17
1കലഹത്തോടുകൂടി ഒരു വീടു നിറയെ യാഗഭോജനത്തിലും
സ്വസ്ഥതയോടുകൂടി ഒരു കഷണം ഉണങ്ങിയ അപ്പം ഏറ്റവും നല്ലത്.
2നാണംകെട്ട മകന്റെമേൽ ബുദ്ധിമാനായ ദാസൻ ഭരണം നടത്തും;
സഹോദരന്മാരുടെ ഇടയിൽ അവകാശം പ്രാപിക്കും.
3വെള്ളിക്ക് പുടവും, പൊന്നിന് മൂശയും;
ഹൃദയങ്ങളെ ശോധന ചെയ്യുന്നതോ യഹോവ തന്നെ.
4ദുഷ്ക്ർമ്മി നീതികെട്ട അധരങ്ങൾക്ക് ശ്രദ്ധകൊടുക്കുന്നു;
വ്യാജം പറയുന്നവൻ വഷളത്തമുള്ള നാവിന് ചെവികൊടുക്കുന്നു.
5ദരിദ്രനെ പരിഹസിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു;
ആപത്തിൽ സന്തോഷിക്കുന്നവന് ശിക്ഷ വരാതിരിക്കുകയില്ല.
6മക്കളുടെ മക്കൾ വൃദ്ധന്മാർക്ക് കിരീടമാകുന്നു;
മക്കളുടെ മഹത്വം അവരുടെ അപ്പന്മാർ തന്നെ.
7സുഭാഷിതം പറയുന്ന അധരം ഭോഷന് യോഗ്യമല്ല;
വ്യാജമുള്ള അധരം ഒരു പ്രഭുവിന് ഒട്ടും ഉചിതമല്ല.
8സമ്മാനം വാങ്ങുന്നവന് അത് രത്നമായി തോന്നും;
അവൻ ചെല്ലുന്നേടത്തെല്ലാം കാര്യം സാധിക്കും.
9സ്നേഹം തേടുന്നവൻ ലംഘനം മറച്ചുവയ്ക്കുന്നു;
കാര്യം പാട്ടാക്കുന്നവനോ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.
10ഭോഷനെ നൂറ് അടിക്കുന്നതിനെക്കാൾ
ബുദ്ധിമാനെ ഒന്ന് ശാസിക്കുന്നത് അധികം ഫലിക്കും.
11മത്സരക്കാരൻ ദോഷം മാത്രം അന്വേഷിക്കുന്നു;
ക്രൂരനായ ഒരു ദൂതനെ അവന്റെനേരെ അയയ്ക്കും.
12മൂഢനെ അവന്റെ ഭോഷത്തത്തിൽ എതിരിടുന്നതിനെക്കാൾ
കുട്ടികൾ കാണാതെപോയ കരടിയെ എതിരിടുന്നത് ഭേദം.
13ഒരുത്തൻ നന്മയ്ക്കു പകരം തിന്മ ചെയ്യുന്നു എങ്കിൽ
അവന്റെ ഭവനത്തെ തിന്മ വിട്ടുമാറുകയില്ല.
14കലഹത്തിന്റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ;
ആകയാൽ കലഹമാകുംമുമ്പ് തർക്കം നിർത്തിക്കളയുക.
15ദുഷ്ടനെ നീതീകരിക്കുന്നവനും നീതിമാനെ കുറ്റം വിധിക്കുന്നവനും
രണ്ടുപേരും യഹോവയ്ക്ക് വെറുപ്പ്.
16മൂഢന് ജ്ഞാനം സമ്പാദിക്കുവാൻ ബുദ്ധിയില്ലാതിരിക്കുമ്പോൾ
അത് വാങ്ങുവാൻ അവന്റെ കയ്യിൽ പണം എന്തിന്?
17സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു;
അനർത്ഥകാലത്ത് അവൻ സഹോദരനായിത്തീരുന്നു.
18ബുദ്ധിഹീനനായ മനുഷ്യൻ കയ്യടിച്ച്
കൂട്ടുകാരനു വേണ്ടി ജാമ്യം നില്ക്കുന്നു.
19കലഹപ്രിയൻ ലംഘനപ്രിയൻ ആകുന്നു;
അഹങ്കരാത്തോടെ സംസാരിക്കുന്നവന് നാശം ഇച്ഛിക്കുന്നു#17:19 അഹങ്കരാത്തോടെ സംസാരിക്കുന്നവന് നാശം ഇച്ഛിക്കുന്നു പടിവാതിൽ ഉയർത്തിപ്പണിയുന്നവൻ നാശം ഇച്ഛിക്കുന്നു.
20വക്രഹൃദയമുള്ളവൻ നന്മ കാണുകയില്ല;
വികടനാവുള്ളവൻ ആപത്തിൽ അകപ്പെടും.
21ഭോഷനെ ജനിപ്പിച്ചവന് അത് ഖേദകാരണമാകും;
മൂഢന്റെ അപ്പന് സന്തോഷം ഉണ്ടാകുകയില്ല.
22സന്തുഷ്ടഹൃദയം നല്ലൊരു ഔഷധമാകുന്നു;
തകർന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു.
23ദുഷ്ടൻ ന്യായത്തിന്റെ വഴികളെ മറിക്കേണ്ടതിന്
ഒളിച്ചുകൊണ്ടുവരുന്ന സമ്മാനം വാങ്ങുന്നു.
24ജ്ഞാനം ബുദ്ധിമാന്റെ മുമ്പിൽ ഇരിക്കുന്നു;
മൂഢന്റെ കണ്ണോ ഭൂമിയുടെ അറുതികളിലേക്ക് നോക്കുന്നു.
25മൂഢനായ മകൻ അപ്പന് വ്യസനവും, തന്നെ
പ്രസവിച്ചവൾക്ക് കയ്പും ആകുന്നു.
26നീതിമാന് പിഴ കല്പിക്കുന്നതും
ശ്രേഷ്ഠന്മാരെ സത്യസന്ധത നിമിത്തം അടിക്കുന്നതും നല്ലതല്ല.
27വാക്ക് അടക്കിവക്കുന്നവൻ പരിജ്ഞാനമുള്ളവൻ;
ശാന്തമാനസൻ ബുദ്ധിമാൻ തന്നെ.
28മിണ്ടാതിരുന്നാൽ ഭോഷനെപ്പോലും ജ്ഞാനിയായും
നാവടക്കിയാൽ വിവേകിയായും എണ്ണും.