ലൂക്കൊ. 24

24
ഉയിർത്തെഴുന്നേല്പ്
1അവർ ഒരുക്കിയ സുഗന്ധവർഗ്ഗം എടുത്തുകൊണ്ടു ആഴ്ചവട്ടത്തിന്‍റെ ഒന്നാം ദിവസം#24:1 ഞായറ‍ാഴ്ച അതികാലത്ത് കല്ലറയ്ക്കൽ എത്തി, 2കല്ലറയിൽ നിന്നു കല്ല് ഉരുട്ടിമാറ്റിയതായി കണ്ടു. 3അകത്ത് കടന്നപ്പോൾ കർത്താവായ യേശുവിന്‍റെ ശരീരം കണ്ടില്ല. 4അതിനെക്കുറിച്ച് അവർ അമ്പരന്നിരിക്കുമ്പോൾ മിന്നുന്ന വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അരികെ നില്ക്കുന്നതു കണ്ടു. 5അവർ ഭയപ്പെട്ടു മുഖം കുനിച്ച് നില്ക്കുമ്പോൾ പുരുഷന്മാർ അവരോട്: ”നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്ത്? 6അവൻ ഇവിടെ ഇല്ല, ഉയിർത്തെഴുന്നേറ്റിരിക്കുന്നു; 7മുമ്പെ അവൻ ഗലീലയിൽ ആയിരിക്കുമ്പോൾ തന്നെ അവൻ നിങ്ങളോടു: മനുഷ്യപുത്രനെ പാപികളായ മനുഷ്യരുടെ കയ്യിൽ ഏല്പിച്ചു ക്രൂശിക്കയും അവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കുകയും വേണം എന്നു പറഞ്ഞത് ഓർത്തുകൊൾവിൻ” എന്നു പറഞ്ഞു.
8അപ്പോൾ അവർ അവന്‍റെ വാക്ക് ഓർത്തു, 9കല്ലറ വിട്ടു മടങ്ങിപ്പോയി പതിനൊന്നു ശിഷ്യർ മുതലായ എല്ലാവരോടും ഇതു ഒക്കെയും അറിയിച്ചു. 10മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്‍റെ അമ്മ മറിയ, അവരോടുകൂടെയുള്ള മറ്റു സ്ത്രീകൾ എന്നിവരാണ് അത് അപ്പൊസ്തലന്മാരോട് പറഞ്ഞത്. 11ഈ വാക്ക് അവർക്ക് വെറും കഥപോലെ തോന്നി; അതുകൊണ്ട് അവർ വിശ്വസിച്ചില്ല. 12എന്നാൽ പത്രൊസ് എഴുന്നേറ്റ് കല്ലറയ്ക്കൽ ഓടിച്ചെന്നു കുനിഞ്ഞുനോക്കി, തുണി മാത്രം കണ്ടു, സംഭവിച്ചതെന്തെന്ന് ആശ്ചര്യപ്പെട്ടു മടങ്ങിപ്പോന്നു.
13അന്നുതന്നെ അവരിൽ രണ്ടുപേർ യെരൂശലേമിൽ നിന്നു ഏഴു നാഴിക#24:13 11 കിലോമീറ്റർ ദൂരമുള്ള എമ്മവുസ്സ് എന്ന ഗ്രാമത്തിലേക്ക് പോകുന്ന വഴിയിൽ 14ഈ സംഭവിച്ചതിനെക്കുറിച്ച് ഒക്കെയും തമ്മിൽ സംസാരിച്ചുകൊണ്ടിരുന്നു. 15സംസാരിച്ചും ചോദിച്ചും കൊണ്ടിരിക്കുമ്പോൾ യേശുവും അടുത്തുചെന്ന് അവരോട് ചേർന്നുനടന്നു. 16യേശുവിനെ തിരിച്ചറിയാതിരിക്കാനായി അവരുടെ കണ്ണ് മറച്ചിരുന്നു.
17അവൻ അവരോട്: നിങ്ങൾ വഴിനടന്നു തമ്മിൽ തർക്കിക്കുന്ന ഈ കാര്യം എന്ത്? എന്നു ചോദിച്ചു;
അവർ വാടിയ മുഖത്തോടെ നിന്നു. 18അവരിൽ ക്ലെയോപ്പാവ് എന്നു പേരുള്ളവൻ: ”യെരൂശലേം നിവാസികളിൽ ഈ നാളുകളിൽ അവിടെ സംഭവിച്ച കാര്യം അറിയാതിരിക്കുന്നത് നീ മാത്രം ആകുന്നു” പറഞ്ഞു.
19 ഏത് കാര്യം എന്നു അവൻ അവരോട് ചോദിച്ചതിന് അവർ അവനോട് പറഞ്ഞത്: ”ദൈവത്തിനും സകലജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായിരുന്ന നസറായനായ യേശുവിനെക്കുറിച്ചുള്ളതു തന്നെ. 20നമ്മുടെ മഹാപുരോഹിതന്മാരും പ്രമാണികളും അവനെ മരണവിധിക്കു ഏല്പിച്ചു ക്രൂശിച്ചു. 21ഞങ്ങളോ അവൻ യിസ്രായേലിനെ വീണ്ടെടുപ്പാനുള്ളവൻ എന്നു ആശിച്ചിരുന്നു; അത്രയുമല്ല, ഇതു സംഭവിച്ചിട്ട് ഇന്ന് മൂന്നുനാൾ കഴിഞ്ഞു. 22ഞങ്ങളുടെ കൂട്ടത്തിൽ ചില സ്ത്രീകൾ രാവിലെ കല്ലറയ്ക്കൽ പോയി 23പക്ഷേ അവന്‍റെ ശരീരം കാണാതെ മടങ്ങിവന്നു. അവൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞ ദൂതന്മാരുടെ ദർശനം കണ്ടു എന്നു പറഞ്ഞു. 24ഞങ്ങളുടെ കൂട്ടത്തിൽ ചിലർ കല്ലറയ്ക്കൽ ചെന്നു സ്ത്രീകൾ പറഞ്ഞതുപോലെ തന്നെ യേശുവിനെ കണ്ടില്ലതാനും.”
25അവൻ അവരോട്: “അയ്യോ, ബുദ്ധിഹീനരേ, പ്രവാചകന്മാർ പറഞ്ഞിരിക്കുന്നത് എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളേ, 26ക്രിസ്തു ഇങ്ങനെ കഷ്ടം അനുഭവിച്ചിട്ട് തന്‍റെ മഹത്വത്തിൽ പ്രവേശിക്കേണ്ടതല്ലയോ” എന്നു പറഞ്ഞു, 27മോശെ തുടങ്ങി എല്ലാ പ്രവാചകന്മാരിൽ നിന്നും എല്ലാ തിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളത് യേശു അവർക്ക് വ്യക്തമാക്കി കൊടുത്തു.
28അവർക്ക് പോകേണ്ടിയിരുന്ന ഗ്രാമത്തോട് അടുത്തപ്പോൾ യേശു മുമ്പോട്ടു പോകുന്ന ഭാവം കാണിച്ചു. 29അവരോ: ഞങ്ങളോടുകൂടെ താമസിക്കുക; നേരം വൈകി അസ്തമിക്കാറായല്ലോ എന്നു പറഞ്ഞു അവനെ നിര്‍ബ്ബന്ധിച്ചു; അവൻ അവരോടുകൂടെ താമസിക്കുവാൻ ചെന്നു. 30അവരുമായി ഭക്ഷണത്തിന് ഇരിക്കുമ്പോൾ യേശു അപ്പം എടുത്തു അനുഗ്രഹിച്ചു നുറുക്കി അവർക്ക് കൊടുത്തു. 31ഉടനെ അവരുടെ കണ്ണ് തുറന്നു അവർ യേശുവിനെ തിരിച്ചറിഞ്ഞു; അവൻ അവർക്ക് അപ്രത്യക്ഷനായി 32അവൻ വഴിയിൽ നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ വ്യക്തമാക്കുമ്പോൾ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളിൽ കത്തിക്കൊണ്ടിരുന്നില്ലയോ എന്നു അവർ തമ്മിൽ പറഞ്ഞു. 33അപ്പോൾ തന്നെ അവർ എഴുന്നേറ്റ് യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
34കർത്താവ് നിശ്ചയമായി ഉയിർത്തെഴുന്നേറ്റു ശിമോന് പ്രത്യക്ഷനായി എന്നു കൂടിയിരുന്നു പറയുന്ന പതിനൊന്നു ശിഷ്യരെയും കൂടെയുള്ളവരെയും കണ്ടു. 35വഴിയിൽവച്ച് സംഭവിച്ചതും അവൻ അപ്പം നുറുക്കിയപ്പോൾ തങ്ങൾക്കു യേശുവിനെ മനസ്സിലായതും അവർ വിവരിച്ചു പറഞ്ഞു.
36ഇങ്ങനെ അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ യേശു അവരുടെ നടുവിൽനിന്നു: നിങ്ങൾക്ക് സമാധാനം എന്നു പറഞ്ഞു. 37അവർ ഞെട്ടി ഭയപ്പെട്ടു; ഒരു ഭൂതത്തെ കാണുന്നു എന്നു അവർക്ക് തോന്നി. 38അവൻ അവരോട്: നിങ്ങൾ ഭയക്കുന്നതു എന്തിനാണ്? നിങ്ങൾ സംശയിക്കുന്നത് എന്താണ്? 39ഞാൻ തന്നെ ആകുന്നു എന്നു എന്‍റെ കയ്യും കാലും നോക്കി മനസ്സിലാക്കുവിൻ; എന്നെ തൊട്ടുനോക്കുവിൻ; എന്നിൽ കാണുന്നതുപോലെ ഭൂതത്തിന് മാംസവും അസ്ഥിയും ഇല്ലല്ലോ എന്നു പറഞ്ഞു.
40ഇങ്ങനെ പറഞ്ഞിട്ട് അവൻ കയ്യും കാലും അവരെ കാണിച്ചു. 41അവർ സന്തോഷത്താൽ വിശ്വസിക്കാതെ അതിശയിച്ചു നില്ക്കുമ്പോൾ അവരോട്: ഇവിടെ നിങ്ങളുടെ പക്കൽ തിന്നുവാൻ വല്ലതും ഉണ്ടോ എന്നു ചോദിച്ചു. 42അവർ ഒരു കഷണം വറുത്ത മീനും തേൻകട്ടയും അവനു കൊടുത്തു. 43യേശു അത് വാങ്ങി അവർ കാൺകെ തിന്നു.
44പിന്നെ അവൻ അവരോട്: ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കുകൾ. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതിയിരിക്കുന്നത് ഒക്കെയും നിവൃത്തിയാകേണം എന്നുള്ളത് തന്നെ എന്നു പറഞ്ഞു
45തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന് അവരുടെ ബുദ്ധിയെ തുറന്നു. 46ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുകയും 47അവന്‍റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കുകയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു. 48ഇതിനു നിങ്ങൾ സാക്ഷികൾ ആകുന്നു. 49എന്‍റെ പിതാവ് വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെമേൽ അയയ്ക്കും. നിങ്ങളോ ഉയരത്തിൽനിന്ന് ശക്തി ലഭിക്കുന്നതു വരെ നഗരത്തിൽ പാർപ്പിൻ എന്നും അവരോട് പറഞ്ഞു.
50അതുകഴിഞ്ഞ് അവൻ അവരെ ബേഥാന്യ വരെ കൂട്ടിക്കൊണ്ടുപോയി കൈ ഉയർത്തി അവരെ അനുഗ്രഹിച്ചു. 51അവരെ അനുഗ്രഹിക്കയിൽ അവൻ അവരെ വിട്ടുപിരിഞ്ഞു സ്വർഗ്ഗാരോഹണം ചെയ്തു. 52അവർ അവനെ നമസ്കരിച്ചു മഹാസന്തോഷത്തോടെ യെരൂശലേമിലേക്കു മടങ്ങിച്ചെന്നു 53എല്ലായ്‌പ്പോഴും ദൈവാലയത്തിൽ ഇരുന്നു ദൈവത്തെ വാഴ്ത്തിപ്പോന്നു.

하이라이트

공유

복사

None

모든 기기에 하이라이트를 저장하고 싶으신가요? 회원가입 혹은 로그인하세요