സങ്കീ. 77
77
ആശ്വാസം നല്കുന്ന ദൈവം
സംഗീതപ്രമാണിക്ക്; യെദൂഥൂന്യരാഗത്തിൽ; ആസാഫിന്‍റെ ഒരു സങ്കീർത്തനം.
1ഞാൻ എന്‍റെ ശബ്ദം ഉയർത്തി ദൈവത്തോട്,
എന്‍റെ ശബ്ദം ഉയർത്തി ദൈവത്തോടുതന്നെ നിലവിളിക്കും;
അവിടുന്ന് എന്‍റെ നിലവിളി ശ്രദ്ധിക്കും.
2കഷ്ടദിവസത്തിൽ ഞാൻ യഹോവയെ അന്വേഷിച്ചു,
രാത്രിയിൽ എന്‍റെ കൈ തളരാതെ മലർത്തിയിരുന്നു;
എന്‍റെ ഉള്ളം ആശ്വാസം നിരസിച്ചു.
3ഞാൻ ദൈവത്തെ ഓർത്തു നെടുവീർപ്പിടുന്നു.
ഞാൻ ധ്യാനിക്കുമ്പോൾ, എന്‍റെ ആത്മാവ് വിഷാദിക്കുന്നു. സേലാ.
4അങ്ങ് എന്‍റെ കണ്ണിന് ഉറക്കം നിഷേധിച്ചിരിക്കുന്നു;
സംസാരിക്കുവാൻ കഴിയാത്തവിധം ഞാൻ വ്യാകുലപ്പെട്ടിരിക്കുന്നു.
5ഞാൻ പൂർവ്വദിവസങ്ങളെയും
പണ്ടത്തെ സംവത്സരങ്ങളെയും ഓർക്കുന്നു.
6എന്‍റെ ഹൃദയംകൊണ്ട് ഞാൻ ധ്യാനിക്കുന്നു; #77:6 എന്‍റെ ഹൃദയംകൊണ്ട് ഞാൻ ധ്യാനിക്കുന്നു; രാത്രിയിൽ ഞാൻ എന്‍റെ സംഗീതം ഓർക്കുന്നു;
എന്‍റെ ആത്മാവും ശോധന കഴിക്കുന്നു#77:6 എന്‍റെ ആത്മാവും ശോധന കഴിക്കുന്നു ഞാന്‍ എന്‍റെ മനസ്സിനോട് സംസാരിക്കും .
7കർത്താവ് എന്നേക്കും തള്ളിക്കളയുമോ?
ദൈവം ഇനി ഒരിക്കലും അനുകൂലമായിരിക്കുകയില്ലയോ?
8കർത്താവിന്‍റെ ദയ സദാകാലത്തേക്കും മറഞ്ഞു പോയോ?
ദൈവത്തിന്‍റെ വാഗ്ദാനം തലമുറതലമുറയോളം നിലനില്‍ക്കാതെ പോയോ?
9ദൈവം കൃപ കാണിക്കുവാൻ മറന്നിരിക്കുന്നുവോ?
അവിടുന്ന് കോപത്തിൽ തന്‍റെ കരുണ അടച്ചുകളഞ്ഞിരിക്കുന്നുവോ? സേലാ.
10“എന്നാൽ അത് എന്‍റെ കഷ്ടതയാകുന്നു;
അത്യുന്നതന്‍റെ വലങ്കൈ വരുത്തിയ സംവത്സരങ്ങൾ തന്നെ” എന്നു ഞാൻ പറഞ്ഞു.
11ഞാൻ യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും;
പണ്ടേയുള്ള അങ്ങേയുടെ അത്ഭുതങ്ങളെ ഞാൻ ഓർക്കും.
12ഞാൻ അങ്ങേയുടെ സകലപ്രവൃത്തികളെയും ധ്യാനിക്കും;
അങ്ങേയുടെ ക്രിയകളെക്കുറിച്ച് ഞാൻ ചിന്തിക്കും.
13ദൈവമേ, അങ്ങേയുടെ വഴി വിശുദ്ധമാകുന്നു#77:13 അങ്ങേയുടെ വഴി വിശുദ്ധമാകുന്നു അങ്ങേയുടെ വഴി വിശുദ്ധസ്ഥലത്താകുന്നു;
നമ്മുടെ ദൈവത്തെപ്പോലെ വലിയ ദൈവം ആരുള്ളു?
14അങ്ങ് അത്ഭുതം പ്രവർത്തിക്കുന്ന ദൈവം ആകുന്നു;
അങ്ങേയുടെ ബലത്തെ അങ്ങ് ജനതകളുടെ ഇടയിൽ വെളിപ്പെടുത്തിയിരിക്കുന്നു.
15തൃക്കൈകൊണ്ട് അങ്ങ് അങ്ങേയുടെ ജനത്തെ വീണ്ടെടുത്തിരിക്കുന്നു;
യാക്കോബിന്‍റെയും യോസേഫിന്‍റെയും മക്കളെ തന്നെ. സേലാ.
16ദൈവമേ, സമുദ്രങ്ങള്‍ അങ്ങയെ കണ്ടു,
സമുദ്രങ്ങള്‍ അങ്ങയെ കണ്ടു ഭ്രമിച്ചു,
ആഴികളും വിറച്ചുപോയി.
17മേഘങ്ങൾ വെള്ളം ചൊരിഞ്ഞു;
ആകാശം ഇടിനാദം മുഴക്കി;
അങ്ങേയുടെ അസ്ത്രങ്ങൾ പരക്കെ പറന്നു.
18അങ്ങേയുടെ ഇടിമുഴക്കം ചുഴലിക്കാറ്റിൽ മുഴങ്ങി;
മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിച്ചു;
ഭൂമി കുലുങ്ങി നടുങ്ങിപ്പോയി.
19അങ്ങേയുടെ വഴി സമുദ്രത്തിലും അവിടുത്തെ പാതകൾ പെരുവെള്ളത്തിലും ആയിരുന്നു;
അങ്ങേയുടെ കാൽചുവടുകളെ അറിയാതെയുമിരുന്നു.
20മോശെയുടെയും അഹരോന്‍റെയും കയ്യാൽ
അങ്ങ് അങ്ങേയുടെ ജനത്തെ ഒരു ആട്ടിൻകൂട്ടത്തെ പോലെ നടത്തി.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീ. 77: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.