YouVersion Logo
Search Icon

യോഹന്നാൻ 1

1
1ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. 2അവൻ ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു. 3സകലവും അവൻമുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല. 4അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു. 5വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല. 6#മത്തായി 3:1; മർക്കൊസ് 1:4; ലൂക്കൊസ് 3:1,2ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ. 7അവൻ സാക്ഷ്യത്തിന്നായി, താൻമുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന്നു വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാൻ തന്നേ വന്നു. 8അവൻ വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിന്നു സാക്ഷ്യം പറയേണ്ടുന്നവനത്രേ. 9ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു. 10അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻമുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല. 11അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല. 12അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. 13അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു. 14വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു. 15യോഹന്നാൻ അവനെക്കുറിച്ചു സാക്ഷീകരിച്ചു: എന്റെ പിന്നാലെ വരുന്നവൻ എനിക്കു മുമ്പനായി തീർന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ എന്നു വിളിച്ചുപറഞ്ഞു. 16അവന്റെ നിറവിൽ നിന്നു നമുക്കു എല്ലാവർക്കും കൃപമേൽ കൃപ ലഭിച്ചിരിക്കുന്നു. 17ന്യായപ്രമാണം മോശെമുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തുമുഖാന്തരം വന്നു. 18ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.
19നീ ആർ എന്നു യോഹന്നാനോടു ചോദിക്കേണ്ടതിന്നു യെഹൂദന്മാർ യെരൂശലേമിൽനിന്നു പുരോഹിതന്മാരെയും ലേവ്യരെയും അവന്റെ അടുക്കൽ അയച്ചപ്പോൾ അവന്റെ സാക്ഷ്യം എന്തെന്നാൽ: അവൻ മറുക്കാതെ ഏറ്റുപറഞ്ഞു; 20ഞാൻ ക്രിസ്തു അല്ല എന്നു ഏറ്റു പറഞ്ഞു. 21#മലാഖി 4:5; ആവർത്തനപുസ്തകം 18:15,18പിന്നെ എന്തു? നീ ഏലീയാവോ എന്നു അവനോടു ചോദിച്ചതിന്നു: അല്ല എന്നു പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിന്നു: അല്ല എന്നു അവൻ ഉത്തരം പറഞ്ഞു. 22അവർ അവനോടു: നീ ആരാകുന്നു? ഞങ്ങളെ അയച്ചവരോടു ഉത്തരം പറയേണ്ടതിന്നു നീ നിന്നെക്കുറിച്ചു തന്നേ എന്തു പറയുന്നു എന്നു ചോദിച്ചു. 23#യെശയ്യാവു 40:3അതിന്നു അവൻ: യെശയ്യാപ്രവാചകൻ പറഞ്ഞതുപോലെ: കർത്താവിന്റെ വഴി നേരെ ആക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം ഞാൻ ആകുന്നു എന്നു പറഞ്ഞു. 24അയക്കപ്പെട്ടവർ പരീശന്മാരുടെ കൂട്ടത്തിലുള്ളവർ ആയിരുന്നു. 25എന്നാൽ നീ ക്രിസ്തുവല്ല, ഏലീയാവല്ല, ആ പ്രവാചകനും അല്ല എന്നു വരികിൽ നീ സ്നാനം കഴിപ്പിക്കുന്നതു എന്തു എന്നു അവർ ചോദിച്ചു. 26അതിന്നു യോഹന്നാൻ: ഞാൻ വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു; എന്നാൽ നിങ്ങൾ അറിയാത്ത ഒരുത്തൻ നിങ്ങളുടെ ഇടയിൽ നില്ക്കുന്നുണ്ടു; 27എന്റെ പിന്നാലെ വരുന്നവൻ തന്നേ; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാൻ ഞാൻ യോഗ്യൻ അല്ല എന്നു ഉത്തരം പറഞ്ഞു. 28ഇതു യോർദ്ദാന്നക്കരെ യോഹന്നാൻ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന ബേഥാന്യയിൽ സംഭവിച്ചു.
29പിറ്റെന്നാൾ യേശു തന്റെ അടുക്കൽ വരുന്നതു അവൻ കണ്ടിട്ടു: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു. 30എന്റെ പിന്നാലെ ഒരു പുരുഷൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീർന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ. 31ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും അവൻ യിസ്രായേലിന്നു വെളിപ്പെടേണ്ടതിന്നു ഞാൻ വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു. 32യോഹന്നാൻ പിന്നെയും സാക്ഷ്യം പറഞ്ഞതു: ആത്മാവു ഒരു പ്രാവുപോലെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരുന്നതു ഞാൻ കണ്ടു; അതു അവന്റെമേൽ വസിച്ചു. 33ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോടു: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു. 34അങ്ങനെ ഞാൻ കാണുകയും ഇവൻ ദൈവപുത്രൻ തന്നേ എന്നു സാക്ഷ്യം പറകയും ചെയ്തിരിക്കുന്നു.
35പിറ്റെന്നാൾ യോഹന്നാൻ പിന്നെയും തന്റെ ശിഷ്യന്മാരിൽ രണ്ടുപേരുമായി അവിടെ നില്ക്കുമ്പോൾ 36കടന്നുപോകുന്ന യേശുവിനെ നോക്കീട്ടു: ഇതാ, ദൈവത്തിന്റെ കുഞ്ഞാടു എന്നു പറഞ്ഞു. 37അവൻ പറഞ്ഞതു ആ രണ്ടു ശിഷ്യന്മാർ കേട്ടു യേശുവിനെ അനുഗമിച്ചു. 38യേശു തിരിഞ്ഞു അവർ പിന്നാലെ വരുന്നതു കണ്ടു അവരോടു: നിങ്ങൾ എന്തു അന്വേഷിക്കുന്നു എന്നു ചോദിച്ചു; അവർ: റബ്ബീ, എന്നു വെച്ചാൽ ഗുരോ, നീ എവിടെ പാർക്കുന്നു എന്നു ചോദിച്ചു. 39അവൻ അവരോടു: വന്നു കാണ്മിൻ എന്നു പറഞ്ഞു. അങ്ങനെ അവൻ വസിക്കുന്ന ഇടം അവർ കണ്ടു അന്നു അവനോടുകൂടെ പാർത്തു; അപ്പോൾ ഏകദേശം പത്താം മണിനേരം ആയിരുന്നു. 40യോഹന്നാൻ പറഞ്ഞതു കേട്ടു അവനെ അനുഗമിച്ച രണ്ടുപേരിൽ ഒരുത്തൻ ശിമോൻ പത്രൊസിന്റെ സഹോദരനായ അന്ത്രെയാസ് ആയിരുന്നു. 41അവൻ തന്റെ സഹോദരനായ ശിമോനെ ആദ്യം കണ്ടു അവനോടു: ഞങ്ങൾ മശീഹയെ എന്നുവെച്ചാൽ ക്രിസ്തുവെ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു. 42അവനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; യേശു അവനെ നോക്കി: നീ യോഹന്നാന്റെ പുത്രനായ ശിമോൻ ആകുന്നു; നിനക്കു കേഫാ എന്നു പേരാകും എന്നു പറഞ്ഞു; അതു പത്രൊസ് എന്നാകുന്നു.
43പിറ്റെന്നാൾ യേശു ഗലീലെക്കു പുറപ്പെടുവാൻ ഭാവിച്ചപ്പോൾ ഫിലിപ്പൊസിനെ കണ്ടു: എന്നെ അനുഗമിക്ക എന്നു അവനോടു പറഞ്ഞു. 44ഫിലിപ്പൊസോ അന്ത്രെയാസിന്റെയും പത്രൊസിന്റെയും പട്ടണമായ ബേത്ത്സയിദയിൽ നിന്നുള്ളവൻ ആയിരുന്നു. 45ഫിലിപ്പൊസ് നഥനയേലിനെ കണ്ടു അവനോടു: ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവൻ യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്ത്കാരൻ തന്നേ എന്നു പറഞ്ഞു. 46നഥനയേൽ അവനോടു: നസറെത്തിൽനിന്നു വല്ല നന്മയും വരുമോ എന്നു പറഞ്ഞു. ഫിലിപ്പൊസ് അവനോടു: വന്നു കാൺക എന്നു പറഞ്ഞു. 47നഥനയേൽ തന്റെ അടുക്കൽ വരുന്നതു യേശു കണ്ടു: ഇതാ, സാക്ഷാൽ യിസ്രായേല്യൻ; ഇവനിൽ കപടം ഇല്ല എന്നു അവനെക്കുറിച്ചു പറഞ്ഞു. 48നഥനയേൽ അവനോടു: എന്നെ എവിടെവെച്ചു അറിയും എന്നു ചോദിച്ചതിന്നു: ഫിലിപ്പൊസ് നിന്നെ വിളിക്കുംമുമ്പെ നീ അത്തിയുടെ കീഴിൽ ഇരിക്കുമ്പോൾ ഞാൻ നിന്നെ കണ്ടു എന്നു യേശു ഉത്തരം പറഞ്ഞു. 49നഥനയേൽ അവനോടു: റബ്ബീ, നീ ദൈവപുത്രൻ, നീ യിസ്രായേലിന്റെ രാജാവു എന്നു ഉത്തരം പറഞ്ഞു. 50യേശു അവനോടു: ഞാൻ നിന്നെ അത്തിയുടെ കീഴിൽ കണ്ടു എന്നു നിന്നോടു പറകകൊണ്ടു നീ വിശ്വസിക്കുന്നുവോ? നീ ഇതിനെക്കാൾ വലിയതു കാണും എന്നു ഉത്തരം പറഞ്ഞു. 51#ഉല്പത്തി 28:12ആമേൻ ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്റെ അടുക്കൽ ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങൾ കാണും എന്നും അവനോടു പറഞ്ഞു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in