ലേവ്യ 26:1-13

ലേവ്യ 26:1-13 MCV

“ ‘നിങ്ങൾക്കായി വിഗ്രഹങ്ങൾ ഉണ്ടാക്കുകയോ ഒരു ബിംബമോ ആചാരസ്തൂപമോ സ്ഥാപിക്കുകയോ ചെയ്യരുത്. അതിന്റെ മുമ്പിൽ വണങ്ങാനായി നിങ്ങളുടെ ദേശത്തു കൊത്തിയ കല്ലു നാട്ടുകയും ചെയ്യരുത്. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. “ ‘എന്റെ ശബ്ബത്തുകൾ പ്രമാണിക്കുകയും എന്റെ വിശുദ്ധമന്ദിരത്തോടു ഭയഭക്തിയുള്ളവരായിരിക്കുകയും വേണം. ഞാൻ യഹോവ ആകുന്നു. “ ‘എന്റെ ഉത്തരവുകൾ നിങ്ങൾ പാലിക്കയും എന്റെ കൽപ്പനകൾ സസൂക്ഷ്മം അനുസരിക്കയും ചെയ്യുമെങ്കിൽ, തക്കസമയത്തു ഞാൻ മഴ അയയ്ക്കും; ഭൂമി അതിന്റെ വിളവും വൃക്ഷം അവയുടെ ഫലവും തരും. നിങ്ങളുടെ കറ്റമെതിക്കുന്ന കാലം മുന്തിരിപ്പഴം ശേഖരിക്കുന്ന കാലംവരെയും മുന്തിരിപ്പഴം ശേഖരിക്കുന്നത് വിതയ്ക്കുന്ന കാലംവരെയും തുടരും. നിങ്ങൾക്കു വേണ്ടുംപോലെ ഭക്ഷിച്ചു സുരക്ഷിതരായി നിങ്ങളുടെ ദേശത്തുപാർക്കും. “ ‘ഞാൻ ദേശത്തു സമാധാനം തരും. നിങ്ങൾ കിടന്നുറങ്ങും; ആരും നിങ്ങളെ ഭയപ്പെടുത്തുകയില്ല. ഞാൻ ദുഷ്ടമൃഗങ്ങളെ ദേശത്തുനിന്നു നീക്കിക്കളയും. വാൾ നിങ്ങളുടെ ദേശത്തുകൂടെ കടക്കുകയില്ല. നിങ്ങളുടെ ശത്രുക്കളെ നിങ്ങൾ തുരത്തും. അവർ നിങ്ങളുടെമുമ്പിൽ വാളിനാൽ വീഴും. നിങ്ങളിൽ അഞ്ചുപേർ നൂറുപേരെ ഓടിക്കും. നിങ്ങളിൽ നൂറുപേർ പതിനായിരംപേരെ ഓടിക്കും. നിങ്ങളുടെ ശത്രുക്കൾ നിങ്ങളുടെമുമ്പിൽ വാളിനാൽ വീഴും. “ ‘ഞാൻ നിങ്ങളെ കടാക്ഷിച്ച് സന്താനപുഷ്ടിയുള്ളവരാക്കി എണ്ണത്തിൽ പെരുകുമാറാക്കും; നിങ്ങളോടുള്ള എന്റെ ഉടമ്പടി ഞാൻ പാലിക്കും. നിങ്ങൾ പഴയ ധാന്യശേഖരത്തിൽനിന്നു ഭക്ഷിക്കുകയും പുതിയവയ്ക്കുവേണ്ടി പഴയത് മാറ്റിക്കളയുകയും ചെയ്യും. ഞാൻ എന്റെ നിവാസം നിങ്ങളുടെ ഇടയിലാക്കും. ഞാൻ നിങ്ങളെ വെറുക്കുകയില്ല. ഞാൻ നിങ്ങളുടെ ഇടയിൽ നടക്കുകയും നിങ്ങളുടെ ദൈവമായിരിക്കുകയും ചെയ്യും, നിങ്ങൾ എന്റെ ജനമായിരിക്കും. നിങ്ങൾ ഇനിയും ഈജിപ്റ്റുകാരുടെ അടിമകളാകാതിരിക്കാൻ നിങ്ങളെ ഈജിപ്റ്റിൽനിന്ന് പുറത്തുകൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു ഞാൻ. നിങ്ങൾ തലയുയർത്തി നിവർന്നു നടക്കേണ്ടതിന് ഞാൻ നിങ്ങളുടെ അടിമത്തത്തിന്റെ നുകക്കൈകൾ ഒടിച്ചുകളഞ്ഞു.