4
ദൈവജനത്തിന് വാഗ്ദാനം നൽകപ്പെട്ടിരിക്കുന്ന വിശ്രമം
1അവിടത്തെ സ്വസ്ഥതയിൽ പ്രവേശിക്കാനുള്ള വാഗ്ദാനം ഇപ്പോഴും നിലനിൽക്കുന്നു. നിങ്ങളിൽ ഒരാൾക്കും അതു നഷ്ടമാകാതിരിക്കാൻ നമുക്കു ശ്രദ്ധാലുക്കളായിരിക്കാം. 2നാമും അവരെപ്പോലെതന്നെ, സുവിശേഷം കേട്ടവരാണ്; വചനം കേട്ട് അനുസരിച്ചവരുടെ വിശ്വാസത്തിൽ പങ്കാളികളാകാതിരുന്നതുകൊണ്ട് കേട്ട സന്ദേശം അവർക്കു പ്രയോജനരഹിതമായിത്തീർന്നു.#4:2 ചി.കൈ.പ്ര. അവർ വിശ്വാസത്തോടുകൂടെ അംഗീകരിക്കാതിരുന്നു 3വിശ്വസിച്ചവരായ നാമാകട്ടെ, വിശ്രമത്തിലേക്കു പ്രവേശിക്കുന്നു;
“ ‘അതുകൊണ്ട് അവർ ഒരിക്കലും എന്റെ സ്വസ്ഥതയിൽ പ്രവേശിക്കുകയില്ല’
എന്നു ഞാൻ എന്റെ കോപത്തിൽ ശപഥംചെയ്തു,”#4:3 സങ്കീ. 95:11
എന്ന് അരുളിച്ചെയ്തിരിക്കുന്നല്ലോ. ദൈവം ലോകസ്ഥാപനസമയത്തുതന്നെ സൃഷ്ടികർമം പൂർത്തീകരിച്ചു. എങ്കിലും, 4“ഏഴാംദിവസം ദൈവം തന്റെ സകലപ്രവൃത്തിയിൽനിന്നും വിശ്രമിച്ചു”#4:4 ഉൽ. 2:2 എന്ന് ഏഴാംദിവസത്തെക്കുറിച്ച് ഒരിടത്ത് പ്രസ്താവിക്കുന്നു. 5“അവർ ഒരിക്കലും എന്റെ സ്വസ്ഥതയിൽ പ്രവേശിക്കുകയില്ല”#4:5 സങ്കീ. 95:11 എന്നു മേലുദ്ധരിച്ച ഭാഗത്തു വീണ്ടും പ്രസ്താവിക്കുന്നു.
6ചിലർക്ക് അതിൽ പ്രവേശിക്കാൻ അവസരം ശേഷിച്ചിരിക്കയാലും മുമ്പ് ഈ സുവിശേഷം കേട്ടവർ അനുസരണക്കേടിനാൽ പ്രവേശിക്കാതെ പോയതിനാലും 7“ഇന്ന്” എന്നൊരു ദിവസം ദൈവം പിന്നെയും നിശ്ചയിച്ചിട്ടുണ്ട് എന്ന് ദീർഘകാലത്തിനുശേഷം ദാവീദിലൂടെ സൂചിപ്പിക്കുന്നു.
“ഇന്നു നിങ്ങൾ ദൈവശബ്ദം കേൾക്കുന്നെങ്കിൽ
നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്.”#4:7 സങ്കീ. 95:7,8
8യോശുവ അവർക്കു സ്വസ്ഥത നൽകിയിരുന്നെങ്കിൽ പിന്നീടു മറ്റൊരു ദിവസത്തെക്കുറിച്ചു ദൈവം അരുളിച്ചെയ്യുകയില്ലായിരുന്നു. 9അതിനാൽ ദൈവജനത്തിന് ഒരു ശബ്ബത്ത്#4:9 യെഹൂദർ വിശുദ്ധദിവസമായും വിശ്രമദിവസമായും ആചരിച്ചുവന്ന ആഴ്ചയിലെ ഏഴാംദിവസമാണ് ശബ്ബത്ത്. വിശ്രമം അവശേഷിക്കുന്നുണ്ട്. 10ദൈവം തന്റെ പ്രവൃത്തിയിൽനിന്ന് വിശ്രമിച്ചതുപോലെ, ദൈവത്തിന്റെ സ്വസ്ഥതയിൽ പ്രവേശിച്ചയാൾ സ്വപ്രയത്നത്തിൽനിന്നും വിശ്രമിക്കുന്നു. 11അതിനാൽ ഇസ്രായേലിന്റെ അനുസരണക്കേട് മാതൃകയാക്കി, ആരും വീണുപോകാതിരിക്കാൻമാത്രമല്ല, ആ വിശ്രമത്തിൽ പ്രവേശിക്കാനും നമുക്ക് ഉത്സാഹിക്കാം.
12ദൈവവചനം സജീവവും സചേതനവുമാണ്. അത് ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനും ആത്മാവും സന്ധിമജ്ജകളും വേർപെടുംവരെ തുളഞ്ഞുകയറുന്നതും ഹൃദയത്തിലെ ചിന്തകളും ഭാവങ്ങളും വ്യവച്ഛേദിക്കുന്നതും ആകുന്നു. 13ദൈവദൃഷ്ടിയിൽനിന്ന് ഒരു സൃഷ്ടിയും മറഞ്ഞിരിക്കുന്നില്ല. സകലതും അവിടത്തെ കൺമുമ്പിൽ അനാവൃതവും തുറന്നതുമായിരിക്കുന്നു. അവിടത്തോടാണ് നമുക്കു കണക്കു ബോധിപ്പിക്കാൻ ഉള്ളത്.
യേശു ശ്രേഷ്ഠമഹാപുരോഹിതൻ
14സ്വർഗാരോഹണം#4:14 മൂ.ഭാ. ആകാശത്തിലൂടെ കടന്നുപോയ ചെയ്ത ദൈവപുത്രനായ യേശു നമ്മുടെ അതിശ്രേഷ്ഠ മഹാപുരോഹിതനായി ഉള്ളതുകൊണ്ട് നമ്മുടെ വിശ്വാസം മുറുകെപ്പിടിക്കാം. 15നമ്മുടെ ദൗർബല്യങ്ങളിൽ സഹതപിക്കാൻ കഴിയാത്ത ഒരാളല്ല നമുക്കു മഹാപുരോഹിതനായി ഉള്ളത്; മറിച്ച്, അവിടന്ന് നമ്മെപ്പോലെ സകലത്തിലും പ്രലോഭിപ്പിക്കപ്പെട്ടിട്ടും പാപരഹിതനായിരുന്നു. 16അതുകൊണ്ടു കരുണയും കൃപയും യഥാസമയം സഹായവും ലഭിക്കാനായി നമുക്കു ധൈര്യപൂർവം കൃപയുടെ സിംഹാസനത്തിന് അടുത്തുചെല്ലാം.