യോഹന്നാൻ 4

4
യേശു ശമര്യസ്ത്രീയോടു സംസാരിക്കുന്നു
1യേശു യോഹന്നാനെക്കാൾ അധികം ശിഷ്യന്മാരെ ചേർത്തു സ്നാനം കഴിപ്പിക്കുന്നു എന്ന് പരീശന്മാർ കേട്ടു— 2വാസ്തവത്തിൽ യേശു അല്ല, അവിടത്തെ ശിഷ്യന്മാരാണു സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നത്— 3ഇതറിഞ്ഞപ്പോൾ അദ്ദേഹം യെഹൂദ്യ വിട്ടു വീണ്ടും ഗലീലയിലേക്കു യാത്രയായി.
4ഇപ്രാവശ്യം അദ്ദേഹത്തിനു ശമര്യയിലൂടെ കടന്നുപോകേണ്ടിവന്നു. 5അങ്ങനെ അവിടന്നു ശമര്യയിൽ, യാക്കോബ് തന്റെ പുത്രനായ യോസേഫിനു നൽകിയ സ്ഥലത്തിനു സമീപമുള്ള സുഖാർ പട്ടണത്തിൽ എത്തി. 6അവിടെ യാക്കോബിന്റെ കിണർ ഉണ്ടായിരുന്നു. യാത്രാക്ഷീണത്താൽ യേശു കിണറ്റിനരികെ ഇരുന്നു. അപ്പോൾ ഏകദേശം മധ്യാഹ്നമായിരുന്നു.
7ഒരു ശമര്യസ്ത്രീ വെള്ളം കോരാൻ അവിടെ എത്തി; യേശു അവളോട്, “എനിക്കു കുടിക്കാൻ തരുമോ?” എന്നു ചോദിച്ചു. 8(ശിഷ്യന്മാർ ഭക്ഷണസാധനങ്ങൾ വാങ്ങാൻ പട്ടണത്തിൽ പോയിരുന്നു.)
9ശമര്യസ്ത്രീ ചോദിച്ചു, “അങ്ങ് ഒരു യെഹൂദനും ഞാൻ ഒരു ശമര്യസ്ത്രീയുമായിരിക്കെ, അങ്ങ് എന്നോടു കുടിക്കാൻ ചോദിക്കുന്നത് എങ്ങനെ?” (കാരണം, യെഹൂദർക്കു ശമര്യരുമായി സമ്പർക്കമില്ല.#4:9 ശമര്യർ ഉപയോഗിച്ച പാത്രങ്ങൾ യെഹൂദർ ഉപയോഗിക്കുകയില്ല.)
10“ദൈവത്തിന്റെ ദാനം എന്തെന്നും നിന്നോടു കുടിക്കാൻ ചോദിക്കുന്നത് ആരെന്നും അറിഞ്ഞിരുന്നെങ്കിൽ നീ അയാളോടു ചോദിക്കുകയും അയാൾ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു” എന്ന് യേശു മറുപടി പറഞ്ഞു.
11ആ സ്ത്രീ പറഞ്ഞു, “യജമാനനേ, കോരിയെടുക്കാൻ അങ്ങയുടെ കൈവശം പാത്രം ഇല്ലല്ലോ, കിണറ് ആഴമുള്ളതുമാണ്. പിന്നെ ജീവനുള്ള വെള്ളം അങ്ങേക്ക് എവിടെനിന്നു ലഭിക്കും? 12അങ്ങ് ഞങ്ങളുടെ പിതാവായ യാക്കോബിനെക്കാൾ വലിയവനാണോ? അദ്ദേഹമാണ് ഈ കിണറു ഞങ്ങൾക്കു തന്നത്. അദ്ദേഹവും പുത്രന്മാരും ആടുമാടുകളും എല്ലാം ഇതിൽനിന്നാണ് വെള്ളം കുടിച്ചിരുന്നത്.”
13“ഈ വെള്ളം കുടിക്കുന്നവർക്കെല്ലാം പിന്നെയും ദാഹിക്കും; 14എന്നാൽ, ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവർക്കു പിന്നീടൊരിക്കലും ദാഹിക്കുകയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവരിൽ നിത്യജീവനിലേക്കു നിറഞ്ഞുവരുന്ന നീരുറവയായിത്തീരും” എന്ന് യേശു മറുപടി പറഞ്ഞു.
15അപ്പോൾ സ്ത്രീ, “പ്രഭോ, എങ്കിൽ എനിക്കിനി ദാഹിക്കാതിരിക്കേണ്ടതിന്ന് ആ വെള്ളം തന്നാലും; വെള്ളം കോരാൻ ഞാൻ ഇവിടെ വരേണ്ട ആവശ്യവും ഇല്ലാതാകും” എന്നു പറഞ്ഞു.
16യേശു അവളോട്: “പോയി നിന്റെ ഭർത്താവിനെ വിളിച്ചുകൊണ്ടുവരിക.”
17“എനിക്കു ഭർത്താവില്ല,” അവൾ മറുപടി പറഞ്ഞു.
“നിനക്കു ഭർത്താവില്ല എന്നു നീ പറയുന്നതു ശരി. 18വാസ്തവത്തിൽ, നിനക്ക് അഞ്ചു ഭർത്താക്കന്മാർ ഉണ്ടായിരുന്നു. ഇപ്പോൾ ഉള്ള പുരുഷൻ നിന്റെ ഭർത്താവല്ല; അതിനാൽ നീ പറഞ്ഞതു ശരിതന്നെ.” എന്ന് യേശു അവളോടു പറഞ്ഞു.
19“പ്രഭോ, അങ്ങ് ഒരു പ്രവാചകൻ എന്നു ഞാൻ മനസ്സിലാക്കുന്നു,” സ്ത്രീ പറഞ്ഞു. 20“ഞങ്ങളുടെ പിതാക്കന്മാർ ഈ മലയിലാണ് ആരാധിച്ചുവന്നത്. എന്നാൽ, ആരാധനയ്ക്കുള്ള സ്ഥലം ജെറുശലേം ആണെന്ന് നിങ്ങൾ യെഹൂദർ അവകാശപ്പെടുന്നല്ലോ?”
21അതിനു മറുപടിയായി യേശു ആ സ്ത്രീയോടു പറഞ്ഞത്, “സ്ത്രീയേ, എന്നെ വിശ്വസിക്കുക; നിങ്ങൾ പിതാവിനെ ആരാധിക്കുന്നത് ഈ മലയിലോ ജെറുശലേമിലോ അല്ല എന്നുള്ള സമയം വരുന്നു. 22ശമര്യരായ നിങ്ങൾ നിങ്ങൾക്ക് അജ്ഞാതമായതിനെ ആരാധിക്കുന്നു. ഞങ്ങളോ, അറിയുന്നതിനെ ആരാധിക്കുന്നു. രക്ഷ യെഹൂദരിൽനിന്നല്ലോ വരുന്നത്. 23എന്നാൽ, സത്യാരാധകർ ദൈവത്തെ സത്യത്തിലും ആത്മാവിലും ആരാധിക്കുന്ന സമയം വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. ഇങ്ങനെയുള്ള ആരാധകരെയാണ് പിതാവ് അന്വേഷിക്കുന്നത്. 24ദൈവം ആത്മാവാകുന്നു. ദൈവത്തെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലും ആരാധിക്കണം,” എന്നായിരുന്നു.
25അപ്പോൾ ആ സ്ത്രീ, “മശിഹാ അഥവാ, ക്രിസ്തു വരുന്നു എന്നു ഞാൻ അറിയുന്നു. അവിടന്നു വരുമ്പോൾ ഞങ്ങൾക്കു സകലതും വിശദീകരിച്ചുതരും” എന്നു പറഞ്ഞു.
26ഇതേത്തുടർന്ന് യേശു, “നിന്നോടു സംസാരിക്കുന്ന ഞാൻതന്നെ മശിഹാ”#4:26 മൂ. ഭാ. “ഞാൻ ആകുന്നു” എന്നു പറഞ്ഞു.
ശിഷ്യന്മാർ മടങ്ങി എത്തുന്നു
27ഈ സമയത്ത് ശിഷ്യന്മാർ മടങ്ങിയെത്തി. അദ്ദേഹം ഒരു സ്ത്രീയോടു സംസാരിച്ചു കൊണ്ടിരിക്കുന്നതുകണ്ട് അവർ ആശ്ചര്യപ്പെട്ടു. എങ്കിലും “അങ്ങ് എന്തു ചോദിക്കുന്നുവെന്നോ, അവളോട് എന്തിനു സംസാരിക്കുന്നുവെന്നോ?” ആരും ചോദിച്ചില്ല.
28ആ സ്ത്രീ വെള്ളപ്പാത്രം അവിടെ വെച്ചിട്ടു പട്ടണത്തിൽ മടങ്ങിച്ചെന്ന് അവിടെയുള്ള ജനങ്ങളോട്, 29“ഞാൻ ചെയ്തിട്ടുള്ള എല്ലാക്കാര്യങ്ങളും എന്നോടു പറഞ്ഞ ഒരു മനുഷ്യനെ വന്നു കാണുക. ഒരുപക്ഷേ അദ്ദേഹം ക്രിസ്തു ആയിരിക്കുമോ?” എന്നു പറഞ്ഞു. 30അവർ പട്ടണത്തിൽനിന്ന് യേശുവിന്റെ അടുക്കൽവന്നു.
31ഇതിനിടയിൽ ശിഷ്യന്മാർ, “റബ്ബീ, ആഹാരം കഴിച്ചാലും” എന്ന് അദ്ദേഹത്തെ നിർബന്ധിച്ചു.
32എന്നാൽ, “നിങ്ങൾ അറിയാത്ത ആഹാരം എനിക്കുണ്ട്!” എന്ന് യേശു മറുപടി പറഞ്ഞു.
33“ആരെങ്കിലും അദ്ദേഹത്തിന് ആഹാരം കൊണ്ടുവന്നു കൊടുത്തിരിക്കുമോ,” എന്നു ശിഷ്യന്മാർ പരസ്പരം പറഞ്ഞു.
34അപ്പോൾ യേശു പറഞ്ഞത്: “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്ത് അവിടത്തെ പ്രവൃത്തി നിറവേറ്റുന്നതാണ് എന്റെ ആഹാരം. 35‘ഇനി നാലുമാസം കഴിഞ്ഞാൽ കൊയ്ത്തിനു സമയമാകും,’ എന്നു നിങ്ങൾ പറയുന്നില്ലേ? എന്നാൽ, നിങ്ങൾ കണ്ണുതുറന്നു വയലുകളിലേക്കു നോക്കുക. അവ വിളഞ്ഞു പാകമായിരിക്കുന്നു. 36ഇപ്പോൾത്തന്നെ കൊയ്ത്തുകാരൻ കൂലി വാങ്ങുകയും നിത്യജീവനിലേക്കു വിളവു ശേഖരിക്കുകയുംചെയ്യുന്നു. അങ്ങനെ വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒരുപോലെ ആനന്ദിക്കും. 37‘ഒരുവൻ വിതയ്ക്കുന്നു, മറ്റൊരുവൻ കൊയ്യുന്നു,’ എന്നുള്ള പഴഞ്ചൊല്ല് ഇക്കാര്യത്തിൽ യാഥാർഥ്യമാകുന്നു: 38നിങ്ങൾ അധ്വാനിച്ചിട്ടില്ലാത്തതു കൊയ്യാൻ ഞാൻ നിങ്ങളെ അയച്ചു. മറ്റുള്ളവർ കഠിനാധ്വാനംചെയ്തു, അവരുടെ അധ്വാനത്തിന്റെ ഫലം നിങ്ങൾ അനുഭവിച്ചിരിക്കുന്നു.”
ശമര്യർ വിശ്വസിക്കുന്നു
39“ഞാൻ ചെയ്തിട്ടുള്ള എല്ലാക്കാര്യങ്ങളും അദ്ദേഹം എന്നോടു പറഞ്ഞു,” എന്ന് ആ സ്ത്രീയുടെ സാക്ഷ്യംനിമിത്തം ആ പട്ടണത്തിലുള്ള ശമര്യരിൽ പലരും അദ്ദേഹത്തിൽ വിശ്വസിച്ചു. 40തങ്ങളോടുകൂടെ വന്നു താമസിക്കണമെന്ന് ആ ശമര്യർ അദ്ദേഹത്തോട് അപേക്ഷിച്ചു. രണ്ട് ദിവസം യേശു അവരോടുകൂടെ താമസിച്ചു. 41അദ്ദേഹത്തിന്റെ വചനം കേട്ട് പിന്നെയും ധാരാളംപേർ വിശ്വാസികളായിത്തീർന്നു.
42അവർ അപ്പോൾ ആ സ്ത്രീയോട്, “നീ പറഞ്ഞതുകൊണ്ടുമാത്രമല്ല ഇനി ഞങ്ങൾ വിശ്വസിക്കുന്നത്; ഞങ്ങൾതന്നെ കേൾക്കുകയും കാണുകയുംചെയ്തിരിക്കുന്നു; ഇദ്ദേഹമാണ് സാക്ഷാൽ ലോകരക്ഷിതാവ്.”
യേശു രാജഭൃത്യന്റെ മകനെ സൗഖ്യമാക്കുന്നു
43രണ്ട് ദിവസം കഴിഞ്ഞ് യേശു ഗലീലയ്ക്കു യാത്രയായി. 44—ഒരു പ്രവാചകനും സ്വദേശത്തു മാനിക്കപ്പെടുന്നില്ലെന്ന് യേശുതന്നെ പറഞ്ഞിരുന്നു— 45ഗലീലയിൽ എത്തിയപ്പോൾ ആ ദേശവാസികൾ അദ്ദേഹത്തെ സ്വാഗതംചെയ്തു. പെസഹാപ്പെരുന്നാളിന് അവരും പോയിരുന്നതുകൊണ്ട് യേശു ജെറുശലേമിൽ ചെയ്തതെല്ലാം അവർ കണ്ടിരുന്നു.
46താൻ വെള്ളം വീഞ്ഞാക്കിയ ഗലീലയിലെ കാനാവിൽ അദ്ദേഹം വീണ്ടും വന്നു. കഫാർനഹൂമിലെ ഒരു രാജഭൃത്യന്റെ മകൻ രോഗിയായി കിടപ്പിലായിരുന്നു. 47യേശു യെഹൂദ്യയിൽനിന്ന് ഗലീലയിൽ വന്നിട്ടുണ്ടെന്നു കേട്ട് ആ മനുഷ്യൻ അദ്ദേഹത്തിന്റെ അടുക്കൽച്ചെന്ന്, അദ്ദേഹം വന്ന് തന്റെ മരിക്കാറായിക്കിടക്കുന്ന മകനെ സൗഖ്യമാക്കണമെന്ന് അപേക്ഷിച്ചു.
48യേശു അപ്പോൾ, “അടയാളങ്ങളും അത്ഭുതങ്ങളും കണ്ടിട്ടല്ലാതെ നിങ്ങൾ ഒരിക്കലും വിശ്വസിക്കുകയില്ല.” എന്നു പറഞ്ഞു.
49രാജസേവകൻ അദ്ദേഹത്തോട്, “പ്രഭോ, എന്റെ കുഞ്ഞു മരിക്കുന്നതിനുമുമ്പു വരണമേ” എന്നു പറഞ്ഞു.
50യേശു അയാളോട്, “പൊയ്ക്കൊള്ളൂ, നിന്റെ മകൻ ജീവിക്കും” എന്ന് ഉത്തരം പറഞ്ഞു.
ആ മനുഷ്യൻ യേശുവിന്റെ വാക്കു വിശ്വസിച്ച് അവിടെനിന്ന് പോയി. 51അയാൾ പൊയ്ക്കൊണ്ടിരിക്കുമ്പോൾ, മകൻ ജീവിച്ചിരിക്കുന്നു എന്ന വാർത്തയുമായി ദാസന്മാർ അയാളെ എതിരേറ്റു. 52മകനു സൗഖ്യം ലഭിച്ചത് എപ്പോഴെന്നു ചോദിച്ചതിന്, “ഇന്നലെ ഉച്ചകഴിഞ്ഞ് ഒരുമണിക്ക്#4:52 മൂ.ഭാ. ഏഴാം യാമം പനി അവനെ വിട്ടുമാറി” എന്ന് അവർ പറഞ്ഞു.
53“നിന്റെ മകൻ ജീവിക്കും,” എന്ന് യേശു പറഞ്ഞ സമയം അതുതന്നെ ആയിരുന്നെന്ന് ആ പിതാവ് ഓർമിച്ചു. അങ്ങനെ അയാളും ഭവനത്തിലുള്ളവരെല്ലാവരും വിശ്വസിച്ചു.
54യെഹൂദ്യയിൽനിന്ന് ഗലീലയിൽ വന്നതിനുശേഷം യേശു ചെയ്ത രണ്ടാമത്തെ അത്ഭുതചിഹ്നമായിരുന്നു അത്.

Tällä hetkellä valittuna:

യോഹന്നാൻ 4: MCV

Korostus

Jaa

Kopioi

None

Haluatko, että korostuksesi tallennetaan kaikille laitteillesi? Rekisteröidy tai kirjaudu sisään