ലേവ്യ. 2:1-10

ലേവ്യ. 2:1-10 IRVMAL

“ആരെങ്കിലും യഹോവയ്ക്കു ഭോജനയാഗമായ വഴിപാട് കഴിക്കുമ്പോൾ അവന്‍റെ വഴിപാട് നേരിയ മാവ് ആയിരിക്കേണം; അവൻ അതിന്മേൽ എണ്ണ ഒഴിച്ചു കുന്തുരുക്കവും ഇടേണം. അഹരോന്‍റെ പുത്രന്മാരായ പുരോഹിതന്മാരുടെ അടുക്കൽ അവൻ അത് കൊണ്ടുവരേണം. പുരോഹിതൻ മാവും എണ്ണയും ഒരു കൈ നിറച്ചു കുന്തുരുക്കം മുഴുവനും എടുക്കേണം; പുരോഹിതൻ അത് സ്മരണാംശമായി യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അത് യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം. എന്നാൽ ഭോജനയാഗത്തിന്‍റെ ശേഷിപ്പ് അഹരോനും പുത്രന്മാർക്കും ആയിരിക്കേണം. യഹോവയ്ക്കുള്ള ദഹനയാഗങ്ങളിൽ ഇത് അതിവിശുദ്ധം. “അടുപ്പത്തുവച്ചു ചുട്ടതു നീ ഭോജനയാഗമായി കഴിക്കുന്നു എങ്കിൽ അത് നേരിയ മാവു കൊണ്ടുണ്ടാക്കിയ എണ്ണചേർത്ത പുളിപ്പില്ലാത്ത ദോശകളോ എണ്ണപുരട്ടിയ പുളിപ്പില്ലാത്ത പപ്പടങ്ങളോ ആയിരിക്കേണം. നിന്‍റെ വഴിപാട് ചട്ടിയിൽ ചുട്ട ഭോജനയാഗം ആകുന്നു എങ്കിൽ അത് എണ്ണചേർത്ത പുളിപ്പില്ലാത്ത നേരിയമാവുകൊണ്ട് ആയിരിക്കേണം. അത് കഷണംകഷണമായി നുറുക്കി അതിന്മേൽ എണ്ണ ഒഴിക്കേണം; അത് ഭോജനയാഗം. നിന്‍റെ വഴിപാട് ഉരുളിയിൽ ചുട്ട ഭോജനയാഗം ആകുന്നുവെങ്കിൽ അത് എണ്ണചേർത്ത നേരിയമാവുകൊണ്ട് ഉണ്ടാക്കേണം. ഇവകൊണ്ട് ഉണ്ടാക്കിയ ഭോജനയാഗം നീ യഹോവയ്ക്കു കൊണ്ടുവരേണം; അത് പുരോഹിതന്‍റെ അടുക്കൽ കൊണ്ടുചെല്ലുകയും അവൻ അത് യാഗപീഠത്തിങ്കൽ കൊണ്ടുപോകുകയും വേണം. പുരോഹിതൻ ഭോജനയാഗത്തിന്‍റെ സ്മരണാംശം എടുത്തു യാഗപീഠത്തിന്മേൽ യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗമായി ദഹിപ്പിക്കേണം. ഭോജനയാഗത്തിന്‍റെ ശേഷിപ്പ് അഹരോനും പുത്രന്മാർക്കും ആയിരിക്കേണം; അത് യഹോവയ്ക്കുള്ള ദഹനയാഗങ്ങളിൽ അതിവിശുദ്ധം.