GENESIS 8

8
ജലപ്രളയത്തിന്റെ അവസാനം
1ദൈവം നോഹയെയും കൂടെയുണ്ടായിരുന്ന എല്ലാ വന്യമൃഗങ്ങളെയും വളർത്തുമൃഗങ്ങളെയും ഓർത്തു; അവിടുന്നു ഭൂമിയിൽ ഒരു കാറ്റ് അടിപ്പിച്ചു; വെള്ളം താണുതുടങ്ങി. 2ആഴത്തിലെ ഉറവകളും ആകാശത്തിലെ വാതിലുകളും അടഞ്ഞു. മഴയും നിലച്ചു. 3ഭൂമിയിൽനിന്ന് ജലം ക്രമേണ ഇറങ്ങിത്തുടങ്ങി. നൂറ്റിഅമ്പതു ദിവസമായപ്പോൾ ജലനിരപ്പു വളരെ താണു. 4ഏഴാംമാസം പതിനേഴാം ദിവസം പെട്ടകം അരാരത്തു പർവതത്തിൽ ഉറച്ചു. 5പത്താം മാസംവരെ ജലനിരപ്പ് തുടരെ താണുകൊണ്ടിരുന്നു. പത്താം മാസം ഒന്നാം ദിവസം പർവതശൃംഗങ്ങൾ കാണാറായി. 6നാല്പതു ദിവസം കഴിഞ്ഞപ്പോൾ നോഹ പെട്ടകത്തിന്റെ കിളിവാതിൽ തുറന്ന് 7ഒരു മലങ്കാക്കയെ പുറത്തേക്ക് അയച്ചു. ഭൂമിയിൽ വെള്ളം വറ്റുന്നതുവരെ അതു വരികയും പോകുകയും ചെയ്തുകൊണ്ടിരുന്നു. 8പിന്നീട്, ഭൂമിയിൽനിന്ന് വെള്ളം ഇറങ്ങിയോ എന്നറിയാൻ ഒരു പ്രാവിനെ പുറത്തേക്ക് അയച്ചു. 9കാലുകുത്താൻ ഇടം കാണാതെ അതു പെട്ടകത്തിൽ നോഹയുടെ അടുക്കൽ തിരിച്ചെത്തി. അപ്പോഴും ഭൂതലം മുഴുവൻ വെള്ളംകൊണ്ടു മൂടിയിരുന്നു. നോഹ കൈ നീട്ടി ആ പ്രാവിനെ പിടിച്ചു പെട്ടകത്തിന്റെ ഉള്ളിലാക്കി. 10ഏഴു ദിവസംകൂടി കാത്തിരുന്നശേഷം നോഹ പ്രാവിനെ വീണ്ടും പുറത്തേക്കയച്ചു. 11സന്ധ്യയായപ്പോൾ പ്രാവ് മടങ്ങിവന്നു. അതിന്റെ ചുണ്ടിൽ ഒരു പച്ച ഒലിവില ഉണ്ടായിരുന്നു. അങ്ങനെ ഭൂമിയിൽനിന്നു വെള്ളമിറങ്ങി എന്നു നോഹ മനസ്സിലാക്കി. 12ഏഴു ദിവസം കഴിഞ്ഞ് ആ പ്രാവിനെ വീണ്ടും പുറത്തേക്കയച്ചു. പിന്നീട് അതു തിരിച്ചു വന്നില്ല. 13നോഹയ്‍ക്ക് അറുനൂറ്റിഒന്നു വയസ്സു തികഞ്ഞ വർഷം ഒന്നാം മാസം ഒന്നാം ദിവസം ആയപ്പോൾ ഭൂമിയിൽ വെള്ളം വറ്റിക്കഴിഞ്ഞിരുന്നു. നോഹ പെട്ടകത്തിന്റെ മേൽത്തട്ടു നീക്കി, പുറത്തേക്കു നോക്കിയപ്പോൾ നിലം ഉണങ്ങിയിരിക്കുന്നതായി കണ്ടു. 14രണ്ടാം മാസം ഇരുപത്തിഏഴാം ദിവസം ആയപ്പോൾ ഭൂമി തീർത്തും ഉണങ്ങിക്കഴിഞ്ഞിരുന്നു.
15-16ദൈവം നോഹയോടു പറഞ്ഞു: “നീയും നിന്റെ ഭാര്യയും പുത്രന്മാരും അവരുടെ ഭാര്യമാരും പുറത്തിറങ്ങുക. 17പക്ഷികളും, മൃഗങ്ങളും, ഇഴജന്തുക്കളുമായി നിന്റെ കൂടെയുള്ള എല്ലാ ജീവികളെയും പുറത്തേക്കു കൊണ്ടുവരിക. അവ ഭൂമിയിൽ പെറ്റുപെരുകട്ടെ.” 18നോഹയും ഭാര്യയും പുത്രന്മാരും അവരുടെ ഭാര്യമാരും പുറത്തുവന്നു. 19അവരോടൊപ്പം എല്ലാ മൃഗങ്ങളും ഇഴജന്തുക്കളും പക്ഷികളുമായി ഭൂമിയിൽ വ്യാപരിക്കുന്ന എല്ലാ ജീവികളും വർഗംവർഗമായി പെട്ടകത്തിൽനിന്ന് ഇറങ്ങി.
നോഹ യാഗം കഴിക്കുന്നു
20നോഹ സർവേശ്വരന് ഒരു യാഗപീഠം പണിതു. അതിൽ ശുദ്ധിയുള്ള മൃഗങ്ങളിൽനിന്നും പക്ഷികളിൽനിന്നും ചിലതിനെ കൊണ്ടുവന്നു ഹോമയാഗമായി അർപ്പിച്ചു. 21അതിന്റെ സൗരഭ്യം സർവേശ്വരനു പ്രസാദകരമായി. അപ്പോൾ അവിടുന്ന് ആത്മഗതം ചെയ്തു: “ജന്മനാ ദോഷത്തിലേക്കു തിരിയുന്ന മനുഷ്യൻ നിമിത്തം ഞാൻ ഇനി ഒരിക്കലും ഭൂമിയെ ശപിക്കുകയില്ല. ജീവജാലങ്ങളെയെല്ലാം ഇനി ഒരിക്കലും നശിപ്പിക്കുകയുമില്ല. 22ഭൂമി ഉള്ള കാലമെല്ലാം വിതയും കൊയ്ത്തും ശീതവും ഉഷ്ണവും വേനലും വർഷവും രാവും പകലും ഉണ്ടായിരിക്കും.”

선택된 구절:

GENESIS 8: malclBSI

하이라이트

공유

복사

None

모든 기기에 하이라이트를 저장하고 싶으신가요? 회원가입 혹은 로그인하세요