YouVersion Logo
Search Icon

യോഹന്നാൻ 14

14
യേശു ശിഷ്യന്മാരെ ആശ്വസിപ്പിക്കുന്നു
1“നിങ്ങളുടെ ഹൃദയം അതിദുഃഖിതമാകരുത്; ദൈവത്തിൽ വിശ്വസിക്കുക, എന്നിലും വിശ്വസിക്കുക. 2എന്റെ പിതാവിന്റെ ഭവനത്തിൽ നിവാസയോഗ്യമായ സ്ഥലം വളരെയുണ്ട്. അങ്ങനെ അല്ലായിരുന്നെങ്കിൽ ഞാൻ നിങ്ങൾക്കുവേണ്ടി സ്ഥലമൊരുക്കാൻ പോകുന്നെന്നു പറയുമായിരുന്നോ? 3ഞാൻ പോയി സ്ഥലമൊരുക്കിക്കഴിയുമ്പോൾ, നിങ്ങളും എന്നോടൊപ്പം ഞാൻ ആയിരിക്കുന്നേടത്ത് ആകേണ്ടതിന്, മടങ്ങിവന്നു നിങ്ങളെ എന്റെ അടുക്കൽ ചേർക്കും. 4ഞാൻ പോകുന്ന സ്ഥലത്തേക്കുള്ള വഴി നിങ്ങൾക്കറിയാം.”
യേശു പിതാവിലേക്കുള്ള വഴി
5“കർത്താവേ, അങ്ങ് എവിടേക്കു പോകുന്നെന്ന് ഞങ്ങൾക്ക് അറിഞ്ഞുകൂടാ. പിന്നെ അവിടേക്കുള്ള വഴി എങ്ങനെ അറിയും?” എന്ന് തോമസ് അദ്ദേഹത്തോടു ചോദിച്ചു.
6അതിന് യേശു മറുപടി പറഞ്ഞു: “ഞാൻതന്നെ വഴിയും സത്യവും ജീവനും ആകുന്നു. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല. 7നിങ്ങൾ വാസ്തവമായി എന്നെ അറിഞ്ഞിരുന്നെങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു. ഇപ്പോൾമുതൽ നിങ്ങൾ പിതാവിനെ അറിയുന്നു; കണ്ടുമിരിക്കുന്നു.”
8അപ്പോൾ ഫിലിപ്പൊസ്, “കർത്താവേ, പിതാവിനെ ഞങ്ങൾക്ക് ഒന്നു കാണിച്ചുതന്നാലും, ഞങ്ങൾക്ക് അതുമാത്രം മതി” എന്നു പറഞ്ഞു.
9അതിനുത്തരമായി യേശു, “ഇത്രയേറെക്കാലം ഞാൻ നിങ്ങളോടുകൂടെ ആയിരുന്നിട്ടും ഫിലിപ്പൊസേ, നിനക്ക് എന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ലേ? എന്നെ കണ്ടയാൾ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ ‘പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരണം’ എന്നു നീ പറയുന്നതെങ്ങനെ? 10ഞാൻ പിതാവിലും പിതാവ് എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലേ? ഞാൻ നിങ്ങളോടു പറയുന്ന വാക്കുകൾ എന്റെ സ്വന്തം അധികാരത്തിൽനിന്നുള്ളവയല്ല; എന്നിൽ വസിക്കുന്ന പിതാവ് അവിടത്തെ പ്രവൃത്തികൾ എന്നിലൂടെ നിറവേറ്റുകമാത്രമാണു ചെയ്യുന്നത്. 11‘പിതാവ് എന്നിലും ഞാൻ പിതാവിലും ആകുന്നു’ എന്നു ഞാൻ പറയുന്നതു വിശ്വസിക്കുക; അല്ലെങ്കിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾനിമിത്തം വിശ്വസിക്കുക. 12സത്യം, സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നയാളും ചെയ്യും; ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതുകൊണ്ട് അതിലും മഹത്തായ പ്രവൃത്തികൾ അയാൾ ചെയ്യും. 13പിതാവ് പുത്രനിൽ മഹത്ത്വപ്പെടേണ്ടതിന് നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതൊക്കെയും ഞാൻ ചെയ്തുതരും. 14എന്റെ നാമത്തിൽ നിങ്ങൾ എന്നോട് അപേക്ഷിക്കുന്നതെന്തും ഞാൻ ചെയ്തുതരും.
യേശു പരിശുദ്ധാത്മാവിനെ വാഗ്ദാനംചെയ്യുന്നു
15“നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കൽപ്പനകൾ അനുസരിക്കും. 16ഞാൻ പിതാവിനോട് അപേക്ഷിക്കുകയും നിങ്ങളോടുകൂടെ എന്നേക്കും ഇരിക്കേണ്ടതിന് അവിടന്ന് നിങ്ങൾക്കു സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ നൽകുകയും ചെയ്യും. 17ലൗകികർക്ക് ഈ ആത്മാവിനെ, സത്യത്തിന്റെ ആത്മാവിനെത്തന്നെ, സ്വീകരിക്കാൻ കഴിയുകയില്ല. ലോകം ഈ ആത്മാവിനെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല. എന്നാൽ നിങ്ങൾ സത്യത്തിന്റെ ആത്മാവിനെ അറിയുന്നു. കാരണം അവിടന്നു നിങ്ങളോടുകൂടെ ഇരിക്കുന്നു; നിങ്ങളിൽ വസിക്കുകയും ചെയ്യും. 18ഞാൻ നിങ്ങളെ അനാഥരായി ഉപേക്ഷിക്കുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽവരും. 19അൽപ്പകാലത്തിനുശേഷം ലോകത്തിന് എന്നെ കാണാൻ കഴിയുകയില്ല, എന്നാൽ നിങ്ങൾക്ക് കഴിയും. ഞാൻ ജീവിക്കുന്നതിനാൽ നിങ്ങളും ജീവിക്കും. 20ഞാൻ എന്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലുമെന്ന് അന്നാളിൽ നിങ്ങൾ ഗ്രഹിക്കും. 21എന്റെ കൽപ്പനകൾ സ്വീകരിച്ച് അനുസരിക്കുന്നവർ എന്നെ സ്നേഹിക്കുന്നു; എന്നെ സ്നേഹിക്കുന്നവരെ എന്റെ പിതാവു സ്നേഹിക്കും. ഞാനും അവരെ സ്നേഹിക്കുകയും എന്നെത്തന്നെ അവർക്കു വെളിപ്പെടുത്തുകയും ചെയ്യും.”
22അപ്പോൾ ഈസ്കര്യോത്ത് അല്ലാത്ത യൂദാ ചോദിച്ചു: “കർത്താവേ, അവിടന്നു ലോകത്തിനല്ല, ഞങ്ങൾക്കുതന്നെ സ്വയം വെളിപ്പെടുത്താൻ ഇച്ഛിക്കുന്നതെന്തുകൊണ്ട്?”
23യേശു മറുപടി പറഞ്ഞു: “എന്നെ സ്നേഹിക്കുന്നവർ എന്റെ ഉപദേശം അനുസരിക്കും. എന്റെ പിതാവ് അവരെ സ്നേഹിക്കും; ഞങ്ങൾ അവരുടെ അടുക്കൽവന്ന് അവരോടുകൂടെ വസിക്കും. 24എന്നെ സ്നേഹിക്കാത്തവർ എന്റെ ഉപദേശം അനുസരിക്കുകയില്ല. നിങ്ങൾ കേൾക്കുന്ന ഈ വചനങ്ങൾ എന്റെ സ്വന്തമല്ല; എന്നെ അയച്ച പിതാവിന്റേതാണ്.
25“ഞാൻ നിങ്ങളോടുകൂടെ ഉള്ളപ്പോൾത്തന്നെ ഇതെല്ലാം നിങ്ങളോടു സംസാരിച്ചിരിക്കുന്നു. 26എന്നാൽ, പിതാവ് എന്റെ നാമത്തിൽ അയയ്ക്കാനിരിക്കുന്ന ആശ്വാസപ്രദനായ പരിശുദ്ധാത്മാവ് എല്ലാക്കാര്യങ്ങളും നിങ്ങൾക്ക് ഉപദേശിച്ചുതരികയും ഞാൻ പറഞ്ഞിട്ടുള്ള കാര്യങ്ങൾ നിങ്ങളെ ഓർമിപ്പിക്കുകയും ചെയ്യും. 27സമാധാനം ഞാൻ നിങ്ങൾക്കു തന്നിട്ടുപോകുന്നു. ഞാൻ നിങ്ങൾക്കു തരുന്നത് എന്റെ സമാധാനമാണ്, അത് ലോകം തരുന്നതുപോലെ അല്ല. നിങ്ങളുടെ ഹൃദയം അതിദുഃഖിതമാകരുത്; നിങ്ങൾ ഭയന്നുപോകുകയുമരുത്.
28“ ‘ഞാൻ പോകുന്നു എന്നും നിങ്ങളുടെ അടുക്കൽ മടങ്ങിവരും’ എന്നും പറഞ്ഞതു നിങ്ങൾ ശ്രദ്ധിച്ചല്ലോ. നിങ്ങൾക്കെന്നോടു സ്നേഹമുണ്ടെങ്കിൽ, എന്റെ പിതാവിന്റെ അടുത്തേക്കു ഞാൻ പോകുന്നതിൽ നിങ്ങൾ ആനന്ദിക്കുമായിരുന്നു; പിതാവ് എന്നെക്കാൾ വലിയവനല്ലോ. 29ഇതെല്ലാം സംഭവിക്കുമ്പോൾ നിങ്ങൾക്കു വിശ്വാസമുണ്ടാകേണ്ടതിനാണ്, സംഭവിക്കുന്നതിനുമുമ്പേതന്നെ സൂചന നൽകുന്നത്. 30ഇനിയും ഞാൻ അധികമൊന്നും നിങ്ങളോടു സംസാരിക്കുകയില്ല. ഈ ലോകത്തിന്റെ അധിപതി വരുന്നു. അവന് എന്റെമേൽ ഒരധികാരവുമില്ല. 31എങ്കിലും ഞാൻ പിതാവിനെ സ്നേഹിക്കുന്നു എന്നും പിതാവ് എന്നോടു കൽപ്പിച്ചിട്ടുള്ളതുമാത്രം ഞാൻ ചെയ്യുന്നു എന്നും ലോകം മനസ്സിലാക്കാൻ ഇടയാകേണ്ടതിനാണ് അവൻ വരുന്നത്.
“വരിക; നമുക്ക് ഇവിടെനിന്നു പോകാം.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in