, നാം ദൈവത്തിനു ഫലം കായ്ക്കുമാറ് മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റവനായ വേറൊരുവന് ആകേണ്ടതിന് നിങ്ങളും ക്രിസ്തുവിന്റെ ശരീരം മുഖാന്തരം ന്യായപ്രമാണസംബന്ധമായി മരിച്ചിരിക്കുന്നു. 5നാം ജഡത്തിലായിരുന്നപ്പോൾ ന്യായപ്രമാണത്താൽ ഉളവായ പാപരാഗങ്ങൾ മരണത്തിനു ഫലം കായ്ക്കത്തക്കവണ്ണം നമ്മുടെ അവയവങ്ങളിൽ വ്യാപരിച്ചുപോന്നു. 6ഇപ്പോഴോ, നമ്മെ പിടിച്ചടക്കിയിരുന്ന ന്യായപ്രമാണം സംബന്ധിച്ചു മരിച്ചിരിക്കകൊണ്ട്, അക്ഷരത്തിന്റെ പഴക്കത്തിലല്ല ആത്മാവിന്റെ പുതുക്കത്തിൽതന്നെ സേവിക്കേണ്ടതിനു നാം ന്യായപ്രമാണത്തിൽനിന്ന് ഒഴിവുള്ളവരായിരിക്കുന്നു.
7ആകയാൽ നാം എന്തു പറയേണ്ടൂ? ന്യായപ്രമാണം പാപം എന്നോ? ഒരുനാളും അരുത്. എങ്കിലും ന്യായപ്രമാണത്താൽ അല്ലാതെ ഞാൻ പാപത്തെ അറിഞ്ഞില്ല; മോഹിക്കരുത് എന്നു ന്യായപ്രമാണം പറയാതിരുന്നെങ്കിൽ ഞാൻ മോഹത്തെ അറികയില്ലായിരുന്നു. 8പാപമോ അവസരം ലഭിച്ചിട്ടു കല്പനയാൽ എന്നിൽ സകലവിധ മോഹത്തെയും ജനിപ്പിച്ചു; ന്യായപ്രമാണം കൂടാതെ പാപം നിർജീവമാകുന്നു. 9ഞാൻ ഒരു കാലത്തു ന്യായപ്രമാണം കൂടാതെ ജീവിച്ചിരുന്നു; എന്നാൽ കല്പന വന്നപ്പോൾ പാപം വീണ്ടും ജീവിക്കയും ഞാൻ മരിക്കയും ചെയ്തു. 10ഇങ്ങനെ ജീവനായി ലഭിച്ചിരുന്ന കല്പന എനിക്ക് മരണഹേതുവായി തീർന്നു എന്ന് ഞാൻ കണ്ടു. 11പാപം അവസരം ലഭിച്ചിട്ട് കല്പനയാൽ എന്നെ ചതിക്കയും കൊല്ലുകയും ചെയ്തു. 12ആകയാൽ ന്യായപ്രമാണം വിശുദ്ധം; കല്പന വിശുദ്ധവും ന്യായവും നല്ലതുംതന്നെ. 13എന്നാൽ നന്മയായുള്ളത് എനിക്കു മരണകാരണമായിത്തീർന്നു എന്നോ? ഒരുനാളും അരുത്, പാപമത്രേ മരണമായിത്തീർന്നത്; അതു നന്മയായുള്ളതിനെക്കൊണ്ട് എനിക്കു മരണം ഉളവാക്കുന്നതിനാൽ പാപം എന്നു തെളിയേണ്ടതിനും കല്പനയാൽ അത്യന്തം പാപമായിത്തീരേണ്ടതിനുംതന്നെ. 14ന്യായപ്രമാണം ആത്മികം എന്നു നാം അറിയുന്നുവല്ലോ; ഞാനോ ജഡമയൻ, പാപത്തിനു ദാസനായി വില്ക്കപ്പെട്ടവൻ തന്നെ. 15ഞാൻ പ്രവർത്തിക്കുന്നതു ഞാൻ അറിയുന്നില്ല; ഞാൻ ഇച്ഛിക്കുന്നതിനെയല്ല, പകയ്ക്കുന്നതിനെ അത്രേ ചെയ്യുന്നത്. 16ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ ന്യായപ്രമാണം നല്ലത് എന്നു ഞാൻ സമ്മതിക്കുന്നു. 17ആകയാൽ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ. 18എന്നിൽ എന്നുവച്ചാൽ എന്റെ ജഡത്തിൽ നന്മ വസിക്കുന്നില്ല എന്നു ഞാൻ അറിയുന്നു; നന്മ ചെയ്‍വാനുള്ള താൽപര്യം എനിക്കുണ്ട്; പ്രവർത്തിക്കുന്നതോ ഇല്ല. 19ഞാൻ ചെയ്‍വാൻ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവർത്തിക്കുന്നത്. 20ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ. 21അങ്ങനെ നന്മ ചെയ്‍വാൻ ഇച്ഛിക്കുന്ന ഞാൻ തിന്മ എന്റെ പക്കൽ ഉണ്ട് എന്നൊരു പ്രമാണം കാണുന്നു. 22ഉള്ളംകൊണ്ടു ഞാൻ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു. 23എങ്കിലും എന്റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാൻ എന്റെ അവയവങ്ങളിൽ കാണുന്നു; അത് എന്റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന് എന്നെ ബദ്ധനാക്കിക്കളയുന്നു. 24അയ്യോ, ഞാൻ അരിഷ്ടമനുഷ്യൻ! ഈ മരണത്തിന് അധീനമായ ശരീരത്തിൽനിന്ന് എന്നെ ആർ വിടുവിക്കും? 25നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം ഞാൻ ദൈവത്തിനു സ്തോത്രം ചെയ്യുന്നു. ഇങ്ങനെ ഞാൻ തന്നെ ബുദ്ധികൊണ്ടു ദൈവത്തിന്റെ പ്രമാണത്തെയും ജഡംകൊണ്ടു പാപത്തിന്റെ പ്രമാണത്തെയും സേവിക്കുന്നു.

Currently Selected:

റോമർ 7: MALOVBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in