YouVersion Logo
Search Icon

ലൂക്കൊ. 19

19
ചുങ്കക്കാരൻ സക്കായി
1അവൻ യെരിഹോവിൽ പ്രവേശിച്ച് അതിൽകൂടി കടന്നു പോവുകയായിരുന്നു. 2അവിടെ ചുങ്കക്കാരിൽ പ്രമാണിയും ധനവാനുമായ സക്കായി എന്നു പേരുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു. 3യേശു ആരാണ് എന്നു കാണ്മാൻ ശ്രമിച്ചു എങ്കിലും അവനു ഉയരം കുറവായിരുന്നത് കൊണ്ടു പുരുഷാരം നിമിത്തം കഴിഞ്ഞില്ല. 4അതുകൊണ്ട് അവൻ മുമ്പോട്ടു ഓടി, അവനെ കാണേണ്ടതിന് ഒരു കാട്ടത്തിമേൽ കയറി. യേശു ആ വഴിയായി വരികയായിരുന്നു.
5യേശു ആ സ്ഥലത്ത് എത്തിയപ്പോൾ മുകളിലേക്കു നോക്കി: സക്കായിയേ, വേഗം ഇറങ്ങിവാ; ഇന്ന് ഞാൻ നിന്‍റെ വീട്ടിൽ താമസിക്കാൻ വരുന്നു എന്നു അവനോട് പറഞ്ഞു. 6അവൻ ബദ്ധപ്പെട്ട് ഇറങ്ങി സന്തോഷത്തോടെ യേശുവിനെ സ്വീകരിച്ചു.
7അത് കണ്ടവർ എല്ലാം: ”അവൻ പാപിയായ ഒരു മനുഷ്യനോടു കൂടെ താമസിക്കുവാൻ പോയി” എന്നു പറഞ്ഞു പിറുപിറുത്തു. 8സക്കായി കർത്താവിനോട്: ”കർത്താവേ, എന്‍റെ വസ്തുവകയിൽ പകുതി ഞാൻ ദരിദ്രർക്ക് കൊടുക്കുന്നു; എന്തെങ്കിലും മറ്റുള്ളവരെ ചതിച്ച് വാങ്ങിയിട്ടുണ്ടെങ്കിൽ നാലുമടങ്ങ് തിരിച്ചുക്കൊടുക്കുന്നു” എന്നു പറഞ്ഞു.
9യേശു അവനോട്: ഇവനും അബ്രാഹാമിന്‍റെ മകൻ ആകയാൽ ഇന്ന് ഈ വീടിന് രക്ഷ വന്നു. 10കാണാതെപോയതിനെ കണ്ടുപിടിച്ചു രക്ഷിക്കാനാണ് മനുഷ്യപുത്രൻ വന്നത് എന്നു പറഞ്ഞു.
പത്തു നാണയത്തിൻ്റെ ഉപമ
11പുരുഷാരം ഇതു കേട്ടുകൊണ്ടിരിക്കുമ്പോൾ യേശു യെരൂശലേമിന് അടുത്ത് എത്തി. ദൈവരാജ്യം ഉടനെ പ്രത്യക്ഷമാകും എന്നു അവർ ചിന്തിച്ചു. അതുകൊണ്ട് യേശു അവരോട് ഒരു ഉപമ പറഞ്ഞു: 12രാജാവായി മടങ്ങിവരേണം എന്നു വിചാരിച്ചു ഒരു പ്രഭു ദൂരദേശത്തേക്ക് യാത്രപോയി. 13അവൻ പത്തു ദാസന്മാരെ വിളിച്ചു അവർക്ക് പത്തുറാത്തൽ വെള്ളി#19:13 പത്തു വിലകൂടിയ നാണയങ്ങൾ കൊടുത്തു ഞാൻ വരുന്നതുവരെ അവയുമായി വ്യാപാരം ചെയ്യുക എന്നു അവരോട് പറഞ്ഞു. 14അവന്‍റെ പ്രജകൾക്ക് അവനോട് താല്പര്യമില്ലായിരുന്നു. അതുകൊണ്ട് അവന്‍റെ പിന്നാലെ പ്രതിനിധികളെ അയച്ചിട്ട് അവൻ ഞങ്ങൾക്കു രാജാവായിരിക്കുന്നതു ഞങ്ങൾക്കു സമ്മതമല്ല എന്നു അറിയിപ്പിച്ചു. 15അവൻ രാജാവായി തിരിച്ചുവന്നപ്പോൾ താൻ പണം കൊടുത്തിരുന്ന ദാസന്മാർ വ്യാപാരം ചെയ്തു എന്ത് നേടി എന്നു അറിയേണ്ടതിന് അവരെ വിളിക്കുവാൻ കല്പിച്ചു.
16 ഒന്നാമത്തെ ആൾ അടുത്തുവന്നു; കർത്താവേ, നീ തന്ന റാത്തൽകൊണ്ടു പത്തുറാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു.
17 അവൻ അവനോട്: വളരെ നല്ലത്. നീ ഒരു നല്ല ദാസൻ ആകുന്നു. ചെറിയ കാര്യങ്ങളിൽ നീ വിശ്വസ്തൻ ആയതുകൊണ്ട് പത്തു പട്ടണത്തിന് അധികാരമുള്ളവൻ ആയിരിക്ക എന്നു കല്പിച്ചു.
18 രണ്ടാമത്തെ ആൾ വന്നു: കർത്താവേ, നീ തന്ന റാത്തൽകൊണ്ടു അഞ്ചു റാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു.
19 നീയും അഞ്ചു പട്ടണത്തിന് അധികാരമുള്ളവൻ ആയിരിക്ക എന്നു അവൻ അവനോട് കല്പിച്ചു.
20 മറ്റൊരാൾ വന്നു: കർത്താവേ, ഇതാ നിന്‍റെ റാത്തൽ; ഞാൻ അത് ഒരു തൂവാലയിൽ പൊതിഞ്ഞു വെച്ചിരുന്നു. 21നീ വെയ്ക്കാത്തത് എടുക്കുകയും വിതയ്ക്കാത്തത് കൊയ്യുകയും ചെയ്യുന്ന കഠിനമനുഷ്യൻ ആകുന്നതുകൊണ്ട് ഞാൻ നിന്നെ ഭയപ്പെട്ടു എന്നു പറഞ്ഞു.
22 അവൻ അവനോട്: ദുഷ്ടനായ ദാസനേ, നിന്‍റെ വാക്കുകൾ കൊണ്ടുതന്നേ ഞാൻ നിന്നെ ന്യായംവിധിക്കും. ഞാൻ വെയ്ക്കാത്തത് എടുക്കുകയും വിതയ്ക്കാത്തത് കൊയ്യുകയും ചെയ്യുന്ന കഠിനമനുഷ്യൻ എന്നു നീ അറിഞ്ഞുവല്ലോ. 23ഞാൻ വന്നു എന്‍റെ ദ്രവ്യം പലിശയോടുകൂടെ വാങ്ങിക്കേണ്ടതിന് അത് നാണ്യപീഠത്തിൽ#19:23 ബാങ്കിൽ ഏല്പിക്കാഞ്ഞത് എന്ത്? 24പിന്നെ അവൻ അരികെ നില്ക്കുന്നവരോട്: ആ റാത്തൽ അവന്‍റെ പക്കൽ നിന്നു എടുത്തു പത്തു റാത്തലുള്ളവന് കൊടുക്കുവിൻ എന്നു പറഞ്ഞു.
25 കർത്താവേ, അവനു പത്തു റാത്തൽ ഉണ്ടല്ലോ എന്നു അവർ പറഞ്ഞു.
26 ഉള്ളവന് പിന്നെയും കൊടുക്കും, ഇല്ലാത്തവനോട് ഉള്ളതുംകൂടെ എടുത്തുകളയും എന്നു ഞാൻ നിങ്ങളോടു പറയുന്നു. 27എന്നാൽ ഞാൻ രാജാവ് ആകുന്നതു സമ്മതമില്ലാത്ത ശത്രുക്കളായവരെ ഇവിടെ കൊണ്ടുവന്നു എന്‍റെ മുമ്പിൽവച്ചു കൊന്നുകളയുവിൻ എന്നു അവൻ കല്പിച്ചു.
യെരൂശലേമിലേക്കുള്ള ജൈത്രയാത്ര
28ഇതു പറഞ്ഞിട്ട് യേശു യെരൂശലേമിലേക്ക് അവർക്ക് മുമ്പായി യാത്രചെയ്തു.
29അവൻ ഒലിവുമലയരികെ ബേത്ത്ഫഗയ്ക്കും ബേഥാന്യയ്ക്കും സമീപെ എത്തിയപ്പോൾ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു: 30നിങ്ങൾക്ക് എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അവിടെ എത്തുമ്പോൾ ആരും ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നത് കാണും; അതിനെ അഴിച്ച് കൊണ്ടുവരുവിൻ. 31അതിനെ അഴിക്കുന്നത് എന്തിന്? എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ: കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട് എന്നു പറവിൻ എന്നു പറഞ്ഞു.
32യേശു അയച്ച ആ രണ്ടു ശിഷ്യന്മാർ പോയി തങ്ങളോട് പറഞ്ഞതുപോലെ കണ്ടു. 33കഴുതക്കുട്ടിയെ അഴിക്കുമ്പോൾ അതിന്‍റെ ഉടമസ്ഥൻ: ”കഴുതക്കുട്ടിയെ അഴിക്കുന്നത് എന്തിന്?” എന്നു ചോദിച്ചു. 34അതിന്: ”കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട്” എന്നു അവർ പറഞ്ഞു.
35അതിനെ യേശുവിന്‍റെ അടുക്കൽ കൊണ്ടുവന്നു അവരുടെ വസ്ത്രം കഴുതക്കുട്ടിമേൽ ഇട്ടു യേശുവിനെ കയറ്റി. 36അവൻ പോകുമ്പോൾ അവർ തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു. 37യേശു ഒലിവുമലയുടെ ഇറക്കത്തിന് അടുത്തപ്പോൾ ശിഷ്യന്മാർ എല്ലാം തങ്ങൾ കണ്ട സകല വീര്യപ്രവൃത്തികളെയും കുറിച്ച് സന്തോഷിച്ച് അത്യുച്ചത്തിൽ ദൈവത്തെ പുകഴ്ത്തി: 38കർത്താവിന്‍റെ നാമത്തിൽ വരുന്ന രാജാവ് അനുഗ്രഹിക്കപ്പെട്ടവൻ; സ്വർഗ്ഗത്തിൽ സമാധാനവും അത്യുന്നതങ്ങളിൽ മഹത്വവും എന്നു പറഞ്ഞു.
39പുരുഷാരത്തിൽ ചില പരീശന്മാർ അവനോട്: ”ഗുരോ, നിന്‍റെ ശിഷ്യന്മാരെ ശാസിക്കുക” എന്നു പറഞ്ഞു.
40അതിന് അവൻ: ഇവർ മിണ്ടാതിരുന്നാൽ കല്ലുകൾ ആർത്തുവിളിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു ഉത്തരം പറഞ്ഞു.
41അവൻ യെരൂശലേം നഗരത്തിന് സമീപെ എത്തിയപ്പോൾ അതിനെ കണ്ടു അതിൽ താമസിക്കുന്ന ജനങ്ങളെ ഓർത്തു കരഞ്ഞു: 42ഈ ദിവസമെങ്കിലും നിനക്കു സമാധാനം ലഭിക്കുന്നതു എങ്ങനെ എന്നു നീ അറിഞ്ഞ് എങ്കിൽ കൊള്ളാമായിരുന്നു. എന്നാൽ അത് നിന്‍റെ കണ്ണിന് മറഞ്ഞിരിക്കുന്നു. 43നിന്‍റെ സന്ദർശനകാലം നിനക്കു അറിയില്ല. അതുകൊണ്ട് നിന്‍റെ ശത്രുക്കൾ നിനക്കു ചുറ്റും ഒരു തടസ്സം ഉണ്ടാക്കി നിന്നെ വളഞ്ഞു നാലു വശത്ത് നിന്നും ഞെരുക്കി, 44നിന്നെയും ഇവിടെ താമസിക്കുന്ന ജനങ്ങളെയും നിലത്തു തള്ളിയിട്ട്, അങ്ങനെ നിന്നിൽ കല്ലിന്മേൽ കല്ല് ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്കു വരും.
45പിന്നെ അവൻ ദൈവാലയത്തിൽ ചെന്നു അവിടെ കച്ചവടം നടത്തിയവരെ പുറത്താക്കി: 46എന്‍റെ ആലയം പ്രാർത്ഥനാലയം ആകും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹ ആക്കിത്തീർത്തിരിക്കുന്നു എന്നു അവരോട് പറഞ്ഞു.
47അവൻ എല്ലാ ദിവസവും ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ടിരുന്നു; എന്നാൽ മഹാപുരോഹിതന്മാരും ശാസ്ത്രികളും ജനത്തിൽ പ്രധാനികളായവരും അവനെ നശിപ്പിപ്പാൻ അവസരം നോക്കി. 48എങ്കിലും ജനം എല്ലാം വളരെ ശ്രദ്ധയോടെ അവന്‍റെ വചനം കേട്ടു കൊണ്ടിരിക്കുകയാൽ എന്ത് ചെയ്യേണം എന്നവർ അറിഞ്ഞില്ല.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in