ലൂക്കോസ് 18
18
മുട്ടിപ്പായി അപേക്ഷിച്ച വിധവയുടെ സാദൃശ്യകഥ
1ഹതാശരായിപ്പോകാതെ നിരന്തരം പ്രാർഥിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കാൻ യേശു ശിഷ്യന്മാരോട് ഒരു സാദൃശ്യകഥ പറഞ്ഞു. 2“ഒരു പട്ടണത്തിൽ, ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ ബഹുമാനിക്കുകയോ ചെയ്യാത്ത ഒരു ന്യായാധിപൻ ഉണ്ടായിരുന്നു. 3ആ പട്ടണത്തിലെ ഒരു വിധവ, ‘എന്റെ ശത്രുവിൽനിന്ന് എന്റെ അവകാശം സ്ഥാപിച്ച് എനിക്കു നിയമസംരക്ഷണം നൽകിയാലും!’ എന്ന അപേക്ഷയുമായി അയാളുടെ അടുക്കൽ കൂടെക്കൂടെ ചെന്നുകൊണ്ടിരുന്നു.
4“കുറെ കാലത്തേക്ക് അയാൾ ഒരു പരിഗണനയും കാണിച്ചില്ല. എന്നാൽ ഒടുവിൽ, ‘ഞാൻ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ ബഹുമാനിക്കയോ ചെയ്യുന്നില്ലെങ്കിലും 5ഈ വിധവ എന്നെ തുടർച്ചയായി അസഹ്യപ്പെടുത്തുന്നതുകൊണ്ട് ഞാൻ അവൾക്കു ന്യായം നടത്തിക്കൊടുക്കും: അല്ലെങ്കിൽ അവളുടെ നിരന്തരമായ വരവ് എനിക്കു സഹിക്കാവുന്നതിലും അപ്പുറമാകും’ എന്നു തന്നോടുതന്നെ പറഞ്ഞു.”
6കർത്താവ് തുടർന്ന് ശിഷ്യന്മാരോട്, “നീതിനിഷ്ഠനല്ലാത്ത ആ ന്യായാധിപൻ പറയുന്നതു ശ്രദ്ധിക്കുക. 7അയാൾപോലും അവസാനം നീതിയുക്തമായി വിധി നടപ്പാക്കിയെങ്കിൽ, ദൈവത്തോട് രാവും പകലും നിലവിളിക്കുന്ന അവിടത്തെ തെരഞ്ഞെടുക്കപ്പെട്ട ജനത്തിനു ദൈവം ന്യായം നടത്തിക്കൊടുക്കാതിരിക്കുമോ? അവിടന്ന് അവരുടെ കാര്യം നീട്ടിക്കൊണ്ടുപോകുമോ? 8ഞാൻ നിങ്ങളോടു പറയട്ടെ, ‘ദൈവം വേഗത്തിൽ അവർക്കു നീതി നടത്തിക്കൊടുക്കും. എങ്കിലും മനുഷ്യപുത്രന്റെ (എന്റെ) പുനരാഗമനത്തിൽ ഭൂമിയിൽ വിശ്വസിക്കുന്നവരെ കണ്ടെത്താനാകുമോ?’ ” എന്നു പറഞ്ഞു.
പരീശന്റെയും നികുതിപിരിവുകാരന്റെയും സാദൃശ്യകഥ
9തങ്ങൾ നീതിനിഷ്ഠരാണെന്ന ആത്മവിശ്വാസത്തോടെ മറ്റുള്ളവരെ പുച്ഛിക്കുന്ന ചിലരോട് യേശു ഈ സാദൃശ്യകഥ പറഞ്ഞു: 10“രണ്ട് മനുഷ്യർ പ്രാർഥിക്കാൻ ദൈവാലയത്തിൽ ചെന്നു; ഒരാൾ പരീശൻ, മറ്റേയാൾ ഒരു നികുതിപിരിവുകാരൻ. 11പരീശൻ മറ്റുള്ളവരിൽനിന്നെല്ലാം വേറിട്ടുനിന്നുകൊണ്ട് തന്നെക്കുറിച്ചുതന്നെ#18:11 അഥവാ, തന്നോടുതന്നെ ഇങ്ങനെ പ്രാർഥിച്ചു; ‘ദൈവമേ, കൊള്ളക്കാർ, ദുഷ്‌പ്രവൃത്തിക്കാർ, വ്യഭിചാരികൾ മുതലായ മറ്റു മനുഷ്യരെപ്പോലെയോ ഈ നികുതിപിരിവുകാരനെപ്പോലെയോ ഞാൻ അല്ലായ്കയാൽ അങ്ങേക്കു നന്ദി പറയുന്നു. 12ഞാൻ ആഴ്ചയിൽ രണ്ടുതവണ ഉപവസിക്കുകയും എനിക്കു ലഭിക്കുന്ന എല്ലാറ്റിന്റെയും ദശാംശം കൊടുക്കുകയുംചെയ്യുന്നു.’
13“എന്നാൽ നികുതിപിരിവുകാരനായ മറ്റേയാളോ വളരെ അകലെനിന്ന്, സ്വർഗത്തിലേക്കു നോക്കാൻപോലും ധൈര്യപ്പെടാതെ മാറത്തടിച്ചുകൊണ്ട്, ‘ദൈവമേ, പാപിയായ എന്നോടു കരുണതോന്നണമേ’ എന്നു പ്രാർഥിച്ചു.
14“ഈ ഇരുവരിൽ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയതു നികുതിപിരിവുകാരനാണ്, ആ പരീശനല്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. കാരണം, സ്വയം ഉയർത്തുന്നയാൾ അപമാനിതനാകും; സ്വയം താഴ്ത്തുന്നയാൾ ബഹുമാനിതനും.”
യേശുവും ശിശുക്കളും
15യേശു കൈവെച്ച് അനുഗ്രഹിക്കേണ്ടതിന് ചില ആളുകൾ നവജാതശിശുക്കളെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു. ഇതുകണ്ട ശിഷ്യന്മാർ അവരെ ശകാരിച്ചു. 16എന്നാൽ, യേശു അവരെ തന്റെ അടുത്തേക്ക് ആഹ്വാനംചെയ്തുകൊണ്ട് ശിഷ്യന്മാരോട്, “ശിശുക്കളെ എന്റെ അടുക്കൽ വരാൻ അനുവദിക്കുക; അവരെ തടയരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവർക്കു സ്വന്തം! 17ഒരു ശിശുവിനെപ്പോലെ ദൈവരാജ്യത്തെ സ്വീകരിക്കാത്ത ആരും ഒരുനാളും അതിൽ പ്രവേശിക്കുകയില്ല, നിശ്ചയം, എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.
ധനികനായ നേതാവ്
18ഒരിക്കൽ ഒരു നേതാവ് യേശുവിനോട്, “നല്ല ഗുരോ, എന്തു ചെയ്താൽ എനിക്കു നിത്യജീവൻ അവകാശമാകും?” എന്നു ചോദിച്ചു.
19അതിനുത്തരമായി യേശു, “നീ എന്നെ ‘നല്ലവൻ’ എന്നു വിളിക്കുന്നതെന്ത്? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ല. 20‘വ്യഭിചാരം ചെയ്യരുത്, കൊലപാതകം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്, നിന്റെ മാതാപിതാക്കളെ ബഹുമാനിക്കുക’#18:20 പുറ. 20:12-16; ആവ. 5:16-20 എന്നീ കൽപ്പനകൾ നിനക്ക് അറിയാമല്ലോ.” എന്ന് അയാളോടു പറഞ്ഞു.
21“ഞാൻ ബാല്യംമുതൽതന്നെ ഈ കൽപ്പനകൾ എല്ലാം പാലിച്ചുപോരുന്നു” അയാൾ പ്രതിവചിച്ചു.
22ഇതു കേട്ട യേശു അയാളോട്, “ഇപ്പോഴും നിനക്ക് ഒരു കുറവുണ്ട്. അതുകൊണ്ട്, നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കുക. അങ്ങനെയെങ്കിൽ സ്വർഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും. അതിനുശേഷം വരിക, എന്റെ അനുഗാമിയാകുക” എന്നു പറഞ്ഞു.
23അയാൾ വലിയ ധനികനായിരുന്നതുകൊണ്ട് ഇതു കേട്ട് അത്യധികം ദുഃഖിതനായിത്തീർന്നു. 24യേശു അയാളെ നോക്കിയിട്ട്, “ധനികർ ദൈവരാജ്യത്തിൽ പ്രവേശിക്കുകയെന്നത് എത്രയോ വിഷമകരം! 25വാസ്തവത്തിൽ, ധനികർ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ, ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ് കൂടുതൽ എളുപ്പം!” എന്നു പറഞ്ഞു.
26ഇതു കേട്ടവർ, “എന്നാൽ രക്ഷിക്കപ്പെടാൻ ആർക്കു കഴിയും?” എന്നു ചോദിച്ചു.
27അതിന് യേശു, “മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യംതന്നെ” എന്ന് ഉത്തരം പറഞ്ഞു.
28അപ്പോൾ പത്രോസ്, “ഇതാ, ഞങ്ങൾക്കുള്ള സകലതും ഉപേക്ഷിച്ച് ഞങ്ങൾ അങ്ങയെ അനുഗമിച്ചല്ലോ” എന്നു പറഞ്ഞു.
29അതിന് യേശു അവരോട്, “ദൈവരാജ്യത്തിനുവേണ്ടി വീട്, ഭാര്യ, സഹോദരങ്ങൾ, മാതാപിതാക്കൾ, മക്കൾ എന്നിവ ത്യജിക്കുന്ന ഏതൊരാൾക്കും 30ഇപ്പോൾത്തന്നെ പതിന്മടങ്ങ് അനുഗ്രഹങ്ങളും വരുംയുഗത്തിൽ നിത്യജീവനും ലഭിക്കാതിരിക്കുകയില്ല, നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.
യേശുവിന്റെ മരണത്തെപ്പറ്റി പ്രവചിക്കുന്നു
31ഈ സംഭാഷണത്തിനുശേഷം യേശു പന്ത്രണ്ട് ശിഷ്യന്മാരോടുമാത്രമായി പറഞ്ഞത്: “നോക്കൂ, നാം ജെറുശലേമിലേക്കു പോകുകയാണ്; മനുഷ്യപുത്രനെക്കുറിച്ചു പ്രവാചകന്മാർ രേഖപ്പെടുത്തിയിട്ടുള്ളതെല്ലാം നിറവേറും. 32മനുഷ്യപുത്രൻ റോമാക്കാർക്ക്#18:32 മൂ.ഭാ. യെഹൂദേതരർക്ക് ഏൽപ്പിക്കപ്പെടും. അവർ അദ്ദേഹത്തെ പരിഹസിക്കും, അപമാനിക്കും. അവർ അദ്ദേഹത്തിന്റെമേൽ തുപ്പുകയും 33ചമ്മട്ടികൊണ്ട് അടിക്കുകയും വധിക്കുകയും ചെയ്യും. എന്നാൽ, മൂന്നാംദിവസം മനുഷ്യപുത്രൻ ഉയിർത്തെഴുന്നേൽക്കും.”
34ഇതിന്റെ അർഥം ഗോപ്യമായിരുന്നതിനാൽ ശിഷ്യന്മാർക്ക് ഇതൊന്നും മനസ്സിലായില്ല. അദ്ദേഹം എന്തിനെക്കുറിച്ചാണു സംസാരിച്ചതെന്ന് അവർ ഗ്രഹിച്ചുമില്ല.
അന്ധനായ യാചകൻ കാഴ്ച പ്രാപിക്കുന്നു
35യേശു യെരീഹോപട്ടണത്തിന് അടുത്തെത്തി. അവിടെ ഒരു അന്ധൻ ഭിക്ഷ യാചിച്ചുകൊണ്ട് വഴിയരികിൽ ഇരിക്കുന്നുണ്ടായിരുന്നു. 36ജനക്കൂട്ടം കടന്നുപോകുന്നതു കേട്ട്, എന്താണു സംഭവമെന്ന് അയാൾ തിരക്കി. 37അവർ അയാളോട്, “നസറായനായ യേശു ഈവഴി പോകുന്നു” എന്നറിയിച്ചു.
38അയാൾ, “യേശുവേ, ദാവീദുപുത്രാ, അടിയനോട് കരുണതോന്നണമേ” എന്നു നിലവിളിച്ചു.
39ജനക്കൂട്ടത്തിന്റെ മുമ്പിൽ നടന്നുകൊണ്ടിരുന്നവർ അയാളെ ശാസിച്ചുകൊണ്ട്, മിണ്ടരുതെന്നു പറഞ്ഞു. എന്നാൽ അയാൾ അധികം ഉച്ചത്തിൽ, “ദാവീദുപുത്രാ, അടിയനോട് കരുണതോന്നണമേ” എന്നു നിലവിളിച്ചു.
40ഇതു കേട്ടിട്ട് യേശു നിന്നു. ആ മനുഷ്യനെ തന്റെ അടുക്കൽ കൊണ്ടുവരാൻ കൽപ്പിച്ചു. അയാൾ അടുത്തുവന്നപ്പോൾ യേശു, 41“ഞാൻ നിനക്ക് എന്തു ചെയ്തുതരണമെന്നാണ് നീ ആഗ്രഹിക്കുന്നത്?” എന്ന് അയാളോടു ചോദിച്ചു.
“എനിക്കു കാഴ്ച കിട്ടണം, കർത്താവേ,” അയാൾ ഉത്തരം പറഞ്ഞു.
42“നീ കാഴ്ചയുള്ളവനാകട്ടെ; നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു,” എന്ന് യേശു അയാളോടു പറഞ്ഞു. 43ഉടൻതന്നെ അയാൾക്ക് കാഴ്ച ലഭിച്ചു. അയാൾ തുടർന്ന് ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ട് യേശുവിനെ അനുഗമിച്ചു. ഇതുകണ്ട ജനമെല്ലാം ദൈവത്തെ സ്തുതിച്ചു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ലൂക്കോസ് 18: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.