YouVersion Logo
Search Icon

2 ശമുവേൽ 12

12
നാഥാൻ ദാവീദിനെ ശാസിക്കുന്നു
1യഹോവ നാഥാനെ ദാവീദിന്റെ അടുത്തേക്ക് അയച്ചു. അദ്ദേഹത്തിന്റെ അടുത്തെത്തി നാഥാൻ പറഞ്ഞു: “ഒരു പട്ടണത്തിൽ രണ്ട് ആളുകൾ ഉണ്ടായിരുന്നു, ഒരുവൻ ധനികൻ; മറ്റവൻ ദരിദ്രൻ. 2ധനവാന് ആടുമാടുകൾ അസംഖ്യം ഉണ്ടായിരുന്നു. 3ദരിദ്രന് ആകട്ടെ, അവൻ വിലയ്ക്കു വാങ്ങിയ ഒരു പെൺചെമ്മരിയാട്ടിൻകുട്ടിയല്ലാതെ മറ്റൊന്നും ഇല്ലായിരുന്നു. അയാൾ അതിനെ വളർത്തി. അയാളോടും അയാളുടെ കുട്ടികളോടും ഒപ്പം അതു വളർന്നുവന്നു. അയാളുടെ ഭക്ഷണത്തിന്റെ പങ്ക് അതു തിന്നു, അയാളുടെ പാനപാത്രത്തിൽനിന്നും അതു കുടിച്ചു; അയാളുടെ കൈത്തണ്ടിൽ അത് ഉറങ്ങുകപോലും ചെയ്തു. അത് അയാൾക്കൊരു മകളെപ്പോലെയായിരുന്നു.
4“അങ്ങനെയിരിക്കെ, ധനവാന്റെ വീട്ടിൽ ഒരു വഴിയാത്രക്കാരൻ വന്നു. തന്റെ സ്വന്തം ആടുകളിലോ മാടുകളിലോ ഒന്നിനെ പിടിച്ച് തന്റെ വീട്ടിൽവന്ന അതിഥിക്കുവേണ്ടി ഭക്ഷണമൊരുക്കാൻ അയാൾക്കു മനസ്സില്ലായിരുന്നു. പകരം, അയാൾ ആ ദരിദ്രന്റെ പെൺചെമ്മരിയാട്ടിൻകുട്ടിയെ പിടിച്ച് അതിഥിക്കുവേണ്ടി ഭക്ഷണമൊരുക്കി.”
5അപ്പോഴേക്കും ആ ധനികനോടുള്ള കോപംകൊണ്ടു ദാവീദ് ജ്വലിച്ചു. അദ്ദേഹം നാഥാനോടു പറഞ്ഞു: “യഹോവയാണെ, തീർച്ച, ഇതു ചെയ്ത ആ മനുഷ്യൻ മരണശിക്ഷ അർഹിക്കുന്നു! 6അയാൾ ഒരു ദയയുമില്ലാതെ ഈ വിധം ചെയ്തതുകൊണ്ട് ആ ആട്ടിൻകുട്ടിക്കുവേണ്ടി നാലിരട്ടി പകരം നൽകണം.”
7അപ്പോൾ നാഥാൻ ദാവീദിനോടു പറഞ്ഞു: “ആ മനുഷ്യൻ നീ തന്നെ! ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു: ‘ഞാൻ നിന്നെ ഇസ്രായേലിനു രാജാവായി അഭിഷേകംചെയ്തു; ശൗലിന്റെ കരങ്ങളിൽനിന്നു ഞാൻ നിന്നെ വിടുവിച്ചു. 8നിന്റെ യജമാനന്റെ ഭവനം ഞാൻ നിനക്കു തന്നു; നിന്റെ യജമാനന്റെ ഭാര്യമാരെയും നിന്റെ മാറിടത്തിൽ തന്നു. ഇസ്രായേൽ ഭവനത്തെയും യെഹൂദാ ഭവനത്തെയും ഞാൻ നിനക്കു നൽകി. ഇതെല്ലാം നന്നേ കുറവെങ്കിൽ ഞാൻ നിനക്ക് ഇനിയും അധികം നൽകുമായിരുന്നു. 9നീ യഹോവയുടെ ദൃഷ്ടിയിൽ തിന്മയായതു പ്രവർത്തിച്ച് അവിടത്തെ കൽപ്പനകളെ തിരസ്കരിച്ചതെന്തിന്? ഹിത്യനായ ഊരിയാവിനെ നീ വാളാൽ വീഴ്ത്തിയിട്ട് അയാളുടെ ഭാര്യയെ സ്വന്തമാക്കി. അമ്മോന്യരുടെ വാൾകൊണ്ട് നീ അവനെ കൊന്നു. 10അതിനാൽ വാൾ നിന്റെ ഭവനത്തെ ഒരിക്കലും വിട്ടൊഴിയുകയില്ല, കാരണം, നീ എന്നെ നിന്ദിച്ച് ഹിത്യനായ ഊരിയാവിന്റെ ഭാര്യയെ സ്വന്തമാക്കി.’
11“ഇതാ, യഹോവ അരുളിച്ചെയ്യുന്നു: ‘നിന്റെ സ്വന്തം ഗൃഹത്തിൽനിന്നുതന്നെ ഞാൻ നിനക്കു നാശം വരുത്താൻപോകുന്നു. നിന്റെ കണ്മുമ്പിൽവെച്ചുതന്നെ ഞാൻ നിന്റെ ഭാര്യമാരെ എടുത്ത് നിന്റെ സ്നേഹിതനു കൊടുക്കും. പകൽവെളിച്ചത്തിൽ അവൻ നിന്റെ ഭാര്യമാരോടുകൂടെ കിടക്കപങ്കിടും. 12നീ അതു രഹസ്യത്തിൽ ചെയ്തു; എന്നാൽ ഞാനത് ഇസ്രായേലെല്ലാം കാൺകെ പകൽവെളിച്ചത്തിൽ ചെയ്യും.’ ”
13അപ്പോൾ ദാവീദ് നാഥാനോട്, “ഞാൻ യഹോവയ്ക്കെതിരേ പാപം ചെയ്തുപോയി” എന്നു പറഞ്ഞു.
നാഥാൻ പറഞ്ഞു: “യഹോവ നിന്റെ പാപം നീക്കിക്കളഞ്ഞിരിക്കുന്നു. നീ മരിക്കുകയില്ല. 14എന്നാൽ, നിന്റെ ഈ പ്രവൃത്തിമൂലം യഹോവയെ അപമാനിച്ചു. അതിനാൽ നിനക്കു ജനിച്ച ആ മകൻ മരിക്കും, നിശ്ചയം.”
15നാഥാൻ സ്വഭവനത്തിലേക്കു മടങ്ങിപ്പോയിക്കഴിഞ്ഞപ്പോൾ ഊരിയാവിന്റെ ഭാര്യ ദാവീദിനു പ്രസവിച്ച കുഞ്ഞിനെ യഹോവ ബാധിച്ചു; അവൻ കഠിനരോഗിയായിത്തീർന്നു. 16ദാവീദ് കുഞ്ഞിനുവേണ്ടി ദൈവത്തോട് യാചിച്ചു. അദ്ദേഹം ഉപവസിച്ചു; മുറിയിൽക്കടന്ന് തറയിൽ ചാക്കുശീലയിൽ#12:16 ചി.കൈ.പ്ര. ചാക്കുശീലയിൽ എന്ന പ്രയോഗം കാണുന്നില്ല. കിടന്ന് രാത്രികൾ കഴിച്ചു. 17അദ്ദേഹത്തിന്റെ ഗൃഹപ്രമാണിമാർ അദ്ദേഹത്തെ നിലത്തുനിന്ന് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചുകൊണ്ട് അരികെത്തന്നെ നിന്നു. എന്നാൽ ദാവീദ് അതു കൂട്ടാക്കിയില്ല; അവരോടൊത്ത് യാതൊരു ഭക്ഷണവും കഴിച്ചില്ല.
18ഏഴാംദിവസം കുഞ്ഞു മരിച്ചുപോയി. കുഞ്ഞു മരിച്ചുപോയി എന്ന് ദാവീദിനോടു പറയാൻ അദ്ദേഹത്തിന്റെ ഭൃത്യന്മാർ ഭയപ്പെട്ടു. “കുഞ്ഞ് ജീവനോടെയിരുന്നപ്പോൾ നാം അദ്ദേഹത്തോടു സംസാരിച്ചു; പക്ഷേ, അദ്ദേഹം അതു ചെവിക്കൊണ്ടില്ല. പിന്നെ കുഞ്ഞു മരിച്ചുപോയി എന്നു നാം എങ്ങനെ അദ്ദേഹത്തോടു പറയും! നിരാശനായി അദ്ദേഹം വല്ല സാഹസവും പ്രവർത്തിച്ചേക്കാം!” അവർ ഇപ്രകാരം ചിന്തിച്ചു.
19തന്റെ ഭൃത്യന്മാർ പരസ്പരം രഹസ്യമായി സംസാരിക്കുന്നതു ദാവീദ് കണ്ടു. കുഞ്ഞു മരിച്ചുപോയിരിക്കുന്നു എന്ന് അദ്ദേഹം മനസ്സിലാക്കി. “കുഞ്ഞു മരിച്ചുപോയോ?” അദ്ദേഹം ചോദിച്ചു.
“അതേ! കുഞ്ഞു മരിച്ചുപോയി,” അവർ മറുപടി പറഞ്ഞു.
20അപ്പോൾ ദാവീദ് നിലത്തുനിന്നും എഴുന്നേറ്റു. അദ്ദേഹം കുളിച്ച് തൈലം പൂശി; വസ്ത്രംമാറി യഹോവയുടെ ആലയത്തിൽ ചെന്ന് ആരാധിച്ചു; പിന്നെ കൊട്ടാരത്തിൽ മടങ്ങിയെത്തി. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ഭൃത്യന്മാർ ഭക്ഷണം ഒരുക്കിവെച്ചു; അദ്ദേഹം ഭക്ഷിക്കുകയും ചെയ്തു.
21ഭൃത്യന്മാർ അദ്ദേഹത്തോടു ചോദിച്ചു: “അങ്ങ് ഈ വിധം പെരുമാറുന്നതെന്ത്? കുഞ്ഞ് ജീവനോടിരുന്നപ്പോൾ അങ്ങ് ഉപവസിക്കുകയും വിലപിക്കുകയും ചെയ്തു. എന്നാൽ ഇന്ന് കുഞ്ഞ് മരിച്ചുകഴിഞ്ഞപ്പോൾ അങ്ങ് എഴുന്നേൽക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നു!”
22അതിന് ദാവീദ് മറുപടി പറഞ്ഞു: “ശരിതന്നെ; കുഞ്ഞ് ജീവനോടെയിരുന്നപ്പോൾ ഞാൻ ഉപവസിക്കുകയും വിലപിക്കുകയും ചെയ്തു. ‘യഹോവയ്ക്ക് എന്നോടു കരുണതോന്നി കുഞ്ഞിന്റെ ജീവൻ രക്ഷിക്കുമോ! ആർക്കറിയാം!’ എന്നു ഞാൻ വിചാരിച്ചു. 23എന്നാൽ ഇപ്പോൾ അവൻ മരിച്ചു. ഇനി ഞാനെന്തിന് ഉപവസിച്ചുകൊണ്ടിരിക്കണം! അവനെ തിരികെ വരുത്താൻ എനിക്കു കഴിയുമോ? ഇനി ഞാൻ അവന്റെ അടുത്തേക്കു പോകുകയല്ലാതെ അവൻ എന്റെ അടുത്തേക്കു വരികയില്ലല്ലോ.”
24അതിനുശേഷം ദാവീദ് തന്റെ ഭാര്യയായ ബേത്ത്-ശേബയെ ആശ്വസിപ്പിച്ചു. അദ്ദേഹം അവളെ അറിഞ്ഞു; അവൾ ഒരു മകനെ പ്രസവിച്ചു. അവർ ആ കുട്ടിക്കു ശലോമോൻ എന്നു പേരിട്ടു. യഹോവ അവനെ സ്നേഹിച്ചു. 25യഹോവ അവനെ സ്നേഹിക്കുകയാൽ അവന് യെദീദെയാഹ്#12:25 യഹോവ സ്നേഹിക്കുന്നവൻ എന്നർഥം. എന്നു പേരിടുന്നതിന്, നാഥാൻ പ്രവാചകൻ മുഖാന്തരം യഹോവ കൽപ്പനകൊടുത്തു.
26ഈ സമയത്ത് യോവാബ് അമ്മോന്യരുടെ രബ്ബയ്ക്കെതിരേ പൊരുതി രാജകീയ കോട്ട പിടിച്ചെടുത്തു. 27അപ്പോൾ യോവാബ് ദൂതന്മാരെ അയച്ചു ദാവീദിനോടു പറയിച്ചു. “ഞാൻ രബ്ബയ്ക്കെതിരേ പൊരുതി അതിന്റെ ജലസംഭരണികൾ കൈവശപ്പെടുത്തിയിരിക്കുന്നു, 28അതിനാൽ ഇപ്പോൾ ശേഷമുള്ള പടയെക്കൂട്ടി നഗരത്തെ വളഞ്ഞ് അങ്ങുതന്നെ അതിനെ പിടിച്ചടക്കിയാലും! അല്ലാത്തപക്ഷം ഞാൻ അതിനെ പിടിച്ചടക്കുകയും അത് എന്റെ പേരിൽ അറിയപ്പെടുകയും ചെയ്യാൻ ഇടയാകുമല്ലോ!”
29അതിനാൽ ദാവീദ് സകലസൈന്യത്തെയുംകൂട്ടി രബ്ബയിലേക്കു ചെന്നു; അതിനെ ആക്രമിച്ചു കീഴടക്കി. 30ദാവീദ് അവരുടെ രാജാവിന്റെ തലയിൽനിന്ന് കിരീടം എടുത്തു—അതിന്റെ തൂക്കം ഒരു താലന്ത്#12:30 ഏക. 34 കി.ഗ്രാം. സ്വർണം; അതിൽ അമൂല്യരത്നങ്ങൾ പതിച്ചിരുന്നു—അതു ദാവീദിന്റെ ശിരസ്സിൽ വെക്കപ്പെട്ടു. ആ നഗരത്തിൽനിന്നു ധാരാളം കൊള്ളമുതലും അദ്ദേഹം പിടിച്ചെടുത്തു. 31അവിടത്തെ ജനങ്ങളെ അദ്ദേഹം കൊണ്ടുവന്ന് അറക്കവാളും ഇരുമ്പുകൂന്താലിയും കോടാലിയുംകൊണ്ടുള്ള പണികൾക്കായി നിയോഗിച്ചു; ഇഷ്ടികച്ചൂളയിലും#12:31 ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല. അവരെക്കൊണ്ടു പണിചെയ്യിച്ചു. എല്ലാ അമ്മോന്യനഗരങ്ങളോടും ദാവീദ് ഈ വിധംതന്നെ ചെയ്തു. അതിനുശേഷം ദാവീദും സകലസൈന്യവും ജെറുശലേമിലേക്കു മടങ്ങി.

Currently Selected:

2 ശമുവേൽ 12: MCV

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in