YouVersion Logo
Search Icon

റോമർ 3

3
1എന്നാൽ യെഹൂദന്നു എന്തു വിശേഷത? അല്ല, പരിച്ഛേദനയാൽ എന്തു പ്രയോജനം? 2സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതു തന്നേ. 3ചിലർ വിശ്വസിച്ചില്ല എങ്കിൽ അവരുടെ അവിശ്വാസത്താൽ ദൈവത്തിന്റെ വിശ്വസ്തതെക്കു നീക്കം വരുമോ? 4#സങ്കീർത്തനങ്ങൾ 51:4ഒരുനാളും ഇല്ല.
“നിന്റെ വാക്കുകളിൽ നീ നീതീകരിക്കപ്പെടുവാനും നിന്റെ ന്യായവിസ്താരത്തിൽ ജയിപ്പാനും”
എന്നു എഴുതിയിരിക്കുന്നതുപോലെ ദൈവം സത്യവാൻ, സകല മനുഷ്യരും ഭോഷ്കു പറയുന്നവർ എന്നേ വരൂ. 5എന്നാൽ നമ്മുടെ അനീതി ദൈവത്തിന്റെ നീതിയെ പ്രസിദ്ധമാക്കുന്നു എങ്കിൽ നാം എന്തു പറയും? ശിക്ഷ നടത്തുന്ന ദൈവം നീതിയില്ലാത്തവൻ എന്നോ?— ഞാൻ മാനുഷരീതിയിൽ പറയുന്നു — ഒരുനാളുമല്ല; 6അല്ലെങ്കിൽ ദൈവം ലോകത്തെ എങ്ങനെ വിധിക്കും? 7ദൈവത്തിന്റെ സത്യം എന്റെ ഭോഷ്കിനാൽ അവന്റെ മഹത്വത്തിന്നായി അധികം തെളിവായി എങ്കിൽ എന്നെ പാപി എന്നു വിധിക്കുന്നതു എന്തു? 8നല്ലതു വരേണ്ടതിന്നു തീയതു ചെയ്ക എന്നു പറയരുതോ? ഞങ്ങൾ അങ്ങനെ പറയുന്നു എന്നു ചിലർ ഞങ്ങളെ ദുഷിച്ചുപറയുന്നുവല്ലോ. ഇവർക്കു വരുന്ന ശിക്ഷാവിധി നീതിയുള്ളതു തന്നേ.
9ആകയാൽ എന്തു? നമുക്കു വിശേഷതയുണ്ടോ? അശേഷമില്ല; യെഹൂദന്മാരും യവനന്മാരും ഒരുപോലെ പാപത്തിൻ കീഴാകുന്നു എന്നു നാം മുമ്പെ തെളിയിച്ചുവല്ലോ.
10 # സങ്കീർത്തനങ്ങൾ 14:1-3; 53:1-3 “നീതിമാൻ ആരുമില്ല. ഒരുത്തൻ പോലുമില്ല. 11ഗ്രഹിക്കുന്നവൻ ഇല്ല, ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല. 12എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തൻ പോലും ഇല്ല. 13#സങ്കീർത്തനങ്ങൾ 5:9; സങ്കീർത്തനങ്ങൾ 140:3അവരുടെ തൊണ്ട തുറന്ന ശവക്കുഴി: നാവുകൊണ്ടു അവർ ചതിക്കുന്നു; സർപ്പവിഷം അവരുടെ അധരങ്ങൾക്കു കീഴെ ഉണ്ടു. 14#സങ്കീർത്തനങ്ങൾ 10:7അവരുടെ വായിൽ ശാപവും കൈപ്പും നിറഞ്ഞിരിക്കുന്നു. 15#യെശയ്യാവു 59:7,8അവരുടെ കാൽ രക്തം ചൊരിയുവാൻ ബദ്ധപ്പെടുന്നു. 16നാശവും അരിഷ്ടതയും അവരുടെ വഴികളിൽ ഉണ്ടു. 17സമാധാനമാർഗ്ഗം അവർ അറിഞ്ഞിട്ടില്ല. 18#സങ്കീർത്തനങ്ങൾ 36:1അവരുടെ ദൃഷ്ടയിൽ ദൈവഭയം ഇല്ല”
എന്നിങ്ങനെ എഴുതിയിരിക്കുന്നുവല്ലോ.
19ന്യായപ്രമാണം പറയുന്നതു എല്ലാം ന്യായപ്രമാണത്തിൻ കീഴുള്ളവരോടു പ്രസ്താവിക്കുന്നു എന്നു നാം അറിയുന്നു. അങ്ങനെ ഏതു വായും അടഞ്ഞു സർവ്വലോകവും ദൈവസന്നിധിയിൽ ശിക്ഷായോഗ്യമായിത്തീരേണ്ടതത്രേ. 20#സങ്കീർത്തനങ്ങൾ 143:2; ഗലാത്യർ 2:16അതുകൊണ്ടു ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും അവന്റെ സന്നിധിയിൽ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താൽ പാപത്തിന്റെ പരിജ്ഞാനമത്രേ വരുന്നതു. 21ഇപ്പോഴോ ദൈവത്തിന്റെ നീതി, വിശ്വസിക്കുന്ന എല്ലാവർക്കും യേശുക്രിസ്തുവിങ്കലെ വിശ്വാസത്താലുള്ള ദൈവനീതി, തന്നേ, ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടുവന്നിരിക്കുന്നു. 22#ഗലാത്യർ 2:16അതിന്നു ന്യായപ്രമാണവും പ്രവാചകന്മാരും സാക്ഷ്യം പറയുന്നു. 23ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു, 24അവന്റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൗജന്യമായത്രേ നീതീകരിക്കപ്പെടുന്നതു. 25വിശ്വസിക്കുന്നവർക്കു അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്റെ പൊറുമയിൽ മുൻകഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്റെ നീതിയെ പ്രദർശിപ്പിപ്പാൻ, 26താൻ നീതിമാനും യേശുവിൽ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന്നു ഇക്കാലത്തു തന്റെ നീതിയെ പ്രദർശിപ്പിപ്പാൻ തന്നേ അങ്ങനെ ചെയ്തതു. 27ആകയാൽ പ്രശംസ എവിടെ? അതു പൊയ്പോയി. ഏതു മാർഗ്ഗത്താൽ? കർമ്മമാർഗ്ഗത്താലോ? അല്ല, വിശ്വാസമാർഗ്ഗത്താലത്രേ. 28അങ്ങനെ മനുഷ്യൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തികൂടാതെ വിശ്വാസത്താൽ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു. 29അല്ല, ദൈവം യെഹൂദന്മാരുടെ ദൈവം മാത്രമോ? ജാതികളുടെയും ദൈവമല്ലയോ? അതേ ജാതികളുടെയും ദൈവം ആകുന്നു. 30#ആവർത്തനപുസ്തകം 6:4; ഗലാത്യർ 3:20ദൈവം ഏകനല്ലോ; അവൻ വിശ്വാസംമൂലം പരിച്ഛേദനക്കാരെയും വിശ്വാസത്താൽ അഗ്രചർമ്മികളെയും നീതീകരിക്കുന്നു. 31ആകയാൽ നാം വിശ്വാസത്താൽ ന്യായപ്രമാണത്തെ ദുർബ്ബലമാക്കുന്നുവോ? ഒരു നാളും ഇല്ല; നാം ന്യായപ്രമാണത്തെ ഉറപ്പിക്കയത്രേ ചെയ്യുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in