JOHANA മുഖവുര

മുഖവുര
“മനുഷ്യനായി നമ്മുടെ ഇടയിൽ ജീവിച്ച” ദൈവത്തിന്റെ സനാതനവചനമാണ് യേശു എന്നു യോഹന്നാൻ സമർഥിക്കുന്നു. ദൈവം വാഗ്ദാനം ചെയ്ത ലോകരക്ഷകനാണ് യേശു എന്ന് അനുവാചകർ വിശ്വസിക്കേണ്ടതിനും ഈ യേശുവിൽ വിശ്വസിക്കുന്നതിനാൽ അവർക്കു ജീവൻ ലഭിക്കേണ്ടതിനും ആണ് ഈ സുവിശേഷം രചിച്ചതെന്ന് (20:31) ഗ്രന്ഥകാരൻ തന്നെ പറഞ്ഞിട്ടുണ്ട്.
സനാതനവചനത്തിന്റെ സാക്ഷാത്കാരമാണ് യേശുവിന്റെ മനുഷ്യാത്മകതയിൽ ദർശിക്കുന്നതെന്നു മുഖവുരയിൽ പറഞ്ഞശേഷം, മർത്യരെ ഉദ്ധരിക്കുവാൻ അവതീർണനായ ദൈവപുത്രനാണു യേശു എന്നു തെളിയിക്കുന്നു. അവിടുത്തെ വിവിധ അദ്ഭുതപ്രവർത്തനങ്ങളും ദിവ്യചൈതന്യം കവിഞ്ഞൊഴുകുന്ന പ്രഭാഷണങ്ങളും യോഹന്നാൻ ഉദ്ധരിച്ചിരിക്കുന്നു.
ചിലർ യേശുവിൽ വിശ്വസിക്കുകയും അവിടുത്തെ അനുയായികളായിത്തീരുകയും ചെയ്തപ്പോൾ മറ്റൊരുകൂട്ടർ അവിടുത്തെ വിശ്വസിക്കുകയോ ദൈവപുത്രനായി അംഗീകരിക്കുകയോ ചെയ്തില്ല. 13 മുതൽ 17 വരെയുള്ള അധ്യായങ്ങളിൽ താൻ പ്രാണനിർവിശേഷം സ്നേഹിച്ച ശിഷ്യന്മാരെ ധൈര്യപ്പെടുത്തുന്ന യേശുവിന്റെ ദിവ്യവചസ്സുകൾ രേഖപ്പെടുത്തിയിരിക്കുന്നു. താൻ ക്രൂശിക്കപ്പെടുവാൻ പോകുകയാണെന്നുള്ള സൂചനകളും അവിടുന്നു നല്‌കുന്നു.
അവസാനത്തെ അധ്യായങ്ങളിൽ യേശുവിനെ അറസ്റ്റു ചെയ്യുന്നതും വിസ്തരിക്കുന്നതും ക്രൂശിക്കുന്നതും മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ് തന്റെ പ്രിയപ്പെട്ട ശിഷ്യന്മാർക്ക് അവിടുന്നു ദർശനം നല്‌കുന്നതും മറ്റും ഒരു ദൃക്സാക്ഷിവിവരണമായി യോഹന്നാൻ രേഖപ്പെടുത്തിയിരിക്കുന്നു.
ക്രിസ്തുവിൽക്കൂടി അനശ്വരജീവൻ എന്ന ദാനം ലഭിക്കുന്നു എന്നതിന് യോഹന്നാൻ ഈ സുവിശേഷത്തിൽ ഊന്നൽ നല്‌കിയിരിക്കുന്നു. ലൗകികജീവിതത്തിലെ സാധാരണ കാര്യങ്ങൾ പ്രതീകാത്മകമായി ഉദ്ധരിച്ചുകൊണ്ട് സനാതനമായ ആധ്യാത്മിക യാഥാർഥ്യങ്ങൾ വിശദീകരിക്കുന്നത് യോഹന്നാന്റെ സുവിശേഷത്തിന്റെ പ്രത്യേക സവിശേഷതയാണ്.
പ്രതിപാദ്യക്രമം
ആമുഖം 1:1-18
സ്നാപകയോഹന്നാനും യേശുവിന്റെ ആദ്യശിഷ്യന്മാരും 1:19-51
പൊതുരംഗത്തുള്ള യേശുവിന്റെ പ്രവർത്തനം 2:1-12:50
അന്ത്യദിനങ്ങൾ - യെരൂശലേമിലും പരിസരങ്ങളിലും 13:1-19:42
ഉയിർത്തെഴുന്നേല്പും ശിഷ്യന്മാർക്കു ദർശനം നല്‌കലും 20:1-31
ഉപസംഹാരം 21:1-25

하이라이트

공유

복사

None

모든 기기에 하이라이트를 저장하고 싶으신가요? 회원가입 혹은 로그인하세요