യെശയ്യാവ് 11

11
യിശ്ശായിയുടെ ശാഖ
1യിശ്ശായിയുടെ കുറ്റിയിൽനിന്ന് ഒരു മുള ഉയർന്നുവരും;
അദ്ദേഹത്തിന്റെ വേരുകളിൽനിന്നുള്ള ഒരു ശാഖ ഫലം കായ്ക്കും.
2യഹോവയുടെ ആത്മാവ് അദ്ദേഹത്തിന്റെമേൽ ആവസിക്കും—
ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്,
ആലോചനയുടെയും ശക്തിയുടെയും ആത്മാവ്,
പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവുതന്നെ—
3അദ്ദേഹം യഹോവാഭക്തിയിൽ ആനന്ദിക്കും.
അദ്ദേഹം തന്റെ കണ്ണു കാണുന്നത് ആധാരമാക്കി വിധിക്കുകയോ
തന്റെ ചെവി കേൾക്കുന്നത് അടിസ്ഥാനമാക്കി ഒരു തീരുമാനമെടുക്കുകയോ ചെയ്യുകയില്ല;
4എന്നാൽ അദ്ദേഹം നീതിയോടെ സഹായാർഥിക്കു ന്യായപാലനംചെയ്യും;
അദ്ദേഹം ഭൂമിയിലെ ദരിദ്രർക്ക് ന്യായത്തോടെ വിധി കൽപ്പിക്കും.
തന്റെ വായ് എന്ന വടികൊണ്ട് അവിടന്ന് ഭൂമിയെ അടിക്കും;
തന്റെ അധരങ്ങളിൽനിന്നുള്ള ശ്വാസത്താൽ അദ്ദേഹം ദുഷ്ടരെ വധിക്കുകയും ചെയ്യും.
5നീതി അവിടത്തെ അരപ്പട്ടയും
വിശ്വസ്തത അവിടത്തെ അരക്കച്ചയുമായിരിക്കും.
6അന്നു ചെന്നായ് കുഞ്ഞാടിനോടുകൂടെ പാർക്കും,
പുള്ളിപ്പുലി കോലാട്ടിൻകുട്ടിയോടുകൂടെ കിടക്കും,
പശുക്കിടാവും സിംഹക്കുട്ടിയും യാഗമൃഗവും#11:6 അഥവാ, കൊഴുത്ത ഊനമില്ലാത്ത ഒരുവയസ്സുള്ള മൃഗവും ഒരുമിച്ചുകഴിയും;
ഒരു ചെറിയ കുട്ടി അവയെ നയിക്കും.
7പശുവും കരടിയും ഒരുമിച്ചു മേയും,
അവയുടെ കുട്ടികൾ ഒരുമിച്ചു കിടക്കും,
സിംഹം കാളയെപ്പോലെ വൈക്കോൽ തിന്നും.
8മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ മാളത്തിൽ കളിക്കും,
മുലകുടിമാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈയിടും.
9എന്റെ വിശുദ്ധപർവതത്തിൽ ഒരിടത്തും
ഉപദ്രവമോ നാശമോ ആരും ചെയ്യുകയില്ല,
സമുദ്രം വെള്ളത്താൽ നിറഞ്ഞിരിക്കുന്നതുപോലെ
ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു നിറഞ്ഞിരിക്കും.
10ആ കാലത്തു യിശ്ശായിയുടെ വേര് ജനതകൾക്ക് ഒരു കൊടിയായി ഉയർന്നുനിൽക്കും; രാഷ്ട്രങ്ങൾ യിശ്ശായിയുടെ വേരായവനെ അന്വേഷിച്ചു വരും, അവിടത്തെ വിശ്രമസങ്കേതം മഹത്ത്വകരമായിരിക്കും. 11ആ കാലത്ത് കർത്താവ് തന്റെ ജനത്തിൽ ശേഷിച്ചിട്ടുള്ളവരെ അശ്ശൂരിൽനിന്നും ഉത്തര ഈജിപ്റ്റിൽനിന്നും പത്രോസിൽനിന്നും#11:11 അതായത്, തെക്കേ ഈജിപ്റ്റിൽനിന്നും. കൂശിൽനിന്നും#11:11 ഈ പ്രദേശം, തെക്കുകിഴക്കൻ മെസൊപ്പൊത്താമിയ ആണെന്നു കരുതപ്പെടുന്നു. ഏലാമിൽനിന്നും ബാബേലിൽനിന്നും#11:11 മൂ.ഭാ. ശിനാറിൽനിന്നും ഹമാത്തിൽനിന്നും മെഡിറ്ററേനിയൻ സമുദ്രത്തിലെ ദ്വീപുകളിൽനിന്നും രണ്ടാംപ്രാവശ്യവും മടക്കിക്കൊണ്ടുവരുന്നതിനു കൈനീട്ടും.
12അവിടന്ന് രാഷ്ട്രങ്ങൾക്കായി ഒരു കൊടി ഉയർത്തും,
ഇസ്രായേലിലെ പ്രവാസികളെ ശേഖരിക്കും;
യെഹൂദയുടെ ചിതറിപ്പോയിട്ടുള്ളവരെ
ഭൂമിയുടെ നാലുകോണുകളിൽനിന്നും കൂട്ടിച്ചേർക്കും.
13എഫ്രയീമിന്റെ അസൂയ നീങ്ങിപ്പോകും,
യെഹൂദയെ ദ്രോഹിക്കുന്നവർ ഛേദിക്കപ്പെടും;
എഫ്രയീം യെഹൂദയെപ്പറ്റി അസൂയപ്പെടുകയോ
യെഹൂദാ എഫ്രയീമിനെ ദ്രോഹിക്കുകയോ ചെയ്യുകയില്ല.
14അവർ പശ്ചിമഭാഗത്തുള്ള ഫെലിസ്ത്യരുടെ ചരിഞ്ഞപ്രദേശത്ത് ഇരച്ചുകയറും;
ഒത്തൊരുമിച്ച് അവർ കിഴക്കുള്ളവരെയെല്ലാം കൊള്ളയിടും.
ഏദോമിനെയും മോവാബിനെയും അവർ കീഴ്പ്പെടുത്തും,
അമ്മോന്യർ അവർക്കു കീഴ്പ്പെട്ടിരിക്കും.
15ഈജിപ്റ്റുകടലിന്റെ നാവിനെ
യഹോവ പൂർണമായും നശിപ്പിച്ചുകളയും;
തന്റെ ഉഷ്ണക്കാറ്റുകൊണ്ട് അവിടന്ന്
യൂഫ്രട്ടീസ് നദിയുടെ മീതേ കൈയോങ്ങും.
അവിടന്ന് അതിനെ ഏഴ് അരുവികളാക്കി വിഭജിക്കും
അങ്ങനെ അവർ ചെരിപ്പിട്ടുകൊണ്ടുതന്നെ മറുകരയിലെത്തും.
16ഇസ്രായേൽ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ട നാളിൽ
അവർക്ക് ഉണ്ടായിരുന്നതുപോലെ
അശ്ശൂരിൽ അവിടത്തെ ജനത്തിൽ അവശേഷിക്കുന്നവർക്ക്
കടന്നുപോകാൻ ഒരു രാജവീഥിയുണ്ടാകും.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

യെശയ്യാവ് 11: MCV

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക