2
1എന്നാൽ ഞാൻ വീണ്ടും നിങ്ങളുടെ അടുക്കൽ വരുന്നതു ദുഃഖത്തോടെ ആകരുതു എന്നു ഞാൻ നിർണ്ണയിച്ചു. 2ഞാൻ നിങ്ങളെ ദുഃഖിപ്പിച്ചാൽ എന്നാൽ ദുഃഖിതനായവൻ അല്ലാതെ എന്നെ സന്തോഷിപ്പിക്കുന്നതു ആർ? 3ഞാൻ ഇതു തന്നേ എഴുതിയതു ഞാൻ വന്നാൽ എന്നെ സന്തോഷിപ്പിക്കേണ്ടിയവരാൽ ദുഃഖം ഉണ്ടാകരുതു എന്നുവെച്ചും എന്റെ സന്തോഷം നിങ്ങൾക്കു എല്ലാവർക്കും സന്തോഷം ആയിരിക്കും എന്നു നിങ്ങളെ എല്ലാവരെയും കുറിച്ചു വിശ്വസിച്ചിരിക്കകൊണ്ടും ആകുന്നു. 4വളരെ കഷ്ടവും മനോവ്യസനവും ഉണ്ടായിട്ടു വളരെ കണ്ണുനീരോടുകൂടെ ഞാൻ നിങ്ങൾക്കു എഴുതിയതു നിങ്ങൾ ദുഃഖിക്കേണ്ടതിന്നല്ല, എനിക്കു നിങ്ങളോടുള്ള വലിയ സ്നേഹം നിങ്ങൾ അറിയേണ്ടതിന്നത്രേ.
5ഒരുവൻ എന്നെ ദുഃഖിപ്പിച്ചു എങ്കിൽ അവൻ എന്നെയല്ല ഒരുവിധത്തിൽ — ഞാൻ കണക്കിൽ ഏറെ പറയരുതല്ലോ — നിങ്ങളെ എല്ലാവരെയും ദുഃഖിപ്പിച്ചിരിക്കുന്നു. 6അവന്നു ഭൂരിപക്ഷത്താൽ ഉണ്ടായ ഈ ശിക്ഷ മതി. 7അവൻ അതിദുഃഖത്തിൽ മുങ്ങിപ്പോകാതിരിക്കേണ്ടതിന്നു നിങ്ങൾ അവനോടു ക്ഷമിക്കയും അവനെ ആശ്വസിപ്പിക്കയും തന്നേ വേണ്ടതു. 8അതുകൊണ്ടു നിങ്ങളുടെ സ്നേഹം അവന്നു ഉറപ്പിച്ചുകൊടുപ്പാൻ ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു. 9നിങ്ങൾ സകലത്തിലും അനുസരണമുള്ളവരോ എന്നു പരീക്ഷിച്ചറിയേണ്ടതിനുമായിരുന്നു ഞാൻ എഴുതിയതു. 10നിങ്ങൾ വല്ലതും ക്ഷമിക്കുന്നവനോടു ഞാനും ക്ഷമിക്കുന്നു; എന്നാൽ ഞാൻ വല്ലതും ക്ഷമിച്ചിരിക്കുന്നു എങ്കിൽ നിങ്ങൾ നിമിത്തം ക്രിസ്തുവിന്റെ സന്നിധാനത്തിൽ ക്ഷമിച്ചിരിക്കുന്നു. 11സാത്താൻ നമ്മെ തോല്പിക്കരുതു; അവന്റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ.
12 #
അപ്പൊ. പ്രവൃത്തികൾ 20:1
എന്നാൽ ഞാൻ ക്രിസ്തുവിന്റെ സുവിശേഷം അറിയിപ്പാൻ ത്രോവാസിൽ വന്നാറെ കർത്താവിന്റെ പ്രവൃത്തിക്കായി എനിക്കു ഒരു വാതിൽ തുറന്നുകിട്ടിയപ്പോൾ 13എന്റെ സഹോദരനായ തീതൊസിനെ കാണാഞ്ഞിട്ടു മനസ്സിൽ സ്വസ്ഥതയില്ലായ്കയാൽ ഞാൻ അവരോടു യാത്രപറഞ്ഞു മക്കെദോന്യെക്കു പുറപ്പെട്ടു. 14ക്രിസ്തുവിൽ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ടു തന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന്നു സ്തോത്രം. 15രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും നശിക്കുന്നവരുടെ ഇടയിലും ഞങ്ങൾ ദൈവത്തിന്നു ക്രിസ്തുവിന്റെ സൗരഭ്യവാസന ആകുന്നു; 16ഇവർക്കു മരണത്തിൽനിന്നു മരണത്തിലേക്കുള്ള വാസന, അവർക്കോ ജീവനിൽനിന്നു ജീവങ്കലേക്കുള്ള വാസന തന്നേ. എന്നാൽ ഇതിന്നു ആർ പ്രാപ്തൻ? 17ഞങ്ങൾ ദൈവവചനത്തിൽ കൂട്ടുചേർക്കുന്ന അനേകരെപ്പോലെ അല്ല, നിർമ്മലതയോടും ദൈവത്തിന്റെ കല്പനയാലും ദൈവസന്നിധിയിൽ ക്രിസ്തുവിൽ സംസാരിക്കുന്നു.