നിങ്ങൾ എഴുതി അയച്ച സംഗതികളെക്കുറിച്ച് എന്റെ അഭിപ്രായം എന്തെന്നാൽ: സ്ത്രീയെ തൊടാതിരിക്കുന്നതു മനുഷ്യനു നല്ലത്. എങ്കിലും ദുർന്നടപ്പുനിമിത്തം ഓരോരുത്തനു സ്വന്തഭാര്യയും ഓരോരുത്തിക്കു സ്വന്ത ഭർത്താവും ഉണ്ടായിരിക്കട്ടെ. ഭർത്താവ് ഭാര്യക്കും ഭാര്യ ഭർത്താവിനും കടംപെട്ടിരിക്കുന്നതു ചെയ്യട്ടെ. ഭാര്യയുടെ ശരീരത്തിന്മേൽ അവൾക്കല്ല ഭർത്താവിനത്രേ അധികാരമുള്ളത്; അങ്ങനെ ഭർത്താവിന്റെ ശരീരത്തിന്മേൽ അവനല്ല ഭാര്യക്കത്രേ അധികാരം. പ്രാർഥനയ്ക്ക് അവസരമുണ്ടാവാൻ ഒരു സമയത്തേക്കു പരസ്പരസമ്മതത്തോടെ അല്ലാതെ തമ്മിൽ വേർപെട്ടിരിക്കരുത്; നിങ്ങളുടെ അജിതേന്ദ്രിയത്വം നിമിത്തം സാത്താൻ നിങ്ങളെ പരീക്ഷിക്കാതിരിക്കേണ്ടതിനു വീണ്ടും ചേർന്നിരിപ്പിൻ. ഞാൻ ഇതു കല്പനയായിട്ടല്ല അനുവാദമായിട്ടത്രേ പറയുന്നത്. സകല മനുഷ്യരും എന്നെപ്പോലെ ആയിരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. എങ്കിലും ഒരുവന് ഇങ്ങനെയും ഒരുവന് അങ്ങനെയും താന്താന്റെ കൃപാവരം ദൈവം നല്കിയിരിക്കുന്നു. വിവാഹം കഴിയാത്തവരോടും വിധവമാരോടും: അവർ എന്നെപ്പോലെ പാർത്തുകൊണ്ടാൽ അവർക്കു കൊള്ളാം എന്നു ഞാൻ പറയുന്നു. ജിതേന്ദ്രിയത്വമില്ലെങ്കിലോ അവർ വിവാഹം ചെയ്യട്ടെ; അഴലുന്നതിനെക്കാൾ വിവാഹം ചെയ്യുന്നത് നല്ലത്. വിവാഹം കഴിഞ്ഞവരോടോ ഞാനല്ല കർത്താവുതന്നെ കല്പിക്കുന്നത്: ഭാര്യ ഭർത്താവിനെ വേർപിരിയരുത്; പിരിഞ്ഞു എന്നു വരികിലോ വിവാഹംകൂടാതെ പാർക്കേണം; അല്ലെന്നു വരികിൽ ഭർത്താവിനോടു നിരന്നുകൊള്ളേണം; ഭർത്താവ് ഭാര്യയെ ഉപേക്ഷിക്കയുമരുത്. എന്നാൽ ശേഷമുള്ളവരോടു കർത്താവല്ല ഞാൻ തന്നെ പറയുന്നത്: ഒരു സഹോദരന് അവിശ്വാസിയായ ഭാര്യ ഉണ്ടായിരിക്കയും അവൾ അവനോടുകൂടെ പാർപ്പാൻ സമ്മതിക്കയും ചെയ്താൽ അവളെ ഉപേക്ഷിക്കരുത്. അവിശ്വാസിയായ ഭർത്താവുള്ള ഒരു സ്ത്രീയും, അവൻ അവളോടുകൂടെ പാർപ്പാൻ സമ്മതിക്കുന്നു എങ്കിൽ, ഭർത്താവിനെ ഉപേക്ഷിക്കരുത്. അവിശ്വാസിയായ ഭർത്താവു ഭാര്യ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടും അവിശ്വാസിയായ ഭാര്യ സഹോദരൻ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടുമിരിക്കുന്നു; അല്ലെങ്കിൽ നിങ്ങളുടെ മക്കൾ അശുദ്ധർ എന്നു വരും; ഇപ്പോഴോ അവർ വിശുദ്ധർ ആകുന്നു. അവിശ്വാസി വേർപിരിയുന്നു എങ്കിൽ പിരിയട്ടെ; ഈ വകയിൽ സഹോദരനോ സഹോദരിയോ ബദ്ധരായിരിക്കുന്നില്ല; എന്നാൽ സമാധാനത്തിൽ ജീവിപ്പാൻ ദൈവം നമ്മെ വിളിച്ചിരിക്കുന്നു. സ്ത്രീയേ, നീ ഭർത്താവിനു രക്ഷ വരുത്തും എന്നു നിനക്ക് എങ്ങനെ അറിയാം? പുരുഷാ, നീ ഭാര്യക്കു രക്ഷ വരുത്തും എന്നു നിനക്ക് എങ്ങനെ അറിയാം? എന്നാൽ ഓരോരുത്തനു കർത്താവു വിഭാഗിച്ചുകൊടുത്തതുപോലെയും ഓരോരുത്തനെ ദൈവം വിളിച്ചതുപോലെയും അവനവൻ നടക്കട്ടെ; ഇങ്ങനെ ആകുന്നു ഞാൻ സകല സഭകളിലും ആജ്ഞാപിക്കുന്നത്. ഒരുത്തൻ പരിച്ഛേദനയോടെ വിളിക്കപ്പെട്ടുവോ? അഗ്രചർമം വരുത്തരുത്; ഒരുത്തൻ അഗ്രചർമത്തോടെ വിളിക്കപ്പെട്ടുവോ? പരിച്ഛേദന ഏല്ക്കരുത്. പരിച്ഛേദന ഒന്നുമില്ല, അഗ്രചർമവും ഒന്നുമില്ല, ദൈവകല്പന പ്രമാണിക്കുന്നതത്രേ കാര്യം. ഓരോരുത്തൻ വിളിക്കപ്പെട്ട സ്ഥിതിയിൽതന്നെ വസിച്ചുകൊള്ളട്ടെ. നീ ദാസനായി വിളിക്കപ്പെട്ടുവോ? വ്യസനിക്കരുത്. സ്വതന്ത്രൻ ആകുവാൻ കഴിയുമെങ്കിലും അതിൽതന്നെ ഇരുന്നുകൊൾക. ദാസനായി കർത്താവിൽ വിളിക്കപ്പെട്ടവൻ കർത്താവിന്റെ സ്വതന്ത്രൻ ആകുന്നു. അങ്ങനെതന്നെ സ്വതന്ത്രനായി വിളിക്കപ്പെട്ടവൻ ക്രിസ്തുവിന്റെ ദാസനാകുന്നു. നിങ്ങളെ വിലയ്ക്കു വാങ്ങിയിരിക്കുന്നു; മനുഷ്യർക്കു ദാസന്മാരാകരുത്. സഹോദരന്മാരേ, ഓരോരുത്തൻ വിളിക്കപ്പെട്ട സ്ഥിതിയിൽതന്നെ ദൈവസന്നിധിയിൽ വസിക്കട്ടെ. കന്യകമാരെക്കുറിച്ച് എനിക്കു കർത്താവിന്റെ കല്പനയില്ല; എങ്കിലും വിശ്വസ്തൻ ആകുവാൻ തക്കവണ്ണം കർത്താവിന്റെ കരുണ ലഭിച്ചവനായി ഞാൻ അഭിപ്രായം പറയുന്നു. ഇപ്പോഴത്തെ കഷ്ടത നിമിത്തം ഞാൻ പറഞ്ഞതുപോലെ മനുഷ്യൻ അങ്ങനെതന്നെ ഇരിക്കുന്നത് അവനു നന്ന് എന്ന് എനിക്കു തോന്നുന്നു. നീ ഭാര്യയോടു ബന്ധിക്കപ്പെട്ടിരിക്കുന്നുവോ? വേർപാട് അന്വേഷിക്കരുത്. നീ ഭാര്യ ഇല്ലാത്തവനോ? ഭാര്യയെ അന്വേഷിക്കരുത്. നീ വിവാഹം ചെയ്താലും ദോഷമില്ല; കന്യകയും വിവാഹം ചെയ്താൽ ദോഷമില്ല; എങ്കിലും ഇങ്ങനെയുള്ളവർക്കു ജഡത്തിൽ കഷ്ടത ഉണ്ടാകും; അതു നിങ്ങൾക്കു വരരുത് എന്ന് എന്റെ ആഗ്രഹം. എന്നാൽ സഹോദരന്മാരേ, ഇതൊന്നു ഞാൻ പറയുന്നു: കാലം ചുരുങ്ങിയിരിക്കുന്നു; ഇനി ഭാര്യമാരുള്ളവർ ഇല്ലാത്തവരെപ്പോലെയും കരയുന്നവർ കരയാത്തവരെപ്പോലെയും സന്തോഷിക്കുന്നവർ സന്തോഷിക്കാത്തവരെപ്പോലെയും വിലയ്ക്കു വാങ്ങുന്നവർ കൈവശമാക്കാത്തവരെപ്പോലെയും ലോകത്തെ അനുഭവിക്കുന്നവർ അതിനെ അനുഭവിക്കാത്തവരെപ്പോലെയും ആയിരിക്കേണം. ഈ ലോകത്തിന്റെ രൂപം ഒഴിഞ്ഞുപോകുന്നുവല്ലോ. നിങ്ങൾ ചിന്താകുലമില്ലാത്തവരായിരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. വിവാഹം ചെയ്യാത്തവൻ കർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവച്ചു കർത്താവിനുള്ളതു ചിന്തിക്കുന്നു. വിവാഹം ചെയ്തവൻ ഭാര്യയെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവച്ചു ലോകത്തിനുള്ളതു ചിന്തിക്കുന്നു. അതുപോലെ ഭാര്യയായവൾക്കും കന്യകയ്ക്കും തമ്മിൽ വ്യത്യാസം ഉണ്ട്. വിവാഹം കഴിയാത്തവൾ ശരീരത്തിലും ആത്മാവിലും വിശുദ്ധയാകേണ്ടതിനു കർത്താവിനുള്ളതു ചിന്തിക്കുന്നു; വിവാഹം കഴിഞ്ഞവൾ ഭർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവച്ചു ലോകത്തിനുള്ളതു ചിന്തിക്കുന്നു. ഞാൻ ഇതു നിങ്ങൾക്കു കുടുക്കിടുവാനല്ല, യോഗ്യത വിചാരിച്ചും നിങ്ങൾ ചാപല്യം കൂടാതെ കർത്താവിങ്കൽ സ്ഥിരമായി വസിക്കേണ്ടതിനും നിങ്ങളുടെ ഉപകാരത്തിനായിട്ടത്രേ പറയുന്നത്. എന്നാൽ ഒരുത്തൻ തന്റെ കന്യകയ്ക്കു പ്രായം കടന്നാൽ താൻ ചെയ്യുന്നത് അയോഗ്യം എന്നു നിരൂപിക്കുന്നു എങ്കിൽ അങ്ങനെ വേണ്ടിവന്നാൽ ഇഷ്ടംപോലെ ചെയ്യട്ടെ; അവൻ ദോഷം ചെയ്യുന്നില്ല; അവർ വിവാഹം ചെയ്യട്ടെ. എങ്കിലും നിർബന്ധമില്ലാതെ തന്റെ ഇഷ്ടം നടത്തുവാൻ അധികാരമുള്ളവനും ഹൃദയത്തിൽ സ്ഥിരതയുള്ളവനുമായ ഒരുവൻ തന്റെ കന്യകയെ സൂക്ഷിച്ചുകൊൾവാൻ സ്വന്തഹൃദയത്തിൽ നിർണയിച്ചു എങ്കിൽ അവൻ ചെയ്യുന്നത് നന്ന്. അങ്ങനെ ഒരുത്തൻ തന്റെ കന്യകയെ വിവാഹം കഴിപ്പിക്കുന്നത് നന്ന്; വിവാഹം കഴിപ്പിക്കാതിരിക്കുന്നത് ഏറെ നന്ന്. ഭർത്താവു ജീവിച്ചിരിക്കുന്ന കാലത്തോളം സ്ത്രീ ബന്ധിക്കപ്പെട്ടിരിക്കുന്നു; ഭർത്താവു മരിച്ചുപോയാൽ തനിക്കു മനസ്സുള്ളവനുമായി വിവാഹം കഴിപ്പാൻ സ്വാതന്ത്ര്യം ഉണ്ട്; കർത്താവിൽ വിശ്വസിക്കുന്നവനുമായി മാത്രമേ ആകാവൂ. എന്നാൽ അവൾ അങ്ങനെതന്നെ പാർത്തുകൊണ്ടാൽ ഭാഗ്യമേറിയവൾ എന്ന് എന്റെ അഭിപ്രായം; ദൈവാത്മാവ് എനിക്കും ഉണ്ട് എന്നു തോന്നുന്നു.
1 കൊരിന്ത്യർ 7 വായിക്കുക
കേൾക്കുക 1 കൊരിന്ത്യർ 7
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 കൊരിന്ത്യർ 7:1-40
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ