സങ്കീ. 9
9
ദൈവത്തിന്‍റെ ശക്തിയും നീതിയും
സംഗീതപ്രമാണിക്ക് പുത്രമരണരാഗത്തിൽ; ദാവീദിന്‍റെ ഒരു സങ്കീർത്തനം.
1ഞാൻ പൂർണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും;
അവിടുത്തെ അത്ഭുതങ്ങളെയെല്ലാം ഞാൻ വർണ്ണിക്കും.
2ഞാൻ അങ്ങയിൽ സന്തോഷിച്ചുല്ലസിക്കും;
അത്യുന്നതനായുള്ള യഹോവേ, ഞാൻ അവിടുത്തെ നാമത്തെ കീർത്തിക്കും.
3എന്‍റെ ശത്രുക്കൾ പിൻവാങ്ങുമ്പോൾ,
തിരുസന്നിധിയിൽ ഇടറിവീണു നശിച്ചുപോകും.
4അവിടുന്ന് എന്‍റെ കാര്യവും വ്യവഹാരവും നടത്തി,
നീതിയോടെ വിധിച്ചുകൊണ്ട് സിംഹാസനത്തിൽ ഇരിക്കുന്നു;
5അവിടുന്ന് ജനതകളെ ശാസിച്ച്, ദുഷ്ടനെ നശിപ്പിച്ചിരിക്കുന്നു;
അവരുടെ നാമംപോലും സദാകാലത്തേക്കും മായിച്ചുകളഞ്ഞു.
6ശത്രുക്കൾ സദാകാലത്തേക്കും നശിച്ചിരിക്കുന്നു;
അവരുടെ പട്ടണങ്ങളെയും അവിടുന്ന് മറിച്ചുകളഞ്ഞിരിക്കുന്നു;
അവയുടെ ഓർമ്മയും ഇല്ലാതെയായിരിക്കുന്നു.
7എന്നാൽ യഹോവ എന്നേക്കും വാഴുന്നു;
ന്യായവിധിക്കായി അങ്ങേയുടെ സിംഹാസനം ഒരുക്കിയിരിക്കുന്നു.
8അവിടുന്ന് ലോകത്തെ നീതിയോടെ വിധിക്കും;
ജനതതികൾക്ക് നേരോടെ ന്യായപാലനം ചെയ്യും.
9യഹോവ പീഡിതന് ഒരു അഭയസ്ഥാനം;
കഷ്ടകാലത്ത് ഒരഭയസ്ഥാനം തന്നെ.
10തിരുനാമത്തെ അറിയുന്നവർ അങ്ങയിൽ ആശ്രയിക്കും;
യഹോവേ, അവിടുത്തെ അന്വേഷിക്കുന്നവരെ അവിടുന്ന് ഉപേക്ഷിക്കുന്നില്ലല്ലോ.
11സീയോനിൽ വസിക്കുന്ന യഹോവയ്ക്ക് സ്തോത്രം പാടുവിൻ;
അവിടുത്തെ പ്രവൃത്തികളെ ജനതതിയുടെ ഇടയിൽ ഘോഷിപ്പിൻ.
12രക്തപാതകത്തിന് പ്രതികാരം ചെയ്യുന്ന ദൈവം അവരെ ഓർക്കുന്നു;
എളിയവരുടെ നിലവിളിയെ മറക്കുന്നതുമില്ല.
13യഹോവേ, എന്നോട് കരുണയുണ്ടാകണമേ;
മരണവാതിലുകളിൽനിന്ന് എന്നെ ഉദ്ധരിക്കുന്നവനേ,
എന്നെ പകയ്ക്കുന്നവരാൽ എനിക്ക് നേരിടുന്ന കഷ്ടം നോക്കണമേ.
14ഞാൻ സീയോൻപുത്രിയുടെ പടിവാതിലുകളിൽ അങ്ങയെ സ്തുതിച്ച്
അങ്ങേയുടെ രക്ഷയിൽ സന്തോഷിക്കേണ്ടതിനു തന്നെ.
15ജനതകൾ അവർ ഉണ്ടാക്കിയ കുഴിയിൽ താണുപോയി;
അവർ ഒളിച്ചുവച്ച വലയിൽ അവരുടെ കാൽ തന്നെ അകപ്പെട്ടിരിക്കുന്നു.
16യഹോവ തന്നെത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു;
ദുഷ്ടൻ സ്വന്തകൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിയിരിക്കുന്നു. തന്ത്രിനാദം. സേലാ.
17ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകലജനതതിയും
പാതാളത്തിലേക്കു തിരിയും.
18ദരിദ്രനെ എന്നേക്കും മറന്നു പോകുകയില്ല;
സാധുക്കളുടെ പ്രത്യാശക്ക് എന്നും ഭംഗം വരുകയുമില്ല.
19യഹോവേ, എഴുന്നേല്ക്കേണമേ, മർത്യൻ പ്രബലനാകരുതേ;
ജനതകൾ തിരുസന്നിധിയിൽ വിധിക്കപ്പെടുമാറാകട്ടെ.
20യഹോവേ, തങ്ങൾ കേവലം മർത്യരാകുന്നു എന്നു ജനതകൾ അറിയേണ്ടതിനു
അവർക്കു ഭയം വരുത്തേണമേ. സേലാ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീ. 9: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.