യോഹന്നാൻ 3

3
1പരീശന്മാരുടെ കൂട്ടത്തിൽ യെഹൂദന്മാരുടെ ഒരു പ്രമാണിയായി നിക്കോദേമൊസ് എന്നു പേരുള്ളൊരു മനുഷ്യൻ ഉണ്ടായിരുന്നു. 2അവൻ രാത്രിയിൽ അവന്റെ അടുക്കൽ വന്ന് അവനോട്: റബ്ബീ, നീ ദൈവത്തിന്റെ അടുക്കൽനിന്ന് ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങൾ അറിയുന്നു; ദൈവം തന്നോടുകൂടെ ഇല്ലെങ്കിൽ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്‍വാൻ ആർക്കും കഴികയില്ല എന്നു പറഞ്ഞു. 3യേശു അവനോട്: ആമേൻ, ആമേൻ, ഞാൻ നിന്നോടുപറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാൺമാൻ ആർക്കും കഴികയില്ല എന്ന് ഉത്തരം പറഞ്ഞു. 4നിക്കോദേമൊസ് അവനോട്: മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നത് എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു. 5അതിനു യേശു: ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല. 6ജഡത്താൽ ജനിച്ചത് ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചത് ആത്മാവ് ആകുന്നു. 7നിങ്ങൾ പുതുതായി ജനിക്കേണം എന്ന് ഞാൻ നിന്നോടു പറകയാൽ ആശ്ചര്യപ്പെടരുത്. 8കാറ്റ് ഇഷ്ടമുള്ളേടത്ത് ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അത് എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു എന്ന് ഉത്തരം പറഞ്ഞു. 9നിക്കോദേമൊസ് അവനോട്: ഇത് എങ്ങനെ സംഭവിക്കും എന്നു ചോദിച്ചു. 10യേശു അവനോട് ഉത്തരം പറഞ്ഞത്: നീ യിസ്രായേലിന്റെ ഉപദേഷ്ടാവായിരുന്നിട്ടും ഇത് അറിയുന്നില്ലയോ? 11ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: ഞങ്ങൾ അറിയുന്നത് പ്രസ്താവിക്കയും കണ്ടതു സാക്ഷീകരിക്കയും ചെയ്യുന്നു; ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ കൈക്കൊള്ളുന്നില്ലതാനും. 12ഭൂമിയിലുള്ളതു നിങ്ങളോടു പറഞ്ഞിട്ടു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ സ്വർഗത്തിലുള്ളതു നിങ്ങളോടു പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും? 13സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന[വനായി സ്വർഗത്തിൽ ഇരിക്കുന്നവനായ] മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗത്തിൽ കയറീട്ടില്ല. 14മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു. 15അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിനുതന്നെ. 16തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. 17ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചത് ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ. 18അവനിൽ വിശ്വസിക്കുന്നവനു ന്യായവിധിയില്ല; വിശ്വസിക്കാത്തവനു ദൈവത്തിന്റെ ഏകജാതനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു. 19ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളത് ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതുതന്നെ. 20തിന്മ പ്രവർത്തിക്കുന്നവൻ എല്ലാം വെളിച്ചത്തെ പകയ്ക്കുന്നു; തന്റെ പ്രവൃത്തിക്ക് ആക്ഷേപം വരാതിരിപ്പാൻ വെളിച്ചത്തിങ്കലേക്കു വരുന്നതുമില്ല. 21സത്യം പ്രവർത്തിക്കുന്നവനോ, തന്റെ പ്രവൃത്തി ദൈവത്തിൽ ചെയ്തിരിക്കയാൽ അതു വെളിപ്പെടേണ്ടതിന് വെളിച്ചത്തിങ്കലേക്കു വരുന്നു.
22അതിന്റെശേഷം യേശു ശിഷ്യന്മാരുമായി യെഹൂദ്യദേശത്തു വന്ന് അവരോടുകൂടെ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു. 23യോഹന്നാനും ശലേമിന് അരികത്ത് ഐനോനിൽ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു; അവിടെ വളരെ വെള്ളം ഉണ്ടായിരുന്നു; ആളുകൾ വന്നു സ്നാനം ഏറ്റു. 24അന്നു യോഹന്നാനെ തടവിൽ ആക്കിയിരുന്നില്ല. 25യോഹന്നാന്റെ ശിഷ്യന്മാരിൽ ചിലർക്ക് ഒരു യെഹൂദനുമായി ശുദ്ധീകരണത്തെക്കുറിച്ച് ഒരു വാദം ഉണ്ടായി; 26അവർ യോഹന്നാന്റെ അടുക്കൽ വന്ന് അവനോട്: റബ്ബീ, യോർദ്ദാനക്കരെ നിന്നോടുകൂടെ ഇരുന്നവൻ, നീ സാക്ഷീകരിച്ചിട്ടുള്ളവൻതന്നെ, ഇതാ, സ്നാനം കഴിപ്പിക്കുന്നു; എല്ലാവരും അവന്റെ അടുക്കൽ ചെല്ലുന്നു എന്നു പറഞ്ഞു. 27അതിന് യോഹന്നാൻ: സ്വർഗത്തിൽനിന്നു കൊടുത്തിട്ടല്ലാതെ മനുഷ്യന് ഒന്നും ലഭിപ്പാൻ കഴികയില്ല. 28ഞാൻ ക്രിസ്തു അല്ല, അവനു മുമ്പായി അയയ്ക്കപ്പെട്ടവനത്രേ എന്നു ഞാൻ പറഞ്ഞതിന് നിങ്ങൾതന്നെ എനിക്കു സാക്ഷികൾ ആകുന്നു. 29മണവാട്ടി ഉള്ളവൻ മണവാളൻ ആകുന്നു; മണവാളന്റെ സ്നേഹിതനോ നിന്നു മണവാളന്റെ സ്വരം കേട്ടിട്ട് അത്യന്തം സന്തോഷിക്കുന്നു: ഈ എന്റെ സന്തോഷം പൂർത്തിയായിരിക്കുന്നു. 30അവൻ വളരേണം, ഞാനോ കുറയേണം എന്ന് ഉത്തരം പറഞ്ഞു.
31മേലിൽനിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവൻ; ഭൂമിയിൽനിന്നുള്ളവൻ ഭൗമികൻ ആകുന്നു; ഭൗമികമായതു സംസാരിക്കുന്നു; സ്വർഗത്തിൽനിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവനായി താൻ കാൺകയും കേൾക്കയും ചെയ്തത് സാക്ഷീകരിക്കുന്നു; 32അവന്റെ സാക്ഷ്യം ആരും കൈക്കൊള്ളുന്നില്ല. 33അവന്റെ സാക്ഷ്യം കൈക്കൊള്ളുന്നവൻ ദൈവം സത്യവാൻ എന്നുള്ളതിനു മുദ്രയിടുന്നു. 34ദൈവം അയച്ചവൻ ദൈവത്തിന്റെ വചനം പ്രസ്താവിക്കുന്നു; അവൻ ആത്മാവിനെ അളവുകൂടാതെയല്ലോ കൊടുക്കുന്നത്. 35പിതാവ് പുത്രനെ സ്നേഹിക്കുന്നു; സകലവും അവന്റെ കൈയിൽ കൊടുത്തുമിരിക്കുന്നു. 36പുത്രനിൽ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ട്; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളൂ.

Subratllat

Comparteix

Copia

None

Vols que els teus subratllats es desin a tots els teus dispositius? Registra't o inicia sessió

YouVersion utilitza galetes per personalitzar la teva experiència. En utilitzar el nostre lloc web, acceptes el nostre ús de galetes tal com es descriu a la nostra Política de privadesa