യെശ. 19
19
മിസ്രയീമിനെക്കുറിച്ചുള്ള പ്രവാചകം
1മിസ്രയീമിനെക്കുറിച്ചുള്ള പ്രവാചകം:
യഹോവ വേഗതയുള്ള ഒരു മേഘത്തെ വാഹനമാക്കി മിസ്രയീമിലേക്കു വരുന്നു;
അപ്പോൾ മിസ്രയീമിലെ മിഥ്യാമൂർത്തികൾ
അവിടുത്തെ സന്നിധിയിങ്കൽ നടുങ്ങുകയും
മിസ്രയീമിന്‍റെ ഹൃദയം അതിന്‍റെ ഉള്ളിൽ ഉരുകുകയും ചെയ്യും.
2“ഞാൻ മിസ്രയീമ്യരെ മിസ്രയീമ്യരോടു കലഹിപ്പിക്കും;
അവർ ഓരോരുത്തൻ അവനവന്‍റെ സഹോദരനോടും
ഓരോരുത്തൻ അവനവന്‍റെ കൂട്ടുകാരനോടും
പട്ടണം പട്ടണത്തോടും
രാജ്യം രാജ്യത്തോടും യുദ്ധം ചെയ്യും.
3മിസ്രയീമിന്‍റെ ചൈതന്യം അതിന്‍റെ ഉള്ളിൽ ഒഴിഞ്ഞുപോകും;
ഞാൻ അതിന്‍റെ ആലോചനയെ നശിപ്പിക്കും;
അപ്പോൾ അവർ മിഥ്യാമൂർത്തികളോടും
മന്ത്രവാദികളോടും വെളിച്ചപ്പാടന്മാരോടും
ലക്ഷണം പറയുന്നവരോടും അരുളപ്പാടു ചോദിക്കും.
4ഞാൻ മിസ്രയീമ്യരെ ഒരു ക്രൂരയജമാനന്‍റെ കയ്യിൽ ഏല്പിക്കും;
ഉഗ്രനായ ഒരു രാജാവ് അവരെ ഭരിക്കും”
എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
5സമുദ്രത്തിൽ വെള്ളം ഇല്ലാതെയാകും;
നദി വറ്റി ഉണങ്ങിപ്പോകും.
6നദികൾക്കു നാറ്റം പിടിക്കും;
മിസ്രയീമിലെ തോടുകൾ വറ്റി ഉണങ്ങും;
ഞാങ്ങണയും ഓടപ്പുല്ലും#19:6 ഓടപ്പുല്ലുംനദിയരികെ വളരുന്ന ഒരുതരം സസ്യം. വാടിപ്പോകും.
7നദിക്കരികിലും നദീതീരത്തും ഉള്ള പുല്പുറങ്ങളും
നദീതീരത്തു വിതച്ച സകലവും
ഉണങ്ങി പറന്ന് ഇല്ലാതെപോകും.
8മീൻ പിടിക്കുന്നവർ വിലപിക്കും;
നദിയിൽ ചൂണ്ടൽ ഇടുന്നവരെല്ലാം ദുഃഖിക്കും;
വെള്ളത്തിൽ വല വീശുന്നവർ വിഷാദിക്കും.
9ചീകി വെടിപ്പാക്കിയ ചണംകൊണ്ടു വേല ചെയ്യുന്നവരും
വെള്ളത്തുണി നെയ്യുന്നവരും ലജ്ജിച്ചുപോകും.
10രാജ്യത്തിന്‍റെ തൂണുകളായിരിക്കുന്നവർ തകർന്നുപോകും;
കൂലിവേലക്കാർ മനോവ്യസനത്തോടെയിരിക്കും.
11സോവനിലെ പ്രഭുക്കന്മാർ കേവലം ഭോഷന്മാരത്രേ;
ഫറവോന്‍റെ ജ്ഞാനമേറിയ മന്ത്രിമാരുടെ ആലോചന ഭോഷത്തമായി തീർന്നിരിക്കുന്നു;
“ഞാൻ ജ്ഞാനികളുടെ മകൻ,
പുരാതനരാജാക്കന്മാരുടെ മകൻ”
എന്നിപ്രകാരം നിങ്ങൾ ഫറവോനോട് പറയുന്നത് എങ്ങനെ?
12നിന്‍റെ ജ്ഞാനികൾ എവിടെ?
അവർ ഇപ്പോൾ നിനക്കു പറഞ്ഞുതരട്ടെ;
സൈന്യങ്ങളുടെ യഹോവ മിസ്രയീമിനെക്കുറിച്ചു നിർണ്ണയിച്ചത്
അവർ എന്തെന്ന് ഗ്രഹിക്കട്ടെ.
13സോവനിലെ പ്രഭുക്കന്മാർ ഭോഷന്മാരായിത്തീർന്നിരിക്കുന്നു;
നോഫിലെ #19:13 നോഫിലെ മെംഫിസിലെപ്രഭുക്കന്മാർ വഞ്ചിക്കപ്പെട്ടിരിക്കുന്നു;
മിസ്രയീമിലെ ഗോത്രങ്ങളുടെ മൂലക്കല്ലായിരിക്കുന്നവർ
അതിനെ തെറ്റിച്ചുകളഞ്ഞു.
14യഹോവ അതിന്‍റെ നടുവിൽ മനോവിഭ്രമം പകർന്നു;
ലഹരിപിടിച്ചവൻ തന്‍റെ ഛർദ്ദിയിൽ വേച്ചുനടക്കുന്നതുപോലെ
അവർ മിസ്രയീമിനെ അതിന്‍റെ സകലപ്രവൃത്തിയിലും
തെറ്റിനടക്കുമാറാക്കിയിരിക്കുന്നു.
15തലയ്‌ക്കോ വാലിനോ പനമ്പട്ടയ്‌ക്കോ പോട്ടപ്പുല്ലിനോ
മിസ്രയീമിനുവേണ്ടി നിർവഹിക്കേണ്ടുന്ന
ഒരു പ്രവൃത്തിയും ചെയ്യുവാനുണ്ടായിരിക്കുകയില്ല.
16ആ നാളിൽ മിസ്രയീമ്യർ സ്ത്രീകൾക്ക് തുല്യരായിരിക്കും; സൈന്യങ്ങളുടെ യഹോവ അവരുടെ നേരെ കൈ ഓങ്ങുന്നതിനാൽ അവർ പേടിച്ചു വിറയ്ക്കും. 17യെഹൂദാദേശം മിസ്രയീമിന് ഭയങ്കരമായിരിക്കും; അതിന്‍റെ പേര് പറഞ്ഞുകേൾക്കുന്നവരെല്ലാം സൈന്യങ്ങളുടെ യഹോവ അതിന് വിരോധമായി നിർണ്ണയിച്ച നിർണ്ണയംനിമിത്തം ഭയപ്പെടും.
18ആ നാളിൽ മിസ്രയീംദേശത്തുള്ള അഞ്ചു പട്ടണങ്ങൾ കനാൻ ഭാഷ സംസാരിച്ചു സൈന്യങ്ങളുടെ യഹോവയോടു സത്യം ചെയ്യും; ഒന്നിനു സൂര്യനഗരം (ഈർ ഹഹേരെസ്) എന്നു പേര് വിളിക്കപ്പെടും.
19ആ നാളിൽ മിസ്രയീമിന്‍റെ നടുവിൽ യഹോവയ്ക്ക് ഒരു യാഗപീഠവും അതിന്‍റെ അതിർത്തിയിൽ യഹോവയ്ക്ക് ഒരു തൂണും ഉണ്ടായിരിക്കും. 20അത് മിസ്രയീമിൽ സൈന്യങ്ങളുടെ യഹോവയ്ക്ക് ഒരു അടയാളവും ഒരു സാക്ഷ്യവും ആയിരിക്കും; പീഡകന്മാർ നിമിത്തം അവർ യഹോവയോടു നിലവിളിക്കും; അവൻ അവർക്ക് ഒരു രക്ഷകനെ അയയ്ക്കും; അവൻ പൊരുതി അവരെ വിടുവിക്കും. 21അങ്ങനെ യഹോവ മിസ്രയീമിന് സ്വയം വെളിപ്പെടുത്തുകയും മിസ്രയീമ്യർ അന്നു യഹോവയെ അറിഞ്ഞ് യാഗവും വഴിപാടും അർപ്പിക്കുകയും യഹോവയ്ക്ക് ഒരു നേർച്ചനേർന്ന് അതിനെ നിവർത്തിക്കുകയും ചെയ്യും. 22യഹോവ മിസ്രയീമിനെ അടിക്കും; അടിച്ചിട്ട് അവൻ വീണ്ടും അവരെ സൗഖ്യമാക്കും; അവർ യഹോവയിങ്കലേക്കു തിരിയുകയും അവൻ അവരുടെ പ്രാർത്ഥന കേട്ടു അവരെ സൗഖ്യമാക്കുകയും ചെയ്യും.
23ആ നാളിൽ മിസ്രയീമിൽ നിന്ന് അശ്ശൂരിലേക്ക് ഒരു പ്രധാനപാത ഉണ്ടാകും; അശ്ശൂര്യർ മിസ്രയീമിലേക്കും മിസ്രയീമ്യർ അശ്ശൂരിലേക്കും ചെല്ലും; മിസ്രയീമ്യർ അശ്ശൂര്യരോടുകൂടി ആരാധന കഴിക്കും. 24ആ നാളിൽ യിസ്രായേൽ ഭൂമിയുടെ മദ്ധ്യത്തിൽ ഒരു അനുഗ്രഹമായി മിസ്രയീമിനോടും അശ്ശൂരിനോടുംകൂടി മൂന്നാമതായിരിക്കും. 25സൈന്യങ്ങളുടെ യഹോവ അവരെ അനുഗ്രഹിച്ചു: “എന്‍റെ ജനമായ മിസ്രയീമും എന്‍റെ കൈകളുടെ പ്രവൃത്തിയായ അശ്ശൂരും എന്‍റെ അവകാശമായ യിസ്രായേലും അനുഗ്രഹിക്കപ്പെടുമാറാകട്ടെ” എന്നു അരുളിച്ചെയ്യും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യെശ. 19: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.