YouVersion Logo
Search Icon

സദൃശവാക്യങ്ങൾ 9

9
1ജ്ഞാനമായവൾ തനിക്കു ഒരു വീടുപണിതു;
അതിന്നു ഏഴു തൂൺ തീർത്തു.
2അവൾ മൃഗങ്ങളെ അറുത്തു, വീഞ്ഞു കലക്കി,
തന്റെ മേശ ചമയിച്ചുമിരിക്കുന്നു.
3അവൾ തന്റെ ദാസികളെ അയച്ചു
പട്ടണത്തിലെ മേടകളിൽനിന്നു വിളിച്ചു പറയിക്കുന്നതു:
4അല്പബുദ്ധിയായവൻ ഇങ്ങോട്ടു വരട്ടെ;
ബുദ്ധിഹീനനോടോ അവൾ പറയിക്കുന്നതു;
5വരുവിൻ, എന്റെ അപ്പം തിന്നുകയും
ഞാൻ കലക്കിയ വീഞ്ഞു കുടിക്കയും ചെയ്‌വിൻ!
6ബുദ്ധിഹീനരേ, ബുദ്ധിഹീനത വിട്ടു ജീവിപ്പിൻ!
വിവേകത്തിന്റെ മാർഗ്ഗത്തിൽ നടന്നുകൊൾവിൻ.
7പരിഹാസിയെ ശാസിക്കുന്നവൻ ലജ്ജ സമ്പാദിക്കുന്നു;
ദുഷ്ടനെ ഭർത്സിക്കുന്നവന്നു കറ പറ്റുന്നു.
8പരിഹാസി നിന്നെ പകെക്കാതിരിക്കേണ്ടതിന്നു അവനെ ശാസിക്കരുതു;
ജ്ഞാനിയെ ശാസിക്ക; അവൻ നിന്നെ സ്നേഹിക്കും.
9ജ്ഞാനിയെ പ്രബോധിപ്പിക്ക, അവന്റെ ജ്ഞാനം വർദ്ധിക്കും;
നീതിമാനെ ഉപദേശിക്ക അവൻ വിദ്യാഭിവൃദ്ധി പ്രാപിക്കും.
10 # ഇയ്യോബ് 28:28; സങ്കീർത്തനങ്ങൾ 111:10; സദൃശവാക്യങ്ങൾ 1:7 യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭവും
പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു.
11ഞാൻ മുഖാന്തരം നിന്റെ നാളുകൾ പെരുകും;
നിനക്കു ദീർഘായുസ്സു ഉണ്ടാകും.
12നീ ജ്ഞാനിയാകുന്നുവെങ്കിൽ നിനക്കുവേണ്ടി തന്നേ ജ്ഞാനിയായിരിക്കും;
പരിഹസിക്കുന്നു എങ്കിലോ, നീ തന്നേ സഹിക്കേണ്ടിവരും.
13ഭോഷത്വമായവൾ മോഹപരവശയായിരിക്കുന്നു;
അവൾ ബുദ്ധിഹീന തന്നേ, ഒന്നും അറിയുന്നതുമില്ല.
14തങ്ങളുടെ പാതയിൽ നേരെ നടക്കുന്നവരായി
കടന്നുപോകുന്നവരെ വിളിക്കേണ്ടതിന്നു
15അവൾ പട്ടണത്തിലെ മേടകളിൽ
തന്റെ വീട്ടുവാതില്ക്കൽ ഒരു പീഠത്തിന്മേൽ ഇരിക്കുന്നു.
16അല്പബുദ്ധിയായവൻ ഇങ്ങോട്ടു വരട്ടെ;
ബുദ്ധിഹീനനോടോ അവൾ പറയുന്നതു;
17മോഷ്ടിച്ച വെള്ളം മധുരവും
ഒളിച്ചുതിന്നുന്ന അപ്പം രുചികരവും ആകുന്നു.
18എങ്കിലും മൃതന്മാർ അവിടെ ഉണ്ടെന്നും
അവളുടെ വിരുന്നുകാർ പാതാളത്തിന്റെ ആഴത്തിൽ
ഇരിക്കുന്നു എന്നും അവൻ അറിയുന്നില്ല.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in