YouVersion Logo
Search Icon

യെശയ്യാവ് 43

43
ഇസ്രായേലിന്റെ ഏകരക്ഷകൻ
1ഇപ്പോഴോ യാക്കോബേ, നിന്റെ സ്രഷ്ടാവും
ഇസ്രായേലേ, നിന്നെ രൂപപ്പെടുത്തിയവനുമായ
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ഭയപ്പെടേണ്ട, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു;
ഞാൻ നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു; നീ എന്റേതാണ്.
2നീ വെള്ളത്തിൽക്കൂടി കടന്നുപോകുമ്പോൾ,
ഞാൻ നിന്നോടൊപ്പമുണ്ടാകും;
നദികളിൽക്കൂടി കടക്കുമ്പോൾ,
അവ നിന്റെമീതേ കവിഞ്ഞൊഴുകുകയില്ല.
തീയിൽക്കൂടി നീ നടന്നാൽ,
നിനക്കു പൊള്ളൽ ഏൽക്കുകയില്ല;
തീജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല.
3കാരണം ഞാൻ നിന്റെ ദൈവമായ യഹോവ ആകുന്നു,
നിന്റെ രക്ഷകനായ ഇസ്രായേലിന്റെ പരിശുദ്ധൻതന്നെ.
ഞാൻ ഈജിപ്റ്റിനെ നിന്റെ വീണ്ടെടുപ്പുവിലയായും
കൂശിനെയും സേബയെയും നിനക്കു പകരമായും നൽകിയിരിക്കുന്നു.
4നീ എന്റെ ദൃഷ്ടിയിൽ വിലപ്പെട്ടവനും ബഹുമാനിതനും ആകുകയാലും
ഞാൻ നിന്നെ സ്നേഹിക്കുകയാലും
ഞാൻ നിനക്കുപകരം മനുഷ്യരെയും
നിന്റെ ജീവനുപകരം രാഷ്ട്രങ്ങളെയും കൊടുക്കുന്നു.
5ഭയപ്പെടേണ്ട, ഞാൻ നിന്നോടുകൂടെയുണ്ട്;
ഞാൻ നിന്റെ സന്തതിയെ കിഴക്കുനിന്നു വരുത്തുകയും
പടിഞ്ഞാറുനിന്ന് നിന്നെ ശേഖരിക്കുകയും ചെയ്യും.
6ഞാൻ വടക്കിനോട്, ‘അവരെ വിട്ടയയ്ക്കുക’ എന്നും
തെക്കിനോട്, ‘അവരെ തടഞ്ഞുവെക്കരുത്’ എന്നും കൽപ്പിക്കും.
എന്റെ പുത്രന്മാരെ ദൂരത്തുനിന്നും
എന്റെ പുത്രിമാരെ ഭൂമിയുടെ അറ്റത്തുനിന്നും കൊണ്ടുവരിക—
7എന്റെ പേരിൽ വിളിക്കപ്പെട്ടും
എന്റെ മഹത്ത്വത്തിനായി ഞാൻ സൃഷ്ടിച്ചും
ഞാൻതന്നെ രൂപപ്പെടുത്തിയുമിരിക്കുന്ന എല്ലാവരെയുംതന്നെ.”
8കണ്ണുണ്ടായിട്ടും അന്ധരായും ചെവിയുണ്ടായിട്ടും ബധിരരായും
ഇരിക്കുന്നവരെ കൂട്ടിക്കൊണ്ടുവരിക.
9സകലരാഷ്ട്രങ്ങളും ഒരുമിച്ചു കൂടട്ടെ,
ജനതകൾ ചേർന്നുവരട്ടെ.
അവരിൽ ആരുടെ ദേവതകൾക്ക് ഇതു നമ്മെ അറിയിക്കാനും
പൂർവകാര്യങ്ങൾ കാണിച്ചുതരുന്നതിനും കഴിയും?
അവർ നീതീകരിക്കപ്പെടേണ്ടതിന് സാക്ഷികളെ കൊണ്ടുവരട്ടെ,
അവർ കേട്ടിട്ട്, “ഇതു സത്യംതന്നെ” എന്നു പറയട്ടെ.
10“നിങ്ങൾ എന്നെ അറിഞ്ഞു വിശ്വസിക്കേണ്ടതിനും
അത് ഞാൻ ആകുന്നു എന്നു ഗ്രഹിക്കേണ്ടതിനും
നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തെരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസരുമത്രേ,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“എനിക്കുമുമ്പ് ഒരു ദൈവം ഉണ്ടായിട്ടില്ല,
എനിക്കുശേഷം ആരും ഉണ്ടാകുകയുമില്ല.
11ഞാൻ, ഞാൻ ആകുന്നു യഹോവ,
ഞാനല്ലാതെ മറ്റൊരു രക്ഷകനുമില്ല.
12ഞാൻതന്നെയാണു വെളിപ്പെടുത്തുകയും രക്ഷിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തത്;
നിങ്ങളുടെ ഇടയിലുള്ള ഒരു അന്യദേവതയും ആയിരുന്നില്ല;
നിങ്ങൾ എന്റെ സാക്ഷികൾതന്നെ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു, “ഞാൻ ആകുന്നു ദൈവം.
13നിത്യതമുതൽതന്നെ അതു ഞാൻ ആകുന്നു.
എന്റെ കൈയിൽനിന്ന് വിടുവിക്കാൻ കഴിവുള്ള ആരുമില്ല.
ഞാൻ പ്രവർത്തിക്കുമ്പോൾ, അതിനെ തടുക്കാൻ ആർക്കു കഴിയും?”
ദൈവത്തിന്റെ കരുണയും ഇസ്രായേലിന്റെ അവിശ്വസ്തതയും
14നിങ്ങളുടെ വീണ്ടെടുപ്പുകാരനും ഇസ്രായേലിന്റെ പരിശുദ്ധനുമായ
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ഞാൻ നിങ്ങൾക്കുവേണ്ടി ബാബേലിലേക്ക് സൈന്യത്തെ അയച്ച്
ബാബേല്യരായ#43:14 അഥവാ, കൽദയരായ എല്ലാവരെയും അവരുടെ അഭിമാനമായിരുന്ന
ആ കപ്പലുകളിൽത്തന്നെ പലായിതരാക്കി തിരികെകൊണ്ടുവരും.
15ഞാൻ നിങ്ങളുടെ പരിശുദ്ധനായ യഹോവയും
ഇസ്രായേലിന്റെ സ്രഷ്ടാവും നിങ്ങളുടെ രാജാവുംതന്നെ.”
16സമുദ്രത്തിലൂടെ വഴിയും
പെരുവെള്ളത്തിലൂടെ പാതയും സൃഷ്ടിച്ച്,
രഥം, കുതിര, സൈന്യം, പോഷകസൈന്യം
17എന്നിവയെ ഒരുമിച്ചു പുറപ്പെടുവിച്ച്,
അവരെ ഒരുപോലെവീഴ്ത്തി, ഒരിക്കലും എഴുന്നേൽക്കാൻ ഇടയാകാതെ,
അണച്ചുകളഞ്ഞ; വിളക്കുതിരിപോലെ കെടുത്തിക്കളഞ്ഞ,
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
18“പൂർവകാര്യങ്ങൾ നിങ്ങൾ ഓർക്കരുത്;
കഴിഞ്ഞകാലത്തെ കാര്യങ്ങൾ ചിന്തിക്കുകയുമരുത്.
19ഇതാ, ഞാൻ പുതിയൊരു കാര്യം ചെയ്യുന്നു!
ഇപ്പോൾ അത് ഉത്ഭവിക്കും; നിങ്ങൾ അത് അറിയുകയില്ലേ?
ഞാൻ മരുഭൂമിയിൽ ഒരു വഴിയും
തരിശുഭൂമിയിൽ അരുവികളും ഉണ്ടാക്കും.
20എന്റെ തെരഞ്ഞെടുക്കപ്പെട്ട ജനത്തിനു കുടിക്കുന്നതിനായി
ഞാൻ മരുഭൂമിയിൽ വെള്ളവും
തരിശുഭൂമിയിൽ അരുവികളും ഉണ്ടാക്കിയിരിക്കുകയാൽ
വന്യമൃഗങ്ങളും കുറുനരികളും
ഒട്ടകപ്പക്ഷികളും എന്നെ മഹത്ത്വപ്പെടുത്തും.
21എനിക്കുവേണ്ടി ഞാൻ നിർമിച്ച എന്റെ ജനം
എന്റെ സ്തുതി വിളംബരംചെയ്യും.
22“എന്നിട്ടും യാക്കോബേ, നീ എന്നെ വിളിച്ചപേക്ഷിച്ചിട്ടില്ല,
ഇസ്രായേലേ, നിങ്ങൾ എന്നെക്കുറിച്ചു മടുപ്പുള്ളവരായിത്തീർന്നു.
23നിങ്ങൾ ഹോമയാഗങ്ങൾക്കുള്ള കുഞ്ഞാടുകളെ എനിക്കു കൊണ്ടുവന്നില്ല,
നിങ്ങളുടെ യാഗങ്ങളാൽ എന്നെ ബഹുമാനിച്ചിട്ടുമില്ല.
ഭോജനയാഗങ്ങൾകൊണ്ട് ഞാൻ നിങ്ങളെ ഭാരപ്പെടുത്തുകയോ
സുഗന്ധധൂപത്തിനായി നിങ്ങളെ അസഹ്യപ്പെടുത്തുകയോ ചെയ്തിട്ടില്ല.
24നിങ്ങൾ പണം മുടക്കി എനിക്കുവേണ്ടി സുഗന്ധച്ചെടി കൊണ്ടുവന്നിട്ടില്ല,
ഹനനയാഗങ്ങളുടെ മേദസ്സിനാൽ എന്നെ തൃപ്തനാക്കിയിട്ടുമില്ല.
എന്നാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളാൽ എന്നെ ഭാരപ്പെടുത്തുകയും
നിങ്ങളുടെ അകൃത്യങ്ങളാൽ എന്നെ അസഹ്യപ്പെടുത്തുകയുമാണ് ചെയ്തിട്ടുള്ളത്.
25“ഞാൻ, ഞാൻതന്നെയാണ്
നിങ്ങളുടെ അതിക്രമങ്ങൾ എന്റെനിമിത്തം മായിച്ചുകളയുന്നത്,
നിങ്ങളുടെ പാപങ്ങൾ ഞാൻ ഇനിമേൽ ഓർക്കുകയുമില്ല.
26എനിക്കായി ഭൂതകാലം ഒന്നു പുനർവിചിന്തനംചെയ്യാം;
നമുക്കുതമ്മിൽ വ്യവഹരിക്കാം;
നീ നിരപരാധിത്വത്തിനുവേണ്ടി വാദിച്ചുകൊൾക.
27നിന്റെ ആദ്യപിതാവു പാപംചെയ്തു;
നിങ്ങളെ അഭ്യസിപ്പിക്കാൻ ഞാൻ അയച്ചവർതന്നെ എനിക്കെതിരേ മത്സരിച്ചു.
28അതുകൊണ്ട് ഞാൻ വിശുദ്ധമന്ദിരത്തിന്റെ അധികാരികളെ അപമാനിതരാക്കി;
യാക്കോബിനെ സംഹാരത്തിനും
ഇസ്രായേലിനെ നിന്ദയ്ക്കും ഏൽപ്പിച്ചുകൊടുത്തു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in