GENESIS 6

6
മനുഷ്യന്റെ ദുഷ്ടത
1ഭൂമിയിൽ മനുഷ്യർ പെരുകുകയും അവർക്കു പുത്രിമാർ ജനിക്കുകയും ചെയ്തു. 2#6:2 ദൈവപുത്രന്മാർ = ദൈവപുത്രൻ എന്ന പദവുമായി ഇതിനർഥമില്ല. ബാബിലോണ്യ ഇതിഹാസങ്ങളിൽ ഇവരെ അമാനുഷികരായി ചിത്രീകരിച്ചിരിക്കുന്നു. ദൈവപുത്രന്മാർ മനുഷ്യപുത്രിമാരെ സൗന്ദര്യവതികളായി കണ്ടു തങ്ങൾക്ക് ഇഷ്ടപ്പെട്ടവരെ ഭാര്യമാരായി സ്വീകരിച്ചു. 3അപ്പോൾ സർവേശ്വരൻ പറഞ്ഞു: “എന്റെ ആത്മാവ് സദാകാലവും മനുഷ്യരിൽ വസിക്കുകയില്ല. അവർ മരിച്ചുപോകുന്നവരാണ്. അവരുടെ ആയുഷ്കാലം നൂറ്റിഇരുപതുവർഷമായിരിക്കും.” 4ദൈവപുത്രന്മാർ മനുഷ്യപുത്രിമാരുമായി സംഗമിച്ച് അവർക്കു പുത്രന്മാർ ജനിച്ചു. അങ്ങനെ അക്കാലത്തും അതിനുശേഷവും ഭൂമിയിൽ മല്ലന്മാർ ഉണ്ടായി. ഇവരായിരുന്നു പുരാതനകാലത്തെ കീർത്തികേട്ട വീരന്മാർ. 5ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത എത്ര വലിയതാണെന്നും അവന്റെ വിചാരങ്ങളും ഭാവനകളും എത്രമാത്രം ദുഷിച്ചതാണെന്നും സർവേശ്വരൻ കണ്ടു. 6മനുഷ്യനെ സൃഷ്‍ടിച്ചതിൽ സർവേശ്വരനു ദുഃഖം തോന്നി. അവിടുത്തെ ഹൃദയം വേദനിച്ചു. 7“ഞാൻ സൃഷ്‍ടിച്ച മനുഷ്യനെ ഭൂമിയിൽനിന്നു നീക്കിക്കളയും, മനുഷ്യനെ മാത്രമല്ല, മൃഗങ്ങളെയും ഇഴജന്തുക്കളെയും ആകാശത്തിലെ പറവകളെയുംകൂടി നശിപ്പിക്കും; അവയെ സൃഷ്‍ടിച്ചതിൽ ഞാൻ ദുഃഖിക്കുന്നു” എന്നു സർവേശ്വരൻ പറഞ്ഞു. 8എന്നാൽ നോഹ അവിടുത്തെ പ്രീതിക്കു പാത്രമായി.
നോഹ
9നോഹയുടെ വംശപാരമ്പര്യം: നോഹ തന്റെ തലമുറയിലെ നീതിനിഷ്ഠനും നിഷ്കളങ്കനുമായ വ്യക്തിയായിരുന്നു. നോഹ ദൈവസാന്നിധ്യത്തിൽ ജീവിച്ചു. 10ശേം, ഹാം, യാഫെത്ത് എന്നിങ്ങനെ മൂന്നു പുത്രന്മാർ നോഹയ്‍ക്കുണ്ടായിരുന്നു. 11സർവേശ്വരന്റെ ദൃഷ്‍ടിയിൽ ഭൂമി അശുദ്ധമായിരുന്നു; അത് അക്രമംകൊണ്ടു നിറഞ്ഞിരുന്നു. 12ദൈവം ഭൂമിയുടെ അവസ്ഥ ദർശിച്ചു; അതു സർവത്ര വഷളായിരുന്നു. മനുഷ്യരെല്ലാം ദുർമാർഗികളായിത്തീർന്നിരുന്നു.
13ദൈവം നോഹയോടു പറഞ്ഞു: “ഞാൻ മനുഷ്യവർഗത്തെ മുഴുവൻ നശിപ്പിക്കാൻ പോകുന്നു. അവർ നിമിത്തം ഭൂമി അക്രമംകൊണ്ടു നിറഞ്ഞിരിക്കുന്നു. ഭൂമിയോടൊപ്പം ഞാൻ അവരെ നശിപ്പിക്കും. 14ഗോഫർമരംകൊണ്ടു നീ ഒരു പെട്ടകം ഉണ്ടാക്കി അതിനകത്ത് അറകൾ പണിയുക. പെട്ടകത്തിന്റെ അകത്തും പുറത്തും കീൽ തേക്കണം. 15അതു പണിയേണ്ടത് ഇങ്ങനെയാണ്: പെട്ടകത്തിന്റെ നീളം മുന്നൂറു മുഴവും വീതി അൻപതു മുഴവും ഉയരം മുപ്പതു മുഴവും ആയിരിക്കണം. 16വശങ്ങളിൽനിന്ന് ഒരു മുഴം ഉയരത്തിൽ അതിനു മേല്‌ക്കൂര പണിയണം. മൂന്നു തട്ടുകളായി വേണം പെട്ടകം നിർമ്മിക്കാൻ. വശത്തു വാതിലും ഉണ്ടായിരിക്കണം. 17ജീവജാലമാകെ നശിക്കാൻ ഇടവരുത്തുന്ന വലിയ ഒരു ജലപ്രളയം ഞാൻ ഭൂമിയിൽ ഉണ്ടാക്കും. ഭൂമിയിലുള്ള സകലതും നശിക്കും. എന്നാൽ നീയുമായി ഞാൻ ഒരു ഉടമ്പടി ചെയ്യും. 18നിന്റെ ഭാര്യ, പുത്രന്മാർ, പുത്രഭാര്യമാർ എന്നിവരോടൊപ്പം നീ പെട്ടകത്തിൽ പ്രവേശിക്കണം. 19നിന്നോടൊപ്പം ജീവിച്ചിരിക്കേണ്ടതിന് സകല ജീവികളിൽനിന്നും, ഈരണ്ടെണ്ണത്തെ ആണും പെണ്ണുമായി പെട്ടകത്തിൽ പ്രവേശിപ്പിക്കണം. 20പക്ഷികളിലും മൃഗങ്ങളിലും ഇഴജന്തുക്കളിലും പെട്ട എല്ലാത്തരത്തിൽനിന്നും രണ്ടെണ്ണം ജീവരക്ഷാർഥം നിന്റെ അടുക്കൽ വരും. 21അവയ്‍ക്കും നിങ്ങൾക്കും വേണ്ട ഭക്ഷണവും പെട്ടകത്തിൽ കരുതിക്കൊള്ളണം.” 22ദൈവം കല്പിച്ചതുപോലെയെല്ലാം നോഹ ചെയ്തു.

선택된 구절:

GENESIS 6: malclBSI

하이라이트

공유

복사

None

모든 기기에 하이라이트를 저장하고 싶으신가요? 회원가입 혹은 로그인하세요