മത്തായി 13:13-29 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

മത്തായി 13:13-29 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അതുകൊണ്ട് അവർ കണ്ടിട്ടു കാണാതെയും കേട്ടിട്ടു കേൾക്കാതെയും ഗ്രഹിക്കാതെയും ഇരിക്കയാൽ ഞാൻ ഉപമകളായി അവരോടു സംസാരിക്കുന്നു. “നിങ്ങൾ ചെവിയാൽ കേൾക്കും ഗ്രഹിക്കയില്ലതാനും; കണ്ണാൽ കാണും ദർശിക്കയില്ലതാനും. ഈ ജനത്തിന്റെ ഹൃദയം തടിച്ചിരിക്കുന്നു; അവർ ചെവികൊണ്ടു മന്ദമായി കേൾക്കുന്നു; കണ്ണ് അടച്ചിരിക്കുന്നു; അവർ കണ്ണ് കാണാതെയും ചെവി കേൾക്കാതെയും ഹൃദയം കൊണ്ടു ഗ്രഹിക്കാതെയും തിരിഞ്ഞുകൊള്ളാതെയും ഞാൻ അവരെ സൗഖ്യമാക്കാതെയും ഇരിക്കേണ്ടതിനു തന്നെ” എന്നു യെശയ്യാവ് പറഞ്ഞ പ്രവാചകത്തിന് അവരിൽ നിവൃത്തിവരുന്നു. എന്നാൽ നിങ്ങളുടെ കണ്ണ് കാണുന്നതുകൊണ്ടും നിങ്ങളുടെ ചെവി കേൾക്കുന്നതുകൊണ്ടും ഭാഗ്യമുള്ളവ. ഏറിയ പ്രവാചകന്മാരും നീതിമാന്മാരും നിങ്ങൾ കാണുന്നതു കാൺമാൻ ആഗ്രഹിച്ചിട്ടും കണ്ടില്ല; നിങ്ങൾ കേൾക്കുന്നതു കേൾപ്പാൻ ആഗ്രഹിച്ചിട്ടും കേട്ടില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. എന്നാൽ വിതയ്ക്കുന്നവന്റെ ഉപമ കേട്ടുകൊൾവിൻ. ഒരുത്തൻ രാജ്യത്തിന്റെ വചനം കേട്ടിട്ടു ഗ്രഹിക്കാഞ്ഞാൽ ദുഷ്ടൻ വന്ന് അവന്റെ ഹൃദയത്തിൽ വിതയ്ക്കപ്പെട്ടത് എടുത്തുകളയുന്നു; ഇതത്രേ വഴിയരികെ വിതയ്ക്കപ്പെട്ടത്. പാറസ്ഥലത്തു വിതയ്ക്കപ്പെട്ടതോ, ഒരുത്തൻ വചനം കേട്ടിട്ട് ഉടനെ സന്തോഷത്തോടെ കൈക്കൊള്ളുന്നത് ആകുന്നു എങ്കിലും വേരില്ലാതിരിക്കയാൽ അവൻ ക്ഷണികനത്രേ. വചനംനിമിത്തം ഞെരുക്കമോ ഉപദ്രവമോ നേരിട്ടാൽ അവൻ ക്ഷണത്തിൽ ഇടറിപ്പോകുന്നു. മുള്ളിനിടയിൽ വിതയ്ക്കപ്പെട്ടതോ, ഒരുത്തൻ വചനം കേൾക്കുന്നു എങ്കിലും ഈ ലോകത്തിന്റെ ചിന്തയും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കീട്ടു നിഷ്ഫലനായിത്തീരുന്നതാകുന്നു. നല്ല നിലത്തു വിതയ്ക്കപ്പെട്ടതോ ഒരുത്തൻ വചനം കേട്ടു ഗ്രഹിക്കുന്നത് ആകുന്നു; അതു വിളഞ്ഞു നൂറും അറുപതും മുപ്പതും മേനി നല്കുന്നു. അവൻ മറ്റൊരു ഉപമ അവർക്കു പറഞ്ഞു കൊടുത്തു: സ്വർഗരാജ്യം ഒരു മനുഷ്യൻ തന്റെ നിലത്തു നല്ല വിത്തു വിതച്ചതിനോടു സദൃശമാകുന്നു. മനുഷ്യർ ഉറങ്ങുമ്പോൾ അവന്റെ ശത്രു വന്ന്, കോതമ്പിന്റെ ഇടയിൽ കള വിതച്ചു പൊയ്ക്കളഞ്ഞു. ഞാറു വളർന്നു കതിരായപ്പോൾ കളയും കാണായ്‍വന്നു. അപ്പോൾ വീട്ടുടയവന്റെ ദാസന്മാർ അവന്റെ അടുക്കൽ ചെന്ന്: യജമാനനേ, വയലിൽ നല്ല വിത്തല്ലയോ വിതച്ചത്? പിന്നെ കള എവിടെനിന്നു വന്നു എന്നു ചോദിച്ചു. ഇതു ശത്രു ചെയ്തതാകുന്നു എന്ന് അവൻ അവരോടു പറഞ്ഞു. ഞങ്ങൾ പോയി അതു പറിച്ചുകൂട്ടുവാൻ സമ്മതമുണ്ടോ എന്നു ദാസന്മാർ അവനോടു ചോദിച്ചു. അതിന് അവൻ: ഇല്ല, പക്ഷേ കള പറിക്കുമ്പോൾ കോതമ്പുംകൂടെ പിഴുതുപോകും.

പങ്ക് വെക്കു
മത്തായി 13 MALOVBSI

മത്തായി 13:13-29 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

അവർ കണ്ടിട്ടും കാണുന്നില്ല; കേട്ടിട്ടും കേൾക്കുകയോ ഗ്രഹിക്കുകയോ, ചെയ്യുന്നില്ല; അതുകൊണ്ടാണു ഞാൻ അവരോടു ദൃഷ്ടാന്തങ്ങളിലൂടെ സംസാരിക്കുന്നത്. നിങ്ങൾ തീർച്ചയായും കേൾക്കും. എന്നാൽ ഗ്രഹിക്കുകയില്ല; നിങ്ങൾ തീർച്ചയായും നോക്കും, എന്നാൽ കാണുകയില്ല; എന്തെന്നാൽ ഈ ജനത്തിന്റെ ഹൃദയം മരവിച്ചിരിക്കുന്നു, അവരുടെ കാത് അവർ അടച്ചിരിക്കുന്നു; അവർ തങ്ങളുടെ കാതുകൾ അടയ്‍ക്കുകയും കണ്ണുകൾ പൂട്ടുകയും ചെയ്തിരിക്കുന്നു. അല്ലെങ്കിൽ അവർ തങ്ങളുടെ കണ്ണുകൊണ്ടു കാണുകയും ചെവികൊണ്ടു കേൾക്കുകയും ഹൃദയംകൊണ്ടു ഗ്രഹിക്കുകയും ഞാൻ അവരെ സുഖപ്പെടുത്തുന്നതിനു വേണ്ടി അവർ എന്റെ അടുക്കലേക്കു തിരിയുകയും ചെയ്യുമായിരുന്നു. ഇങ്ങനെ യെശയ്യാപ്രവാചകൻ പ്രവചിച്ചിരിക്കുന്നത് ഇവരെ സംബന്ധിച്ചിടത്തോളം സത്യമായിരിക്കുന്നു. “എന്നാൽ നിങ്ങളുടെ കണ്ണുകൾ അനുഗ്രഹിക്കപ്പെട്ടവയാകുന്നു, അവ കാണുന്നു; നിങ്ങളുടെ കാതുകളും അങ്ങനെതന്നെ; അവ കേൾക്കുന്നു. വാസ്തവത്തിൽ ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ കാണുന്നതു കാണുവാനും നിങ്ങൾ കേൾക്കുന്നത് കേൾക്കുവാനും അനേകം പ്രവാചകന്മാരും നീതിമാന്മാരും അഭിവാഞ്ഛിച്ചു. എന്നാൽ അവർ കാണുകയോ കേൾക്കുകയോ ചെയ്തില്ല. “വിതയ്‍ക്കുന്നവന്റെ ദൃഷ്ടാന്തം സൂചിപ്പിക്കുന്നത് എന്താണെന്നു കേട്ടുകൊള്ളുക. സ്വർഗരാജ്യത്തെക്കുറിച്ചുള്ള വചനം ഒരുവൻ കേട്ടിട്ടു ഗ്രഹിക്കാതിരിക്കുമ്പോൾ അവന്റെ ഹൃദയത്തിൽ വിതയ്‍ക്കപ്പെട്ടത് പിശാചു വന്നു തട്ടിക്കൊണ്ടുപോകുന്നു. ഇതാണു വഴിയിൽവീണ വിത്തു സൂചിപ്പിക്കുന്നത്. പാറസ്ഥലത്തു വീണ വിത്താകട്ടെ, വചനം കേൾക്കുകയും ഉടൻ സസന്തോഷം സ്വീകരിക്കുകയും ചെയ്യുന്നവരാണ്. എങ്കിലും അവരിൽ അതു വേരുറയ്‍ക്കുന്നില്ല. അവർ ക്ഷണനേരത്തേക്കു മാത്രമേ സഹിച്ചുനില്‌ക്കുകയുള്ളൂ. വചനം നിമിത്തം ക്ലേശങ്ങളോ പീഡനമോ ഉണ്ടാകുമ്പോൾ അവർ പെട്ടെന്നു വീണുപോകുന്നു. മറ്റു ചിലർ വചനം കേൾക്കുന്നെങ്കിലും ലൗകികകാര്യങ്ങളിലുള്ള ഉൽക്കണ്ഠയും ധനത്തിന്റെ കപടമായ വശ്യതയും വചനത്തെ ഞെരുക്കി ഫലശൂന്യമാക്കുന്നു. ഇവരെയാണു മുൾച്ചെടികൾക്കിടയിൽ വീണ വിത്തു സൂചിപ്പിക്കുന്നത്. നല്ല നിലത്തു വീണ വിത്താകട്ടെ, വചനം കേട്ടു ഗ്രഹിക്കുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്നവരാണ്. ചിലർ നൂറും അറുപതും വേറെ ചിലർ മുപ്പതും മേനി വിളവു നല്‌കുന്നു.” വേറൊരു ദൃഷ്ടാന്തവും യേശു അവരോടു പറഞ്ഞു: “ഒരു മനുഷ്യൻ തന്റെ വയലിൽ നല്ല വിത്തു വിതച്ചതിനോടു സ്വർഗരാജ്യത്തെ ഉപമിക്കാം. എല്ലാവരും ഉറങ്ങിയപ്പോൾ അയാളുടെ ശത്രു വന്ന് കോതമ്പിനിടയിൽ കള വിതച്ചിട്ടു പൊയ്‍ക്കളഞ്ഞു. ഞാറു വളർന്നു കതിരു വന്നപ്പോൾ കളയും കാണാറായി. അപ്പോൾ, ഭൃത്യന്മാർ ചെന്നു ഗൃഹനാഥനോട്, ‘നല്ല വിത്തല്ലേ അങ്ങു വയലിൽ വിതച്ചത്? ഇപ്പോൾ ഈ കള എങ്ങനെ ഉണ്ടായി?’ എന്നു ചോദിച്ചു. “ഒരു ശത്രുവാണ് ഇത് ചെയ്തത്’ എന്ന് അയാൾ മറുപടി പറഞ്ഞു. ‘എന്നാൽ ഞങ്ങൾ പോയി ആ കളകൾ പറിച്ചുകൂട്ടട്ടെ’ എന്നു ഭൃത്യന്മാർ ചോദിച്ചു. അയാൾ ഇപ്രകാരം മറുപടി പറഞ്ഞു: ‘വേണ്ടാ, കള പറിച്ചു കളയുമ്പോൾ അതോടൊപ്പം കോതമ്പും പിഴുതുപോയേക്കും

പങ്ക് വെക്കു
മത്തായി 13 MALCLBSI

മത്തായി 13:13-29 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

അതുകൊണ്ട് അവർ കാണുന്നു എങ്കിലും ഉള്ളതുപോലെ കാണാതെയും കേൾക്കുന്നു എങ്കിലും ഉള്ളതുപോലെ കേൾക്കാതെയും ഉള്ളതുപോലെ ഗ്രഹിക്കാതെയും ഇരിക്കയാൽ ഞാൻ ഉപമകളായി അവരോട് സംസാരിക്കുന്നു. “നിങ്ങൾ കേട്ടുകൊണ്ടേയിരിക്കും, എന്നാൽ ഒരുവിധത്തിലും ഗ്രഹിക്കയില്ലതാനും; കണ്ടുകൊണ്ടേയിരിക്കും, എന്നാൽ ഒരുവിധത്തിലും മനസ്സിലാക്കുകയില്ലതാനും; ഈ ജനത്തിന്‍റെ ഹൃദയം മങ്ങിപ്പോയിരിക്കുന്നു; അവരുടെ ചെവി കേൾവിനിമിത്തം ഭാരമായിരിക്കുന്നു; അവരുടെ കണ്ണ് അവർ അടച്ചിരിക്കുന്നു; അവർ കണ്ണ് കാണാതെയും ചെവി കേൾക്കാതെയും ഹൃദയംകൊണ്ട് ഗ്രഹിക്കാതെയും ഞാൻ അവരെ രൂപാന്തരപ്പെടുത്താതെയും സൗഖ്യമാക്കാതെയും ഇരിക്കേണ്ടതിനുതന്നെ” എന്നിങ്ങനെ യെശയ്യാവു പറഞ്ഞ പ്രവചനത്തിന് അവരിൽ നിവൃത്തിവരുന്നു. എന്നാൽ നിങ്ങളുടെ കണ്ണ് കാണുന്നതുകൊണ്ടും നിങ്ങളുടെ ചെവി കേൾക്കുന്നതുകൊണ്ടും ഭാഗ്യമുള്ളവ. ഏറിയ പ്രവാചകന്മാരും നീതിമാന്മാരും നിങ്ങൾ കാണുന്നത് കാണ്മാൻ ആഗ്രഹിച്ചിട്ട് കണ്ടില്ല; നിങ്ങൾ കേൾക്കുന്നത് കേൾക്കുവാൻ ആഗ്രഹിച്ചിട്ടും കേട്ടില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. എന്നാൽ വിതയ്ക്കുന്നവൻ്റെ ഉപമ കേട്ടുകൊൾവിൻ. ഒരുവൻ രാജ്യത്തിന്‍റെ വചനം കേട്ടിട്ടു മനസ്സിലാക്കാതെ ഇരുന്നാൽ ദുഷ്ടൻ വന്നു അവന്‍റെ ഹൃദയത്തിൽ വിതയ്ക്കപ്പെട്ടത് റാഞ്ചിക്കൊണ്ടുപോകുന്നു; ഇതത്രെ വഴിയരികെ വിതയ്ക്കപ്പെട്ടത്. പാറസ്ഥലത്ത് വിതയ്ക്കപ്പെട്ടതോ, ഒരുവൻ വചനം കേട്ടിട്ടു ഉടനെ സന്തോഷത്തോടെ കൈക്കൊള്ളുന്നു എങ്കിലും തന്നിൽ തന്നെ വേരില്ലാതിരിക്കയാൽ അവന്‍റെ നിലനില്പ് ക്ഷണികമത്രേ. വചനംനിമിത്തം ഞെരുക്കമോ ഉപദ്രവമോ നേരിട്ടാൽ അവൻ ക്ഷണത്തിൽ ഇടറിപ്പോകുന്നു. മുൾച്ചെടികൾക്കിടയിൽ വിതയ്ക്കപ്പെട്ടതോ, ഒരുവൻ വചനം കേൾക്കുന്നു എങ്കിലും ഈ ലോകത്തിന്‍റെ ചിന്തയും ധനത്തിന്‍റെ വഞ്ചനയും വചനത്തെ ഞെരുക്കീട്ട് ഫലമില്ലാത്തവനായി തീരുന്നതാകുന്നു. നല്ല നിലത്തു വിതയ്ക്കപ്പെട്ടതോ ഒരുവൻ വചനം കേട്ടു മനസ്സിലാക്കുന്നത് ആകുന്നു; അവൻ വാസ്തവമായി ഫലം നൽകുന്നവനും വർദ്ധിപ്പിക്കുന്നവനും ആകുന്നു; ചിലർ നൂറുമേനിയും അതിലധികവും, മറ്റുചിലർ അറുപതും മുപ്പതും മേനിയും വിളയിപ്പിക്കുന്നു. അവൻ മറ്റൊരു ഉപമ അവർക്ക് പറഞ്ഞു കൊടുത്തു: സ്വർഗ്ഗരാജ്യം ഒരു മനുഷ്യൻ തന്‍റെ കൃഷിസ്ഥലത്ത് നല്ലവിത്ത് വിതച്ചതിനോട് സദൃശമാകുന്നു. മനുഷ്യർ ഉറങ്ങുമ്പോൾ അവന്‍റെ ശത്രു വന്നു, ഗോതമ്പിന്‍റെ ഇടയിൽ കള വിതച്ച് പൊയ്ക്കളഞ്ഞു. ഞാറ് വളർന്ന് കതിരായപ്പോൾ കളയും ദൃശ്യമായി വന്നു. അപ്പോൾ ഭൂവുടയവൻ്റെ ദാസന്മാർ അവന്‍റെ അടുക്കൽ ചെന്നു: യജമാനനേ, അങ്ങ് വയലിൽ നല്ലവിത്തല്ലയോ വിതച്ചത്? പിന്നെ കള എവിടെനിന്ന് വന്നു? എന്നു ചോദിച്ചു. ഇതു ശത്രു ചെയ്തതാകുന്നു എന്നു അവൻ അവരോട് പറഞ്ഞു. ഞങ്ങൾ പോയി അത് പറിച്ചുകളയുവാൻ സമ്മതമുണ്ടോ എന്നു ദാസന്മാർ അവനോട് ചോദിച്ചു. അതിന് ഭൂവുടമ അരുത്, ഒരുപക്ഷേ കള പറിക്കുമ്പോൾ ഗോതമ്പും കൂടെ പിഴുതുപോകും.

പങ്ക് വെക്കു
മത്തായി 13 IRVMAL

മത്തായി 13:13-29 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അതുകൊണ്ടു അവർ കണ്ടിട്ടു കാണാതെയും കേട്ടിട്ടു കേൾക്കാതെയും ഗ്രഹിക്കാതെയും ഇരിക്കയാൽ ഞാൻ ഉപമകളായി അവരോടു സംസാരിക്കുന്നു. “നിങ്ങൾ ചെവിയാൽ കേൾക്കും ഗ്രഹിക്കയില്ലതാനും; കണ്ണാൽ കാണും ദർശിക്കയില്ലതാനും; ഈ ജനത്തിന്റെ ഹൃദയം തടിച്ചിരിക്കുന്നു; അവർ ചെവികൊണ്ടു മന്ദമായി കേൾക്കുന്നു; കണ്ണു അടെച്ചിരിക്കുന്നു; അവർ കണ്ണു കാണാതെയും ചെവി കേൾക്കാതെയും ഹൃദയംകൊണ്ടു ഗ്രഹിക്കാതെയും തിരിഞ്ഞുകൊള്ളാതെയും ഞാൻ അവരെ സൗഖ്യമാക്കാതെയും ഇരിക്കേണ്ടതിന്നു തന്നേ” എന്നു യെശയ്യാവു പറഞ്ഞ പ്രവാചകത്തിന്നു അവരിൽ നിവൃത്തിവരുന്നു. എന്നാൽ നിങ്ങളുടെ കണ്ണു കാണുന്നതുകൊണ്ടും നിങ്ങളുടെ ചെവി കേൾക്കുന്നതുകൊണ്ടും ഭാഗ്യമുള്ളവ. ഏറിയ പ്രവാചകന്മാരും നീതിമാന്മാരും നിങ്ങൾ കാണുന്നതു കാണ്മാൻ ആഗ്രഹിച്ചിട്ടു കണ്ടില്ല; നിങ്ങൾ കേൾക്കുന്നതു കേൾപ്പാൻ ആഗ്രഹിച്ചിട്ടും കേട്ടില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. എന്നാൽ വിതെക്കുന്നവന്റെ ഉപമ കേട്ടുകൊൾവിൻ. ഒരുത്തൻ രാജ്യത്തിന്റെ വചനം കേട്ടിട്ടു ഗ്രഹിക്കാഞ്ഞാൽ ദുഷ്ടൻ വന്നു അവന്റെ ഹൃദയത്തിൽ വിതെക്കപ്പെട്ടതു എടുത്തുകളയുന്നു; ഇതത്രെ വഴിയരികെ വിതെക്കപ്പെട്ടതു. പാറസ്ഥലത്തു വിതെക്കപ്പെട്ടതോ ഒരുത്തൻ വചനത്തെ കേട്ടിട്ടു ഉടനെ സന്തോഷത്തോടെ കൈകൊള്ളുന്നതു ആകുന്നു എങ്കിലും വേരില്ലാതിരിക്കയാൽ അവൻ ക്ഷണികനത്രേ. വചനംനിമിത്തം ഞെരുക്കമോ ഉപദ്രവമോ നേരിട്ടാൽ അവൻ ക്ഷണത്തിൽ ഇടറിപ്പോകുന്നു. മുള്ളിന്നിടയിൽ വിതെക്കപ്പെട്ടതോ, ഒരുത്തൻ വചനം കേൾക്കുന്നു എങ്കിലും ഈ ലോകത്തിന്റെ ചിന്തയും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കീട്ടു നിഷ്ഫലനായി തീരുന്നതാകുന്നു. നല്ല നിലത്തു വിതെക്കപ്പെട്ടതോ ഒരുത്തൻ വചനം കേട്ടു ഗ്രഹിക്കുന്നതു ആകുന്നു; അതു വിളഞ്ഞു നൂറും അറുപതും മുപ്പതും മേനി നല്കുന്നു. അവൻ മറ്റൊരു ഉപമ അവർക്കു പറഞ്ഞുകൊടുത്തു: സ്വർഗ്ഗരാജ്യം ഒരു മനുഷ്യൻ തന്റെ നിലത്തു നല്ല വിത്തു വിതെച്ചതിനോടു സദൃശമാകുന്നു. മനുഷ്യർ ഉറങ്ങുമ്പോൾ അവന്റെ ശത്രു വന്നു, കോതമ്പിന്റെ ഇടയിൽ കള വിതെച്ചു പൊയ്ക്കളഞ്ഞു. ഞാറു വളർന്നു കതിരായപ്പോൾ കളയും കാണായ്‌വന്നു. അപ്പോൾ വീട്ടുടയവന്റെ ദാസന്മാർ അവന്റെ അടുക്കൽ ചെന്നു: യജമാനനേ, വയലിൽ നല്ലവിത്തല്ലയോ വിതെച്ചതു? പിന്നെ കള എവിടെനിന്നു വന്നു എന്നു ചോദിച്ചു. ഇതു ശത്രു ചെയ്തതാകുന്നു എന്നു അവൻ അവരോടു പറഞ്ഞു. ഞങ്ങൾ പോയി അതു പറിച്ചുകൂട്ടുവാൻ സമ്മതമുണ്ടോ എന്നു ദാസന്മാർ അവനോടു ചോദിച്ചു. അതിന്നു അവൻ: ഇല്ല, പക്ഷേ കള പറിക്കുമ്പോൾ കോതമ്പും കൂടെ പിഴുതുപോകും.

മത്തായി 13:13-29 MCV (സമകാലിക മലയാളവിവർത്തനം)

“അവർ നോക്കുന്നെങ്കിലും കാണുന്നില്ല; അവർ കേൾക്കുന്നെങ്കിലും ശ്രദ്ധിക്കുകയോ ഗ്രഹിക്കുകയോ ചെയ്യുന്നില്ല. ഇതുകൊണ്ടാണ് ഞാൻ ജനത്തോട് സാദൃശ്യകഥകളിലൂടെ സംസാരിക്കുന്നത്. ഇവരെക്കുറിച്ചുള്ള യെശയ്യാവിന്റെ പ്രവചനം ഇപ്രകാരം നിവൃത്തിയായിരിക്കുന്നു. “ ‘നിങ്ങൾ എപ്പോഴും കേട്ടുകൊണ്ടിരിക്കും, എന്നാൽ ഒരിക്കലും ഗ്രഹിക്കുകയില്ല; നിങ്ങൾ എപ്പോഴും കണ്ടുകൊണ്ടിരിക്കും, എന്നാൽ ഒരിക്കലും മനസ്സിലാക്കുകയില്ല. ഈ ജനത്തിന്റെ ഹൃദയം തഴമ്പിച്ചിരിക്കുന്നു; അവർ തങ്ങളുടെ ചെവികൊണ്ടു കേൾക്കുന്നതേയില്ല. അവർ കണ്ണുകൾ അടച്ചുമിരിക്കുന്നു. അങ്ങനെയല്ലായിരുന്നെങ്കിൽ അവർ തങ്ങളുടെ കണ്ണുകൾകൊണ്ടു കാണുകയും ചെവികൾകൊണ്ടു കേൾക്കുകയും ഹൃദയംകൊണ്ടു ഗ്രഹിക്കുകയും ചെയ്തിട്ട് അവർ മാനസാന്തരപ്പെടുകയും ഞാൻ അവരെ സൗഖ്യമാക്കുകയും ചെയ്യുമായിരുന്നു.’ എന്നാൽ, നിങ്ങളുടെ കാഴ്ചയുള്ള കണ്ണുകളും കേൾവിയുള്ള കാതുകളും അനുഗ്രഹിക്കപ്പെട്ടവ. അനേകം പ്രവാചകന്മാരും നീതിനിഷ്ഠരും നിങ്ങൾ കാണുന്നത് കാണാൻ അതിയായി ആശിച്ചെങ്കിലും കാണാൻ കഴിഞ്ഞില്ല, നിങ്ങൾ കേൾക്കുന്നത് കേൾക്കാൻ ആഗ്രഹിച്ചെങ്കിലും കേൾക്കാൻ കഴിഞ്ഞില്ല എന്ന സത്യം ഞാൻ നിങ്ങളോടു പറയുന്നു. “കർഷകന്റെ സാദൃശ്യകഥയുടെ അർഥം ശ്രദ്ധിക്കുക: ഒരാൾ സ്വർഗരാജ്യത്തിന്റെസന്ദേശം കേൾക്കുന്നു. പക്ഷേ, അത് ഗ്രഹിക്കുന്നില്ല. അപ്പോൾ പിശാച് വന്ന്, അയാളുടെ ഹൃദയത്തിൽ വിതയ്ക്കപ്പെട്ടത് അപഹരിക്കുന്നു. ഇതാണ് വഴിയോരത്ത് വിതയ്ക്കപ്പെട്ട വിത്ത്. പാറസ്ഥലത്ത് വിതയ്ക്കപ്പെട്ട വിത്തു പ്രതിനിധാനംചെയ്യുന്നത്, വചനം കേൾക്കുകയും ഉടനെതന്നെ അത് ആനന്ദത്തോടെ സ്വീകരിക്കുകയുംചെയ്യുന്ന വ്യക്തികളെയാണ്. എന്നാൽ, അവർക്ക് ആഴത്തിൽ വേരില്ലായ്കയാൽ അധികനാൾ നിലനിൽക്കുകയില്ല. വചനംനിമിത്തം കഷ്ടതയോ ഉപദ്രവമോ ഉണ്ടാകുമ്പോൾ അവർ വേഗം വിശ്വാസം ത്യജിച്ചുകളയുന്നു. മുൾച്ചെടികൾക്കിടയിൽ വിതയ്ക്കപ്പെട്ട വിത്ത് വചനം കേൾക്കുന്ന വ്യക്തികളാണ്, എന്നാൽ, ഈ ജീവിതത്തിലെ ആകുലതകളും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കി ഫലശൂന്യമാക്കിത്തീർക്കുന്നു. നല്ല മണ്ണിൽ വിതയ്ക്കപ്പെട്ട വിത്താകട്ടെ, വചനം കേൾക്കുകയും ഗ്രഹിക്കുകയുംചെയ്യുന്നവരാണ്. അവ നൂറും അറുപതും മുപ്പതും മടങ്ങ് വിളവുനൽകുകയുംചെയ്യുന്നു.” യേശു മറ്റൊരു സാദൃശ്യകഥ അവരോടു പറഞ്ഞു: “തന്റെ വയലിൽ നല്ല വിത്ത് വിതച്ച ഒരു കർഷകനോട് സ്വർഗരാജ്യത്തെ ഉപമിക്കാം. എന്നാൽ, എല്ലാവരും ഉറങ്ങുമ്പോൾ തന്റെ ശത്രു വന്ന് ഗോതമ്പിനിടയിൽ കള വിതച്ചിട്ടു പൊയ്ക്കളഞ്ഞു. വിത്ത് പൊട്ടിമുളച്ച്, ചെടി വളർന്ന്, കതിരിട്ടപ്പോൾ കളയും കാണപ്പെട്ടു. “വേലക്കാർ ഉടമസ്ഥന്റെ അടുക്കൽവന്ന്, ‘യജമാനനേ, അങ്ങു നല്ല വിത്തല്ലയോ വയലിൽ വിതച്ചത്? പിന്നെ, കളകൾ എങ്ങനെ വന്നു?’ എന്നു ചോദിച്ചു. “ ‘ഇത് ശത്രു ചെയ്തതാണ്,’ അദ്ദേഹം ഉത്തരം പറഞ്ഞു. “വേലക്കാർ അദ്ദേഹത്തോട്, ‘ഞങ്ങൾ ചെന്ന് കള പറിച്ചുകൂട്ടട്ടെയോ?’ എന്നു ചോദിച്ചു. “യജമാനൻ അവരോടു പറഞ്ഞത്: ‘വേണ്ടാ, നിങ്ങൾ കള പറിക്കുമ്പോൾ ഗോതമ്പും കൂടെ പിഴുതുപോകും.

പങ്ക് വെക്കു
മത്തായി 13 MCV