സങ്കീ. 143

143
സഹായത്തിനുവേണ്ടിയുള്ള പ്രാർത്ഥന
ദാവീദിന്‍റെ ഒരു സങ്കീർത്തനം.
1യഹോവേ, എന്‍റെ പ്രാർത്ഥന കേട്ടു, എന്‍റെ വിനീത അഭ്യർത്ഥനകൾക്ക് ചെവിതരേണമേ;
അങ്ങേയുടെ വിശ്വസ്തതയാലും നീതിയാലും എനിക്കുത്തരമരുളണമേ.
2അടിയനെ ന്യായവിസ്താരത്തിൽ പ്രവേശിപ്പിക്കരുതേ;
ജീവനുള്ളവൻ ആരും തിരുസന്നിധിയിൽ നീതിമാനാകുകയില്ലല്ലോ.
3ശത്രു എന്‍റെ പ്രാണനെ ഉപദ്രവിച്ചിരിക്കുന്നു;
അവൻ എന്നെ നിലത്തിട്ട് തകർത്തിരിക്കുന്നു;
പണ്ടുതന്നെ മരിച്ചവരെപ്പോലെ അവൻ എന്നെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു.
4ആകയാൽ എന്‍റെ മനസ്സ് എന്‍റെ ഉള്ളിൽ വിഷാദിച്ചിരിക്കുന്നു;
എന്‍റെ ഹൃദയം എന്‍റെ ഉള്ളിൽ സ്തംഭിച്ചിരിക്കുന്നു.
5ഞാൻ പണ്ടത്തെ നാളുകൾ ഓർക്കുന്നു;
അങ്ങേയുടെ സകലപ്രവൃത്തികളെയും ഞാൻ ധ്യാനിക്കുന്നു;
അങ്ങേയുടെ കൈകളുടെ പ്രവൃത്തിയെപ്പറ്റി ഞാൻ ചിന്തിക്കുന്നു.
6ഞാൻ എന്‍റെ കൈകൾ അങ്ങയിലേക്കു മലർത്തുന്നു;
വരണ്ട നിലംപോലെ എന്‍റെ പ്രാണൻ അങ്ങേയ്ക്കായി ദാഹിക്കുന്നു. സേലാ.
7യഹോവേ, വേഗം എനിക്ക് ഉത്തരമരുളേണമേ;
എന്‍റെ ആത്മാവ് ക്ഷീണിക്കുന്നു.
ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിക്കുവാൻ
അങ്ങേയുടെ മുഖം എനിക്ക് മറയ്ക്കരുതേ.
8രാവിലെ അങ്ങേയുടെ ആർദ്രകരുണയെപ്പറ്റി എന്നെ കേൾപ്പിക്കേണമേ;
ഞാൻ അങ്ങയിൽ ആശ്രയിക്കുന്നുവല്ലോ;
ഞാൻ നടക്കേണ്ട വഴി എന്നെ അറിയിക്കേണമേ;
ഞാൻ എന്‍റെ ഉള്ളം അങ്ങയിലേക്ക് ഉയർത്തുന്നുവല്ലോ.
9യഹോവേ, എന്‍റെ ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ;
അങ്ങേയുടെ അടുക്കൽ ഞാൻ സങ്കേതത്തിനായി വരുന്നു.
10അങ്ങേയുടെ ഇഷ്ടം ചെയ്യുവാൻ എന്നെ പഠിപ്പിക്കേണമേ.
അങ്ങ് എന്‍റെ ദൈവമാകുന്നുവല്ലോ;
അങ്ങേയുടെ നല്ല ആത്മാവ് നേരായ മാർഗ്ഗത്തിൽ
എന്നെ നടത്തുമാറാകട്ടെ.
11യഹോവേ, അങ്ങേയുടെ നാമംനിമിത്തം എന്നെ ജീവിപ്പിക്കേണമേ;
അങ്ങേയുടെ നീതിയാൽ എന്‍റെ പ്രാണനെ കഷ്ടതയിൽനിന്ന് ഉദ്ധരിക്കേണമേ.
12അങ്ങേയുടെ ദയയാൽ എന്‍റെ ശത്രുക്കളെ സംഹരിക്കേണമേ;
എന്‍റെ പ്രാണനെ പീഡിപ്പിക്കുന്ന എല്ലാവരെയും നശിപ്പിക്കേണമേ;
ഞാൻ അങ്ങേയുടെ ദാസൻ ആകുന്നുവല്ലോ.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

സങ്കീ. 143: IRVMAL

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക