യോശുവ 8
8
ഹായി പിടിച്ചെടുക്കുന്നു
1യഹോവ യോശുവയോട് അരുളിച്ചെയ്തത്: “ഭയപ്പെടരുത്, വിഷാദിക്കയും അരുത്; പടയാളികളുമായി ഹായിയിലേക്ക് ചെല്ലുക; ഞാൻ ഹായിരാജാവിനെയും അവന്‍റെ ജനത്തെയും പട്ടണത്തെയും ദേശത്തെയും നിന്‍റെ കയ്യിൽ തന്നിരിക്കുന്നു. 2യെരീഹോവിനോടും അതിന്‍റെ രാജാവിനോടും ചെയ്തതുപോലെ നീ ഹായിയോടും അതിന്‍റെ രാജാവിനോടും ചെയ്യേണം: എന്നാൽ അതിലെ കൊള്ളയും കന്നുകാലികളെയും നിങ്ങൾക്ക് എടുക്കാം. പട്ടണത്തിന്‍റെ പിൻഭാഗത്ത് പതിയിരിപ്പുകാരെ ആക്കേണം.”
3അങ്ങനെ യോശുവ പരാക്രമശാലികളായ മുപ്പതിനായിരം പടയാളികളെ തിരഞ്ഞെടുത്ത് രാത്രിയിൽ ഹായിയിലേക്ക് അയച്ചു, 4അവരോട് പറഞ്ഞത് എന്തെന്നാൽ: “നിങ്ങൾ പട്ടണത്തിന്‍റെ പിൻഭാഗത്ത് പതിയിരിക്കേണം; പട്ടണത്തോട് ഏറെ അകലാതെ എല്ലാവരും ഒരുങ്ങിയിരിപ്പീൻ. 5ഞാനും എന്നോടുകൂടെയുള്ള പുരുഷന്മാരും പട്ടണത്തോട് അടുക്കും; അവർ ഞങ്ങളുടെ നേരെ പുറപ്പെട്ടു വരുമ്പോൾ മുമ്പിലത്തെപ്പൊലെ ഞങ്ങൾ അവരുടെ മുമ്പിൽനിന്ന് ഓടും. 6അവർ ഞങ്ങളെ പിന്തുടർന്ന് പട്ടണം വിട്ട് പുറത്താകും. ‘അവർ മുമ്പിലത്തെപ്പൊലെ നമ്മുടെ മുമ്പിൽനിന്ന് ഓടിപ്പോകുന്നു ‘എന്നു അവർ പറയും. 7അപ്പോൾ പതിയിരിയ്ക്കുന്ന നിങ്ങൾ എഴുന്നേറ്റ് പട്ടണം പിടിക്കേണം; നിങ്ങളുടെ ദൈവമായ യഹോവ അത് നിങ്ങളുടെ കയ്യിൽ ഏല്പിക്കും. 8പട്ടണം പിടിച്ചശേഷം നിങ്ങൾ യഹോവയുടെ കല്പനപ്രകാരം അതിന് തീ വെക്കേണം. ഞാൻ തന്നെ നിങ്ങളോട് കല്പിച്ചിരിക്കുന്നു.”
9അങ്ങനെ യോശുവ അയച്ച അവർ ചെന്നു ബേഥേലിനും ഹായിക്കും മദ്ധ്യേ ഹായിക്ക് പടിഞ്ഞാറ് പതിയിരുന്നു; യോശുവ ആ രാത്രി ജനത്തിന്‍റെ ഇടയിൽ താമസിച്ചു. 10യോശുവ അതികാലത്ത് എഴുന്നേറ്റ് പടയാളികളെ സജ്ജരാക്കി. അവനും യിസ്രായേൽ മൂപ്പന്മാരും ഹായി നിവാസികളെ ആക്രമിക്കാൻ ചെന്നു. 11അവനോടുകൂടെ ഉണ്ടായിരുന്ന പടയാളികൾ പട്ടണത്തിന് മുമ്പിൽ എത്തി ഹായിക്ക് വടക്ക് പാളയമിറങ്ങി; അവർക്കും ഹായിക്കും മദ്ധ്യേ ഒരു താഴ്‌വര ഉണ്ടായിരുന്നു. 12അവൻ ഏകദേശം അയ്യായിരംപേരെ തെരഞ്ഞെടുത്ത് ബേഥേലിനും ഹായിക്കും മദ്ധ്യേ പട്ടണത്തിന് പടിഞ്ഞാറുഭാഗത്ത് പതിയിരുത്തി. 13അവർ പട്ടണത്തിന് വടക്ക് പ്രധാന സൈന്യത്തെയും പട്ടണത്തിന് പടിഞ്ഞാറ് പതിയിരിപ്പുകാരെയും നിർത്തി; യോശുവ ആ രാത്രി താഴ്‌വരയിൽ പാർത്തു.
14ഹായിരാജാവ് അത് കണ്ടപ്പോൾ പടയാളികളുമായി ബദ്ധപ്പെട്ട് സമഭൂമിക്കു മുമ്പിൽ യിസ്രായേൽ സൈന്യത്തെ ആക്രമിക്കാൻ പുറപ്പെട്ടു. പട്ടണത്തിന്‍റെ പിൻവശത്ത് തനിക്കു വിരോധമായി പതിയിരിപ്പ് ഉണ്ടെന്ന് അവൻ അറിഞ്ഞില്ല. 15യോശുവയും എല്ലാ യിസ്രായേലും അവരോട് തോറ്റ ഭാവത്തിൽ മരുഭൂമിവഴിയായി ഓടി. 16അവരെ പിന്തുടരേണ്ടതിന് പട്ടണത്തിലെ ജനത്തെ ഒക്കെയും വിളിച്ചുകൂട്ടി അവർ യോശുവയെ പിന്തുടർന്ന് പട്ടണം വിട്ട് പുറത്തായി. 17ഹായിയിലും ബേഥേലിലും ഉള്ള ജനമൊക്കെയും പട്ടണം തുറന്നിട്ടേച്ച് യിസ്രായേലിനെ പിന്തുടർന്നു.
18അപ്പോൾ യഹോവ യോശുവയോട്: “നിന്‍റെ കയ്യിലുള്ള കുന്തം ഹായിക്കു നേരെ നീട്ടുക; ഞാൻ അത് നിന്‍റെ കയ്യിൽ ഏല്പിക്കും” എന്നു അരുളിച്ചെയ്തു. അങ്ങനെ യോശുവ തന്‍റെ കയ്യിലുള്ള കുന്തം ഹായിക്കു നേരെ നീട്ടി. 19അവൻ കൈ നീട്ടിയ ഉടനെ പതിയിരിപ്പുകാർ തങ്ങളുടെ സ്ഥലത്തുനിന്ന് എഴുന്നേറ്റ് ഓടി പട്ടണത്തിൽ കയറി അത് പിടിച്ച് ക്ഷണത്തിൽ പട്ടണത്തിന് തീ വെച്ചു.
20ഹായി പട്ടണക്കാർ പുറകോട്ട് നോക്കിയപ്പോൾ പട്ടണത്തിലെ പുക ആകാശത്തേക്ക് പൊങ്ങുന്നത് കണ്ടു; അവർക്ക് ഇങ്ങോട്ടോ അങ്ങോട്ടോ ഓടുവാൻ കഴിവില്ലാതെയായി; മരുഭൂമിവഴിയായി ഓടിയ യിസ്രായേൽ സൈന്യം തങ്ങളെ പിന്തുടരുന്നവരുടെ നേരെ തിരിഞ്ഞു. 21പതിയിരിപ്പുകാർ പട്ടണം പിടിച്ചു. പട്ടണത്തിലെ പുക മേലോട്ട് പൊങ്ങുന്നു എന്നു യോശുവയും എല്ലാ യിസ്രായേലും കണ്ടപ്പോൾ മടങ്ങിവന്ന് ഹായി പട്ടണക്കാരെ കൊന്നു. 22മറ്റവരും പട്ടണത്തിൽനിന്ന് അവരുടെ നേരെ പുറപ്പെട്ടു; ഇങ്ങനെ യിസ്രായേൽ ഇപ്പുറത്തും അപ്പുറത്തും അവർ നടുവിലും ആയി; ഒരുത്തനും ശേഷിക്കയോ വഴുതിപ്പോകയോ ചെയ്യാതവണ്ണം അവരെ കൊന്നുകളഞ്ഞു. 23ഹായിരാജാവിനെ അവർ ജീവനോടെ പിടിച്ചു യോശുവയുടെ അടുക്കൽ കൊണ്ടുവന്നു.
24യിസ്രായേൽ തങ്ങളെ പിന്തുടർന്ന ഹായി പട്ടണക്കാരെ മരുഭൂമിയിൽ വെളിമ്പ്രദേശത്തുവെച്ച് കൊന്നുതീർത്തശേഷം ഹായിയിലേക്ക് മടങ്ങിച്ചെന്ന് വാളിന്‍റെ വായ്ത്തലയാൽ അതിലെ ജനത്തേയും സംഹരിച്ചു. 25അന്ന് പുരുഷന്മാരും സ്ത്രീകളുമായി മരിച്ചുവീണ ഹായി പട്ടണക്കാർ ആകെ പന്തീരായിരം പേർ. 26ഹായി പട്ടണക്കാരെ ഒക്കെയും നിർമ്മൂലമാക്കുംവരെ കുന്തം ഏന്തിയ കൈ യോശുവ പിൻവലിച്ചില്ല. 27യഹോവ യോശുവയോട് കല്പിച്ചപ്രകാരം യിസ്രായേല്യർ പട്ടണത്തിലെ കന്നുകാലികളെയും കൊള്ളയും തങ്ങൾക്കായിട്ട് എടുത്തു. 28പിന്നെ യോശുവ ഹായിപട്ടണം ചുട്ട് സദാകാലത്തേക്കും ഒരു മൺകുന്നും ശൂന്യഭൂമിയുമാക്കിത്തീർത്തു; അത് ഇന്നുവരെയും അങ്ങനെ കിടക്കുന്നു.
29ഹായിരാജാവിനെ അവൻ സന്ധ്യവരെ ഒരു മരത്തിൽ തൂക്കി; സൂര്യൻ അസ്തമിച്ചപ്പോൾ യോശുവയുടെ കല്പനപ്രകാരം ശവം മരത്തിൽനിന്ന് ഇറക്കി പട്ടണവാതില്‍ക്കൽ ഇടുകയും അതിന്മേൽ ഇന്നുവരെ നില്ക്കുന്ന ഒരു വലിയ കല്ക്കുന്ന് കൂട്ടുകയും ചെയ്തു.
30അനന്തരം യോശുവ യിസ്രായേലിന്‍റെ ദൈവമായ യഹോവയ്ക്ക് ഏബാൽ പർവ്വതത്തിൽ ഒരു യാഗപീഠം പണിതു. 31യഹോവയുടെ ദാസനായ മോശെ യിസ്രായേൽ മക്കളോട് കല്പിച്ചതുപോലെയും മോശെയുടെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെയും ചെത്തുകയോ ഇരിമ്പു തൊടുവിക്കയൊ ചെയ്യാത്ത കല്ലുകൊണ്ടുള്ള ഒരു യാഗപീഠം തന്നെ. അവർ അതിന്മേൽ യഹോവക്ക് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു. 32മോശെയുടെ ന്യായപ്രമാണത്തിന്‍റെ ഒരു പകർപ്പ് അവൻ അവിടെ യിസ്രായേൽ മക്കൾ കാൺകെ ആ കല്ലുകളിൽ എഴുതി.
33എല്ലാ യിസ്രായേലും അവരുടെ മൂപ്പന്മാരും പ്രമാണികളും ന്യായാധിപന്മാരും യഹോവയുടെ നിയമപ്പെട്ടകം ചുമന്ന ലേവ്യരായ പുരോഹിതന്മാരുടെ മുമ്പാകെ സ്വദേശിയും പരദേശിയും ഒരുപോലെ പെട്ടകത്തിന് ഇപ്പുറത്തും അപ്പുറത്തും നിന്നു; അവരിൽ പാതിപേർ ഗെരിസീം പർവ്വതത്തിന്‍റെ വശത്തും പാതിപേർ ഏബാൽ പർവ്വതത്തിന്‍റെ വശത്തും നിന്ന് യഹോവയുടെ ദാസനായ മോശെ മുമ്പെ കല്പിച്ചിരുന്നതുപോലെ യിസ്രായേൽ ജനത്തെ അനുഗ്രഹിച്ചു.
34അതിന്‍റെശേഷം യോശുവ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയരിക്കുന്നതുപോലെ അനുഗ്രഹവും ശാപവുമായ വചനങ്ങളെല്ലാം വായിച്ചു. 35സ്ത്രീകളും കുട്ടികളും ഉൾപ്പെടെ യിസ്രായേൽ സഭ മുഴുവനും അവരോടുകൂടെ വന്നിരുന്ന പരദേശികളും കേൾക്കെ യോശുവ, മോശെ കല്പിച്ച സകലവചനങ്ങളും വായിച്ചു; യാതൊന്നും വായിക്കാതെ വിട്ടുകളഞ്ഞില്ല.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യോശുവ 8: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.