YouVersion Logo
Search Icon

1. രാജാക്കന്മാർ 3

3
1അനന്തരം ശലോമോൻ മിസ്രയീംരാജാവായ ഫറവോനോടു സംബന്ധംകൂടി, ഫറവോന്റെ മകളെ വിവാഹം ചെയ്തു; തന്റെ അരമനയും യഹോവയുടെ ആലയവും യെരൂശലേമിന്നു ചുറ്റും മതിലും പണിതു തീരുവോളം അവളെ ദാവീദിന്റെ നഗരത്തിൽ കൊണ്ടുവന്നു പാർപ്പിച്ചു. 2എന്നാൽ ആ കാലംവരെ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിയാതെ ഇരുന്നതുകൊണ്ടു ജനം പൂജാഗിരികളിൽവെച്ചു യാഗം കഴിച്ചുപോന്നു. 3ശലോമോൻ യഹോവയെ സ്നേഹിച്ചു, തന്റെ അപ്പനായ ദാവീദിന്റെ ചട്ടങ്ങളെ അനുസരിച്ചുനടന്നു എങ്കിലും അവൻ പൂജാഗിരികളിൽവെച്ചു യാഗം കഴിക്കയും ധൂപം കാട്ടുകയും ചെയ്തു.
4രാജാവു ഗിബെയോനിൽ യാഗം കഴിപ്പാൻ പോയി; അതു പ്രധാനപൂജാഗിരിയായിരുന്നു; അവിടത്തെ യാഗപീഠത്തിന്മേൽ ശലോമോൻ ആയിരം ഹോമയാഗം അർപ്പിച്ചു. 5ഗിബെയോനിൽവെച്ചു യഹോവ രാത്രിയിൽ ശലോമോന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി; നിനക്കു വേണ്ടുന്ന വരം ചോദിച്ചുകൊൾക എന്നു ദൈവം അരുളിച്ചെയ്തു. 6അതിന്നു ശലോമോൻ പറഞ്ഞതു എന്തെന്നാൽ: എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസൻ സത്യത്തോടും നീതിയോടും ഹൃദയപരമാർത്ഥതയോടും കൂടെ നിന്റെ മുമ്പാകെ നടന്നതിന്നു ഒത്തവണ്ണം നീ അവന്നു വലിയ കൃപ ചെയ്തു ഈ വലിയ കൃപ അവന്നായി പാലിക്കയും ഇന്നുള്ളതുപോലെ അവന്റെ സിംഹാസനത്തിൽ ഇരിപ്പാൻ അവന്നു ഒരു മകനെ നല്കുകയും ചെയ്തിരിക്കുന്നു. 7എന്റെ ദൈവമായ യഹോവേ, നീ അടിയനെ ഇപ്പോൾ എന്റെ അപ്പനായ ദാവീദിന്നു പകരം രാജാവാക്കിയിരിക്കുന്നു. ഞാനോ ഒരു ബാലനത്രേ; കാര്യാദികൾ നടത്തുവാൻ എനിക്കു അറിവില്ല. 8നീ തിരഞ്ഞെടുത്തതും പെരുപ്പംനിമിത്തം എണ്ണവും കണക്കും ഇല്ലാത്തതുമായി വലിയോരു മഹാജാതിയായ നിന്റെ ജനത്തിന്റെ മദ്ധ്യേ അടിയൻ ഇരിക്കുന്നു. 9ആകയാൽ ഗുണവും ദോഷവും തിരിച്ചറിഞ്ഞു നിന്റെ ജനത്തിന്നു ന്യായപാലനം ചെയ്‌വാൻ വിവേകമുള്ളോരു ഹൃദയം എനിക്കു തരേണമേ; അതുകൂടാതെ നിന്റെ ഈ വലിയ ജനത്തിന്നു ന്യായപാലനം ചെയ്‌വാൻ ആർക്കു കഴിയും. 10ശലോമോൻ ഈ കാര്യം ചോദിച്ചതു കർത്താവിന്നു പ്രസാദമായി. 11ദൈവം അവനോടു അരുളിച്ചെയ്തതു എന്തെന്നാൽ: നീ ദീർഘായുസ്സോ സമ്പത്തോ ശത്രുസംഹാരമോ ഒന്നും അപേക്ഷിക്കാതെ ന്യായപാലനത്തിന്നുള്ള വിവേകം എന്ന ഈ കാര്യം മാത്രം അപേക്ഷിച്ചതുകൊണ്ടു 12ഞാൻ നിന്റെ അപേക്ഷപ്രകാരം ചെയ്തിരിക്കുന്നു; ജ്ഞാനവും വിവേകമുള്ളോരു ഹൃദയം ഞാൻ നിനക്കു തന്നിരിക്കുന്നു; നിനക്കു സമനായവൻ നിനക്കു മുമ്പു ഉണ്ടായിട്ടില്ല; നിനക്കു സമനായവൻ നിന്റെശേഷം ഉണ്ടാകയും ഇല്ല. 13ഇതിന്നുപുറമെ, നീ അപേക്ഷിക്കാത്തതായ സമ്പത്തും മഹത്വവും കൂടെ ഞാൻ നിനക്കു തന്നിരിക്കുന്നു; നിന്റെ ആയുഷ്കാലത്തൊക്കെയും രാജാക്കന്മാരിൽ ഒരുത്തനും നിനക്കു സമനാകയില്ല. 14നിന്റെ അപ്പനായ ദാവീദ് നടന്നതുപോലെ നീ എന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിച്ചു എന്റെ വഴികളിൽ നടന്നാൽ ഞാൻ നിനക്കു ദീർഘായുസ്സും തരും. 15ശലോമോൻ ഉറക്കം ഉണർന്നപ്പോൾ അതു സ്വപ്നം എന്നു കണ്ടു. പിന്നെ അവൻ യെരൂശലേമിലേക്കു മടങ്ങിവന്നു യഹോവയുടെ നിയമപെട്ടകത്തിന്റെ മുമ്പാകെ നിന്നു ഹോമയാഗങ്ങൾ കഴിച്ചു സമാധാനയാഗങ്ങളും അർപ്പിച്ചു തന്റെ സകലഭൃത്യന്മാർക്കും വിരുന്നു കഴിച്ചു.
16അനന്തരം വേശ്യമാരായ രണ്ടു സ്ത്രീകൾ രാജാവിന്റെ അടുക്കൽ വന്നു അവന്റെ മുമ്പാകെ നിന്നു. 17അവരിൽ ഒരുത്തി പറഞ്ഞതു: തമ്പുരാനെ, അടിയനും, ഇവളും ഒരു വീട്ടിൽ പാർക്കുന്നു; ഞങ്ങൾ പാർക്കുന്ന വീട്ടിൽവെച്ചു ഞാൻ ഒരു കുഞ്ഞിനെ പ്രസവിച്ചു. 18ഞാൻ പ്രസവിച്ചതിന്റെ മൂന്നാം ദിവസം ഇവളും പ്രസവിച്ചു; ഞങ്ങൾ ഒന്നിച്ചായിരുന്നു; ഞങ്ങൾ രണ്ടുപേരും ഒഴികെ ആ വീട്ടിൽ മറ്റാരും ഞങ്ങളോടുകൂടെ ഉണ്ടായിരുന്നില്ല. 19എന്നാൽ രാത്രി ഇവൾ തന്റെ മകന്റെ മേൽ കിടന്നുപോയതുകൊണ്ടു അവൻ മരിച്ചു പോയി. 20അവൾ അർദ്ധരാത്രി എഴുന്നേറ്റു, അടിയൻ ഉറങ്ങുന്ന സമയം, അടിയന്റെ അരികെനിന്നു അടിയന്റെ മകനെ എടുത്തു അവളുടെ പള്ളെക്കലും അവളുടെ മരിച്ച മകനെ അടിയന്റെ പള്ളെക്കലും കിടത്തി. 21രാവിലെ കുഞ്ഞിന്നു മുലകൊടുപ്പാൻ അടിയൻ എഴുന്നേറ്റപ്പോൾ അതു മരിച്ചിരിക്കുന്നതു കണ്ടു; വെളിച്ചമായശേഷം അടിയൻ സൂക്ഷിച്ചുനോക്കിയാറെ അതു അടിയൻ പ്രസവിച്ച കുഞ്ഞല്ല. 22അതിന്നു മറ്റെ സ്ത്രീ: അങ്ങനെയല്ല; ജീവനുള്ളതു എന്റെ കുഞ്ഞു; മരിച്ചതു നിന്റെ കുഞ്ഞു എന്നു പറഞ്ഞു. ഇവളോ: മരിച്ചതു നിന്റെ കുഞ്ഞു; ജീവനുള്ളതു എന്റെ കുഞ്ഞു എന്നു പറഞ്ഞു. ഇങ്ങനെ അവർ രാജാവിന്റെ മുമ്പാകെ തമ്മിൽ വാദിച്ചു. 23അപ്പോൾ രാജാവു കല്പിച്ചതു: ജീവനുള്ളതു എന്റെ കുഞ്ഞു, മരിച്ചതു നിന്റെ കുഞ്ഞു എന്നു ഇവൾ പറയുന്നു; അങ്ങനെയല്ല, മരിച്ചതു നിന്റെ കുഞ്ഞു, ജീവനുള്ളതു എന്റെ കുഞ്ഞു എന്നു മറ്റേവൾ പറയുന്നു. 24ഒരു വാൾ കൊണ്ടുവരുവിൻ എന്നു രാജാവു കല്പിച്ചു. അവർ ഒരു വാൾ രാജസന്നിധിയിൽ കൊണ്ടുവന്നു. 25അപ്പോൾ രാജാവു: ജീവനുള്ള കുഞ്ഞിനെ രണ്ടായി പിളർന്നു പാതി ഒരുത്തിക്കും പാതി മറ്റേവൾക്കും കൊടുപ്പിൻ എന്നു കല്പിച്ചു. 26ഉടനെ ജീവനുള്ള കുഞ്ഞിന്റെ അമ്മ തന്റെ കുഞ്ഞിനെക്കുറിച്ചു ഉള്ളു കത്തുകകൊണ്ടു രാജാവിനോടു: അയ്യോ! എന്റെ തമ്പുരാനേ ജീവനുള്ള കുഞ്ഞിനെ കൊല്ലരുതേ; അതിനെ അവൾക്കു കൊടുത്തുകൊൾവിൻ എന്നു പറഞ്ഞു. മറ്റേവളോ: എനിക്കും വേണ്ടാ, നിനക്കും വേണ്ടാ; അതിനെ പിളർക്കട്ടെ എന്നു പറഞ്ഞു. 27അപ്പോൾ രാജാവു: ജീവനുള്ള കുഞ്ഞിനെ കൊല്ലരുതു; അവൾക്കു കൊടുപ്പിൻ; അവൾ തന്നേ അതിന്റെ തള്ള എന്നു കല്പിച്ചു. 28രാജാവു കല്പിച്ച വിധി യിസ്രായേൽ ഒക്കെയും കേട്ടു. ന്യായപാലനം ചെയ്‌വാൻ ദൈവത്തിന്റെ ജ്ഞാനം രാജാവിന്റെ ഉള്ളിൽ ഉണ്ടു എന്നു കണ്ടു അവനെ ഭയപ്പെട്ടു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in