YouVersion Logo
Search Icon

രൂത്ത് 2

2
വയലിൽവെച്ച് രൂത്ത് ബോവസിനെ കണ്ടുമുട്ടുന്നു
1നവൊമിയുടെ ഭർത്താവായ എലീമെലെക്കിന്റെ കുടുംബത്തിൽ ധനവാനും ആദരണീയനുമായ ഒരു ബന്ധു ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര് ബോവസ് എന്നായിരുന്നു.
2മോവാബ്യയായ രൂത്ത് നവൊമിയോട്, “എന്നോട് ദയതോന്നി എനിക്ക് അനുവാദം തരുന്ന ആരുടെയെങ്കിലും വയലിൽ കാലാപെറുക്കാൻ ഞാൻ പോകട്ടെ” എന്നു ചോദിച്ചു.
നവൊമി അവളോട്, “എന്റെ മോളേ, പോയ്ക്കൊള്ളൂ” എന്നു പറഞ്ഞു. 3അങ്ങനെ അവൾ പുറപ്പെട്ട് വയലിൽ കൊയ്ത്തുകാരുടെ പിറകേ നടന്ന് കാലാപെറുക്കി. അവൾ എലീമെലെക്കിന്റെ കുടുംബത്തിലുള്ള ബോവസിന്റെ വയലിൽ ജോലിക്ക് എത്തിച്ചേർന്നു എന്നനിലയിൽ കാര്യങ്ങൾ സംഭവിച്ചു.
4ആ സമയത്തുതന്നെ ബോവസ് ബേത്ലഹേമിൽനിന്നു വന്നു; അദ്ദേഹം കൊയ്ത്തുകാരെ അഭിവാദ്യംചെയ്ത്, “യഹോവ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ!” എന്നു പറഞ്ഞു.
“യഹോവ അങ്ങയെ അനുഗ്രഹിക്കട്ടെ!” എന്ന് അവരും അദ്ദേഹത്തോടു പറഞ്ഞു.
5ബോവസ് കൊയ്ത്തുകാരുടെ മേൽനോട്ടക്കാരനായ ഭൃത്യനോട്: “ആ യുവതി ഏതു കുടുംബത്തിലെയാണ്?” എന്നു ചോദിച്ചു.
6മേൽനോട്ടക്കാരൻ അദ്ദേഹത്തോട്, “നവൊമിയോടൊപ്പം മോവാബിൽനിന്നു വന്ന മോവാബ്യസ്ത്രീയാണവൾ. 7‘കൊയ്ത്തുകാരുടെ പിന്നാലെ കാലാപെറുക്കാൻ ദയവായി എന്നെ അനുവദിച്ചാലും’ എന്ന് അവൾ അപേക്ഷിച്ചു. അങ്ങനെ അവൾ രാവിലെമുതൽ വയലിൽ കാലാപെറുക്കുന്നു. അൽപ്പസമയമേ അവൾ വിശ്രമിച്ചുള്ളൂ” എന്ന് ഉത്തരംനൽകി.
8അപ്പോൾ ബോവസ് രൂത്തിനോട്: “എന്റെ മോളേ, ശ്രദ്ധിക്കുക. കാലാപെറുക്കാൻ മറ്റൊരു വയലിൽ പോകേണ്ട. ഇവിടം വിട്ടുപോകുകയേ വേണ്ട. ഇവിടെ എന്റെ ജോലിക്കാരൊടൊപ്പം കൂടിക്കൊള്ളൂ. 9കൊയ്ത്തുകാരായ പുരുഷന്മാർ കൊയ്യുന്ന സ്ഥലം ശ്രദ്ധിച്ച്, ജോലിക്കാരികളോടൊപ്പം പൊയ്ക്കൊള്ളൂ. നിന്നെ ഉപദ്രവിക്കരുതെന്ന് ജോലിക്കാരായ യുവാക്കളോട് ഞാൻ കൽപ്പിച്ചിട്ടുണ്ട്. നിനക്കു ദാഹിക്കുമ്പോഴൊക്കെ, അവർ വെള്ളം കോരിനിറച്ച പാത്രങ്ങളിൽനിന്ന് കോരി കുടിച്ചുകൊള്ളൂ” എന്നു പറഞ്ഞു.
10ഇതു കേട്ടപ്പോൾ അവൾ സാഷ്ടാംഗപ്രണാമം ചെയ്തുകൊണ്ട് അദ്ദേഹത്തോട്: “ഞാൻ ഒരു അന്യദേശക്കാരിയായിട്ടും എന്നെ ശ്രദ്ധിക്കത്തക്കവണ്ണം അങ്ങേക്ക് എന്നോടു ദയ തോന്നിയത് എന്ത്?” എന്നു ചോദിച്ചു.
11മറുപടിയായി, “നിന്റെ ഭർത്താവിന്റെ മരണശേഷം നീ നിന്റെ അമ്മായിയമ്മയ്ക്കുവേണ്ടി ചെയ്ത കാര്യങ്ങളും നീ നിന്റെ മാതാപിതാക്കളെയും നിന്റെ സ്വന്തം ദേശത്തെയും വിട്ടിട്ട് നിനക്ക് അപരിചിതമായ ഒരു ജനത്തിന്റെ മധ്യത്തിൽ പാർക്കുന്നതും ഞാൻ കേട്ടിരിക്കുന്നു. 12നീ ചെയ്തതിനു തക്കവണ്ണം യഹോവ നിനക്കു പ്രതിഫലം തരട്ടെ. ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ ചിറകിൻകീഴിൽ നീ ശരണം പ്രാപിച്ചിരിക്കുകയാൽ അവിടന്ന് നിന്നെ അത്യധികമായി അനുഗ്രഹിക്കട്ടെ” എന്നു ബോവസ് പറഞ്ഞു.
13“യജമാനനേ, എനിക്കു തുടർന്നും അങ്ങയുടെ കണ്ണിൽനിന്നു ദയ ലഭിക്കുമാറാകട്ടെ. ഞാൻ അങ്ങയുടെ ദാസികളുടെ കൂട്ടത്തിൽപ്പെട്ട ഒരാളല്ലെങ്കിൽപോലും അങ്ങ് എന്നോട് കരുണാപൂർവം സംസാരിച്ച് എന്നെ ആശ്വസിപ്പിച്ചിരിക്കുന്നു,” എന്ന് അവൾ പറഞ്ഞു.
14ഭക്ഷണസമയത്ത് ബോവസ് അവളോട്, “ഇവിടെ വന്ന് ഇരുന്നുകൊള്ളൂ; അപ്പം എടുത്തു പുളിച്ച വീഞ്ഞിൽ മുക്കി കഴിച്ചോളൂ” എന്നു പറഞ്ഞു.
അവൾ കൊയ്ത്തുകാരോടൊപ്പം ഇരുന്നപ്പോൾ, ബോവസ് അവൾക്കു മലർ കൊടുത്തു. അവൾക്ക് ആവശ്യമുള്ളടത്തോളം ഭക്ഷിച്ചു, കുറച്ച് അധികം വരികയും ചെയ്തു. 15അവൾ വീണ്ടും കാലാപെറുക്കാൻ എഴുന്നേറ്റപ്പോൾ ബോവസ് ഭൃത്യന്മാരോട്, “അവൾ കറ്റകൾക്കിടയിൽനിന്ന് പെറുക്കിയാൽപോലും അവളെ ശാസിക്കരുത്. 16കറ്റകളിൽനിന്നും അവൾക്കു പെറുക്കാൻവേണ്ടി കതിർക്കുലകൾ മനഃപൂർവം നിലത്തു വലിച്ചിട്ടുകൊടുക്കുക, അവളെ ശകാരിക്കരുത്” എന്നു പറഞ്ഞു.
17അങ്ങനെ സന്ധ്യയാകുംവരെ രൂത്ത് കാലാപെറുക്കി. അതിനുശേഷം അവൾ ശേഖരിച്ച കതിരുമെതിച്ചു, അത് ഒരു ഏഫായോളം#2:17 ഏക. 13 കി.ഗ്രാം. യവം ഉണ്ടായിരുന്നു. 18അവൾ അതു പട്ടണത്തിലേക്കു ചുമന്നുകൊണ്ടുപോയി; അവൾ എത്രമാത്രം ശേഖരിച്ചെന്ന് അവളുടെ അമ്മായിയമ്മ മനസ്സിലാക്കി. താൻ ഭക്ഷിച്ചിട്ട് ശേഷിച്ച ധാന്യംകൂടി കൊണ്ടുവന്ന് രൂത്ത് അവൾക്കുകൊടുത്തു.
19അവളുടെ അമ്മായിയമ്മ: “ഇന്നു നീ എവിടെയായിരുന്നു കാലാപെറുക്കിയത്? നീ പണിചെയ്തത് എവിടെയാണ്? നിന്നോട് കരുണ കാട്ടിയവൻ അനുഗ്രഹിക്കപ്പെടട്ടെ!” എന്നു പറഞ്ഞു.
അപ്പോൾ രൂത്ത് അവൾ അന്നു വേലചെയ്ത സ്ഥലത്തെ യജമാനനെക്കുറിച്ച് അമ്മായിയമ്മയോടു പറഞ്ഞു, “ബോവസ് എന്നയാളുടെ അടുക്കലാണു ഞാൻ ഇന്നു വേലചെയ്തത്” എന്ന് അവൾ പറഞ്ഞു.
20“യഹോവ അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ!” നവൊമി തന്റെ മരുമകളോടു പറഞ്ഞു: “ജീവിച്ചിരിക്കുന്നവരോടും മരിച്ചവരോടും കരുണ കാണിക്കുന്നത് അവിടന്ന് നിർത്തിയിട്ടില്ല.” അവൾ പിന്നെയും, “അദ്ദേഹം നമ്മുടെ അടുത്ത ബന്ധുവും നമ്മുടെ വീണ്ടെടുപ്പുകാരിൽ#2:20 ലേവ്യ. 25:25-55 ഒരുവനുമാണ്” എന്നു പറഞ്ഞു.
21അപ്പോൾ മോവാബ്യയായ രൂത്ത്: “ ‘കൊയ്ത്തുകാർ, എന്റെ ധാന്യംമുഴുവനും കൊയ്തുതീരുംവരെ അവരോടൊപ്പം കൂടിക്കൊള്ളൂ’ എന്നും യജമാനൻ അറിയിച്ചു” എന്നു പറഞ്ഞു.
22നവൊമി തന്റെ മരുമകളായ രൂത്തിനോട്: “മോളേ, അദ്ദേഹത്തിന്റെ ജോലിക്കാരികളോടൊപ്പം പണിയെടുക്കുന്നതാണു നിനക്കു നല്ലത്; കാരണം മറ്റൊരാളുടെ വയലിൽ നീ ചിലപ്പോൾ ഉപദ്രവിക്കപ്പെട്ടേക്കാം” എന്നു പറഞ്ഞു.
23അങ്ങനെ രൂത്ത് ബോവസിന്റെ വേലക്കാരികളോടൊപ്പം യവവും ഗോതമ്പും കൊയ്തുതീരുംവരെ പണിയെടുത്തു. അവൾ അമ്മായിയമ്മയോടൊപ്പം താമസിച്ചു.

Currently Selected:

രൂത്ത് 2: MCV

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in