YouVersion Logo
Search Icon

പുറ. 10

10
വെട്ടുക്കിളി
1യഹോവ പിന്നെയും മോശെയോട്: “നീ ഫറവോന്‍റെ അടുക്കൽ ചെല്ലുക. ഞാൻ അവന്‍റെ മുമ്പിൽ എന്‍റെ അടയാളങ്ങൾ ചെയ്യേണ്ടതിനും, 2ഞാൻ മിസ്രയീമിൽ പ്രവർത്തിച്ച കാര്യങ്ങളും അവരുടെ മദ്ധ്യത്തിൽ ചെയ്ത അടയാളങ്ങളും നീ നിന്‍റെ പുത്രന്മാരോടും #10:2 പൗത്രന്മാർ - മക്കളുടെ മക്കൾപൗത്രന്മാരോടും വിവരിക്കേണ്ടതിനും ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയേണ്ടതിനും ഞാൻ അവൻ്റെയും ഭൃത്യന്മാരുടെയും ഹൃദയം കഠിനമാക്കിയിരിക്കുന്നു” എന്നു കല്പിച്ചു.
3അങ്ങനെ മോശെയും അഹരോനും ഫറവോന്‍റെ അടുക്കൽ ചെന്നു അവനോട് പറഞ്ഞതെന്തെന്നാൽ: “എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്‍റെ സന്നിധിയിൽ തന്നെത്താൻ താഴ്ത്തുവാൻ എത്രത്തോളം നിനക്കു മനസ്സില്ലാതിരിക്കും? എന്നെ ആരാധിക്കുവാൻ എന്‍റെ ജനത്തെ വിട്ടയയ്ക്കുക. 4എന്‍റെ ജനത്തെ വിട്ടയയ്ക്കുവാൻ നിനക്കു മനസ്സില്ലെങ്കിൽ ഞാൻ നാളെ നിന്‍റെ രാജ്യത്ത് #10:4 വെട്ടുക്കിളി - പച്ചിലകളും വിളകളും നശിപ്പിക്കുന്ന ഒരുതരം ചെറിയ കിളി. വെട്ടുക്കിളിയെ വരുത്തും. 5നിലം കാണുവാൻ കഴിയാത്തവിധം അവ ഭൂതലത്തെ മൂടും. കല്മഴയിൽ നശിക്കാതെ ശേഷിച്ചിരിക്കുന്നതും പറമ്പിൽ തളിർത്ത് വളരുന്നതുമായ എല്ലാ വൃക്ഷവും തിന്നുകളയുകയും ചെയ്യും. 6നിന്‍റെ ഗൃഹങ്ങളും നിന്‍റെ സകലഭൃത്യന്മാരുടെയും സകല മിസ്രയീമ്യരുടെയും വീടുകളും അവയെക്കൊണ്ട് നിറയും; നിന്‍റെ പിതാക്കന്മാരുടെയോ പിതാമഹന്മാരുടെയോ കാലം മുതൽ ഇന്നുവരെ അങ്ങനെയുള്ള കാര്യം കണ്ടിട്ടില്ല” പിന്നെ അവൻ ഫറവോന്‍റെ അടുക്കൽനിന്ന് മടങ്ങിപ്പോയി.
7അപ്പോൾ ഭൃത്യന്മാർ ഫറവോനോട്: “എത്ര നാൾ ഇവൻ നമുക്ക് ഉപദ്രവകാരിയായിരിക്കും? ആ മനുഷ്യരെ അവരുടെ ദൈവമായ യഹോവയെ ആരാധിക്കേണ്ടതിന് വിട്ടയയ്ക്കേണം; മിസ്രയീം നശിച്ചു എന്നു ഇപ്പോഴും നീ അറിയുന്നില്ലയോ?” എന്നു പറഞ്ഞു.
8അപ്പോൾ ഫറവോൻ മോശെയെയും അഹരോനെയും വീണ്ടും വരുത്തി അവരോട്: “നിങ്ങൾ പോയി നിങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കുവിൻ. 9എന്നാൽ നിങ്ങൾ ആരെല്ലമാണ് പോകുന്നത്?” എന്നു ചോദിച്ചു.
അതിന് മോശെ “ഞങ്ങൾക്ക് യഹോവയുടെ ഉത്സവമുള്ളതുകൊണ്ട് ഞങ്ങളുടെ ബാലന്മാരും വൃദ്ധന്മാരും പുത്രന്മാരും പുത്രിമാരുമായി ഞങ്ങൾ പോകും; ഞങ്ങളുടെ ആടുകളെയും കന്നുകാലികളെയും കൂടെ കൊണ്ടുപോകും” എന്നു പറഞ്ഞു.
10അവൻ അവരോട്: “ഞാൻ നിങ്ങളെയും നിങ്ങളുടെ കുട്ടികളെയും വിട്ടയച്ചാൽ യഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ; നോക്കുവിൻ; ദോഷമാകുന്നു നിങ്ങളുടെ അന്തരം. 11അങ്ങനെയല്ല, നിങ്ങൾ പുരുഷന്മാർ പോയി യഹോവയെ ആരാധിച്ചുകൊൾവിൻ; ഇതാണല്ലോ നിങ്ങൾ അപേക്ഷിച്ചത്” എന്നു പറഞ്ഞ് അവരെ ഫറവോന്‍റെ സന്നിധിയിൽനിന്ന് ഓടിച്ചുകളഞ്ഞു.
12അപ്പോൾ യഹോവ മോശെയോട്: “നിലത്തിലെ സകലസസ്യങ്ങളും കല്മഴയിൽ ശേഷിച്ചത് ഒക്കെയും തിന്നുകളയേണ്ടതിന് വെട്ടുക്കിളി മിസ്രയീമിൽ വരുവാൻ നിന്‍റെ കൈ ദേശത്തിന്മേൽ നീട്ടുക” എന്നു പറഞ്ഞു.
13അങ്ങനെ മോശെ തന്‍റെ വടി മിസ്രയീമിന്മേൽ നീട്ടി; യഹോവ അന്നു പകലും രാത്രിയും മുഴുവൻ ദേശത്തിന്മേൽ കിഴക്കൻകാറ്റ് അടിപ്പിച്ചു; പ്രഭാതം ആയപ്പോൾ കിഴക്കൻകാറ്റ് വെട്ടുക്കിളിയെ കൊണ്ടുവന്നു. 14വെട്ടുക്കിളി മിസ്രയീമിന്‍റെ അതിരിനകത്ത് മുഴുവനും വ്യാപിച്ചു; അത്രയും വെട്ടുക്കിളി ഇതുവരെ ഉണ്ടായിട്ടില്ല, ഇനി അതുപോലെ ഉണ്ടാവുകയുമില്ല. 15അത് ഭൂതലത്തെ മുഴുവനും മൂടി. ദേശം അതിനാൽ ഇരുണ്ടുപോയി; കല്മഴയിൽ ശേഷിച്ച നിലത്തിലെ സകലസസ്യവും വൃക്ഷങ്ങളുടെ സകലഫലവും അത് തിന്നു തീർത്തു; മിസ്രയീമിൽ എങ്ങും വൃക്ഷങ്ങളിലോ നിലത്തിലെ സസ്യങ്ങളിലോ പച്ചയായ യാതൊന്നും ശേഷിച്ചില്ല.
16ഫറവോൻ മോശെയെയും അഹരോനെയും വേഗത്തിൽ വിളിപ്പിച്ചു: “നിങ്ങളുടെ ദൈവമായ യഹോവയോടും നിങ്ങളോടും ഞാൻ പാപം ചെയ്തിരിക്കുന്നു. 17അതുകൊണ്ട് ഈ പ്രാവശ്യം മാത്രം നീ എന്‍റെ പാപം ക്ഷമിച്ച് ഈ #10:17 മരണം - വെട്ടുക്കിളിയാലുണ്ടായ നാശമാണ് ഇവിടെ ഉദ്ദേശിക്കുന്നത്മരണം എന്നെവിട്ടു നീങ്ങുവാൻ നിങ്ങളുടെ ദൈവമായ യഹോവയോട് പ്രാർത്ഥിക്കുവിൻ” എന്നു പറഞ്ഞു.
18മോശെ ഫറവോന്‍റെ അടുക്കൽനിന്ന് പോയി യഹോവയോട് പ്രാർത്ഥിച്ചു. 19യഹോവ മഹാശക്തിയുള്ള ഒരു പടിഞ്ഞാറൻ കാറ്റ് അടിപ്പിച്ചു; അത് വെട്ടുക്കിളിയെ എടുത്ത് ചെങ്കടലിൽ ഇട്ടുകളഞ്ഞു. മിസ്രയീമിൽ എങ്ങും ഒരു വെട്ടുക്കിളിപോലും ശേഷിച്ചില്ല. 20എന്നാൽ യഹോവ ഫറവോന്‍റെ ഹൃദയത്തെ കഠിനമാക്കി; അവൻ യിസ്രായേൽ മക്കളെ വിട്ടയച്ചതുമില്ല.
21അപ്പോൾ യഹോവ മോശെയോട്: “മിസ്രയീമിനെ സ്പർശിക്കുന്ന വിധം ഇരുൾ ഉണ്ടാകേണ്ടതിന് നിന്‍റെ കൈ ആകാശത്തേക്ക് നീട്ടുക” എന്നു കല്പിച്ചു. 22മോശെ തന്‍റെ കൈ ആകാശത്തേക്ക് നീട്ടി, മിസ്രയീമിൽ എല്ലാം മൂന്നു ദിവസത്തേക്ക് കൂരിരുട്ടുണ്ടായി. 23മൂന്നു ദിവസത്തേക്ക് ആരും അന്യോന്യം കണ്ടില്ല; ആരും തന്‍റെ സ്ഥലം വിട്ട് എഴുന്നേറ്റതുമില്ല. എന്നാൽ യിസ്രായേൽ മക്കൾക്ക് എല്ലാവർക്കും അവരുടെ വാസസ്ഥലങ്ങളിൽ വെളിച്ചം ഉണ്ടായിരുന്നു. 24അപ്പോൾ ഫറവോൻ മോശെയെ വിളിപ്പിച്ചു. “നിങ്ങൾ പോയി യഹോവയെ ആരാധിക്കുവിൻ; നിങ്ങളുടെ ആടുകളും കന്നുകാലികളും മാത്രം ഇവിടെ നില്‍ക്കട്ടെ; നിങ്ങളുടെ കുഞ്ഞുകുട്ടികളും നിങ്ങളോടുകൂടി പോരട്ടെ” എന്നു പറഞ്ഞു.
25അതിന് മോശെ പറഞ്ഞത്: “ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയ്ക്ക് അർപ്പിക്കേണ്ടതിന് യാഗങ്ങൾക്കും സർവ്വാംഗഹോമങ്ങൾക്കും വേണ്ടി മൃഗങ്ങളെയും നീ ഞങ്ങൾക്ക് തരേണം. 26ഞങ്ങളുടെ മൃഗങ്ങളും ഞങ്ങളോടുകൂടെ പോരേണം; ഒരു #10:26 കുളമ്പ് - മൃഗങ്ങളുടെ കാൽച്ചുവട്ടിലെ നഖരൂപമായ ഉറച്ച്കുളമ്പുപോലും ഇവിടെ ശേഷിക്കരുത്; ഞങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കണ്ടതിന് അവയിൽനിന്നല്ലോ ഞങ്ങൾ എടുക്കേണ്ടത്; ഏതിനെ അർപ്പിച്ച് യഹോവയെ ആരാധിക്കേണമെന്ന് അവിടെ എത്തുന്നതുവരെ ഞങ്ങൾ അറിയുന്നില്ല.“
27എന്നാൽ യഹോവ ഫറവോന്‍റെ ഹൃദയം കഠിനമാക്കി; അവരെ വിട്ടയയ്ക്കുവാൻ അവനു മനസ്സായില്ല. 28ഫറവോൻ അവനോട്: “എന്‍റെ അടുക്കൽനിന്ന് പോകുക. ഇനി എന്‍റെ മുഖം കാണാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുക. എന്‍റെ മുഖം കാണുന്ന നാളിൽ നീ മരിക്കും” എന്നു പറഞ്ഞു.
29അതിന് മോശെ: “നീ പറഞ്ഞതുപോലെ ആകട്ടെ; ഞാൻ ഇനി നിന്‍റെ മുഖം കാണുകയില്ല” എന്നു പറഞ്ഞു.

Currently Selected:

പുറ. 10: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in