32
മോശെയുടെ ഗീതം
1ആകാശമേ, ചെവിതരുക; ഞാൻ സംസാരിക്കും;
ഭൂമി എന്റെ വായിൻ വാക്കുകളെ കേൾക്കട്ടെ.
2മഴപോലെ എന്റെ ഉപദേശം പൊഴിയും;
എന്റെ വചനം മഞ്ഞുപോലെയും
ഇളമ്പുല്ലിന്മേൽ പൊടിമഴപോലെയും
സസ്യത്തിന്മേൽ മാരിപോലെയും ചൊരിയും.
3ഞാൻ യഹോവയുടെ നാമം ഘോഷിക്കും;
നമ്മുടെ ദൈവത്തിന് മഹത്വം കൊടുക്കുവിൻ.
4യഹോവയാകുന്നു പാറ; അവിടുത്തെ പ്രവൃത്തി അത്യുത്തമം.
അവിടുത്തെ വഴികൾ ഒക്കെയും ന്യായം;
അവിടുന്ന് വിശ്വസ്തതയുള്ള ദൈവം, വ്യാജമില്ലാത്തവൻ;
നീതിയും നേരുമുള്ളവൻ തന്നെ.
5അവർ അവിടുത്തോട് വഷളത്തം കാണിച്ചു:
അവർ സ്വയം കളങ്കപ്പെടുത്തിയതിനാൽ അവിടുത്തെ മക്കളല്ല;
വക്രതയും കോട്ടവുമുള്ള തലമുറ തന്നെ.
6ഭോഷത്തവും അജ്ഞതയുമുള്ള ജനമേ,
ഇങ്ങനെയോ നിങ്ങൾ യഹോവയ്ക്കു പകരം കൊടുക്കുന്നത്?
അവിടുന്നല്ലയോ നിന്റെ പിതാവ്, നിന്റെ ഉടയവൻ.
അവിടുന്നല്ലയോ നിന്നെ സൃഷ്ടിക്കുകയും രക്ഷിക്കുകയും ചെയ്തവൻ.
7പൂർവ്വദിവസങ്ങളെ ഓർക്കുക:
മുൻ തലമുറകളുടെ സംവത്സരങ്ങളെ ചിന്തിക്കുക;
നിന്റെ പിതാവിനോട് ചോദിക്കുക, അവൻ അറിയിച്ചുതരും;
നിന്റെ വൃദ്ധന്മാരോട് ചോദിക്കുക, അവർ പറഞ്ഞുതരും.
8മഹോന്നതൻ ജനതകൾക്ക് അവകാശം വിഭാഗിക്കുകയും
മനുഷ്യപുത്രന്മാരെ വേർപിരിക്കുകയും ചെയ്തപ്പോൾ
അവിടുന്ന് യിസ്രായേൽ മക്കളുടെ എണ്ണത്തിനു തക്കവണ്ണം
ജനതകളുടെ അതിർത്തികൾ നിശ്ചയിച്ചു.
9യഹോവയുടെ ഓഹരി അവിടുത്തെ ജനവും,
യാക്കോബ് അവിടുത്തെ അവകാശവും ആകുന്നു.
10അവിടുന്ന് മരുഭൂമിയിൽ അവനെ കണ്ടെത്തി,
വന്ധ്യമായതും ഓരികേൾക്കുന്നതുമായ ശൂന്യസ്ഥലങ്ങളിൽത്തന്നെ.
അവിടുന്ന് അവനെ രക്ഷിക്കുകയും പരിപാലിക്കുകയും ചെയ്തു,
അവിടുന്ന് അവനെ കൺമണിപോലെ കാത്തുസൂക്ഷിച്ചു.
11കഴുകൻ തന്റെ കൂടനക്കി
കുഞ്ഞുങ്ങൾക്കു മീതെ പറക്കും പോലെ
തൻ ചിറകു വിരിച്ച് അവനെ എടുത്ത്
തന്റെ ചിറകിന്മേൽ അവനെ വഹിച്ചു.
12യഹോവ തനിയെ അവനെ നടത്തി;
അവനോടുകൂടെ അന്യദൈവം ഉണ്ടായിരുന്നില്ല.
13അവിടുന്ന് ഭൂമിയുടെ ഉന്നതങ്ങളിൽ അവനെ വാഹനമേറ്റി;
നിലത്തെ അനുഭവംകൊണ്ട് അവൻ ഉപജീവിച്ചു.
അവനെ പാറയിൽനിന്നുള്ള തേനും
തീക്കല്ലിൽനിന്നുള്ള എണ്ണയും കുടിപ്പിച്ചു.
14കന്നുകാലികളുടെ വെണ്ണയും ആടുകളുടെ പാലും
ആട്ടിൻകുട്ടികളുടെ മേദസ്സും
ബാശാനിലെ ആട്ടുകൊറ്റന്മാരെയും കോലാടുകളെയും
ഗോതമ്പിൻ കാമ്പും അവനു കൊടുത്തു;
നീ മുന്തിരിയുടെ രക്തമായ വീഞ്ഞു കുടിച്ചു.
15യെശുരൂനോ#32:15 യെശുരൂനോ നേര് ഹൃദയമുള്ള യിസ്രായേലോ പുഷ്ടിവച്ചപ്പോൾ മത്സരിച്ചു;
നീ പുഷ്ടിവച്ച്, കനത്തു തടിച്ചിരിക്കുന്നു.
തന്നെ ഉണ്ടാക്കിയ ദൈവത്തെ അവൻ ത്യജിച്ച്;
തന്റെ രക്ഷയുടെ പാറയെ നിരസിച്ചു.
16അവർ അന്യദൈവങ്ങളാൽ അവിടുത്തെ കോപിപ്പിച്ചു,
മ്ലേച്ഛതകളാൽ അവിടുത്തെ പ്രകോപിപ്പിച്ചു.
17അവർ ദുർഭൂതങ്ങൾക്ക്, ദൈവമല്ലാത്തവയ്ക്ക്,
തങ്ങൾ അറിയാത്ത ദേവന്മാർക്കു തന്നെ ബലികഴിച്ചു;
അവരുടെ പിതാക്കന്മാർ അവയെ ഭജിച്ചിട്ടില്ല,
അവ നൂതനമായി ഉത്ഭവിച്ച മൂർത്തികൾ അത്രേ.
18നിന്നെ ജനിപ്പിച്ച പാറയെ നീ വിസ്മരിച്ചു;
നിന്നെ ഉല്പാദിപ്പിച്ച ദൈവത്തെ മറന്നുകളഞ്ഞു.
19യഹോവ അത് കണ്ടു അവരെ തള്ളിക്കളഞ്ഞു;
തന്റെ പുത്രീപുത്രന്മാരോടുള്ള നീരസത്താൽ തന്നെ.
20അവിടുന്ന് അരുളിച്ചെയ്തത്: “ഞാൻ എന്റെ മുഖം അവർക്ക് മറയ്ക്കും;
അവരുടെ അന്തം എന്തെന്ന് ഞാൻ നോക്കും.
അവർ വക്രതയുള്ള തലമുറ, നേരില്ലാത്ത മക്കൾ.
21ദൈവമല്ലാത്തതിനെക്കൊണ്ട് എനിക്ക് എരിവുവരുത്തി,
മിത്ഥ്യാമൂർത്തികളാൽ എന്നെ മുഷിപ്പിച്ചു.
ഞാനും ജനമല്ലാത്തവരെക്കൊണ്ട് അവർക്ക് എരിവുവരുത്തും;
മൂഢജനതയെക്കൊണ്ട് അവരെ മുഷിപ്പിക്കും
22എന്റെ കോപത്താൽ തീ ജ്വലിച്ച്
പാതാളത്തിന്റെ ആഴത്തോളം കത്തും;
ഭൂമിയെയും അതിന്റെ അനുഭവത്തെയും ദഹിപ്പിച്ചു
പർവ്വതങ്ങളുടെ അടിസ്ഥാനങ്ങളെ കത്തിച്ചുകളയും.
23ഞാൻ അനർത്ഥങ്ങൾ അവരുടെ മേൽ കൂമ്പാരമായി കൂട്ടും.
എന്റെ അസ്ത്രങ്ങൾ അവരുടെ നേരെ തൊടുക്കും.
24അവർ വിശപ്പുകൊണ്ട് ക്ഷയിക്കും;
ഉഷ്ണരോഗത്തിനും വിഷവ്യാധിക്കും ഇരയാകും.
മൃഗങ്ങളുടെ പല്ലും സർപ്പങ്ങളുടെ വിഷവും
ഞാൻ അവരുടെ ഇടയിൽ അയക്കും.
25വീഥികളിൽ വാളും അറകളിൽ ഭീതിയും,
യുവാവിനെയും യുവതിയെയും സംഹരിക്കും
ശിശുവിനെയും നരച്ചവനെയും സംഹരിക്കും.
26ഞാൻ അവരെ തകർത്തുകളഞ്ഞ്,
മനുഷ്യരുടെ ഇടയിൽനിന്ന് അവരുടെ ഓർമ്മ ഇല്ലാതാക്കുമായിരുന്നു.
27എന്നാൽ ശത്രുക്കളുടെ ക്രോധം ഞാൻ ഭയന്നു
അവരുടെ വൈരികൾ തെറ്റായി വിചാരിക്കയും
“ഞങ്ങളുടെ കൈകൊണ്ട് ഞങ്ങൾ ജയിച്ചു;
യഹോവയല്ല ഇതൊക്കെയും ചെയ്തത്” എന്നു പറയുമായിരിക്കും.
28അവർ ആലോചനയില്ലാത്ത ജനം;
അവർക്ക് വിവേകബുദ്ധിയില്ല.
29ഹാ, അവർ ജ്ഞാനികളായി ഇതു ഗ്രഹിച്ച്
തങ്ങളുടെ ഭാവിയെപ്പറ്റി ചിന്തിച്ചെങ്കിൽ കൊള്ളാമായിരുന്നു.
30അവരുടെ പാറ അവരെ വിറ്റുകളയുകയും
യഹോവ അവരെ ഏല്പിച്ചുകൊടുക്കുകയും ചെയ്തിട്ടല്ലാതെ
ഒരുവൻ ആയിരംപേരെ പിന്തുടരുന്നതും
ഇരുവർ പതിനായിരംപേരെ ഓടിക്കുന്നതുമെങ്ങനെ?
31അവരുടെ പാറ നമ്മുടെ പാറപോലെയല്ല,
അതിന് നമ്മുടെ ശത്രുക്കൾ തന്നെ സാക്ഷികൾ.
32അവരുടെ മുന്തിരിവള്ളി സൊദോംവള്ളിയിൽനിന്നും
ഗൊമോരനിലങ്ങളിൽനിന്നും ഉള്ളത്;
അവരുടെ മുന്തിരിപ്പഴം നഞ്ചും
മുന്തിരിക്കുല കയ്പുമാകുന്നു;
33അവരുടെ വീഞ്ഞ് മഹാസർപ്പത്തിൻ വിഷവും
മൂർഖൻ്റെ കാളകൂടവും ആകുന്നു.
34“ഇതു എന്റെ അടുക്കൽ സംഗ്രഹിച്ചും
എന്റെ ഭണ്ഡാരത്തിൽ മുദ്രയിട്ടും ഇരിക്കുന്നില്ലയോ?
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
35അവരുടെ കാൽ വഴുതുന്ന കാലത്തേക്കുള്ള പ്രതികാരവും പ്രതിഫലവും എന്റെ പക്കൽ ഉണ്ട്;
അവരുടെ അനർത്ഥദിവസം അടുത്തിരിക്കുന്നു;
അവർക്ക് ഭവിപ്പാക്കുവാനുള്ളത് ബദ്ധപ്പെടുന്നു.“
36യഹോവ തന്റെ ജനത്തെ ന്യായംവിധിക്കും;
അവരുടെ ബലം ക്ഷയിച്ചുപോയി;
അടിമയോ സ്വതന്ത്രനോ ഇല്ലാതെയായി എന്നു കണ്ടിട്ട്
അവിടുത്തേക്ക് തന്റെ ദാസന്മാരോട് സഹതാപം തോന്നും.
37അവരുടെ ബലികളുടെ മേദസ്സ് തിന്നുകയും
പാനീയബലിയുടെ വീഞ്ഞു കുടിക്കുകയും ചെയ്ത ദേവന്മാരും
അവർ ആശ്രയിച്ച പാറയും എവിടെ?
38‘അവർ എഴുന്നേറ്റ്, നിങ്ങളെ സഹായിച്ച്,
നിങ്ങൾക്ക് ശരണമായിരിക്കട്ടെ’ എന്നു അവിടുന്ന് അരുളിച്ചെയ്യും.
39ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല
എന്നു ഇപ്പോൾ കണ്ടുകൊള്ളുവിൻ.
ഞാൻ കൊല്ലുന്നു; ഞാൻ ജീവിപ്പിക്കുന്നു;
ഞാൻ തകർക്കുന്നു; ഞാൻ സൗഖ്യമാക്കുന്നു;
എന്റെ കയ്യിൽനിന്ന് വിടുവിക്കുന്നവൻ ഇല്ല.
40ഞാൻ ആകാശത്തേക്കു കൈ ഉയർത്തി സത്യം ചെയ്യുന്നത്:
“നിത്യനായിരിക്കുന്ന എന്നാണ,
41എന്റെ മിന്നലാകുന്ന വാൾ ഞാൻ മൂർച്ചയാക്കി
എൻ കൈ ന്യായവിധി തുടങ്ങുമ്പോൾ,
ഞാൻ ശത്രുക്കളിൽ പ്രതികാരം നടത്തും;
എന്നെ ദ്വേഷിക്കുന്നവരോട് പകരംവീട്ടും.
42ഹതന്മാരുടെയും ബദ്ധന്മാരുടെയും രക്തത്താലും
ശത്രുനായകന്മാരുടെ ശിരസ്സിൽനിന്ന് ഒലിക്കുന്ന രക്തത്താലും
ഞാൻ എന്റെ അസ്ത്രങ്ങളെ ലഹരി പിടിപ്പിക്കും;
എന്റെ വാൾ മാംസം തിന്നുകയും ചെയ്യും.
43ജനതകളേ, അവിടുത്തെ ജനത്തോടുകൂടി ഉല്ലസിക്കുവിൻ;
അവിടുന്ന് സ്വദാസന്മാരുടെ രക്തത്തിന് പ്രതികാരംചെയ്യും;
തന്റെ ശത്രുക്കളോട് അവിടുന്ന് പകരംവീട്ടും;
തന്റെ ദേശത്തിനും ജനത്തിനും പാപപരിഹാരം വരുത്തും.”
44അനന്തരം മോശെയും നൂന്റെ മകനായ യോശുവയും ഈ പാട്ടിൻ്റെ വചനങ്ങൾ ഒക്കെയും ജനത്തെ ചൊല്ലിക്കേൾപ്പിച്ചു.
45മോശെ വചനങ്ങളെല്ലാം യിസ്രായേൽ ജനത്തോട് സംസാരിച്ചു തീർന്നപ്പോൾ അവൻ അവരോട് പറഞ്ഞത്: 46”ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ സകലവും പ്രമാണിച്ചു നടക്കേണം എന്നു നിങ്ങൾ നിങ്ങളുടെ മക്കളോടു കല്പിക്കുവാൻ, ഞാൻ ഇന്ന് നിങ്ങളോട് സാക്ഷീകരിക്കുന്ന സകലവചനങ്ങളും മനസ്സിൽ സൂക്ഷിച്ചുകൊള്ളുവിൻ. 47ഇതു നിങ്ങൾക്ക് വ്യർത്ഥകാര്യമല്ല, നിങ്ങളുടെ ജീവൻതന്നെ ആകുന്നു; നിങ്ങൾ കൈവശമാക്കുവാൻ യോർദ്ദാൻ കടന്നുചെല്ലുന്ന ദേശത്ത് നിങ്ങൾക്ക് ഇതിനാൽ ദീർഘായുസ്സുണ്ടാകും.”
മോശെ നെബോ മലമുകളിലേക്ക്
48അന്നു തന്നെ യഹോവ മോശെയോട് അരുളിച്ചെയ്തത്: 49”നീ യെരിഹോവിനെതിരെ മോവാബ് ദേശത്തുള്ള ഈ അബാരീംപർവ്വതത്തിൽ, നെബോമലമുകളിൽ കയറി, ഞാൻ യിസ്രായേൽ മക്കൾക്ക് അവകാശമായി കൊടുക്കുന്ന കനാൻദേശം നോക്കി കാണുക. 50നിന്റെ സഹോദരനായ അഹരോൻ ഹോർ പർവ്വതത്തിൽവച്ച് മരിച്ച് തന്റെ ജനത്തോട് ചേർന്നതുപോലെ നീ കയറുന്ന പർവ്വതത്തിൽവച്ച് നീയും മരിച്ച് നിന്റെ ജനത്തോടു ചേരും. 51നിങ്ങൾ സീൻ മരുഭൂമിയിൽ കാദേശിലെ കലഹജലത്തിങ്കൽ യിസ്രായേൽ മക്കളുടെ മദ്ധ്യത്തിൽവച്ച് എന്നോട് അകൃത്യം ചെയ്കകൊണ്ടും യിസ്രായേൽ മക്കളുടെ മദ്ധ്യത്തിൽവച്ച് എന്നെ മഹത്വീകരിക്കാതിരുന്നതിനാലും തന്നെ. 52ഞാൻ യിസ്രായേൽമക്കൾക്കു കൊടുക്കുന്ന ദേശം നീ കാണും. എങ്കിലും നീ അവിടെ കടക്കുകയില്ല.”