സങ്കീർത്തനങ്ങൾ 145
145
സങ്കീർത്തനം 145#145:0 ഈ സങ്കീർത്തനത്തിലെ ഓരോ വാക്യവും എബ്രായഭാഷയിലെ അക്ഷരമാലാക്രമത്തിൽ ആരംഭിക്കുന്നു.
ദാവീദിന്റെ ഒരു സ്തോത്രസങ്കീർത്തനം.
1എന്റെ ദൈവമായ രാജാവേ, ഞാൻ അങ്ങയെ പുകഴ്ത്തും;
അവിടത്തെ നാമം ഞാൻ എന്നുമെന്നും വാഴ്ത്തും.
2ദിനംപ്രതി ഞാൻ അങ്ങയെ വാഴ്ത്തും
തിരുനാമം ഞാൻ എന്നെന്നേക്കും പുകഴ്ത്തും.
3യഹോവ ഉന്നതനും സ്തുതിക്ക് അത്യന്തം യോഗ്യനുമാണ്;
അവിടത്തെ മഹിമയുടെ വ്യാപ്തി ഗ്രഹിക്കുന്നതിന് ആർക്കും കഴിയുകയില്ല.
4ഓരോ തലമുറയും അനന്തരതലമുറയോട്
അവിടത്തെ വീര്യപ്രവൃത്തികളെപ്പറ്റി ഘോഷിക്കട്ടെ.
5അവർ അവിടത്തെ പ്രതാപമുള്ള തേജസ്സിന്റെ മഹത്ത്വത്തെയും
ഞാൻ അവിടത്തെ അത്ഭുതകരമായ പ്രവൃത്തികളെയും ധ്യാനിക്കും.
6അവർ അങ്ങയുടെ അത്ഭുതാദരവുകൾനിറഞ്ഞ പ്രവൃത്തികളുടെ ശക്തിയെപ്പറ്റി വിവരിക്കും
ഞാൻ അങ്ങയുടെ വീര്യപ്രവൃത്തികൾ ഘോഷിക്കും.
7അവർ അങ്ങയുടെ അനന്തമായ നന്മകളെപ്പറ്റി ആഘോഷിക്കും
അങ്ങയുടെ നീതിയെപ്പറ്റി ആനന്ദഗാനങ്ങൾ ആലപിക്കും.
8യഹോവ ആർദ്രഹൃദയനും കരുണാമയനും
ക്ഷമാശീലനും സ്നേഹസമ്പന്നനും ആകുന്നു.
9യഹോവ എല്ലാവർക്കും നല്ലവൻ;
തന്റെ സകലപ്രവൃത്തികളോടും അവിടന്ന് കരുണയുള്ളവനാണ്.
10യഹോവേ, അവിടത്തെ സകലസൃഷ്ടികളും അവിടത്തെ വാഴ്ത്തുന്നു,
അവിടത്തെ വിശ്വസ്തർ അങ്ങയെ പുകഴ്ത്തുന്നു.
11അവർ അവിടത്തെ രാജ്യത്തിന്റെ മഹത്ത്വത്തെപ്പറ്റിയും
അവിടത്തെ ശക്തിയെപ്പറ്റിയും വിവരിക്കും,
12അതുകൊണ്ട് മനുഷ്യരെല്ലാം അങ്ങയുടെ വീര്യപ്രവൃത്തികളെയും
അവിടത്തെ രാജ്യത്തിന്റെ മഹത്ത്വപ്രതാപത്തെയും അറിയട്ടെ.
13അവിടത്തെ രാജ്യം നിത്യരാജ്യം ആകുന്നു,
അവിടത്തെ ആധിപത്യം തലമുറതലമുറയായി നിലനിൽക്കും.
യഹോവ തന്റെ സകലവാഗ്ദാനങ്ങളിലും വിശ്വാസയോഗ്യനും
തന്റെ സകലപ്രവൃത്തികളിലും വിശ്വസ്തനുമാണ്.#145:13 വാ. 13-ലെ അവസാനത്തെ രണ്ടുവരികൾ മിക്ക കൈ.പ്ര. കാണുന്നില്ല.
14യഹോവ വീഴുന്നവരെയൊക്കെയും താങ്ങുന്നു
പരിക്ഷീണരെയൊക്കെയും ഉയർത്തുന്നു.
15സകലരുടെയും കണ്ണ് അങ്ങേക്കായി കാത്തിരിക്കുന്നു,
അവർക്കെല്ലാം അങ്ങ് യഥാസമയം ആഹാരം നൽകുന്നു.
16അവിടന്ന് തൃക്കൈ തുറക്കുന്നു
ജീവനുള്ള സകലത്തിന്റെയും ആഗ്രഹങ്ങൾക്ക് തൃപ്തിവരുത്തുന്നു.
17യഹോവ തന്റെ എല്ലാ വഴികളിലും നീതിനിഷ്ഠൻ ആകുന്നു
തന്റെ സകലപ്രവൃത്തികളിലും വിശ്വസ്തനുമാണ്.
18യഹോവ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും,
സത്യസന്ധമായി വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും, സമീപസ്ഥനാകുന്നു.
19തന്നെ ഭയപ്പെടുന്നവരുടെ ആഗ്രഹങ്ങൾ അവിടന്ന് സഫലമാക്കുന്നു;
അവരുടെ കരച്ചിൽകേട്ട് അവരെ രക്ഷിക്കുന്നു.
20തന്നെ സ്നേഹിക്കുന്ന സകലരെയും യഹോവ സംരക്ഷിക്കുന്നു,
എന്നാൽ സകലദുഷ്ടരെയും അവിടന്ന് നശിപ്പിക്കും.
21എന്റെ വായ് യഹോവയുടെ സ്തുതികൾ ഉയർത്തും.
സർവജീവജാലങ്ങളും അവിടത്തെ വിശുദ്ധനാമത്തെ
എന്നെന്നേക്കും വാഴ്ത്തട്ടെ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീർത്തനങ്ങൾ 145: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.